Image

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ മരണം ; ആൺസുഹൃത്തിന്റെ ഫോണിൽ നിന്നും പ്രധാനപ്പെട്ട തെളിവുകൾ ലഭിച്ചതായി പോലീസ് ഇതിവൃത്തം

Published on 19 June, 2024
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ മരണം ; ആൺസുഹൃത്തിന്റെ ഫോണിൽ നിന്നും പ്രധാനപ്പെട്ട തെളിവുകൾ ലഭിച്ചതായി പോലീസ് ഇതിവൃത്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. അറസ്റ്റിലായ മുന്‍ കാമുകന്‍ ബിനോയിയുടെ മൊബൈലില്‍ നിന്ന് നിരവധി വിവരങ്ങളും ദൃശ്യങ്ങളും ലഭിച്ചതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ തെളിവുകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ കൂടുതല്‍ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് മുന്‍ ആണ്‍ സുഹൃത്ത് ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ യുവാവ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതായാണ് അറിയുന്നത്.

സൈബര്‍ ആക്രമണമല്ല കാരണമെന്ന് പിതാവ്

സൈബര്‍ ആക്രമണമല്ല മരണ കാരണമെന്നും മകളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി ബിനോയ് തന്നെയെന്നും അച്ഛന്‍ സതീഷ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റേയും മൊഴി രേഖപ്പെടുത്തും. എന്നാല്‍, സൈബര്‍ ആക്രമണം മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തുന്നതോടെ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലിസിന്റെ നിഗമനം. അതേസമയം പ്രതി ബിനോയിയെ ഇന്നും ചോദ്യം ചെയ്യും. പ്രതിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നുവെന്നും രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. സൈബര്‍ ആക്രമണം അല്ല മകളുടെ മരണത്തിന് കാരണമെന്നും സതീഷ് ആവര്‍ത്തിച്ചു. മകള്‍ മനക്കട്ടിയുള്ള പെണ്‍കുട്ടിയായിരുന്നു. സൈബര്‍ ആക്രമണത്തില്‍ തളരില്ല. മകള്‍ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ല. സത്യം പുറത്തുവരണമെന്നും അച്ഛന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക