Image

അവൾക്ക് വേണ്ടി ഞാൻ ഹജ്ജ് നിർവഹിച്ചു ; ഇസ്രായേൽ ആക്രമണത്തിന്റെ രക്തസാക്ഷിയായ പ്രിയതമയ്ക്ക് വേണ്ടി ഹജ്ജ് ചെയ്ത് ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകൻ

Published on 19 June, 2024
അവൾക്ക് വേണ്ടി ഞാൻ ഹജ്ജ് നിർവഹിച്ചു ; ഇസ്രായേൽ ആക്രമണത്തിന്റെ രക്തസാക്ഷിയായ പ്രിയതമയ്ക്ക് വേണ്ടി ഹജ്ജ് ചെയ്ത് ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകൻ

മക്ക: പിറന്നമണ്ണില്‍ രക്തസാക്ഷ്യം വരിച്ച പ്രിയപ്പെട്ടവള്‍ക്കു വേണ്ടി പുണ്യഭൂമിയിലെത്തി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ അല്‍ ദഹ്ദൂഹ്. ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയ പ്രിയപത്‌നി അംന ഉമ്മുഹംസക്ക് വേണ്ടിയാണ് ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകനും അല്‍ ജസീറ അറബിക് ചാലനിന്റെ ഗസ്സ ബ്യൂറോ മേധാവിയുമായ വാഇല്‍ ദഹ്ദൂഹ് ഹജ്ജ് നിര്‍വഹിച്ചത്.

ഇത് രണ്ടാം തവണയാണ് താന്‍ ഹജ്ജ് പൂര്‍ത്തിയാക്കുന്നതെന്ന് ഗസ്സയുടെ ആത്മവീര്യത്തിന്റെ പ്രതീകമായ വാഇല്‍ അല്‍ ദഹ്ദൂഹ് സൗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘എനിക്കേറെ സന്തോഷമുണ്ട്… കഴിഞ്ഞ വര്‍ഷം ഹജ്ജിന് അവളെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ അവള്‍ക്ക് വേണ്ടിയാണ് ഹജ്ജ് നിര്‍വഹിച്ചത്…’ -വാഇല്‍ പറഞ്ഞു.

ഗസയിലെ ഇസ്രായേല്‍ ക്രൂരതയുടെ വിവരങ്ങള്‍ കനത്ത ആക്രമണത്തെ വകവയ്ക്കാതെ തത്സമയം പ്രേക്ഷകരിലേക്കെത്തിച്ച വാഇല്‍ തുടക്കംമുതല്‍ ലോകശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ 28നാണ് നുസൈറത് അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴു വയസ്സുള്ള മകളും ഉള്‍പ്പെടെ എട്ടു കുടുംബാംഗങ്ങളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. മക്കളുടെയും ഭാര്യയുടെയും മയ്യിത്തുകള്‍ ഖബറിലേക്ക് വയ്ക്കും മുമ്പ് തന്നെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ വാഇല്‍ ഗസയുടെ ചെറുത്തു നില്‍പിന്റെ പ്രതീകമായിമാറി.

ഡിസംബര്‍ 15ന് ഖാന്‍ യൂനുസില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ വാഇലിന് പരിക്കേല്‍ക്കുകയും കാമറമാന്‍ സാമിര്‍ അബു ദഖ കൊല്ലപ്പെടുകയും ചെയ്തു. അധികനാളുകള്‍ പിന്നിടും മുമ്പേ, ജനുവരി ഏഴിന് വാഇലിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ ഹംസ ദഹ്ദൂഹിനെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഗസയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ അപ്പപ്പോള്‍ ലോകത്തെ അറിയിക്കുന്ന അല്‍ജസീറയുടെ റിപോര്‍ട്ടിങ് ഇസ്രായേലിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക