വാഷിംഗ്‌ടൺ ഏഴാം ഡിസ്ട്രിക്ടിൽ നിന്നു വീണ്ടും യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ പ്രമീള ജയപാലിനെ 'സിയാറ്റിൽ ടൈംസ്' എൻഡോഴ്സ് ചെയ്തു. നാലു സ്ഥാനാർഥികളിൽ ഏറ്റവും വ്യക്തമായ മുൻഗണന അർഹിക്കുന്നത് അവരാണെന്നതിൽ സംശയമില്ലെന്നു പത്രം പറഞ്ഞു.
വാഷിംഗ്‌ടൺ സംവിധാനം അനുസരിച്ചു പ്രൈമറികളിൽ ഏറ്റവും ഉയർന്ന വോട്ട് കിട്ടുന്ന രണ്ടു പേർക്ക് നവംബറിൽ മത്സരിക്കാം. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു ജയപാലും ലിസ് ഹല്ലോക്കുമാണ് സ്ഥാനാർഥികൾ. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡാൻ അലക്‌സാണ്ടർ, ക്ലിഫ് മൂൺ എന്നിവരും.
മറ്റു മൂവരും മത്സരത്തിന് ആവേശം പകരുന്നുവെന്നു പത്രം ചൂണ്ടിക്കാട്ടി. "എന്നാൽ ജയപാലിന്റെ അനുഭവ സമ്പത്തോ അഗാധമായ അറിവോ അവർക്കില്ല."
"നന്ദി സിയാറ്റിൽ ടൈംസ്!" ജയപാൽ പറഞ്ഞു. "ദീർഘകാലമായി ഈ ഡിസ്ട്രിക്ടിൽ താമസിക്കുന്ന എനിക്ക് സ്വന്തം പട്ടണത്തിലെ പത്രം നൽകുന്ന പിന്തുണയിൽ ഞാൻ അഭിമാനിക്കുന്നു. നമുക്ക് ഈ വിജയം കൈവരിക്കാം!"
പിന്തുണ പ്രഖ്യാപിക്കുന്നതിനു പത്രം പല കാരണങ്ങളും വിശദീകരിച്ചു. കോൺഗ്രസിലേക്ക് നാലു തവണ തിരഞ്ഞെടുക്കപ്പെട്ട ജയപാൽ ഗർഭഛിദ്ര അവകാശം, തൊഴിൽ അവസരങ്ങൾ, കുടിയേറ്റ പരിഷ്കരണം, സ്വകാര്യതയുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സ്ഥിരമായി പൊരുതിയിട്ടുണ്ട്. പ്രോഗ്രെസിവ് വിഭാഗത്തിൽ നിലയുറപ്പിച്ച അവർ തൊഴിൽ അവസരങ്ങൾ സൃഷ്ഠിക്കുന്നതിൽ ഏറെ സംഭാവന നൽകി.
ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ ന്യായീകരിക്കുന്ന ജയപാൽ ഗാസയിൽ വേഗത്തിൽ മാനുഷിക സഹായം എത്തിക്കാൻ യുഎസ് ഇടപെടണമെന്നും നിഷ്കർഷിച്ചു. യുദ്ധം നിർത്താനും ബന്ദികളെ മോചിപ്പിക്കാനും യുഎസ് ഇടപെടണം.
നിലവിലുള്ള കുടിയേറ്റ നിയമങ്ങളെ വിമർശിക്കുന്ന ജയപാൽ പരിഷ്കരണത്തിനു വേണ്ടി വാദിക്കുന്നു. അതിർത്തിയിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന പ്രസിഡന്റ് ബൈഡന്റെ പുതിയ ഉത്തരവിനെ അവർ വിമർശിച്ചു.
'Seattle Times' endorses Pramila Jayapal