Image

വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ സഖ്യത്തിന് ക്ഷണിച്ച്‌ എ.ഐ.എ.ഡി.എം.കെ

Published on 19 June, 2024
വിജയ്‌യുടെ  തമിഴക വെട്രി കഴകത്തെ സഖ്യത്തിന് ക്ഷണിച്ച്‌ എ.ഐ.എ.ഡി.എം.കെ

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ സഖ്യത്തിന് ക്ഷണിച്ച്‌ എ.ഐ.എ.ഡി.എം.കെ. വിജയ്‌യെ തങ്ങളോടൊപ്പം സഖ്യത്തിന് ക്ഷണിക്കുന്നതായി മുൻ മന്ത്രിയും പാർട്ടി നേതാവുമായ സെല്ലൂർ കെ.രാജു പറഞ്ഞു.

'വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്യുകയാണ്. സിനിമയില്‍ നിന്നുണ്ടാക്കിയ സമ്ബത്ത് കൊണ്ട് വിജയ് ഒരുപാട് പാവങ്ങളെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് എ.ഐ.എ.ഡി.എം.കെ സഖ്യത്തോടൊപ്പം ചേരാം. വിജയ് തയാറാണെങ്കില്‍ മറ്റ് കാര്യങ്ങള്‍ പാർട്ടി സെക്രട്ടറി എടപ്പാടി പളനിസ്വാമി തീരുമാനിക്കും' ,സെല്ലൂർ രാജു പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെക്ക് ഏറ്റ തിരിച്ചടിയില്‍ പാർട്ടി പ്രവർത്തകർ പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ വോട്ട് നേടാനായി വൻതോതില്‍ പണം വിതരണം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ എം.കെ. സ്റ്റാലിന്‍റെ ഭരണത്തെ കെ. കാമരാജിന്‍റെ ഭരണവുമായാണ് താരതമ്യപ്പെടുത്തിയത്. ഇത്തരം താരതമ്യങ്ങള്‍ ആളുകള്‍ അംഗീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പണം കൊടുത്ത് ജനങ്ങളെ സ്വാധീനിക്കുന്നത് കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

ജനങ്ങളില്‍ സ്വാധീനമുണ്ടെങ്കില്‍ ഡി.എം.കെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെയുടെ നടക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുമായി നേരത്തെ സഖ്യമുണ്ടാക്കിയത് അന്തരിച്ച നേതാവ് ജയലളിതയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നു.സെല്ലൂർ രാജു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക