1
കവിയ്ക്ക് കവിത
മൂന്നാം കണ്ണ്
പാഠകന് കണ്ണട
ഇരട്ടക്കണ്ണ്
കാഴ്ചദോഷത്തിന്
മാച്ച് ചെയ്യുന്ന പവറുള്ള ചില്ല്
നേർക്കവിത
2
അത് ദിനപത്രം പോലെ
സ്വച്ഛമായി വായിക്കാൻ
കഴിയണം
അതിൽ കാൽപ്പന്തുകളി പോലെ
ചടുലമായി
സുതാര്യമായി
ഇമേജറികൾ
കാണാൻ പറ്റണം
സേമിയാ പായസം പോലെ
എളുപ്പം മധുരിച്ചിറക്കാൻ
കഴിയണം.
3
തേനീച്ച
വിടർന്ന ഒരു പൂവിനെ
ചുംബിക്കാതെ
വിടുമൊ
കവി
ഒരു തീപ്പദത്തെ രുചിക്കാതെ
വിഴുങ്ങുമൊ
ഈച്ച
ഒരു പുണ്ണിന്റെ കെടുമണം
ചികയാതെ
വിടുമൊ
തുള്ളി
ഒരു കടലിനെ
ഉപേക്ഷിക്കുമൊ
വികാരത്തെ ചിന്തയിലക്കും
ചിന്തയെ വചനത്തിലേക്കും
ഉയർത്തുന്ന ചേതോവികാരമെന്താണ്?
3
ജന്മനാ കവി
എങ്കിലും കർമ്മം
കപിയുടെ ചാഞ്ചല്യം
ചതുഷ്പദം കുറിക്കാൻ വേണം
വീഞ്ഞ് നാല് പെഗഗ്
അതും പച്ചക്കടത്തിൽ!
കവിതയെ
ഒരു തോണിയാക്കി
അവൻ ഒറ്റയ്ക്ക്
നദിക്കു കുറുകെ സഞ്ചരിക്കും
കവിതയെ
ഒരു വാളാക്കി
അവൻ ഒറ്റയ്ക്ക്
അനീതിയ്ക്കെതിരെ
പടപൊരുതും
കവിതയെ
ഒരു കിനാവാക്കി
അവൻ ഒറ്റയ്ക്ക്
അലക്ഷ്യമായി ചുറ്റിത്തിരിയും
കവിതയെ
സ്വന്തം ശ്വാസമൂതി വീർപ്പിച്ച
ഒരു വർണ്ണബലൂണാക്കി
അവൻ ഒറ്റയ്ക്ക് താരാപഥത്തിലേക്ക്
പറത്തി വിടും.
4
മണ്മറഞ്ഞു പോയ കവികൾ
ദിവ്യന്മാരും പ്രതിഭാശാലികളും
ആയിരിക്കാം
പക്ഷെ പരേതരുടേതു മാത്രമല്ലല്ലൊ
ഉദാത്തകവിത
ഉണർത്താനായി
വ്രണിത ഹൃദയങ്ങളിലേക്ക്
പടരാനായി
ഒരു പക്ഷെ ചരിത്രത്തിൽ
ഉള്ളതിനെക്കാളേറെ സത്യം
ഇന്നത്തെ കവിതയിലുറങ്ങുന്നുണ്ടാകാം
കവി മരിക്കും മുമ്പ്
അയാളുടെ മേശവലിപ്പിലെ
അപൂർണ്ണമായ കവിതകൾ
ആരെങ്കിലും കണ്ടെത്തുമൊ
പൂർണ്ണമാകാതെ
ഉപേക്ഷിക്കപ്പെടുകയെന്നതാകാം
കവിയുടെയും നിയോഗം!
സത്രത്തിലെ മുറിയിൽ
സയനൈഡും വിഴുങ്ങി
കവി കാത്തിരിക്കയാകാം
ഈ ദശകത്തിലെ ഏറ്റവും
വലിയ തമാശ പോലെ.....
ഒരു നേർവായനക്കാരനെ!