Image

പെങ്ങളാങ്ങളമാർ (കവിത: അശോക് കുമാർ കെ)

Published on 17 June, 2024
 പെങ്ങളാങ്ങളമാർ (കവിത: അശോക് കുമാർ കെ)

നീ എൻ്റെ
അരികിലെത്തി-
യതോർമ്മയുണ്ട് .
കോടമഞ്ഞ്
നിറഞ്ഞൊരു
മദ്ധ്യയാമത്തിൽ ......

നീ കണ്ണേറിൽ
കോടി ചിരിച്ചതോർമ്മയുണ്ട്
അമ്മതൻ
അമ്മിഞ്ഞ കുടിച്ച നേരം ....

നീ ആദ്യം ധരിച്ച
വസ്ത്രമോർമ്മയുണ്ട്.
സൂര്യ ചിത്രം
പതിച്ച ചിത്രകൂട് ....

നിൻ തേഞ്ചുണ്ട്
വിരിഞ്ഞതോർമ്മയുണ്ട്.
ചന്ദ്രക്കല ചൊരിഞ്ഞ
ശീത രശ്മി......

നീ പൊഴിഞ്ഞയാദ്യ
പദമോർമ്മയുണ്ട്.
ചുണ്ടത്ത്
അമ്മ തേച്ചുവച്ച
ഉരമരുന്ന്....

നിന്നരയിലൊരു
വർണ്ണ ചരടുവീണതും
കാതിലൊരു പേരിൻ
കിളി പറഞ്ഞതും...

കൊച്ചു കൊച്ചു
നൽമൊഴി തപ്പി തടഞ്ഞതും

വീണും
മറിഞ്ഞും
നടന്നുമോടിയതും

അമ്മ തുന്നിയ
കാട്ടുപുള്ളി
ജാക്കറ്റിൽ നിന്നും
സാരി ചുറ്റിയ
കാഞ്ചീപുരമെത്തിയതും,

ഓർമ്മകൾ
നമ്മുടെ വീടരികിൽ
തുരുതുരെ
തല്ലുന്ന
ഓള ചില്ലു പോലെ.....

പെങ്ങളേ ...
നമ്മൾ,
പെങ്ങളാങ്ങളമാരാകുന്നത്
പെറ്റമ്മയെ
ഹൃദയത്തിലോർക്കുന്നതിനാൽ !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക