Image

പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ആദ്യ ഡിബേറ്റ് മൈക്രോ ഫോണുകളും പ്രോമ്റ്റുകളും ഇല്ലാതെ (ഏബ്രഹാം തോമസ്)

Published on 20 June, 2024
പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ആദ്യ ഡിബേറ്റ് മൈക്രോ ഫോണുകളും പ്രോമ്റ്റുകളും ഇല്ലാതെ (ഏബ്രഹാം തോമസ്)

അറ്റ്ലാന്റ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികളുടെ സ്ഥാനാര്ഥികളാവാൻ സാധ്യതയുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ ഡിബേറ്റ് അറ്റ്ലാന്റയിലുള്ള സി എൻ എൻ കേന്ദ്രത്തിൽ ജൂൺ 27 നു നടക്കും.

രണ്ടു നേതാക്കളും സമ്മതിച്ചതനുസരിച്ചു അവർ സംസാരിക്കുമ്പോൾ അല്ലാതെ അവരുടെ മൈക്രോ ഫോണുകൾ പ്രവർത്തിക്കുക ഇല്ല. അനുവദിക്കുന്ന സമയം കഴിയുമ്പോഴും തങ്ങളുടെ സംസാരം നീട്ടിക്കൊണ്ടു പോകുന്ന നേതാക്കൾക്ക് ഇത് കനത്ത പ്രഹരമാണ്. മറ്റൊരു നിയന്ത്രണവും ഇരുവരെയും വല്ലാതെ ബാധിക്കും. യാതൊരു വിധത്തിലും ഉള്ള പ്രോംറ്റുകൾ ഉപയോഗിക്കുവാൻ പാടില്ല എന്ന നിബന്ധന ആണത്.

പ്രോമ്റ്റുകളെ വല്ലാതെ ആശ്രയിക്കുന്ന ബൈഡൻ ആയിരിക്കും ഇതു മൂലം ഏറെ ബുദ്ധിമുട്ടുക. ഒരു നാണയം മുകളിൽ എറിഞ്ഞായിരിക്കും ആരാണ് ആദ്യം ഒരു പോഡിയം തിരഞ്ഞെടുക്കുക, ആരാണ് ആദ്യം സംസാരിക്കുക തുടങ്ങിയവ തീരുമാനിക്കുക. സി എൻ എന്നിന് പ്രസിഡന്റിനോട് ചായ്‌വുണ്ട് എന്നൊരു ആരോപണം മുൻപ് ഉണ്ടായിരുന്നു. ട്രംപ് ചാനലിന്റെ തീരുമാനങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഇതറിയാൻ ഡിബേറ്റ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.

കാണികൾക്കും ശ്രോതാക്കൾക്കും നേരിട്ട് ഡിബേറ്റ് വേളയിൽ ഹാജരാവാൻ അനുവാദം ഉണ്ടാവില്ല. ഇത് മൂലം ഒരു വിഭാഗത്തെ അനുകൂലിച്ചു ശക്‌തമായി പ്രതികരിക്കുവാനോ വേദിയിൽ ബഹളം സൃഷ്ടിക്കുവാനോ അനുയായികൾക്ക് കഴിയില്ല. ഇൻ പേഴ്സൺ ആയി ആർക്കും തങ്ങളുടെ ആവേശം ഉടനടി പ്രദര്ശിപ്പിക്കുവാനും കഴിയില്ല.

ചാനൽ കണ്ടിരിക്കുന്നവരെ ഇത് മൂലം ആവേശഭരിതരാക്കാൻ ഡിബേറ്റിനു കഴിയില്ല. പ്രസിഡന്റ് ഡിബേറ്റുകൾക്കുള്ള കമ്മീഷന് പകരം വാർത്ത ചാനലുകൾ ഡിബേറ്റുകൾ നടത്തണം എന്ന ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നിർദേശ പ്രകാരമാണ് സി എൻ എൻ ഡിബേറ്റുകൾ നടത്തുന്നത്.

ഈ വേനലിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികളുടെ ദേശീയ സമ്മേളനങ്ങൾ നടക്കുന്നതിനു മുൻപാണ് ആദ്യ ഡിബേറ്റ് നടത്തുന്നത്. രണ്ടാമത്തെ ഡിബേറ്റ് സെപ്റ്റംബർ 10 നു നടക്കും. ഇതിനു എബിസി ചാനൽ ആതിഥേയത്വം വഹിക്കും. രണ്ടു പാർട്ടികളുടെയും ദേശീയ കോൺവെൻഷനുകളിലാണ് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക