Image

'സ്ഥിരമായി ബോംബ് നിർമാണം, പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്, സഹികെട്ടാണ് പറയുന്നത്': ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തില്‍ യുവതി

Published on 19 June, 2024
'സ്ഥിരമായി ബോംബ് നിർമാണം,  പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്, സഹികെട്ടാണ് പറയുന്നത്': ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തില്‍  യുവതി

കണ്ണൂർ: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി.

പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നുണ്ട്. പലതവണ പറമ്ബുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ട്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്‍റെ അയല്‍വാസി സീന മാധ്യമങ്ങളോടു പറഞ്ഞു.

"പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ക്ക് ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്ബിലൂടെ കളിച്ച്‌ നടക്കാന്‍ കഴിയണം'- സീന പറഞ്ഞു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആള്‍താമസമില്ലാത്ത വീട്ടുപറമ്ബില്‍നിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്ബില്‍നിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലില്‍ ഇടിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വേലായുധന്‍റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്‍റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്ബിലാണു സ്ഫോടനമുണ്ടായത്.

സംഭവത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക