Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച, 64-ൽ 36-45) -രാജു തോമസ്

Published on 18 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച, 64-ൽ 36-45) -രാജു തോമസ്

അവനും വധമൊത്ത ശിക്ഷയാ-
ണിവനേ ഒടുവിൽ കൊടുത്തതോർപ്പൂ--
രഘുവംശത്തിനു ചേരുകില്ലാ
ലംഘിക്കാൻ ഉരുവിട്ടൊരു സത്യവും. *5

ഒരു പക്ഷമനീതി കണ്ടീടാം,
ഗുരു പക്വം വിധി തീത്തിടുമ്പൊഴും;
അഥവാ, അപരാധി രാമനേ--
അഭിധാനാർത്ഥവുമെന്തുതാനഹോ! *6

ശരി, ഞാനപരാധി,യെങ്കിലും
ദുരിതം പേറിയതാര്യമാത്രമോ!
ശരിയാക്കണമീയനീതിയും--
നരനായ് ഞാനിഹ മോഹമാർന്നതോ!

പരിതപ്ത പരിത്യജയ്‌ക്കഹോ
അരണ്യത്തിൽ ഘനഗർഭയാതന--
ശരണം ഭുവനത്തിലില്ലതാൽ
മരണംവരെയാകട്ടെ സഹനം.

ജനനിന്ദയതും മമാംശവും
മുനിപുത്രീശ്രമവും വഹിച്ചവൾ
വിധിപോലെ മമാനുസാരിയായ്
അതിശ്രദ്ധം വലുതാക്കി പുത്രരെ.

വിവരങ്ങളറിഞ്ഞു ഗൂഢമായ്, *7
പഴുതില്ലാതെയുഴറി പിന്നെയും,
ഇഴയും ദിവസങ്ങളെണ്ണിനേൻ
വരിഷങ്ങൾ, ശുഭവാക്യമോതിടാൻ.

സുതരോപരി, സീത വരുവാൻ
മതിയാം കാരണമശ്വമേധമാം;
അതിലെത്ര ഫലം കൊതിച്ചു ഞാൻ!
ഉപചാരം കുടമിട്ടുടച്ചപോൽ!

‘വരികെന്റെ പ്രിയേ, പൊറുക്കുകിൽ,
അരികിൽ സ്ഥാനമലങ്കരികേ.’
വരവേറ്റിതു ചൊല്ലു, മുന്നി ഞാൻ
മഹിളാമൗലിയെ സ്വീകരിക്കുവാൻ.

ഉരചെയ്‌തതു ഹന്ത! അന്യഥാ:
‘വരികഗ്നിക്കിരയായിടാതെയേ;
പരിശങ്കയെഴും ജനത്തിനായ്
കരിയാതഗ്നിയിലൂടെയേറിവാ.’

നിമിഷേനയെനിക്കു നഷ്‌ടമായ്
നിറയെച്ചേർത്തൊരു പുണ്യമത്രയും;
നയമിറ്റു കുറഞ്ഞതാലെയെൻ
നിയമം നീതിയിയന്നതില്ലതാൽ.
(തുടരും)


ചെറുതെങ്കിലും ഭദ്രം എന്നു കവിക്കു ബോധിച്ചൊരു ഖണ്ഡകാവ്യമാണ്‌ ഇവിടെ വിടരുന്നത്. മുൻപോയതു വായിക്കാൻ: ഈമലയാളി തുറക്കുമ്പോൾ മുകളിൽ ഇടത്ത് മൂന്നു വരകൾ കാണുന്നിടത്തുനിന്ന് --
--
--
--  'എഴുത്തുകാരി’ലെത്തുക. Emalayalee Archives. അരേ വാ!
*5 സീതാദേവിയുടെ അന്തർദ്ധാനത്തെപ്പോലെതന്നെ ഗംഭീരമായൊരു കാവ്യമുഹൂർത്തമാണ്‌ രാമൻ ലക്ഷ്മണനെ നാടുകടത്തുന്നത്--താൻ രാമനോടു സംവദിക്കുമ്പോൾ ആരെയും കടത്തിവിടരുതെന്ന യമദേവന്റെ നിർദ്ദേശം ലംഘിക്കേണ്ടിവന്നു ലക്ഷ്മണന്‌, പൊടുന്നനെ വന്ന ക്ഷിപ്രകോപിയായ ദുർവ്വാസാവ് ഇന്റെ ശാപം ഭയന്ന്. ശേഷം കഥ: രാമന്‌ അനുജനെ ശിക്ഷിക്കേണ്ടിവന്നു--വധിച്ചില്ല, പക്ഷേ നാടുകടത്തി. (ഉത്തരകാണ്ഡം, ലക്ഷ്മണപരിത്യാഗം: “...ത്യാഗവും വധവുമൊക്കും നിരൂപിച്ചാൽ...”) പിന്നെ വേഗമാണ്‌ ശ്രീരാമൻ തന്റെതന്നെ കഥ തീർക്കുന്നത്.
*6 ‘സർവ്വേ രമ്യതി ഇതി രാമഃ’ പോലെ അനേകം
*7 രാമഭക്തനും ജനകമിത്രനുമായിരുന്ന വാല്മീകിമഹർഷീയുടെ ആശ്രമത്തിൽ സീത സുരക്ഷിതയായിരുന്നു. ലവണാസുരനെ നിഗ്രഹിക്കാനായി ശത്രുഘ്‌നൻ മധുരയിലേക്കു പോകുമ്പോൾ ഒരുരാത്രി വാല്മിക്യാശ്രമത്തിൽ പാർക്കുകയുണ്ടായി. അപ്പൊഴായിരുന്നു ലവകുശന്മാരുടെ ജനനം നടന്നത്. പത്രണ്ടു വർഷം കഴിഞ്ഞ് അയോധ്യയിലേക്കു മടങ്ങുമ്പൊഴും ശത്രുഘ്നനൻ അവിടെ തങ്ങി. ആ രാത്രി, കുമാരന്മാർ രാമായണകാവ്യം ചൊല്ലുന്നത് താൻ കേട്ടു. എങ്കിൽ, രാമൻ അതൊക്കെ ശത്രുഘ്നനിൽനിന്നെങ്കിലും കേട്ടിരിക്കില്ലേ?

Read" https://emalayalee.com/writer/290

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക