Image

പാലം (കവിത: വേണുനമ്പ്യാർ)

Published on 20 June, 2024
പാലം (കവിത: വേണുനമ്പ്യാർ)

1
മഴയത്ത് കുതിരില്ല
മുളങ്കാട്ടിലൂടെ കടന്നു വരുന്ന
ചൂളൻകാറ്റിൽ കൊഴിഞ്ഞു പോവില്ല
മുള്ളുകളുള്ള ബോഗൻവില്ലച്ചില്ലയിൽ
സൂര്യനെ സ്നഹിക്കുന്ന 
ഒരു കടലാസ് പൂവ് ഞാൻ
പ്രണയത്തിന്റെ സന്ദേശവുമായി 
ഈ വഴിക്ക് ഒരു മഞ്ഞപ്പാപ്പാത്തിയും അടുത്ത കാലത്തൊന്നും വന്നിട്ടില്ല.


2
പുഴ കണ്ടൽക്കാടുകളെ തഴുകി
ഒഴുകിപ്പോയി
കടത്താൻ മനസ്സുള്ള പാലം
അപരിചിതനായ ആ സഞ്ചാരിക്കു വേണ്ടി കാത്തിരുന്നു
ആദ്യമൊക്കെ അയാളുടെ യാത്രകൾ
മറ്റുള്ളവരെ കണ്ടെത്താനായിരുന്നുവെങ്കിൽ
ഇന്നയാൾ അലയുന്നതു
സ്വയം തന്നെത്തന്നെ കണ്ടെത്തുവാൻ!


3
പ്രണയം
മേലെ തൂക്കുപാലമില്ലാത്ത
ഒരു തീപ്പുഴക്ക് സദൃശം
ഫയർ പ്രൂഫ് കുപ്പായത്തിൽ
വേണം മുങ്ങിയും നീന്തിയും
അക്കരെയെത്താൻ


4
പേരിൽ സ്വന്തമായി
ഒരു തടാകമുള്ള മനുഷ്യൻ
കരയിൽ കുഴഞ്ഞു വീണത്
ദാഹം സഹിക്ക വയ്യാതെ
തടാകക്കരയിൽ
സ്വർണ്ണമത്സ്യങ്ങൾ വിൽക്കുന്ന
ഒരു അരയത്തി അയാളുടെ
കോശത്തിലേക്ക് തടാകക്കാറ്റ്
ഊതി നിറച്ചു.


5
വിവരമല്ല
വരിയിലൂടെ പങ്കിടേണ്ടത്
ചേതോവികാരങ്ങൾ
ചിലപ്പോൾ തണുപ്പൻ
ചിലപ്പോൾ ചൂടൻ
ഇപ്പോൾ ഞാൻ നിസ്സംഗൻ!


6
അന്യരല്ല ശത്രുക്കൾ
സ്വന്തക്കാരല്ല മിത്രങ്ങൾ
ജീവാമൃതമെന്നു കരുതി
കുടിച്ചത് കൊടും വിഷമൊ?
ഉള്ളടക്കത്തിലല്ല
വർണ്ണ ലേബലിലായിരുന്നു
ഒരായുസ്സിന്റെ നിക്ഷേപം മുഴുവൻ!

7
ഓൺലൈനിൽ
ഒരു ശവപ്പെട്ടി ഓർഡർ ചെയ്തു
ഓഫ് ലൈനിൽ
മരണത്തെ ക്ഷണിച്ചു
ഡോർ ഡെലിവറിയിൽ തെറ്റി
കിട്ടിയതു മൂർഖൻ പാമ്പല്ല
ഒരു കൊച്ചു സോപ്പുപെട്ടി!


8
നിന്റെ ജീവിതനദിക്കു 
കുറുകെ പാലം പണിയാൻ
ആരെങ്കിലും വരുമൊ
സ്വന്തം വിയർപ്പും ചോരയും കൊണ്ട്
നീയല്ലേ അത് പണിയേണ്ടത്
പാലം കടക്കുവോളം നാരായണ
പാലം കടന്നാലും നാരായണ
പാലം പൊളിഞ്ഞാലും നാരായണ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക