Image

സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനം ; മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ആരും യോഗ്യരല്ലെന്ന് യോഗം

Published on 19 June, 2024
സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനം ; മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ആരും യോഗ്യരല്ലെന്ന് യോഗം

മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മാറണമെന്നും ആർക്കും ഇനി ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സർക്കാരിനെതിരേയും മന്ത്രിമാർക്കെതിരേയും വിമർശനമുയർന്നത്. ധനകാര്യവകുപ്പ് സമ്പൂർണ പരാജയമാണെന്നും മ സി.പി.ഐ. മന്ത്രിമാർ ഒന്നിനും കൊള്ളാത്തവരാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി സംസാരിക്കാൻ മന്ത്രിമാർക്ക് ഭയമാണ്. വേദികളിലിരുന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് മന്ത്രിമാരുടെ പ്രധാന പണി.

സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിനെതിരേ യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടത് അതാണ്. കൺസ്യൂമർ ഫെഡിന് ആവശ്യത്തിന് പണം നൽകി കൈയിട്ടുവാരാനാണ് ശ്രമിച്ചതെന്ന് സി.പി.എമ്മിനെതിരേ കുറ്റപ്പെടുത്തലും ഉയർന്നു.

തൃശ്ശൂരിൽ ഇടതുമുന്നണിയുടെ പരാജയത്തിനു പിന്നിൽ പാക്കേജ് നടപ്പാക്കലായിരുന്നു. പ്രകാശ് ജാവഡേക്കറുമായി ഉണ്ടാക്കിയ പാക്കേജ് നടപ്പാക്കുന്നതിനായി തൃശ്ശൂരിൽ പ്രത്യേക യോഗംതന്നെ ചേർന്നു. അതിന്റെ ഭാഗമായാണ് ആർ.എസ്.എസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥനെ മുൻനിർത്തി പൂരം കലക്കിയത്. അവിടെ സി.പി.ഐ. മന്ത്രിക്കും വീഴ്‌ചയുണ്ടായി. വോട്ടുചോർന്നത് പാക്കേജിൻ്റെ ഭാഗമായാണ്. ഇ.ഡി. അന്വേഷണവും സി.പി.എമ്മിൻ് അക്കൗണ്ട് മരവിപ്പിക്കലുമെല്ലാമായി ഇതിനെ കൂട്ടിവായിക്കണം. ഡൽഹി കമ്മിഷണർ കേരളത്തിൽ വന്ന് ക്രൈസ്‌തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത് അറിയാതിരുന്നത് കേരള സർക്കാർ മാത്രമാണെന്നും കളിയാക്കലുണ്ടായി.

മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ഇപ്പോഴത്തെ മന്ത്രിക്കില്ല. സി.പി.ഐ. മന്ത്രിമാർക്കെതിരേയും പേരെടുത്തു പറഞ്ഞുകൊണ്ടുള്ള രൂക്ഷ വിമർശമുയർന്നു. വള്ളിച്ചെരിപ്പിട്ടുനടക്കലോ അന്യന്റെ പറമ്പിലെ കാച്ചിലുപറിക്കാൻ പോകലോ അല്ല കൃഷിമന്ത്രിയുടെ പണി. സിവിൽ സപ്ലൈസ് മന്ത്രി സമ്പൂർണ പരാജയമാണ്.

നവകേരള സദസ്സ് ജനങ്ങളെ സർക്കാരിൽനിന്ന് അകറ്റുന്നതിനു മാത്രമേ ഉപകരിച്ചുള്ളൂ. നൽകിയ പരാതികൾക്ക് പരിഹാരമൊന്നുമില്ല. പഞ്ചായത്തുകൾ നൽകിയ പരാതി പഞ്ചായത്തുകളിലേക്ക് തന്നെ എത്തുക മാത്രമാണ് ഉണ്ടായത്. ഉദ്യോഗസ്ഥർക്ക് പണപ്പിരിവ് നടത്തുന്നതിനും ധൂർത്തുകാട്ടാനും മാത്രമാണ് നവകേരള സദസ്സ് ഉപകരിച്ചതെന്നും അംഗങ്ങളുടെ വിലയിരുത്തലുണ്ടായി. മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്നതിന് തെളിവാണ് ഘടകക്ഷികളുടെ യോഗങ്ങളിൽ ഉയരുന്ന രൂക്ഷ വിമർശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക