Image

ലോക കേരള സഭ എന്തിനു വേണ്ടി? (നടപ്പാതയിൽ ഇന്ന് - 111:ബാബു പാറയ്ക്കൽ)

Published on 18 June, 2024
ലോക കേരള സഭ എന്തിനു വേണ്ടി? (നടപ്പാതയിൽ ഇന്ന് - 111:ബാബു പാറയ്ക്കൽ)

ലോക കേരള സഭയുടെ നാലാം ദ്വൈവാർഷിക സമ്മേളനം തിരുവനന്തപുരത്തു വച്ച് അരങ്ങേറി. പ്രവാസി മലയാളികൾക്ക് അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളുംപങ്കുവയ്ക്കാൻ, പ്രത്യേകിച്ച് ജനപ്രതിനിധികളുമായി, ഒരു വേദി. അവയൊക്കെ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മേഖലകളിൽ നന്നായി പ്രയോജനപ്പെടുത്തുക. അവയൊക്കെ കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുക തുടങ്ങിയവയാണ് ഈ ലോക കേരള സഭ കൊണ്ടുദ്ദേശിക്കുന്നത്. അതിന്റെ ഒരുക്കങ്ങൾ തിരുവന്തപുരത്തു പൂർത്തീകരിക്കുമ്പോളാണ് കേരളത്തിന്റെ പ്രവാസി ചരിത്രത്തിൽ ആദ്യമായി ഏതാണ്ട് 24 മലയാളികൾ കുവൈറ്റിൽ ഒരപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട വാർത്ത കേരളത്തിന്റെ നെഞ്ചു പിളർത്തി ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിൽ ജീവിതമാർഗം കണ്ടെത്താനാവാതെ സ്വന്തം  കുടുംബത്തിന്റെയും ബന്ധുക്കളുടെയും സ്വപ്‌നങ്ങൾ നിറച്ച പെട്ടിയും പേറി അറബ് രാജ്യത്തേക്ക് വണ്ടികയറിയ 24 പേരുടെ ചേതനയറ്റ ശരീരം അടക്കം ചെയ്ത പെട്ടികൾ അവരുടെ വീട്ടുമുറ്റത്തു കൊണ്ടുവച്ചു കേരളം വിറങ്ങലിച്ചു നിന്നപ്പോൾ മനുഷ്യത്വപരമായി ചിന്തിച്ചവർ ഒറ്റവാക്കിൽ പറഞ്ഞു, ‘ഈ ലോക കേരള സഭ ഇപ്പോൾ കൂടുന്നത് അനുചിതമാണ്’ എന്ന്. എന്നാൽ, എന്തുതന്നെയായാലും ഈ മാമാങ്കത്തിനു തിരശീല ഉയരും എന്ന് സംഘാടകരായ സർക്കാർ വാശിപിടിച്ചു. ഇതിൽ സംബന്ധിക്കുന്ന ഡെലിഗേറ്റുകൾക്കും ഇത് നടത്തണമെന്നു തന്നെയായിരുന്നു വാശി. ‘മരിച്ചവർ മരിച്ചു. അതിന്റെ പേരിൽ പ്രവാസികളെ ഉദ്ധരിക്കാനുള്ള ഈ സമ്മേളനം മാറ്റി വയ്ക്കാനുകുമോ’ എന്ന ചിലരുടെ പ്രസ്താവന കേട്ടപ്പോൾ എന്താണ് ഈ ലോക കേരള സഭ ഉദ്ധരിക്കുന്നത് എന്നറിയണമെന്നു തോന്നി. അതിന്റെ വിശദശാംശങ്ങളിലേക്കു നമുക്കൊന്ന് നോക്കാം.

2018 ലാണ്. ആദ്യത്തെ ലോക കേരള സഭ സമ്മേളിക്കുന്നത്. പിന്നീട് 2020 ലും 2022 ലും ഇപ്പോൾ 2024 ലുമാണ് സമ്മേളനങ്ങൾ നടന്നത്. കേരളത്തിന്റെ വരുമാനത്തിന്റെ 35 ശതമാനം വരുന്നത് പ്രവാസികളിൽ നിന്നാണ്. അപ്പോൾ പിന്നെ പ്രവാസികളെ പ്രത്യേകം ശ്രദ്ധിക്കാതിരിക്കാനാകുമോ? അതിനായി 'നോർക്ക' എന്ന ഒരു വകുപ്പ് തന്നെ സർക്കാർ സ്ഥാപിച്ചു. 1996 ഡിസംബറിൽ സ്ഥാപിതമായ ഈ നോർക്കയ്ക്കു വേണ്ടി ഒരു മന്ത്രിയുമുണ്ടായി. എന്നാൽ നോർക്കയുടെ പ്രവർത്തങ്ങൾ വിജയകരമായില്ല. അതുകൊണ്ടു പ്രവാസികൾക്കു വേണ്ടി ഒരു കേരള ലോക സഭയുണ്ടാക്കി. പ്രവാസികളുടെ ആകമാന ക്ഷേമമാണ് ലക്ഷ്യമാക്കിയതെങ്കിലും അതല്ല നടപ്പിലായത്. കേരളത്തിൽ നിന്നും ഗൾഫിലുള്ള പ്രവാസികളിൽ ഭൂരിഭാഗം വരുന്ന സാധാരണ തൊഴിലാളികൾക്ക് അവരുടെ ആവലാതികൾ അവതരിപ്പിക്കാനുള്ള ഒരവസരം കൈവന്നില്ല. ആദ്യത്തെ വർഷം 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചപ്പോൾ ഇന്ന് 103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് സംബന്ധിച്ചത്.

ഏറ്റവും ദുഖകരമായ കാര്യം സാധാരണ തൊഴിലാളികളുടെ പ്രാതിനിധ്യം തുലോം കുറവാണെന്നുള്ളതാണ്. പങ്കെടുക്കുന്നവർക്കുള്ള രെജിസ്ട്രേഷൻ വ്യവസ്ഥയനുസരിച്ചു വെബ്സൈറ്റിൽ ആർക്കും അപേക്ഷിക്കാം. എന്നാൽ സ്വന്തമായി യാത്രാച്ചെലവുൾപ്പെടെ വഹിക്കണം. അതിനെല്ലാവരും തയ്യാറായാലും കിട്ടുന്ന അപേക്ഷകൾ അരിച്ചുനോക്കി പങ്കാളികളെ നിശ്ചയിക്കുന്നത് സർക്കാർ തന്നെയാണ്. അങ്ങനെ വരുമ്പോൾ ഉന്നത തലങ്ങളിൽ സ്വാധീനം കുറഞ്ഞ സാധാരണ തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ സമ്മേളനത്തിൽ 'ഹൗസ് മെയ്‌ഡ്‌' ആയി പ്രവർത്തിക്കുന്ന ഒരു സ്ത്രീക്കും ഈ പ്രാവശ്യം ഡ്രൈവർ ആയി ജോലി നോക്കുന്ന ഒരാൾക്കും മാത്രമാണ് പ്രവേശനം ലഭിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്‌തു.

അങ്ങനെ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി പ്രവാസി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന വിദേശ മലയാളികളിൽ ഭൂരിഭാഗവും 'പ്രാഞ്ചിമാർ' ആണെന്നും പ്രമുഖരുടെ കൂടെ നിന്നുള്ള ഫോട്ടോ മാത്രമാണ് അവരുടെ ലക്ഷ്യം എന്നും ആരോ ലേഖനമെഴുതിയതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒരു അമേരിക്കൻ മലയാളി സംഘടനയുടെ മുൻ നേതാവ് ഒരു വീഡിയോ ഇറക്കിയത് ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. അതെന്തെങ്കിലുമാകട്ടെ.

ഈ ആറു വർഷം ലോക കേരള സഭാ മാമാങ്കം നടത്തിയിട്ടും ഇന്നുവരെ എത്ര പ്രവാസി മലയാളികൾ വിദേശത്തുണ്ടെന്നു പോലും സർക്കാരിനറിയില്ല. കുവൈറ്റിൽ മാത്രം 10 ലക്ഷം ഇന്ത്യയ്ക്കാരുള്ളതായിട്ടാണ് കേന്ദ്ര മന്ത്രാലയം പറയുന്നത്. കേരളത്തിൽ എത്ര ബംഗാളികൾ ഉണ്ടെന്നു പോലും കേരള സർക്കാരിനറിയില്ലല്ലോ. ഈ ലോക കേരള സഭയുടെ 2024 ലെ സമ്മേളനത്തിൽ അവതരിപ്പിച്ച അജണ്ട എന്താണെന്നു നോക്കാം.

1.    വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമിനെ കുറിച്ചുള്ള ചർച്ച.
2.    എമിഗ്രേഷൻ കരട് ബിൽ.
3.    വിദ്യാർത്ഥികളും സ്ത്രീകളും കുടിയേറ്റക്കാരും വിദേശത്തു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ 
4.    പുനരധിവാസത്തിൽ പ്രവാസിയുടെ ക്ഷേമനിധിക്കുള്ള പങ്ക് 
5.    നവതൊഴിലവസരങ്ങളും നൈപുണ്യ വികസനവും, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ.
6.    വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസികളും.
7.    വിജ്ഞാന സമ്പത് വ്യവസ്ഥയിലേക്കുള്ള പരിവർത്തനങ്ങളും പ്രവാസികളും.
വെളിയിൽ നിന്നു വരുന്നവരെക്കൂടാതെ കേരളത്തിലെ 140 എം എൽ എ മാരും 20 എം പി മാരും ഇതിന്റെ ഭാഗമാണ്. പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ ആകെ ഈ വർഷം പങ്കെടുത്തത് 351 പേരാണ്. ഈ സമ്മേളനത്തിന് സർക്കാർ മാത്രം ചെലവാക്കുന്നത് 3 കോടി രൂപയാണ്. വ്യക്തിപരമായി ഓരോ പ്രതിനിധിയും ചെലവാക്കുന്നത് യാത്രാച്ചെലവുൾപ്പെടെ വേറെ എത്രയോ കോടികളാണ്! ഇത്രയും മുടക്കി സമയം ചെലവഴിക്കുന്നത് വഴി എന്താണ് പ്രവാസികൾ നേടുന്നത്? 2020 ൽ ആകെ 156 നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്. 2022 ൽ അത് 678 ആയി ഉയർന്നു. എന്നാൽ അത് ക്രോഡീകരിച്ച്‌ 67 നിർദ്ദേശങ്ങളായി ചുരുക്കി. അതിൽ 11 എണ്ണം കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ളതാണ്. ബാക്കി 56 ൽ ഒരെണ്ണം മാത്രം, കേരളാ മൈഗ്രേഷൻ സർവ്വേ, നടത്തിയതായി കേരള സർക്കാർ അവകാശപ്പെടുന്നു.

കോവിഡ് മൂലം വിദേശത്തു നിന്നും മടങ്ങിയവർക്കു പുനരധിവാസ പാക്കേജ് നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വന്ന 14166 പേർക്കായി 151 കോടി ആനുകൂല്യം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി പറയുന്നു. പക്ഷേ, ആർക്കാണ് ലഭിച്ചതെന്നു മാത്രം അറിയില്ല. സ്വന്തമായി ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച് ലോൺ എടുത്തവരും ഇതിൽ ഉൾപ്പെടുമെന്നു പറഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി.

ഇങ്ങനെ വിപുലമായി കേരളസഭയുടെ ദ്വൈവാർഷിക സമ്മേളനങ്ങൾ നടത്തുകയും അതിനിടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മേഖലാ സമ്മേളനങ്ങൾ നടത്തുകയും ചെയ്തതുകൊണ്ട് അനേകം പുതിയ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത്രേ! ആകെ 148,000 ൽ പരം പുതിയ സംരംഭങ്ങൾ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ആരംഭിച്ചതായിട്ടാണ് സർക്കാർ പറയുന്നത്. എത്രപേർക്ക് തൊഴിൽ ലഭിച്ചു എന്ന കൃത്യമായ കണക്ക് കിട്ടിയിട്ടില്ലെന്ന് മാത്രം. ഗൾഫിൽ വച്ച് നടന്ന മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. "കോവിഡ് കാലത്തു തൊഴിൽ നഷ്ട്ടപ്പെട്ടു തിരിച്ചു വരുന്നവർക്ക് അവരുടെ 6 മാസത്തെ ശമ്പളം സർക്കാർ സൗജന്യമായി നൽകും. ജോലി ചെയ്‌ത ആകെ വർഷങ്ങൾക്ക് ഒരു വർഷത്തിന് ഒരു മാസമെന്ന നിലയിൽ ഇവർക്കെല്ലാവർക്കും പെൻഷനും സർക്കാർ നൽകും." നാട്ടിൽ 1600 രൂപാ ക്ഷേമ പെൻഷൻ നൽകാൻ കഴിയാത്തപ്പോഴാണ് ഈ ഗീർവ്വാണം അടിക്കുന്നതെന്നോർക്കണം.

പിന്നെ, ഈ സമ്മേളനം കൊണ്ട് ആകെയുണ്ടായ ഒരു ഗുണം ഇസ്രായേൽ-ഹമാസ് യുദ്ധം തീർക്കാൻ വഴിയൊരുക്കി എന്നതു മാത്രമാണ്. അജണ്ടയിൽ ഇല്ലാതിരുന്നിട്ടും ഈ വിഷയം ചർച്ച ചെയ്യുകയും ഇസ്രയേലിനോട് ഉടനടി യുദ്ധം നിർത്തണമെന്നുമുള്ള പ്രമേയം പാസ്സാക്കി ഇസ്രായേലിന് അയച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്‌തു. പ്രമേയം കയ്യിൽ കിട്ടിയില്ലെങ്കിലും വിവരം അറിഞ്ഞയുടൻ തന്നെ നെതന്യാഹു ഗാസയിലെ പട്ടാളക്കാരോട് ഉടനടി പിൻവാങ്ങാൻ ഉത്തരവിട്ടതായി അറിയുന്നു. ഇസ്രായേലിൽ ജോലി ചെയ്‌തിരുന്ന ഒരു മലയാളി പ്രവാസി ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് മൃതദേഹം നാട്ടിൽ കൊണ്ടു വന്നു വീട്ടുമുറ്റത്തു വച്ചപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ പാലസ്‌തീൻകാരുടെ പേരിൽ വിലപിക്കുന്നത് എന്നത് പ്രത്യേകം ഓർമ്മിക്കണം.

ഈ ലോക കേരള സഭയിൽ സംബന്ധിക്കുന്നവർ ഒരു കാര്യം അവരുടെ മനസ്സാക്ഷിയോട് ചോദിക്കണം. നമ്മുടെ അത്രയും സാമ്പത്തിക ഭദ്രതയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും കുടുംബത്തിനു വേണ്ടി ആ മരുഭൂമിയിൽ കഷ്ടപ്പെട്ട 24 സഹോദരങ്ങൾ അതിദാരുണമായി കൊല്ലപ്പെട്ടിട്ട് അവരുടെ പൊട്ടിച്ചിതറിയ സ്വപ്‌നങ്ങൾ വാരിക്കൂട്ടി തങ്ങളുടെ ചേതനയറ്റ ശരീരത്തോടുകൂടി ഒരു പെട്ടിയിൽ അടക്കം ചെയ്‌തു പണി തീരാത്ത വീട്ടുമുറ്റത്തു നിരത്തി വച്ചപ്പോൾ ഈ സമ്മേളനം നടത്തേണ്ടത് അനിവാര്യമായിരുന്നോ? അതോ, അതിനേക്കാൾ പ്രധാനം മുഖ്യമന്ത്രിയുടെയും എം എൽ എ മാരുടെയും കൂടെയുള്ള സെൽഫികളായിരുന്നോ? എങ്കിൽ നിങ്ങളെ ആരെങ്കിലും 'പ്രാഞ്ചി' എന്നു വിളിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
 

Join WhatsApp News
Jai, Jai 2024-06-18 02:39:03
Jai, Jai Pranchies. Jai, Jai LKS
Jose Kavil 2024-06-18 02:45:54
പിണറായി ക്യാൻസറിൻ്റെ തെറാപ്പി എടുക്കാനാണ് വർഷത്തി ലൊരിക്കൽവരുന്നത്. തത്സമയം അമേരിക്കയിലെ പ്രാഞ്ചിയേട്ടൻ മാരെല്ലാവരും കൂടി ഒരു തീറ്റമൽസര വും ഒരു കസേരകളിയും അങ്ങു നടത്തും .അതിന് ഇത്രയും മസിൽ പിടിച്ചെഴു തണമെന്നില്ല എങ്കിലും രണ്ടു പറയുന്നത് നല്ലതാ. കുറെ ബിനാമികൾ ഇവിടെയുണ്ടല്ലോ
Binoyi KK 2024-06-18 13:44:02
നാട്ടിലുള്ള നാറികളെ നമുക്കറിയാം. പക്ഷെ ഒരുപാട് വര്ഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന പ്രവാസികളെന്നു പറയുന്ന പുങ്കവന്മാർക്ക് ഇതൊന്നും മനസിലാക്കുവാൻ ശക്തിയില്ലാന്നു തോന്നുന്നു. ഇവന്മാരുടെ ഫോട്ടോസ് ദയവായി അമേരിക്കയിലുള്ള ന്യൂസ് മീഡിയാസ് ഒഴിവാക്കുകയാണെങ്കിൽ ഇവർ മര്യാദ പഠിക്കും. അതെങ്ങനാ സ്വന്തം മകൾ ഏതു ക്ളാസിലാ പഠിക്കുന്നതെന്ന് പള്ളീലച്ചൻ ചോദിച്ചപ്പോൾ ഭാര്യയുടെ മുഖത്ത് നോക്കിയ പുങ്കവന്മാർ ഉള്ള സ്ഥലത്തു വന്നല്ലോ എന്ന് തോന്നിപ്പോകും.
Eldtho 2024-06-18 11:12:27
Very good and factual reporting
American pravasi 2024-06-18 16:24:28
മുകളിൽ പറഞ്ഞിരിക്കുന്ന ഏഴു കാര്യങ്ങളും അമേരിക്കയിയിൽ ജോലി ചെയ്തു ജീവിക്കുന്ന മലയാളികളായ ഒരു പ്രവാസിക്കും ഇവിടെ ആവശ്യം ഇല്ല. പിന്നെ നാട്ടിൽ ഒന്നും ആകാൻ സാധിക്കാതെ പോയ കുറെ പുങ്കവന്മാർ അമേരിക്കയിൽ വന്ന് ഭാര്യമാരുടെ ചിലവിൽ എന്തെക്കെയോ ആവാൻ ശ്രമിക്കുന്നു. അതിൽ ഒന്നാണ് ഇപ്പോൾ ലോക കേരള സഭ എന്നു പറഞ്ഞു നാട്ടിൽ പോയി കാട്ടിക്കൂട്ടിയ ഈ മാമാങ്കം. ആർക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാറുകളെല്ലാം ശുനകൻ ചന്തക്കുപോയ മാതിരി ഷീണിച്‌ തിരിച്‌ എത്തിക്കൊണ്ടിരിക്കുന്നു.
J. Tom 2024-06-18 20:55:04
ഒരല്പമെങ്കിലും ബോധമോ വിവരമോ ഈ നടത്തിപ്പ്പ്‌കാർക്കുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. അകാലത്തിൽ സർവ സ്വപ്നങ്ങളും കവർന്നെടുക്കപ്പെട്ട് വീടിനെയും നാടിനെയും കണ്ണീർക്കയത്തിലാഴ്ത്തി വിറങ്ങലിച്ച ഇരുപത്താറു ശവശരീരങ്ങളെ നോക്കി മലയാളീ നെഞ്ചുപൊട്ടി വിതുമ്പിക്കരയുമ്പോൾ യാതൊരു പ്രയോജനവും ആർക്കും ഇല്ലാത്ത ഒരു ധൂർത്തും മാമാങ്കവും നടത്താൻ മുന്നിട്ടിറങ്ങിയ ഹൃദയശൂന്യരായ പ്രാഞ്ചിമാരെയും അവരെക്കാൾ അവിവേകികളും ഹൃദയശൂന്യരുമായ നടത്തിപ്പുകാരെയും എന്ത് വിളിക്കണം എന്ന് മാന്യവായനക്കാർ തന്നെ തീരുമാനിക്കുക. ഇത് നമ്മുടെ പൈതൃകത്തിനും സംസ്കാരത്തിനും എന്നും ഒരു തീരാകളങ്കമായി ചരിത്രത്തിൽ സ്ഥാനം പിടിക്കും.
ജോർജ് തുമ്പയിൽ 2024-06-19 00:47:16
Dear Babu Parakkal, You rock Babu! How sweet you put forward your thoughts? What was the reason for the LKS, when the Kuwait tragedy hit us? "Pranchiyettan" syndrome. "അങ്ങനെ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി പ്രവാസി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ" ഇതാരാണാവോ? ... Read more at: https://emalayalee.com/vartha/317344Babu Parakkal.
Babu Parackel 2024-06-19 11:44:24
ലേഖനം വായിച്ചവർക്കും പ്രതികരിച്ചവർക്കും എല്ലാം നന്ദി രേഖപ്പെടുത്തുന്നു. ലോക കേരള സഭയിൽ സംബന്ധിച്ച ഏതെങ്കിലും ഒരു അമേരിക്കൻ മലയാളി അതിനെപ്പറ്റി ഒന്നെഴുതിയിരുന്നെങ്കിൽ നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക