ന്യൂയോര്‍ക്ക്: ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമേ സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുഷ് വില്‍മോറും തിരിച്ചെത്തുകയുള്ളുവെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാല്‍ ഇവര്‍ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശപേടകം ജൂണ്‍ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ്.
ബോയിങ് സ്റ്റാര്‍ലൈനര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്നു ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നതു ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമേ തിരിച്ചുവരവുണ്ടാകൂയെന്ന് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതി മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു.
നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയാണു സുനിത. നിലവില്‍ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവല്‍ അക്കാദമിയില്‍ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.