Image

ഞങ്ങൾ എന്തിനും തയ്യാറെന്ന് മുന്നറിയിപ്പ് ; ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല

Published on 19 June, 2024
ഞങ്ങൾ എന്തിനും തയ്യാറെന്ന് മുന്നറിയിപ്പ് ; ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ഇസ്രായേലിലെ വടക്കന്‍ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല. ഞങ്ങള്‍ എന്തിനും തയ്യാറാണെന്ന് ഇസ്രായേലിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ഹിസ്ബുല്ലയുടെ നിയന്തണത്തിലുള്ള അല്‍ മയാദീന്‍ ടിവി, അല്‍ മനാര്‍ എന്നീ ചാനലുകളാണ് 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ വ്യക്തമായി മാര്‍ക്ക് ചെയ്ത് കൊണ്ടുള്ളതാണ് ദൃശ്യങ്ങള്‍. ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള ഉരസല്‍ രൂക്ഷമാകുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇസ്രായേലില്‍ ടാര്‍ജറ്റ് ചെയ്യപ്പെടാവുന്ന സ്ഥലങ്ങളുടെ കൃത്യമായ സൂചനയാണ് വീഡിയോ നല്‍കുന്നതെന്ന് അല്‍ മയാദീന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിലെ അതീവ സുക്ഷയുള്ള സൈനിക കേന്ദ്രങ്ങള്‍, ആയുധ ഡിപ്പോകള്‍, മിസൈലുകള്‍, കപ്പല്‍ തുറമുഖങ്ങള്‍, ഹൈഫയിലെ എയര്‍പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുറത്തുവിട്ട ഡ്രോണ്‍ ക്യാമറാ ദൃശ്യങ്ങള്‍. ലബ്‌നീസ് അതിര്‍ത്തിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഹൈഫ.

ദൃശ്യങ്ങള്‍ സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. എന്നാല്‍, ഉത്തര ഇസ്രായേലിലെ ലക്ഷ്യങ്ങളില്‍പ്പെട്ടവയാണ് ഇവയെന്ന് അല്‍ മനാര്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക