പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നതെന്നു എൻപിആർ/പിബിഎസ് ന്യൂസ്/മാറിസ്റ് പോൾ നടത്തിയ ഏറ്റവും പുതിയ സർവേയിൽ കണ്ടെത്തി. ചൊവാഴ്ച പുറത്തു വിട്ട സർവേയിൽ ഇരുവർക്കും 49% വീതം പിന്തുണയാണ് കാണുന്നത്.
റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ബൈഡനു 43% കിട്ടുമ്പോൾ ട്രംപിനു 42% ആണ്. സ്വതന്ത്ര വോട്ടർമാരിലും ബൈഡനു 50--48 ലീഡുണ്ട്. തിരഞ്ഞെടുപ്പിൽ നിർണായക വിഭാഗമാണിത്.
മേയിൽ നടന്ന പോളിങ്ങിൽ നിന്ന് ട്രംപിന് 1% മെച്ചം ഉണ്ടായിട്ടുണ്ട്. ബൈഡനു അത്രയും ഇടിവും വന്നു.
മറ്റു സ്ഥാനാർഥികളെ കൂടി ഉൾപെടുത്തിയപ്പോൾ ട്രംപിനു 42--41 ലീഡ് കിട്ടി. റോബർട്ട് കെന്നഡിക്കു 11%, കോർണെൽ വെസ്റ്റ് 3%, ജിൽ 1%, ചേസ് ഒലിവർ 1% എന്നിങ്ങനെ നേടി.
നവംബർ 5നു തീർച്ചയായും വോട്ട് ചെയ്യും എന്നു പറഞ്ഞവരിൽ 50% ട്രംപിന്റെ കൂടെയുണ്ട്. ബൈഡനു 49%. അഞ്ചു സ്ഥാനാർഥികൾ ചേരുമ്പോൾ ആ ലീഡ് 44--43 ആവുന്നു.
ഇരു സ്ഥാനാർഥികളെ കുറിച്ചും മതിപ്പില്ലെന്നു 53% വോട്ടർമാരും പറയുന്നുണ്ട്. അവരിൽ 48% ട്രംപിനെ മെച്ചപ്പെട്ട നിലയിൽ കാണുമ്പോൾ ബൈഡനു കിട്ടുന്ന പിന്തുണ 41% ആണ്.
ന്യൂ യോർക്ക് കോടതി ട്രംപിനെ കുറ്റക്കാരനായി കണ്ടതിനു ശേഷം ബൈഡന്റെ പിന്തുണ വർധിച്ചതായും കണ്ടെത്തിയെന്നു മാറിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ലീ മിറിൻഗോഫ് പറഞ്ഞു. സ്വതന്ത്രരിലും വെള്ളക്കാരല്ലാത്ത വിഭാഗങ്ങളിലുമാണ് ഈ വ്യത്യാസം കൂടുതലായി കാണുന്നത്. വെള്ളക്കാർ കൂടുതലും ട്രംപിന്റെ പക്ഷത്താണ്.
ട്രംപ് ജയിലിൽ പോകണമെന്ന് 51% പറയുന്നു.
ജൂൺ 27നു അറ്റ്ലാന്റയിൽ നടക്കുന്ന ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് കഴിഞ്ഞാൽ സർവേകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 65% ഡിബേറ്റ് കാണുമെന്നു പറഞ്ഞു.
സർവേയിൽ 1,184 റജിസ്റ്റർ ചെയ്ത വോട്ടർമാരെയാണ് പങ്കെടുപ്പിച്ചത്. ജൂൺ 10-13നു നടന്ന സർവേയിൽ + അല്ലെങ്കിൽ -- 3.8 ആണ് പിഴവ് സാധ്യത.
Presidential race remains extremely tight