Image

പരല്‍മീനുകള്‍ നീന്തിക്കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല)

വര: മറിയം ജാസ്മിന്‍ Published on 18 June, 2024
പരല്‍മീനുകള്‍ നീന്തിക്കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല)

ബാലസാഹിത്യം /നോവല്‍ : ഭാഗം മൂന്ന്; നോവല്‍ ഈ ലക്കത്തോടെ അവസാനിക്കുന്നു

അദ്ധ്യായം 8

പാതിരാക്കോഴി

ഉറക്കം വരാഞ്ഞ് ഞങ്ങൾ അപ്പുവിൻ്റെ മൂന്നാർ വിശേഷങ്ങൾ ഒക്കെ കേട്ടുകൊണ്ടിരുന്നു. തമിഴിലെ അത്യാവശ്യം വാക്കുകളൊക്കെ അപ്പു പറഞ്ഞു തന്നു.

തുടർന്ന് സംസാരം മന്ത്രവാദിയുടെ വീട്ടു വിശേഷങ്ങളിലേക്കായി. ഞാൻ  ചോദിച്ചു.

' അപ്പൂന് മന്ത്രവാദം വല്ലതും പഠിക്കാൻ പറ്റിയോ? ആറേഴു മാസം അണ്ണൻ്റെ വീട്ടിൽ  നിന്നതല്ലേ?'.

'ഞാൻ ചെറുതായി ഒക്കെ പഠിച്ചിട്ടുണ്ട്. ആ അണ്ണൻ പഠിപ്പിച്ചതല്ല. കണ്ട് മനസ്സിലാക്കിയെടുത്തതാണ്'.

അപ്പു പറഞ്ഞു.

'എന്നാ ഒരു മന്ത്രവാദം ഞങ്ങൾക്ക് കാണിച്ച് തരാമോ?.

ഞാൻ ചോദിച്ചു. അപ്പോൾ നേഹ പറഞ്ഞു.

'ഞങ്ങക്ക് അമ്മമ്മേടെ ആ കറുമ്പിയെ ഒരു പൂവൻകോഴി ആക്കി താട്ടെ'.

അപ്പു കുറേ നേരം ആലോചിച്ചിട്ടു പറഞ്ഞു.

'പൂവൻകോഴി ഒക്കെ ആക്കി തരാം. പക്ഷേ കറുമ്പി ഇടുന്ന മുട്ട ഒന്നും പിന്നെ കിട്ടില്ല. പൂവൻകോഴി മുട്ട ഇടൂല്ലല്ലൊ '.

അപ്പു തുടർന്നു.

'മൊട്ട കിട്ടാത്തപ്പെ അമ്മമ്മയ്ക്ക് ഇഷ്ടക്കുറവ് ആവൂല്ലെ?'.

അപ്പോൾ ഞാൻ പറഞ്ഞു.

'പൂവൻകോഴി ആയത് അപ്പു  കാരണാന്ന് അമ്മമ്മ  അറിയാൻ പോണില്ല. ഞങ്ങളേതായാലും പറയൂല. അമ്മമ്മ പുതിയ കോഴി പെടയെ വാങ്ങിച്ചോളും.'

'അപ്പു, ഞങ്ങക്ക് ഒന്ന് കണ്ട് മനസ്സിലാക്കാൻ വേണ്ടിയല്ലെ ഈ പറയുന്നത്. ശരിയായിട്ടും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അറിയാൻ വേണ്ടിയിട്ട് അല്ലെ?'

എൻ്റെയും, നേഹയുടെയും ആവശ്യത്തിലേക്ക് അപ്പു  അനുകൂലമായി വരുന്നുവെന്ന് ഞങ്ങൾക്ക് മനസിലായി.

'കുറച്ചു കൂടി രാത്രിയാകട്ടെ. ഞാൻ ഇന്നുതന്നെ ശ്രമിക്കാം'.

അപ്പു തുടർന്നു.

'കറുമ്പിയെ പൂവനാക്കാം. പക്ഷേ തിരിച്ച്  കറുമ്പി ആക്കി മാറ്റി തരാൻ എന്നോട് പറഞ്ഞേക്കരുത്.'  

വരുംവരായ്കകളെ കുറിച്ചുള്ള അപ്പുവിൻ്റെ വിശദീകരണമൊന്നും ഞങ്ങൾ കേട്ടില്ല. കൂവുന്ന ഒരു കറുത്ത പൂവൻകോഴിയുടെ ലൈവ് എൻ്റെയും, കൂടാതെ  നേഹയുടെയും ഉള്ളിൽ നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു.

രാത്രി 11 മണി കഴിഞ്ഞപ്പോൾ    മുൻവശത്തെ വാതിൽ പതുക്കെ തുറന്ന് ഞങ്ങൾ മൂവരും പുറത്തിറങ്ങി. അപ്പോൾ ചക്കിയെന്ന് ഞങ്ങൾ ചുമ്മ ഒരു പേരിട്ടിരിക്കുന്ന,  മിക്കവാറുമൊക്കെ വീട്ടിൽ വന്നു പോകുന്ന ആ തടിച്ച വെള്ളപ്പൂച്ച സിറ്റൗട്ടിലെ കസേരയിൽ നിന്നും മുറ്റത്തേക്ക് ചാടി ഇരുളിലേക്ക് ഓടി മറന്നു.

ചാച്ചൻ്റെ മുറിയിൽ മാത്രം ഇപ്പോഴും വെളിച്ചമുണ്ട്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ബെന്നി ചാച്ചൻ തൻ്റെ  ജോലികൾ വീട്ടിലിരുന്നാണ് ചെയ്യുക.വല്ലപ്പോഴും കാക്കനാട്ടെ ഓഫീസിൽ പോയാൽ മതി. കോവിഡ് കാലത്ത് തുടങ്ങിയ പതിവാണ്.

ചെരുപ്പ് ഇട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ എനിക്ക്  ഒരു സംശയം തോന്നിയത് അപ്പുവിനോട് പറഞ്ഞു.

'ഇതിപ്പോ അപ്പുവിനെ  ഞങ്ങൾ രക്ഷിച്ച് കൊണ്ടുവന്ന പോലെ എന്തെങ്കിലും വല്യ പ്രശ്നായിട്ട് മാറുമോ?'.

നേഹയാണ് എനിക്ക് മറുപടി തന്നത്.

'അപ്പു ചേട്ടായി ഒരു മനുഷ്യനാണ്. കറുമ്പി ഒരു കോഴി മാത്രമല്ലേ. ഒരു കോഴിയെ  പൂവൻകോഴി ആക്കീന്ന് വച്ച് എന്നാ കോലാഹലം ഉണ്ടാവാന. ഒന്നും സംഭവിക്കില്ല.'

അപ്പു പറഞ്ഞു.

'നമുക്ക് രണ്ട് സാധനം കൂടി വേണം. പിറകിലെ മുറ്റത്ത് ലൈറ്റിട്ട ശരിയാവൂല്ല. വല്ല പാമ്പും ഉണ്ടെങ്കിലോ. ഒരു ടോർച്ച് വേണം. പിന്നൊരു കാലി ഗ്ലാസും.'

ഞാൻ അമ്മമ്മയുടെ കട്ടിലിൻ്റെ തലയ്ക്കപാത്ത് ഇരുന്നിരുന്ന കറുത്ത കുഞ്ഞൻ ടോർച്ച് എടുത്തു. അടുക്കളയിൽ ചെന്ന് ഞങ്ങൾ ചായ കുടിക്കുന്ന തരം ഒരു ചെറിയ ഗ്ലാസും കൈക്കലാക്കി.

വാതിൽ ചാരി മുററത്തു നിന്നിരുന്ന  നേഹയോടും അപ്പുവിനോടും ഒപ്പം കിഴക്കേ മുറ്റത്തുകൂടി നടന്ന് തെക്കെ മുറ്റത്തെത്തി.

അവിടെ മൂന്ന് കോഴികളും കോഴിക്കുട്ടിൽ കണ്ണടച്ച് ഇരുന്ന്  ഉറങ്ങുകയായിരുന്നു. കറുമ്പിയാണെങ്കിൽ ഉറങ്ങാനുള്ള കുട്ടയുടെ വക്കിൽ അഭ്യാസപ്പെട്ടിരുന്നേ  ഉറങ്ങൂ.

ജാക്കി  ഞങ്ങളെ കണ്ടതോടെ ശബ്ദം ഉണ്ടാക്കി. രണ്ടുമൂന്നു തവണ സ്നേഹത്തോടുകൂടി പതുക്കെ കുരച്ചു കാണിച്ചു. പിന്നെ നിശബ്ദനായി.

ഗ്ലാസ് കൊടുത്തപ്പോൾ അപ്പു  മുററത്തെ പൈപ്പിൽ നിന്നും മുക്കാൽ ഗ്ലാസ് വെള്ളം എടുത്തു. എന്നിട്ട് കോഴിക്കൂട്ടിൽ കറുമ്പി ഇരുന്നിടത്ത് ചെന്ന് നിന്ന് എന്തോ മന്ത്രങ്ങൾ ഉരുവിട്ട് ഗ്ലാസിൽ വിരലുകൾ മുക്കി വെള്ളം അവളുടെ പൂടകളിലേക്ക് തളിച്ചു.

10 തവണ ഇങ്ങനെ ആവർത്തിച്ചതോടെ അമ്മമ്മയുടെ കറുമ്പിപ്പിട പൂട നിവർത്തി എഴുന്നേറ്റു നിന്നു. മന്ത്രം ഉരുവിടുന്നത് അപ്പു ചേട്ടൻ തുടരുന്നുണ്ടായിരുന്നു.

അനന്തരം ഇരുട്ടിൽ ഞങ്ങൾ ഒരു കാഴ്ച്ച കണ്ടു. മൂരി നിവർന്ന പോലെ കോഴി സടകുടഞ്ഞ് ആകെയൊന്ന് ഇളകിയാടി. അങ്കവാലും, തലയിലെ പൂവും ഉൾപ്പെടെയുള്ള കറുമ്പിയിലെ മാറ്റങ്ങൾ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി.

ലക്ഷണമൊത്ത ഒരു നാടൻ പൂവൻകോഴിയായി കറുമ്പി മാറിയിരിക്കുന്നു. മന്ത്രോച്ചാരണം നിറുത്തി അപ്പു ഗ്ലാസിലെ വെള്ളമൊഴിച്ചു കളഞ്ഞു.

സുന്ദരിയും മദാമ്മയും ഇപ്പോഴും നല്ല ഉറക്കത്തിലാണ്. കോഴിക്കൂടടച്ച് ഞങ്ങൾ തിരിച്ചു നടന്നപ്പോൾ നേഹ ടോർച്ച് തെളിയിച്ചു.

മുൻവാതിൽ കുറ്റിയിട്ട ശേഷം  അമ്മമ്മയുടെ കട്ടിലിൽ  ഞാൻ ടോർച്ച് കൊണ്ടുപോയി വച്ചു. ശേഷം അമ്മ നിർദേശിച്ച പ്രകാരം ഉറങ്ങുവാനായി  മൂവരും കിടന്നു.

കുറെ കഴിഞ്ഞ് ഒരു  പൂവൻകോഴിയുടെ കൂവൽ ഞങ്ങൾ കേട്ടു. പാതിരാക്കോഴി കൂവി. ഒരക്ഷരം ഉരിയാടാനാകാത്ത വിധം ഞാനും നേഹയും ഭയപ്പെട്ടു പോയിരുന്നു. ഉറങ്ങിയത് നേരം വെളുക്കാറായപ്പോഴാണ്.

അദ്ധ്യായം 9

ഞാണിന്മേൽ കളി

രാവിലെ മുററത്തും, അടുക്കളയിലും നിന്ന് ഉച്ചത്തിലുള്ള സംസാരങ്ങൾ കേട്ടാണ് ഞങ്ങൾ മൂവരും എഴുന്നേറ്റത്. ഏഴു മണി കഴിഞ്ഞിരിക്കുന്നു. മുറിയിൽ നിന്നും കിഴക്കോട്ടുള്ള ഒരു ജനൽ പാളി തുറന്നിട്ടു.

വിഷയം കറുമ്പിയെന്ന പിടക്കോഴി കൂവിയതു തന്നെ. ഇവിടന്നുള്ള അമ്മയുടെയും, അമ്മമ്മയുടെയും ഉറക്കെയുള്ള സംസാരങ്ങൾ കേട്ടിട്ടാകണം കിഴക്കേ വീട്ടിലെ സുമ ആൻ്റിയും, മകൾ സീറ ചേച്ചിയും  ഉയരമുള്ള മതിലിൻ്റെ ഭിത്തിയിൽ നിന്നും തല പുറത്തേക്കിട്ട് കോഴിക്കൂട്ടിലേക്ക് നോക്കി സംസാരിക്കുന്നുണ്ട്.

പിടക്കോഴി കൂവിയാൽ അതിനെ വളർത്തുന്ന വീട് നശിക്കുമെന്ന് കേട്ടിട്ടുണ്ടെന്നാണ് ആൻ്റി പറയുന്നത്. എന്നാൽ, അതിനെ കൊന്ന് കറി വച്ചേക്കാമെന്ന് അമ്മമ്മ.

അങ്ങനെ ചെയ്താൽ വീട്ടുകാരുടെ സർവനാശമായിരിക്കുമെന്ന് ആൻ്റി വീണ്ടും വിശദീകരിക്കുന്നു. അതോടെ അമ്മമ്മ മാത്രമല്ല, അമ്മയും മുററത്തേക്ക് ഇറങ്ങി. സുമ ആൻ്റിയുടെ സംസാരത്തോടെ ഇരുവരും ആകെ അങ്കലാപ്പിലായിരിക്കുന്നു.

'ഞാമ്പറഞ്ഞത് കാർന്നോമ്മാര് പറഞ്ഞു കേട്ടൊള്ള അറിവാട്ടൊ. അത്  മുഖവിലയ്ക്ക് എടുക്കണോന്നില്ല'.

സുമ ആൻ്റിയുടെ ഭയപ്പെടുത്തൽ തുടരുകയാണ്. അപ്പോഴാണ് ജനാലയിലൂടെ നേഹ ഉറക്കെ വിളിച്ചു പറഞ്ഞത്.

' അങ്ങനെയാണെങ്കി നമുക്കതിനെ കാറീ കൊണ്ടുപോയി എവിടേങ്കിലും പറത്തി വിടാം. പക്ഷിയല്ലെ. അത് പൊക്കോളും' .

ഞങ്ങള് മൂന്നു പേരും ഇപ്പോഴേ അറിഞ്ഞൊള്ളു എന്ന മട്ടിൽ കറുമ്പിയുടെ മാറ്റം കാണുവാനായി കോഴിക്കൂടിനടുത്തേക്ക് പോയി.

അപ്പുവിനെ കണ്ടതോടെ പൂവൻകോഴി 'കൊക്കരക്കോ' എന്ന് കേൾപ്പിക്കുകയും, ഉച്ചത്തിൽ കൂവുകയും ചെയ്തു.

അമ്മമ്മ ജോലിക്കാരിയുമായി ബന്ധപ്പെടുത്തി മറെറാരു പദ്ധതിയാണ് അമ്മയുമായി ചർച്ച ചെയ്യുന്നത്.

'നാളെയല്ലെ  ലിസി വരണ ദിവസം. അവക്ക് അതിനെയങ്ങ് കൊടുത്തു വിട്ടേക്കാം. അവള് എന്താന്നു വച്ചാ ചെയ്തോട്ടെ.'

അമ്മമ്മ. അമ്മ അഭിപ്രായമൊന്നും പറയുന്നില്ല. ഞങ്ങളെ കണ്ടപാടെ ബോധോദയം ഉണ്ടായതു പോലെ അമ്മയുടെ കണ്ടുപിടുത്തം വന്നു.

'ഇതിനി ഇവര് മൂന്നു പേരുടേം വിക്രിയ ആണോ?'.

'അല്ലാട്ടൊ അമ്മെ '

നേഹ.

'നീ ഒന്ന് ചുമ്മാതിരിക്കടി, പിള്ളേരെ വിഷമിപ്പിക്കാതെ.'

അമ്മമ്മ അങ്ങനെ പറഞ്ഞതോടെ സമാധാനമായി. അമ്മ പോയി ചാച്ചനെ വിളിച്ചുണർത്തി.

കണ്ണു തിരുമി എഴുന്നേറ്റു വന്ന ബെന്നി ചാച്ചന്, കോഴിക്കൂട്ടിൽ കറുത്ത പൂവൻകോഴിയുടെ നിൽപ് കണ്ടപ്പോൾ അത്ഭുതവും, അതിലേറെ കൗതുകവും ആയി.

മൊബൈലിൽ പൂവൻ്റെ ഫോട്ടോയും വീഡിയോയും മകൻ എടുക്കുന്നതു കണ്ട് അമ്മമ്മ ചാടി വീണു.  

'എടാ, ഞാനാ സുമയോടൊന്ന് ചോദിച്ചോട്ടെ. ഫോട്ടോ എടുക്കാമോന്ന് '.

അമ്മമ്മ സുമ ആൻ്റിയെ നീട്ടി വിളിച്ചു.

'സുമേ'.

അടുക്കളയിലോ മറ്റോ ആയിരുന്നിരിക്കണം ആൻ്റി.  അതിനാൽ ആൻ്റിയോ, മകളോ മതിലിനു സമീപം പ്രത്യക്ഷപ്പെട്ടില്ല. ഏതായാലും അമ്മമ്മ തീർത്തും നിശബ്ദയായി.

ചാച്ചൻ ഗൂഗിളിൽ പരതുകയാണ്. ഹോർമോൺ ചെയിഞ്ച് പിടക്കോഴിയെ പൂവൻകോഴിയാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നതെന്ന് അമ്മമ്മയോടും, അമ്മയോടും ചാച്ചൻ വിശദീകരിച്ച് വായിച്ചു കേൾപ്പിച്ചുവെങ്കിലും ഇരുവർക്കും സുമ ആൻ്റി പറഞ്ഞതിലാണ് വിശ്വാസം.

സിററൗട്ടിൽ കിടന്നിരുന്ന അന്നത്തെ  പത്രം ഞാൻ വിശദമായി തന്നെ വായിച്ചു. നേഹയും, ഞാനും എവിടെയായാലും പത്രവായന മുടക്കാറില്ല. അതൊരു ശീലമാണ്.

ഭാഗ്യം. അപ്പുവിനെ കാണാനില്ലെന്ന വാർത്തയൊന്നും പത്രത്തിൽ ഇന്നും ഇല്ല.

അദ്ധ്യായം 10

കൂടിയാലോചന

'വിശക്കുന്നു'.

അങ്ങനെ പറഞ്ഞ് അടുക്കളയിൽ ചെന്നുവെങ്കിലും ഒന്നും കാലായിരുന്നില്ല. അന്ന് പതിവിനു വിപരീതമായി പ്രഭാത ഭക്ഷണം വൈകി.

ഒൻപതു മണിക്ക് പുട്ടും, ചായയും റെഡിയായെങ്കിലും കറികൾ ഒന്നുമില്ല. ബീഫ് കറി തീർന്നിട്ടുണ്ടാകണം.

പഞ്ചസാര കൂട്ടി കഴിച്ചോളുവാൻ അമ്മമ്മ പറഞ്ഞപ്പോൾ ഞാനും, അപ്പുവും തലേ ദിവസം  ടിന്നിൽ ബാക്കിയുണ്ടായിരുന്ന കാച്ചിയപപ്പടം  പൊടിച്ചിട്ട് പുട്ടു കഴിച്ചു.

നേഹയ്ക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞ് വാശി പിടിച്ച് വിതുമ്പിക്കൊണ്ട് മുറിയിലേക്ക് പോയി. ചായ കുടി കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ എന്നോടും,  നേഹയോടുമായി അപ്പു ഇപ്രകാരം പറഞ്ഞു.

'ലിസി ചേച്ചിക്ക് നാളെ കോഴിയെ കൊടുത്തു വിടുമെന്നല്ലെ അമ്മമ്മ പറയുന്നത്. അവര് കൊണ്ടു പോയാൽ ഒരു പക്ഷെ ആ വീട്ടുകാരു തന്നെ പാചകം ചെയ്തു കഴിച്ചേക്കാം. അല്ലെങ്കിൽ അതിനെ ആർക്കെങ്കിലും വിറ്റ് പണം വാങ്ങിയേക്കാം.'

അപ്പു തുടർന്നു.

'അങ്ങനെ ആരെങ്കിലും വാങ്ങിച്ചാലും പൂവൻകോഴി ആയതിനാൽ അവരതിനെ തുടർന്ന് വളർത്തൂല്ല. ചുരുക്കി പറഞ്ഞാൽ ഈ പൂവൻകോഴിയുടെ അന്ത്യം അടുത്തു.'

ഞാൻ അഭിപ്രായപ്പെട്ടു.

'അതിന് നമുക്കെന്താ. മറ്റൊരു വീട്ടിൽ വച്ച് ഈ പൂവൻ കൊല്ലപ്പെട്ടാൽ അതിൻ്റെ ദോഷം ആ വീട്ടുകാർക്കല്ലെ?.

'അതല്ല വരാൻ പോകുന്നത്. ഈ കോഴി പ്രായമായി മരിക്കുന്നതല്ലാതെ കൊന്നു കഴിഞ്ഞാൽ ദോഷം  ഈ കുടുംബത്തിന് തന്നെയാണ്. അതിനുള്ള ഏക പോംവഴി പൂവൻകോഴിയെ കുറെ വർഷക്കാലം ആരാലെങ്കിലും സംരക്ഷിക്കപ്പെടുക എന്നതാണ്.'

അപ്പു തുടർന്നു.

'അതായത് ഇതിനെ ഉത്തമ വിശ്വാസമുള്ള നിങ്ങളുടെ ഏതെങ്കിലും ഒരു വീട്ടുകാർക്ക് കാര്യകാരണങ്ങൾ ബോദ്ധ്യപ്പെടുത്തി കൈമാറണം'.

അപ്പു  പറഞ്ഞു.

'എന്നാ നമുക്കിവനെ  ഇരുമലപ്പടിയിലെ സൂസി  അമ്മാമ്മയുടെ വീട്ടിലേക്ക് മാറ്റാം'

നേഹ പറഞ്ഞതിനോട് ഞാനും അനുകൂലിച്ചു. സൂസി അമ്മമ്മ ഞങ്ങടെ അമ്മമ്മയുടെ സ്വന്തം അനിയത്തിയാണ്. ഞങ്ങളോട് ഒത്തിരി ഇഷ്ട്ടമുള്ള, ഞങ്ങൾക്കും ഏറെ സ്നേഹമുള്ളവരാണ് സൂസി അമ്മമ്മയും കുടുംബവും.

പക്ഷെ, കോതമംഗലം തങ്കളത്തു  നിന്ന് മൂന്നു കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട്  ഇരുമലപ്പടിക്ക്. എപ്പോൾ പോകും, എങ്ങനെ പോകും എന്നായി ചർച്ച.

ഒടുവിൽ തീരുമാനത്തിലെത്തി.

രാത്രി 10 മണി കഴിഞ്ഞ് പുറപ്പെടാം. കോഴിയെ അപ്പു ചേട്ടൻ എടുക്കും. ജാക്കിയുടെ നിയന്ത്രണം ഞാൻ ഏറ്റു. ടോർച്ച് ആവശ്യത്തിന് നേഹ തെളിക്കും. ഒരു വടിയും കരുതാം.

സൂസി അമ്മമ്മയും, അവരുടെ ഭർത്താവ് ജോയി കൊച്ചപ്പനും, മകൻ ഐടി കമ്പനി ഉദ്യോഗസ്ഥൻ ബേസിൽ അങ്കിളും ആണ് ആ വീട്ടിൽ ഉള്ളത്. അങ്കിൾ തിരിച്ച് നമ്മളെ കാറിൽ കൊണ്ടു വിടും എന്ന് ന്യായമായും പ്രതീക്ഷിക്കാം.

'നമ്മുടെ ഇവിടത്തെ കുടുക്ക പൊട്ടിച്ചാൽ കിട്ടുന്ന രൂപ വേണ്ട  ഒരു ഓട്ടോറിക്ഷ വിളിക്കാൻ. നമുക്ക് ഷാജി ചേട്ടൻ്റെ ഓട്ടോ വിളിച്ചാലോ?. നമ്പറ് അമ്മമ്മേടെ മൊബൈലിലുണ്ട് '.

നേഹ പറഞ്ഞു. പക്ഷെ, അമ്മമ്മയോടൊ മറ്റോ ഷാജി ചേട്ടൻ ഇത് എന്നെങ്കിലും പറഞ്ഞാൽ പണി പാളുമെന്നും, ഇക്കാര്യത്തിൽ നമ്മുടെ താൽപ്പര്യം എന്തായിരുന്നുവെന്ന് അമ്മയുമായി, അമ്മമ്മ ചർച്ച ചെയ്യുമെന്നും ഞാൻ തന്നെ പറഞ്ഞതോടെ, ഈ രാത്രി തന്നെ  ഇരുമലപ്പടിക്ക് നടന്നു പോകുവാൻ അവസാനമായി തീരുമാനിച്ചു.

സുമ ആൻ്റിയുടെ രാവിലത്തെ സംസാരം അമ്മമ്മയെ സാരമായും, അമ്മയെ കുറച്ചൊക്കെയും ആശങ്കാകുലരാക്കിയെന്ന് അവരുടെ മുഖഭാവങ്ങളാലും, സന്ധ്യ കഴിഞ്ഞിട്ടും വീട്ടിനുള്ളിൽ തുടർന്ന നിശബ്ദതയാലും വ്യക്തമായിരുന്നു.

യാത്രക്കുള്ള സമയമാകുവാൻ വേണ്ടി ഞങ്ങൾ മൂവരും കാത്തിരുന്നു. 'ഓപ്പറേഷൻ ഡാർക്ക്' എന്ന് യാത്രക്ക് ഞാൻ പേര് കൊടുത്തത് നേഹക്കും, അപ്പുവിനും നന്നെ ബോധിച്ചു.

അദ്ധ്യായം  11

ഓപ്പറേഷൻ ഡാർക്ക്

പ്രാർത്ഥനയും ഭക്ഷണവും കഴിഞ്ഞ് എല്ലാവരും കിടന്നു. ചാച്ചൻ കിടന്നിട്ടില്ലെന്ന് തോന്നുന്നു. ഞങ്ങൾക്ക് പോകാനുള്ളതല്ലെ. മൂന്നു പേർക്കും ഉറക്കം വന്നില്ല.

11 മണിയായപ്പോൾ ഞങ്ങൾ എഴുന്നേറ്റു. അമ്മമ്മയുടെ തലയിണയുടെ അടിയിലിരുന്ന താക്കോൽ കൂട്ടമെടുത്തു. തുടർന്ന് ഫ്രണ്ട് ഡോർ പൂട്ടി.

തെക്കേമുററത്ത് എത്തിയപാടെ കോഴിക്കൂട് തുറന്ന് പൂവൻകോഴിയെ അപ്പു ചേട്ടൻ  കൈക്കലാക്കി.

കോഴിക്കൂട് അടയ്ക്കും വരെ ചെറിയ കൊക്കലും, കൂവലുമൊക്കെ കുട്ടിലും പുറത്തും നിന്നുണ്ടായി.

ഞാൻ പട്ടികൂട് തുറന്ന്  ജാക്കിയെ പുറത്തിറക്കി. ജാക്കി ആദ്യം തന്നെ പൂവൻകോഴിയെ പിടിക്കുവാനായി അപ്പു ചേട്ടൻ്റെ  നെഞ്ചിലേക്ക് ചാടിയെങ്കിലും, മാറിൽ ഒതുക്കി പിടിച്ചിരുന്നതിനാലും, അപ്പു പെട്ടെന്ന് പുറം തിരിഞ്ഞതിനാലും എത്താനായില്ല. അപ്പു പറഞ്ഞു.

‘ ഒടസൈ പോടാമൽ വാ’.

തമിഴിൽ എന്താണ് പറഞ്ഞതെന്ന് എനിക്കും നേഹക്കും മനസിലായില്ല. അപ്പുവിനോട് ചോദിച്ചതുമില്ല.

ഞങ്ങൾ മെല്ലെ ഗേറ്റ് ചാരി, ടാറിട്ട ചെറുറോഡിലൂടെ നടന്നു. വഴി കാണിച്ച്, വെട്ടം തെളിച്ച്, ചൂരൽ വടിയുമായി നേഹ മുന്നിലുണ്ടായിരുന്നു.

ബൈപാസ് കഴിഞ്ഞ് തങ്കളം  ജംഗ്ഷനിലെത്തിയപ്പോൾ പെരുമ്പാവൂർ റോഡിൽ രാത്രി പ്രവർത്തിക്കുന്ന രണ്ട് കുഴിമന്തി ഹോട്ടലുകളും, ആൾക്കൂട്ടവും ഉണ്ടായിരുന്നത് പ്രശ്നമായില്ല. ഞങ്ങൾക്ക് പോകേണ്ടത് ഇരുമലപ്പടി ഭാഗത്തേക്കാണല്ലൊ.

എച്ചിത്തൊണ്ടു വഴിയാണെങ്കിൽ മെയിൻ റോഡ് അല്ലാത്തതിനാൽ വാഹനങ്ങൾ, കടകൾ, ആളുകൾ ഒക്കെ കുറവായിരിക്കുമെന്നതിനാൽ ഞാൻ തെരഞ്ഞെടുത്തത് ആ വഴി ആയിരുന്നു.

അമ്മയുടെ കൂടെ കാക്കനാട് നിന്ന് പലപ്പോഴും കോതമംഗലത്തിനു വരുന്നത് എച്ചിത്തൊണ്ടു വഴി ആയതിനാൽ റോഡും ഏകദേശം നിശ്ചയമുണ്ട്. നെല്ലിക്കുഴി എത്തിയാൽ പിന്നെ ഒരു കിലോമീറ്ററോളം മെയിൻ റോഡെതന്നെ പോകേണ്ടതുണ്ട്.

തങ്കളം ടെലഫോൺ എക്സ്ചേഞ്ച് ജംഗ്ഷനിൽ നിന്ന് നടന്ന് ഞങ്ങൾ തൃക്കാരിയൂർ റോഡിലേക്കും, അവിടെ നിന്ന് 100 മീറ്റർ പിന്നിട്ട് എച്ചിത്തൊണ്ട് റോഡിലേക്കും കടന്നു.

അൽപ്പം കൂടി നടന്നപ്പോൾ ജാക്കി നന്നായൊന്ന് കുരച്ചു. എന്നിൽ നിന്നും കതറി ഓടിയ അവൻ ഇടത്തരമൊരു പാമ്പിൻ്റെ വാലിൽ പിടിച്ചു വലിക്കുന്നതാണ്  നേഹയുടെ കൈയ്യിൽ നിന്നു തെളിഞ്ഞ ടോർച്ച് വെളിച്ചത്തിൽ ഞങ്ങൾ കണ്ടത്.

ജാക്കിയുടെ പ്രകടനം അഞ്ചു മിനിറ്റുകൊണ്ട് അവസാനിച്ചു. അതൊരു  വളവളപ്പൻ പാമ്പായിരുന്നു. നേഹ ജാക്കിക്ക് ഷെയിക്ക് ഹാൻഡ് കൊടുക്കുവാൻ തുടങ്ങിയെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു.

ഞങ്ങൾ പിന്നെയും നടന്നു തുടങ്ങി. ഡെൻ്റൽ കോളേജ്  കഴിഞ്ഞ്, ഗ്രീൻവാലി സ്ക്കൂളിന് അടുത്ത് എത്തിയപ്പോൾ ഞങ്ങളുടെ മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

ഞങ്ങൾ മൂവരും സത്യത്തിൽ പകച്ചു പോയി. മൂന്ന് കുട്ടികൾ, പട്ടി, കോഴി, ടോർച്ച്, വടി !

'എന്താ പരിപാടി. ഈ പാതിരായ്ക്ക് പട്ടിയും, കോഴിയുമായി എങ്ങോട്ട'.

എസ്. ഐ. ആയിരിക്കണം. രണ്ട് പോലീസുകാരുമുണ്ട്. ഉള്ളിൽ ഭയമുണ്ടെങ്കിലും ഞങ്ങൾ പുറമേക്ക് കാണിച്ചില്ല.

ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. അത്ര ദഹിച്ചില്ലെങ്കിലും, മടങ്ങി പൊയ്ക്കൊള്ളുവാൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് അയഞ്ഞു.

കുട്ടികളായതുകൊണ്ടും, ദൃശ്യമാധ്യമങ്ങളുടെ കാലമായതുകൊണ്ടുമാകാം, ചീത്ത പറച്ചിലൊക്കെ പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല.

ഞങ്ങളുടെ ലക്ഷ്യസ്ഥാനവും, ആവശ്യവും, വിലാസവും ഒക്കെ ഞങ്ങളെക്കൊണ്ട് ഒരിക്കൽ കൂടി പറയിപ്പിച്ചു. നുണയാണോന്ന് അറിയാനാകണം അങ്ങനെ ചെയ്തത്.

'പാതിരാത്രി ഒരു കോഴിയെ കൊടുക്കാമ്പോക്ക്. നിങ്ങടെ വീട്ടിലെ മുതിർന്നോരൊക്കെ എന്തെടുക്കുവ. മൊബൈലും എടുക്കാതെ എറങ്ങിയേക്കണു. ങ്ങ കയറ്. ഞങ്ങള് കൊണ്ട് വിടാം'.

അങ്ങനെ പോലീസ് ജീപ്പിൻ്റെ പിന്നിൽ ജാക്കിയും, പൂവൻകോഴിയുമായി ഞങ്ങൾ യാത്ര തുടർന്നു. ഇരുമലപ്പടി ജംങ്ഷൻ  എത്തിയപ്പോൾ ഞാൻ പറഞ്ഞു.

'സാറേ, ഈസ്റേറൺ കമ്പനി കഴിഞ്ഞിട്ട '.

കമ്പനി പിന്നിട്ടപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.

' സാറേ, പെട്രോൾ പമ്പു കഴിഞ്ഞുള്ള ഇടതു വശത്തെ ആദ്യ വീട'.

വണ്ടി നിറുത്തിയപ്പോൾ എസ്.ഐ., ബേസിൽ അങ്കിളിനെ  വിളിച്ചു കൊണ്ടുവരുവാൻ പറഞ്ഞു. ഞാൻ കോളിങ്ങ് ബെല്ലടിച്ച് അങ്കിളിനെ വിളിച്ചിറക്കി കാര്യം പറഞ്ഞു.

അങ്കിൾ ജീപ്പിനടുത്തേക്ക് ചെന്നു. എസ്.ഐ.യുടെ വായിൽ നിന്ന് എന്തൊക്കെയോ കിട്ടിയെന്ന് തോന്നുന്നു.

'ഇനി ഇങ്ങനെ ഉണ്ടാവില്ല സാർ.ഇനി ഉണ്ടാവില്ല'.

അങ്കിൾ അങ്ങനെ ആവർത്തിച്ചു പറയുന്നത് ഞങ്ങൾകേട്ടു. ജീപ്പ് വട്ടം തിരിച്ച് പോകുന്ന പോക്കിൽ കൈകൾ ഉയർത്തി ഞങ്ങൾ പോലീസ് മാമൻമാർക്ക് റ്റാറ്റ കൊടുത്തു.

ഇത് അമ്മമ്മേടെ അനിയത്തീടെ വീടാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞൂല്ലൊ. ജാക്കിയെ  മുറ്റത്തിൻ്റെ പുറം അരികിൽ നിന്നിരുന്ന ഒരു പേരമരത്തിൽ കെട്ടി. കോഴി അപ്പുവിൻ്റെ ഒക്കത്തു തന്നെയുണ്ട്.

അപ്പുവിനെ  ഞങ്ങൾ പരിചയപ്പെടുത്തി. കഥകൾ കേട്ടപ്പോൾ അപ്പുവിനെ രക്ഷപെടുത്തിയത് ഒരു ധീരമായ നടപടിയാണെന്നും, കൊച്ചു കുട്ടികളാണെങ്കിലും ഞാനും നേഹയും ചെയ്തത് വലിയ കാര്യമാണെന്നും സൂസി അമ്മമ്മയും, ബേസിൽ അങ്കിളും പറഞ്ഞു. ജോയി കൊച്ചപ്പൻ ഉറങ്ങിയിരുന്നു.

'രാത്രീല് നിങ്ങള് മൂന്നു കിലോമീറ്ററ് നടന്നു വന്നത് ഒട്ടും ശരിയായില്ല'.

സൂസി അമ്മമ്മയാണ് അങ്ങനെ പറഞ്ഞത്. പക്ഷെ, കോതമംഗലത്ത് ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിഞ്ഞാൽ ശരിയാവില്ലെന്നും, ഇവിടെ മൊബൈലിൽ വിളിച്ചു പറയുവാൻ സാഹചര്യം ഒത്തുവന്നില്ലെന്നും ഞങ്ങൾ പറഞ്ഞു.

ഇവിടെ വിളിച്ചു പറഞ്ഞാലും എല്ലാ കാര്യങ്ങളും മനസിലാക്കാതെ അങ്ങോട്ടെങ്ങാൻ തിരിച്ചു വിളിച്ചാലും പ്രശ്നമാകുമല്ലോ എന്ന് കരുതിയെന്നും പറഞ്ഞു മനസിലാക്കി.

പൂവൻകോഴി സുരക്ഷിതമായി ഇരുന്നില്ലെങ്കിൽ കോതമംഗലത്തെ കുടുംബത്തിന് ബുദ്ധിമുട്ടുകളും, നാശങ്ങളും ഉണ്ടാകുമെന്ന നിലപാട് സൂസി അമ്മമ്മ സ്വീകരിച്ചു.

ബേസിൽ അങ്കിളും ഞങ്ങൾ പറഞ്ഞത് ശരിവച്ചു  എങ്കിലും, അതൊക്കെ മനുഷ്യനെ പേടിപ്പിക്കാനുള്ള അന്ധവിശ്വാസങ്ങളാണെന്നു കൂടി പറഞ്ഞു.

അപ്പു മന്ത്രവാദം ചെയ്താണ് കറുമ്പിയെ പൂവൻകോഴിയാക്കിയതെന്ന സംഗതി മാത്രം  ഇരുമലപ്പടിയിലും ഞങ്ങൾ മറച്ചുവെച്ചു.

സൂസി അമ്മമ്മ കട്ടൻ ചായയും, കാരറ്റ് കേക്കും കൊണ്ടുവന്നു വെച്ചു. ഞങ്ങൾ ചായയും കേക്കും കഴിച്ചപ്പോഴേക്കും ബേസിൽ അങ്കിൾ ഡ്രസ് മാറി വന്നു.

ജാക്കിക്ക് ഞാൻ ഒരു പീസ് കേക്ക് കൊടുത്തത് അവൻ കമ്മിയെടുത്ത് കഴിച്ചു.

കാറിൽ ഞങ്ങളെ ഗേററിനു മുന്നിൽ ഇറക്കിവിട്ട് അങ്കിൾ തിരിച്ചു പോയി. ജാക്കിയെ കൂട്ടിലാക്കിയ ശേഷം കോഴിക്കൂടിൻ്റെ അടപ്പ് അപ്പു  പകുതി തുറന്നു വച്ചു.

കോഴിക്കൂട് അടക്കുവാൻ മറന്നതിനാൽ പൂവൻകോഴി ചാടിപ്പോയീന്ന് വീട്ടുകാരെ ചിന്തിപ്പിക്കുവാനുള്ള തന്ത്രമാണ് അപ്പു ചെയ്തത്.

'ഏതെങ്കിലും പട്ടിയോ മറ്റോ വന്നാലോ?'.

ഞാൻ സംശയം പറഞ്ഞു.

'സുന്ദരിയോ, മദാമ്മയോ പുറത്തു ചാടിയാലോ'.

നേഹ.

'ഒന്നും സംഭവിക്കൂല്ല'.

അപ്പു ധൈര്യം തന്നു. വാതിൽ തുറന്ന് ഞങ്ങൾ മുറിയിലെത്തി. താക്കോൽ കൂട്ടവും, ടോർച്ചും അമ്മാമ്മയുടെ കട്ടിലിൽ യഥാസ്ഥാനത്ത് വച്ചു. കാലനക്കം കേട്ടാകണം അമ്മ ഉറക്കത്തിനിടയിൽ ചോദിച്ചു.

'മക്കളേ, നിങ്ങള് കെടന്നില്ലേ?'.


അദ്ധ്യായം 12

ഇരട്ടി മധുരം


'നിങ്ങൾക്കാർക്കും നേരം വെളുത്തില്ലെ മക്കളെ. സമയം എട്ട് കഴിഞ്ഞു. '

അമ്മമ്മയാണ്.

' അപ്പു, ആരാ ഈ വന്നേക്കണേന്ന്  കണ്ടോ?' എല്ലാവരും എണീറ്റെ. '

അമ്മയും വന്നു.

'നിങ്ങള് വെക്കം പല്ലുതേച്ച് ടോയ്ലറ്റിൽ പോയി വാ. ചായ കുടിക്ക്'.

ജോലിക്കു വന്ന ലിസി ചേച്ചിയെ അപ്പുവിന് പരിചയപ്പെടുത്തുവാനാണ് അമ്മമ്മ വന്ന് വിളിച്ചതെന്ന് തോന്നുന്നു. ഞങ്ങള് ഡൈനിങ്ങ് ഹാളിലേക്ക് ചെന്നപ്പോഴുണ്ട്, അവിടെ അപ്പുവിൻ്റെ അമ്മ ശെൽവി ഇരുന്ന് ചായയും, പലഹാരവും കഴിക്കുകയാണ്. മകനെ കണ്ടപാടെ ശെൽവി അമ്മ പറഞ്ഞു.

‘തേനീർ അരുന്തലാം’.

ആ മകൻ ഓടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു. അമ്മ അപ്പുവിനെ കുറെ നേരം കെട്ടിപ്പിടിച്ചു.

ചായകുടി കഴിഞ്ഞ് കൈകഴുകി വന്ന ശെൽവി അമ്മ അപ്പുവുമായി ഡ്രോയിങ്ങ് റൂമിലിരുന്ന് ഏഴു മാസക്കാലത്തെ വിശേഷങ്ങൾ എല്ലാം  പറഞ്ഞു. ശെൽവി ഉപദേശിച്ചു.

‘ നിരാസൈയൈ വിട്ടു എഴുന്തിരു.’

അപ്പുവിൻ്റെ അമ്മ എന്നെയും,  നേഹയെയും അടുത്തേക്കു വിളിച്ചു. ഞങ്ങളെ രണ്ടു പേരെയും ഇരു കൈകൾ കൊണ്ട് ഇരുന്ന ഇരുപ്പിൽ കെട്ടിപ്പിടിച്ചു.

'മക്കളേ, നാന്‍ എന്ത് ശൊല്ലി എന്‍ മകിഴ്ച്ചി അറിയിക്കും  ഇരുവർ ചേർന്താൽ തുണിവു ആകും.’

അപ്പുവിനോട് പറഞ്ഞ് ശെൽവി അമ്മ ടീപ്പോയിയിലെ ഹാൻഡ് ബാഗ് എടുപ്പിച്ചു. അതിൽ നിന്നും ഒരു പാക്കറ്റ് മിഠായി എടുത്ത് ഞങ്ങൾ മൂന്ന് പേരുടെയും കൈകളിലേക്ക് വച്ചു തന്നു.

'ഇന്ന് അപ്പൂൻ്റെ പിറന്നാളാട്ടൊ. അതിൻ്റെ മധുരാ. ഉള്ളം മകിഴ്ന്തതു.’

പിറന്നാൾ ദിവസം അപ്പു പോലും ഓർത്തിരുന്നില്ല.

രാവിലെ ഏഴു മണിക്ക് മൂന്നാറിൽ നിന്നും പോരുന്ന തിരുവനന്തപുരം ട്രാൻസ്പോർട്ട് ബസിൽ പോരുവാനാണ് ഉദ്ദേശിച്ചിരുന്നത്. ശെൽവി അമ്മ അയൽപക്കത്തെ അക്കയുടെ ഒരു പഴയ കുഞ്ഞൻ മൊബൈലും കടം വാങ്ങിയത്രെ.

അഞ്ചു മണി കഴിഞ്ഞ് മറ്റൊരു  കെ.എസ്.ആർ.ടി.സി. ഉണ്ടെന്ന് ഇന്നലെ വൈകിട്ട് ഓട്ടോറിക്ഷ ഓടിക്കുന്ന അഭിമന്യു പറഞ്ഞപ്പോൾ യാത്ര നേരത്തെ ആക്കുക ആയിരുന്നു.

അയൽപക്കക്കാരൻ കൂടിയായ അഭിമന്യു ആണ് അപ്പുവിൻ്റെ അമ്മയെ ഓട്ടോയിൽ മൂന്നാർ സ്റ്റാൻഡിൽ എത്തിച്ചത്. ഏഴരക്ക്  കോതമംഗലം ബസ് സ്റ്റാൻഡിൽ എറണാകുളത്തിനുള്ള ആ ബസ് എത്തി.

ചാച്ചൻ്റെ ഫോണിലേക്ക് ശെൽവി വിളിച്ചപ്പോൾ കാറുമായി ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അപ്പു എല്ലാവർക്കും മിഠായി കൊടുത്തു.

ലിസി ചേച്ചി അപ്പോഴാണ് വന്നത്. ചേച്ചിയ്ക്കും അപ്പു മിഠായി കൊടുത്തു. ഇതാരൊക്കെയാണെന്ന് ലിസി ചേച്ചി ചോദിച്ചപ്പോൾ  പണിത്തിരക്ക് കുറഞ്ഞിട്ട് കാര്യമായി പരിചയപ്പെടുത്താമെന്നും, അപ്പു ഒരു  സംഭവമാണെന്നും അമ്മമ്മ പറഞ്ഞു.

'ചേച്ചീ, ദേ കോഴിക്കൂട് തൊറന്നു കിടക്കുവാണല്ലൊ. നമ്മുടെ കറുമ്പി പിടയെ കാണണില്ല '

ലിസി ചേച്ചിയുടെ കാറൽ കേട്ട് അമ്മമ്മയും, അമ്മയും മുറ്റത്തേക്ക് ഓടി ചെന്നു.

'നിങ്ങള് രണ്ടും, എല്ലാടൊം ഒന്ന് തെരഞ്ഞെ.'

ലിസി ചേച്ചിയോടും, അമ്മയോടും ആണ് അമ്മമ്മ പറഞ്ഞതെങ്കിലും ഒച്ച കേട്ടെത്തിയ ഞങ്ങളും അവരോടൊപ്പം പൂവൻകോഴിയായി മാറിയ കറുമ്പിയെ തെരയുവാൻ തുടങ്ങി.

'മക്കളേ, നിങ്ങളിന്നലെ കൂട് അടച്ചില്ലെ'.  അമ്മമ്മ.

'അടച്ചൂന്ന തോന്നണെ'.

ഞാൻ പറഞ്ഞൊപ്പിച്ചു . തെരച്ചിൽ അവസാനിച്ചപ്പോൾ അമ്മ, ലിസി ചേച്ചിയോട് കറുമ്പി പൂവൻകോഴിയായതും, സുമ ആൻ്റി പറഞ്ഞ വിശ്വാസ കാര്യങ്ങളും എല്ലാം പറഞ്ഞു.

അപ്പോൾ ലിസി ചേച്ചി പറഞ്ഞു.

'ഇത്തരം കെട്ടുകഥകളൊന്നും കേട്ട് നിങ്ങളാരും പേടിക്കണ്ട'.

എന്നിട്ട് ചേച്ചി ഒരു സംഭവം പറഞ്ഞു.  മുൻപ് ജോലിക്ക് പോയിക്കൊണ്ടിരുന്ന വാഴാട്ട് ജോൺ സാറിൻ്റെ വീട്ടിൽ ഇങ്ങനെ ഒരു പിടക്കോഴി പൂവൻകോഴിയായി മാറി കൂവി തുടങ്ങിയ കഥ.

സാറും, ഭാര്യയും പറഞ്ഞിട്ട് ചേച്ചി അതിനെ കൊന്ന് കറി വെച്ചു കൊടുത്തു. ചേച്ചി ഉൾപ്പെടെ എല്ലാവരും കഴിച്ചു. ഇറച്ചിയോളം തന്നെ നെയ്യും ഉണ്ടായിരുന്നുവത്രെ.

നല്ല രുചിയായിരുന്നു കറി വച്ചതിനെന്നും, പിന്നീട് കപ്പബിരിയാണിയും ആ ഇറച്ചി ഇട്ട് വച്ചുവെന്നും ചേച്ചി ഓർമയിൽ നിന്ന് പറഞ്ഞു.  

'ഇപ്പ ആ സാറിൻ്റെ വീട്ടില് ഇട്ടു മൂടാനൊള്ള സാമ്പത്തികോണ്ട്. അവർക്കൊന്നും ഒരു നാശോം സംഭവിച്ചിട്ടില്ല. അതു കൊണ്ട് സുമ കൊച്ചമ്മ പറഞ്ഞതൊന്നും കേട്ട് നിങ്ങളാരും പേടിക്കേണ്ട'.

അതോടെ അമ്മമ്മക്കും, അമ്മക്കും സമാധാനമായെന്ന് തോന്നിച്ചു . ഞങ്ങളാണെങ്കിൽ പൂവൻകോഴിയുടെ ജീവിതം മുന്നോട്ട് നീട്ടിയതിലെ സന്തോഷത്തിൽ ആയിരുന്നു.

അപ്പുവിൻ്റെ ബേർത്ത് ഡേ ആണെന്ന് മിഠായി കിട്ടി അറിഞ്ഞ്, കുറെ കഴിഞ്ഞപ്പോൾ ചാച്ചൻ പുറത്തേക്ക് പോയിരുന്നു. വലിയൊരു പാക്കറ്റുമായിട്ടാണ് ചാച്ചൻ തിരിച്ചു വന്നത്.

മുരുകൻ എന്ന് പേരെഴുതിയ വലിയ കേക്കും,  '9' എന്നെഴുതിയ ക്യാൻഡിലും പിന്നെ എന്തൊക്കെയോ  കൂട്ടിൽ ഉണ്ട്.

ഡൈനിങ്ങ് ടേബിളിൽ കേക്കും, കാൻഡിലും എല്ലാം നിരന്നു.  കുറെ സോസർ സൈസ് ഡിസ്പോസിബിൾ  പാത്രങ്ങൾ കേക്ക് പീസുകൾക്കായി കാത്തിരുന്നു.

എല്ലാവരും മേശക്ക് ചുറ്റും കൂടി. അപ്പുവിനോട്‌ പറഞ്ഞപ്പോൾ ക്യാൻഡിൽ ഊതി. കേക്ക് മുറിക്കുവാൻ കത്തി കൊടുത്തപ്പോൾ എന്നെയും,  നേഹ യേയും കൂടി അപ്പു വിളിച്ചു. മൊബൈലുകൾ ചിത്രങ്ങളും വീഡിയോകളും പകർത്തിക്കൊണ്ടിരുന്നു.

ഞങ്ങൾ മൂന്നു പേരും കൂടി കേക്ക് മുറിച്ചു മധുരം പരസ്പരം പങ്കിട്ടു. പിന്നീട് അപ്പു , അപ്പുവിൻ്റെ  അമ്മക്ക് കേക്ക് പീസ് കൊടുത്തു. ശബ്ദത്തോടെ വർണക്കടലാസു പൊടികൾ അന്തരീക്ഷത്തിൽ നിന്നും താഴേക്ക് ആകെ ചിതറി വീണു.

പിറ്റേന്ന് പോകാമെന്ന അമ്മമ്മയുടെയും, ഞങ്ങൾ രണ്ടു പേരുടെയും അഭ്യർത്ഥന അപ്പുവിൻ്റെ അമ്മ ചെവിക്കൊണ്ടു. ഞങ്ങളും  കാക്കനാട് യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റിയതായി ഇതിനിടെ അനുഅമ്മ പറഞ്ഞിരുന്നു.

'അപ്പു കോതമംഗലത്ത് നിന്നുകൊള്ളട്ടെ. ഞാനവനെ സ്കൂളിലും വിട്ടോളാം'.

അമ്മമ്മയുടെ തീരുമാനത്തെ അപ്പുവിൻ്റെ  അമ്മ ശെൽവി സ്വീകരിച്ചു. എല്ലാവർക്കും സന്തോഷമായി.

അപ്പുവിൻ്റെ വിഷയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ മന്ത്രവാദി അങ്കിൾ ഉണ്ടാക്കിയാൽ പോലീസ് സ്‌റ്റേഷൻ വഴി, ആവശ്യമെങ്കിൽ ചൈൽഡ് ഹെൽപ് ലൈൻ ഉൾപ്പെടെ മറ്റുവഴികൾ തേടാമെന്നും അപ്പുവിൻ്റെ അമ്മയുമായി, ചാച്ചനും അമ്മയും ധാരണയായി.

ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും അപ്പുവിൻ്റെ അമ്മ പറഞ്ഞു. ശെൽവി അമ്മ കരഞ്ഞുകൊണ്ട് ആ മന്ത്രവാദി അങ്കിളിനെക്കുറിച്ച് പറഞ്ഞു.

‘ ഏമാറ്റുതൽ പാപമല്ലവാ? പൊറുമൈക്കും എല്ലൈ ഉണ്ട്’.

അങ്ങനെ കഴിഞ്ഞ മൂന്ന് ദിവസമായി കൂറ്റൻ തിരമാലകൾ ഉയർന്നുപൊങ്ങി അശാന്തമായി നിന്നിരുന്ന എൻ്റെയും  നേഹയുടെയും മനസ് ശാന്തിയിലേക്ക്,  സമാധാനത്തിലേക്ക് മടങ്ങി. അപ്പുവും, അവൻ്റെ അമ്മയും ആകട്ടെ ഏറെ സന്തോഷത്തിലായിരുന്നു.

മറ്റൊന്നു പറഞ്ഞോട്ടെ. ഇന്ന് രാത്രി സെക്കൻ്റ് ഷോ സിനിമക്ക് പോകാമെന്ന എൻ്റെ താൽപ്പര്യം ചാച്ചൻ അംഗീകരിച്ചു. ‘ആടുജീവിതം’ കാണുവാൻ ജവഹറിൽ ഓൺലൈൻ ടിക്കറ്റുകളും എല്ലാവർക്കുമായി ബുക്ക് ചെയ്ത് കഴിഞ്ഞൂട്ടൊ.

ഞാനും, നേഹയും, അപ്പുവും ഇരട്ടി മധുരത്തോടെ, ഏറെ സന്തോഷത്തോടെ വീണ്ടും കളികളിൽ ഏർപ്പെടുവാൻ  തുടങ്ങി.

അതിനിടെയാണ് മുൻ വശത്തെ ഗേറ്റ് തുറന്നിട്ടിരിക്കുന്നത് ഞങ്ങൾ മൂവരും കണ്ടത്. ഗേററ് അടക്കും മുൻപ് ഞങ്ങൾ വീടിൻ്റെ മുന്നിലെ റോഡരികിലെ തോട്ടുവക്കത്തേക്ക് നടന്നു.

'അതേ, അടുത്ത പരിപാടി ഒപ്പിക്കാനാണോ . ഗേറ്റ് അടച്ചിട്ട് വീട്ടിലോട്ട് കയറിക്കേ'.

അമ്മമ്മയാണ്. തോട്ടിൽ തുള്ളിച്ചാടുന്ന പരൽ മീനുകളെ വീണ്ടും കാണുന്നത് വൈകിട്ടത്തേക്ക് മാറ്റി വച്ച്, ഞങ്ങൾ മൂവരും അനുസരണയുള്ള കുട്ടികളായി മാറി.

read more: https://emalayalee.com/writer/294

Join WhatsApp News
Neethu 2024-06-18 16:34:26
Good
AK kunjumuhammed 2024-06-19 05:52:13
very Good.....
ജെസിൽ തോട്ടത്തിക്കുളം 2024-06-20 23:12:57
നല്ല വായനാനുഭവം
Ajay Kumar 2024-06-21 07:37:02
Superb...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക