കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് ഇത്തവണ കടുത്ത മത്സരം. മൂന്നുപേരാണ് ഇക്കുറി താര നേതൃ പദവിയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ മുതിർന്ന നടൻ സിദ്ദിഖിനൊപ്പമാണ് ഔദ്യോഗികപക്ഷം.
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റുള്ളവർ.
നിലവിൽ സംഘടനയുടെ ഖജാൻജിയാണ് സിദ്ധിഖ്. നാല് തവണ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യൂട്ടീസ് കമ്മിറ്റിയംഗമായിരുന്നു.
കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയിരുന്നു. എന്നാൽ മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവരാണ് മത്സരിക്കുന്നത്. ആദ്യമായാണ് ജയൻ ചേർത്തല മത്സര രംഗത്തിറങ്ങുന്നത്.
അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടുപേർ മത്സര രംഗത്തുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അൻസിബ ഹസൻ, അനന്യ, സരയൂമോഹൻ, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹൻ എന്നിവരാണവർ.
ഈ മാസം 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.