Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-6, 46-52: രാജു തോമസ്)

Published on 20 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-6, 46-52: രാജു തോമസ്)

അതുമല്ല, അതേ പരീക്ഷ പ-
ണ്ടതുപോലെന്തു കോടുത്തതില്ലിയാൾ?
അവസാനമതേ വിധിച്ചതും:
അവതാരം, തവ യോഗമത്ഭുതം!

അനിശം ഭവതിക്കു കാവലാ
ളനലൻ തന്നെ ഹനിക്കയോ പിന്നെ!
അതു ദിവ്യരഹസ്യമെന്നറി- *8
ഞ്ഞതിതാൽ ദേവു വു ഇളങ്ങി യഗ്നിയിൽ.

അതുമോ, പതിനാലിടങ്ങളിൽ
പതിവാകും പരമേശ്വരന്നിതം
അതുപോലെയറിഞ്ഞ ലക്ഷ്മിയോ
ഇതുമാത്രം അരുതെന്നു വെച്ചതും!

അപവാദിതയെന്നെ നിന്ദിയാ-
തുപസംഹാരമുരച്ചനങ്കുശം; *9
പതിഭക്തിയതേ, സ്വചര്യയാൽ
മൃതിയോളം, പരമെന്നു കാട്ടവൾ.

ക്ഷിതി, ഭീഷണഗർജ്ജനങ്ങളാൽ
ഉലകം സർവ്വതു ഞെട്ടുമാറ്‌, തൻ
വ്യഥയിൽ വിണ്ട മാതൃഹൃത്തിലേ-
ക്കഥ ചേർത്തപ്പരിശുദ്ധസാധ്വിയെ.

ദരിതഹൃദയർ സദസ്യര-
പ്പരിണാമം സഹിയാതെ കേണുപോയ്;
പകരം, സ്തുതിപാടി ദേവകൾ
മുകളിൽ നിന്നു പൊഴിച്ചു പൂമഴ.

സഹനം മതിയാക്കി ദേവി പോയ്;
സമയം നിശ്ചലമായി നിന്നുവോ!
ഋതുചക്രമുറഞ്ഞു ഗ്രീഷ്മമായ്,
ഹതകാന്തി സകലം, നൃശംസവും.
(തുടരും)

*8 പഞ്ചവടിയിൽവച്ച്, സീതയ്ക്ക് എന്തോ ആപത്തു വരുന്നു എന്നറിഞ്ഞ്, രാമൻ ദേവിയെ അഗ്നിയിലൂടെ പ്രവേശിപ്പിച്ച് അഗ്നിഭഗവാന്റെ സരക്ഷണയിലാക്കി. ലങ്കായുദ്ധം കഴിഞ്ഞ് അഗ്നിയിലൂടെ മടങ്ങിവന്ന ദേവിയെ അദ്ദേഹം സ്വീകരിച്ചു.
*9 തന്റെ തിരോധാനത്തിനുമുമ്പ് സീത നിലവിളിച്ചെന്നോ പുരുഷമേധാവിത്വത്തിനെതിരെ കുറെ വാക്യങ്ങൾ ഫിറ്റ് ചെയ്തെന്നോ കവി കരുതുന്നില്ല. സർവ്വംസഹയായ ഭൂമീപുത്രിയുടെ മാഹാത്മ്യം അതാണ്‌.
എങ്കിലും എഴുത്തച്ഛന്റെ വിവരണം ശ്രദ്ധിക്കൂക, 1369-‘82:
'പരമഗുണവതിയാകിയ സീതയപ്പോൾ
വരനെത്തന്നെ നോക്കി കണ്ണുനീർ വാർത്തുവാർത്ത്
ഖേദമത്രയും നിറഞ്ഞുള്ള മാസത്തൊടും
മേദിനീപുത്രി പറഞ്ഞീടിനാളതുനേരം:
"സത്യം ഞാൻ ചൊല്ലീടുന്നിതെല്ലാരും കേട്ടുകൊൾവിൻ:
വൃത്തമെൻ പതിന്നാലു പേരുമുണ്ടറിഞ്ഞിട്ടു
ഭർത്താവുതന്നെയൊഴിഞ്ഞന്യപുരുഷന്മാരെ
ചിത്തത്തിൽ കാംക്ഷിച്ചേനില്ലേകദാ, മാതാവേ, ഞാൻ.
സത്യമിതെങ്കിൽ, മമ നൽകീടൊനുഗ്രഹം,
സത്യമാതാവേ, സകലാധാരഭൂതേ, നാഥേ!”
തൽക്ഷണേ സിംഹാസനഗതയായ് ഭുമിപിളർ-
ന്നക്ഷീണാദരം സീതതന്നെയുമെടുത്തുടൻ
സസ്നേഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്നസിംഹാസനേ വച്ചാശു കീഴ്‌പ്പോട്ടു പോയാൾ.'
(പണ്ഡിതമ്മന്യരുടെ ഒരു ചോദ്യമുണ്ട്, ഏതു രാമായണമാണ്‌ ആധാരം? എനിക്ക് നമ്മുടെ ഭാഷയിലെ ആ കിളിപ്പാട്ടു മാത്രമേ അറിയൂ.)

Read: https://emalayalee.com/writer/290


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക