നാലു ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്കു നേരെ പ്രകോപനമില്ലാതെ വംശീയ അധിക്ഷേപം ചൊരിയുകയും ഭീകരാക്രമണ ഭീഷണി മുഴക്കുകയും ചെയ്ത എസ്മെറാൽഡ അപ്ടൺ എന്ന മെക്സിക്കൻ അമേരിക്കൻ സ്ത്രീയെ കോടതി 40 ദിവസത്തെ തടവിനു ശിക്ഷിച്ചു. ജൂൺ 14നു യാതൊരു പശ്ചാത്താപ ലക്ഷണങ്ങളും ഇല്ലാതെ കോടതിയിൽ അവർ കുറ്റം സമ്മതിച്ചിരുന്നു.
വിദ്വേഷ കുറ്റം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 24നു ടെക്സസിലെ പ്ലാനോയിൽ സിക്സ്റ്റി വൈൻസ് റെസ്റ്റോറ്റന്റിൽ നിന്നു അത്താഴം കഴിച്ചിറങ്ങിയ സ്ത്രീകളെ പാർക്കിംഗ് ലോട്ടിൽ വച്ചാണ് വംശീയ വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളുമായി അപ്ടൺ നേരിട്ടത്. ഇന്ത്യൻ അമേരിക്കൻ സ്ത്രീകളുമായി അവർക്കു യാതൊരു മുൻ പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ നേരെ ചെന്ന് "നിങ്ങൾ ഇന്ത്യക്കാരെ ഞാൻ വെറുക്കുന്നു" എന്നവർ അട്ടഹസിച്ചു. അശ്‌ളീല വാക്കുകളും ഉപയോഗിച്ചു.
മൂന്ന് ഇന്ത്യൻ സ്ത്രീകളെയെങ്കിലും ആക്രമിച്ചെന്നു അപ്ടൺ സമ്മതിച്ചു. വെടിവയ്ക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. "നിങ്ങളെ ഇവിടെ ആവശ്യമില്ല" എന്ന് ആക്രോശിച്ചു. അനാമിക ചാറ്റർജി എന്ന സ്ത്രീയും സുഹൃത്തുക്കളും "ഞങ്ങളെ വെറുതെ വിടുക" എന്നു പറഞ്ഞപ്പോൾ "ഇന്ത്യയിലേക്ക് തിരിച്ചു പോവുക" എന്നാണ് അപ്ടൺ പ്രതികരിച്ചത്.
ചാറ്റർജിയും സുഹൃത്തുക്കളും എല്ലാം അമേരിക്കൻ പൗരത്വം ഉള്ളവരാണ്.
അപ്ടൺ കോടതിയിൽ കുറ്റം ഏറ്റ ശേഷം ചാറ്റർജി പറഞ്ഞു: "ഓഗസ്റ്റ് 24ലെ ഭീകര രാത്രിയിൽ നിങ്ങൾ നടത്തിയ വംശീയ അധിക്ഷേപവും ആക്രമണവും ഞങ്ങളെ അഗാധമായി മുറിവേൽപ്പിച്ചു. അമേരിക്കയിൽ ജനിച്ച എന്റെ മക്കൾ ഇന്ത്യക്കാരെ പോലെയാണ് ഇരിക്കുന്നത്. നിങ്ങളുടെ വിദ്വേഷ ആക്രമണത്തിനു ശേഷം എനിക്ക് അവരെ ഓർത്തു ആധിയാണ്. ആ സ്ഥിരമായ ആശങ്കയാണ് നിങ്ങൾ എനിക്ക് നൽകിയത്."
നാൽപതു ദിവസം കോളിൻ കൗണ്ടി ജയിലിലാണ് അപ്ടൺ കഴിയുക. ജൂലൈ 19 മുതൽ വാരാന്ത്യങ്ങളിൽ എത്തിയാൽ മതി. എന്നാൽ എപ്പോഴെങ്കിലും എത്തിയില്ലെങ്കിൽ തുടർച്ചയായി ജയിലിൽ കിടക്കേണ്ടി വരുമെന്നു കോടതി പറഞ്ഞു.
അപ്ടൺ നേരത്തെ ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ ഓഫിസുമായി പ്ളീ ഡീൽ ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി അവർ തോക്കു ലൈസൻസ് അടിയറ വച്ചു. രണ്ടു വർഷം തോക്കിനു നിരോധനവും ഉണ്ട്.
ചെയ്ത കുറ്റത്തിനു ഇരകളോടോ കോടതിയോടോ അപ്ടൺ മാപ്പു ചോദിച്ചില്ല. അവർക്കു തെല്ലും ഖേദമില്ലെന്നു ചാറ്റർജിയുടെ വക്കീൽ സുബോധ് ചന്ദ്ര പറഞ്ഞു. എന്നാൽ ശിക്ഷാ വിധി മറ്റുള്ളവർക്കും താക്കീതാണ്.
Unrepentant racist attacker goes to jail