Image

സത്യങ്ങൾ കുട്ടികൾ അറിയണം ; ബാബറി മസ്ജിദ് യഥാർത്ഥ ചരിത്രം കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉണ്ടാകും

Published on 19 June, 2024
സത്യങ്ങൾ കുട്ടികൾ അറിയണം ; ബാബറി മസ്ജിദ് യഥാർത്ഥ ചരിത്രം കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉണ്ടാകും

തിരുവനന്തപുരം: ചരിത്രം വളച്ചൊടിക്കാനും മൂടിവയ്ക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരുത്തുമായി കേരളം. എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ ബാബരി മസ്ജിദിന്റെ യഥാര്‍ത്ഥ ചരിത്രം വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി. ഇത് സപ്ലിമെന്ററി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണോ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണോ എന്നത് കരിക്കുലം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത മാസമാണ് ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ സംസ്ഥാനത്ത് ആരംഭിക്കുക. രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിനനുസരിച്ച് ചരിത്രം വളച്ചൊടിക്കാനാവില്ല. വസ്തുതകളും ചരിത്ര സത്യങ്ങളും യഥാര്‍ത്ഥ രൂപത്തില്‍ കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ശാസ്ത്ര സാമൂഹിക വിഷയങ്ങളിലാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സംഘപരിവാര താല്‍പര്യ പ്രകാരം ചില പാഠങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങിയവയാണ് ഒഴിവാക്കിയത്. എന്നാല്‍ കേരളത്തില്‍ ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങള്‍ ഇറക്കുകയായിരുന്നു.

എന്‍.സി.ഇ.ആര്‍.ടി യുടെ പുതിയ പാഠപുസ്തകങ്ങള്‍ അടുത്ത മാസമാണ് നിലവില്‍ വരിക. സംഘപരിവാര രാഷ്ട്രീയത്തിന് അനുസൃതമായി ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പുസ്തകങ്ങള്‍ കൂടി കേരളത്തില്‍ തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെയാണ് എന്‍.സി.ഇ.ആര്‍.ടി പ്ലസ് ടു ക്ലാസിലെ പുതിയ പാഠപുസ്തകം പുറത്തിറക്കിയത്. മൂന്ന് മിനാരങ്ങള്‍ ഉള്ള പള്ളിയെന്ന് മാത്രമാണ് പുസ്തകത്തില്‍ ബാബ്റി മസ്ജിദിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടിയുടെ പഴയ പാഠഭാഗത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ ബാബറുടെ സേനാധിപന്‍ മീര്‍ബാഖി നിര്‍മിച്ച പള്ളി എന്നാണ് ഉണ്ടായിരുന്നത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബാബരി മസ്ജിദ് പൊളിക്കാന്‍ നേതൃത്വം കൊടുത്ത കല്യാണ്‍സിങ്ങിനെതിരെയുള്ള സുപ്രീം കോടതിയുടെ വിധി, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര കട്ടിങ്ങുകള്‍, മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായും ശേഷവും നടന്ന കലാപങ്ങള്‍ തുടങ്ങിയവയൊക്കെ എന്‍.സി.ഇ.ആര്‍.ടി വെട്ടിമാറ്റിയിരുന്നു.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകളാണ് എന്‍.സി.ഇ.ആര്‍.ടി ഇങ്ങിനെ നീക്കം ചെയ്തിരിക്കുന്നത്. 2014 മുതല്‍ നാലാം തവണയാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പല പേരുകള്‍ പറഞ്ഞ് പുതുക്കുന്നത്. പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനെന്ന വ്യാജേന പലപ്പോഴും യഥാര്‍ത്ഥ ചരിത്ര ഭാഗങ്ങള്‍ വെട്ടിമാറ്റുകയും ആര്‍എസ്എസ് അജണ്ടകള്‍ക്ക് അനുസൃതമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക