Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ ഭാഗം - 17: വിനീത് വിശ്വദേവ്)

Published on 21 June, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ ഭാഗം - 17: വിനീത് വിശ്വദേവ്)

ഭാഗം - 17

റേഡിയോയിലെ ജോയ് ആലുക്കാസ് ഫോൺ ഗാനോത്സവം എന്ന പരുപാടിയിൽ ആശേച്ചിയും ബാലേട്ടനും ഏതോ ഒരു കാമുകൻ തന്റെ പ്രണയിനിക്ക് വേണ്ടി "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്" എന്ന സിനിമയിലെ "പിന്നെയും പിന്നെയും" എന്ന ഗാനം ആവശ്യപ്പെട്ടുള്ള കത്ത് വായിക്കുന്നത് കേട്ടായിരുന്നു ഞാൻ രാവിലെ ഉണർന്നത്. ആ പാട്ടിനെക്കുറിച്ചും സിനിമയുടെ പ്രമേയമായ പ്രണയത്തെക്കുറിച്ചും അവർ രണ്ടുപേരും വാതോരാതെ സംസാരിക്കുന്നതിലേക്കു എന്റെ ശ്രദ്ധ തിരഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയിത "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്" എന്ന ചിത്രത്തിലെ "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം" എന്ന ഗാനത്തിന് 1997 ലെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്കാണ് ലഭിച്ചതെന്നും ഈണം പകർന്നത് വിദ്യാസാഗരാണെന്നും പറഞ്ഞു അവർ കത്തുവായിച്ചവസാനിപ്പിച്ചു. അല്പനേരത്തിനുശേഷം ഗാന ഗന്ധർവ്വൻ ദാസേട്ടന്റെ ശബ്ദമാധുര്യത്തിൽ "പിന്നെയും പിന്നെയും ആരോ നിലവത്ത് പൊൻ വേണുവൂതുന്ന മൃദുമന്ത്രണം" എന്ന ഗാനം എന്റെ കാതുകളെ കുളിരണിയിച്ചു കടന്നു വന്നു. സിമിയെ നേരിൽ കാണണമെന്ന അതിയായ മോഹത്തോടെ പാട്ടിനൊപ്പിച്ചു ഞാനും മൂളി പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം.

അടുക്കളയിൽ കയറി അമ്മയുടെ കയ്യിൽ നിന്നും കാപ്പിയും വാങ്ങി ഞാൻ സിറ്റ് ഔട്ടിൽ വന്നിരുന്നു. വരാന്തയിൽ കിടന്ന ദിനപത്രത്തിലേക്കു കണ്ണുകളെറിഞ്ഞു. പ്ലസ് ടു കോഴ്സിന് ചേരുന്നതിനുള്ള അപ്ലിക്കേഷൻ നൽകുന്നതിന്റെ അവസാന തീയതി പരാമർശിക്കുന്ന വാർത്ത കണ്ണിലുടക്കി. മൂന്നു സ്കൂളിൽ നിന്നും വാങ്ങിയ അപ്ലിക്കേഷൻ ഓരോ സ്കൂളിലെയും മാനദണങ്ങൾ നോക്കി ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സയൻസ് ഗ്രൂപ്പിനും കോമേഴ്സ് ഗ്രൂപ്പിനുമായി തലേന്ന് രാത്രിയിൽ തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ചിരുന്നു. ജൂൺ മാസത്തിലെ കനത്ത മഴയ്ക്ക് ശമനമുണ്ടായി തുടങ്ങിയിരുന്നു. മഴയിൽ കുളിച്ച ചെടികളിലും അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും തളിരിലകൾ വന്നു തുടങ്ങിയിരുന്നു. പത്രവായന മുഴുവിപ്പിക്കാതെ കാപ്പികുടി അവസാനിപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി. പനിനീർച്ചെടികളിൽ ചിലതിൽ പൊന്തിവന്ന കുഞ്ഞു മൊട്ടുകൾ ഇളംകാറ്റിൽ എന്നെ കണ്ണിറുക്കി കാണിച്ചു മെല്ലെ ഒന്ന് ചരിഞ്ഞാടി. വിരിഞ്ഞ പൂവിന്റെ ഹൃദയത്തിൽ മഴത്തുള്ളികൾ നൃത്തമാടിയപ്പോൾ ചിലതു ജീവൻ പൊലിഞ്ഞു നിലംപതിച്ചിരുന്നു. അംഗഭംഗം വന്നു ചിന്നിച്ചിതറിയ പൂക്കളുടെ കാഴ്ച മനസ്സിൽ താലോചിച്ചു പരിപോഴിപ്പിച്ച പ്രണയം വിട്ടൊഴിഞ്ഞ പക്ഷികണക്കെ എന്നിൽ വേദന സൃഷ്ടിച്ചു. പ്രണയം ഉള്ളിലുള്ളവന്റെ കാഴ്ച്ചയിൽ കാണുന്നതെല്ലാം പ്രണയാതുരമായി വരുകയും കുടികൊള്ളുകയും ചെയ്യുമെന്ന ആപ്തവാക്യംപോലെ എനിക്ക് ചുറ്റും മുല്ലയുടെയും പിച്ചിയുടെയും സുഗന്ധം പരന്നു.

പ്രഭാത ഭക്ഷണത്തിനു ശേഷം ലൈബ്രറിയിൽ നിന്നും എടുത്തുകൊണ്ടുവന്ന പുസ്തകങ്ങൾ വായിച്ചു തീർന്നിരുന്നതിനാൽ പുതിയ പുസ്തകങ്ങൾ കടമെടുക്കുന്നതിനു വേണ്ടി പുതിയകാവ് ലൈബ്രറിയിലേക്ക് പോയി. മഴ കാത്തു കഴിയുന്ന വേഴാമ്പലിനെപ്പോലെ സിമിയെ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ ഞാൻ സിമിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ സൈക്കിൾ ഓടിച്ചു. മഴയിൽ തകർന്ന വെയിലിലെ വിടവിലൂടെ മുറ്റത്തു നിന്നും മുടിയഴിച്ചു കെട്ടുന്ന സിമിയെ ഞാൻ ഒരു നോക്ക് കണ്ടു. എന്റെ കണ്ണിൽ നിന്നും തൊടുത്തു വിട്ട പ്രണയബാണങ്ങൾ ഒരുവേള സിമിയുടെ ഹൃദയത്തിൽ പതിച്ചതാണോ? വലതു വശത്തേക്ക് തിരിഞ്ഞു നോക്കുന്നതിനിടയിൽ സിമി എന്നെയും കണ്ടു. പരസ്പരം മുഖത്തെ ബന്ധിപ്പിക്കുന്ന പുഞ്ചിരിബാണം തൊടുത്തു വിടുന്നതിനിടയിൽ റോഡിലൂടെ നിർത്താതെ ഹോൺ മുഴക്കി കടന്നുപോയ വണ്ടിയുടെ ശബ്ദം എന്നിൽ അരോചകമുണ്ടാക്കി. വണ്ടിക്കാരനെ മനസ്സിൽ തെറിപറഞ്ഞു തിരിഞ്ഞു നോക്കിയതും സിമിയുടെ 'അമ്മ സുലോചന ചേച്ചി എന്റെ മുന്നിൽ നിൽക്കുന്നു.  ബി എസ് എ സൈക്കിളിന്റെ പെടലിൽ നിന്നും എന്റെ കാൽതെറ്റി പെറ്റിലിൽ വന്നു കാൽ അടിച്ചുകൊണ്ടു. സൈക്കിൾ സീറ്റിൽ നിന്നും തെന്നി കവഭാഗം സൈക്കിൾ ബാറിൽ ഇടിച്ചു. ഭാഗ്യം ജനനേദ്രിയത്തിനും ഒന്നും സംഭവിച്ചില്ല പക്ഷേ മൂത്രശങ്കയുണ്ടായി. പാടത്തെ ചെളിമണ്ണു ചൂടിന്റെ കാഠിന്യത്താൽ വിണ്ടുകീറിയുണങ്ങിയപോലെ എന്റെ തൊണ്ടയിലെ വെള്ളം വറ്റി. ചെറിയ പരുങ്ങലോടെ ഞാൻ സൈക്കിളിൽ നിന്നും ഇറങ്ങി.

സിമിയുടെ 'അമ്മ എന്റെ പത്താം ക്ലാസ് റിസൾട്ടിനെക്കുറിച്ചും തുടർ പഠനത്തെക്കുറിച്ചും വീട്ടിലെ വിശേഷങ്ങളും തിരക്കി. ആദ്യമൊന്നു ശബ്ദമിടറി തൊണ്ട വിറച്ചും അടിവയറ്റിൽ മഞ്ജു വീഴുന്ന തണുപ്പനുഭവപ്പെട്ടുകൊണ്ട് സംസാരിച്ചു. അല്പനേരത്തിനുശേഷം സിമി ചുവന്ന ആധാരത്തിൽ പുഞ്ചിരിമൊട്ടുകൾ വിടർത്തി പുറത്തേക്കു വന്നു. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ മുഖത്ത് കൂടുതൽ ശോഭയുണ്ടാക്കി.  വാക്കുകൾ ചുണ്ടിലുണ്ടാക്കാതെ സിമിയുടെ നോട്ടം എന്റെ സൈക്കിളിന്റെ കാര്യരിൽ ഇരിക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങളിലേക്കു തിരിഞ്ഞു. അവൾക്കും ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരിച്ചുകൊടുക്കാനുണ്ടെന്നു പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു ലൈബ്രറിയിലേക്ക് പൊയ്ക്കോട്ടേ എന്ന ഭാവത്തിൽ അവളുടെ കണ്ണുകൾ അമ്മയിൽ നിന്നും സമ്മതം വാങ്ങുന്നതിനു മുഖത്ത് കഥകളിപ്പടമാടുന്നത് ഞാൻ കണ്ടു. എന്റെ നെഞ്ചിടിപ്പ് കുറഞ്ഞു തുടണ്ടി. സിമി പുസ്തകങ്ങളെടുക്കുന്നതിനു അകത്തേക്കും അവളുടെ 'അമ്മ അടുത്ത വീട്ടിലേക്കുമായി റോഡ് മുറിച്ചു കടന്നുപോയി. അഞ്ചു മിനിറ്റിനുള്ളിൽ സിമി ഒരു കവറുമായി തിരിച്ചെത്തി. സിമിയോടൊപ്പം ഞാൻ സൈക്കിളും തള്ളി ലൈബ്രറിയിലേക്ക് വർത്തമാനം പറഞ്ഞു നടന്നു.

പ്ലസ് ടു കോഴ്സിന് അപ്ലിക്കേഷൻ വാങ്ങിയോ എന്ന് ഞാൻ ചോദിക്കുന്നതിടയിൽ അവളുടെ  വലതുകൈയ്യിലെ ഒരു പിടി റുബിക്ക എന്റെ നേർക്ക് നീട്ടി. ചുവന്ന പവിഴംപോലെ തോന്നിയ റൂബിക്ക ഞാൻ വാങ്ങി എന്റെ നെഞ്ചോടു ചേർന്ന ഷിർട്ടിന്റെ പോക്കറ്റിലിട്ടു. ഹൃദയം തന്നില്ലെങ്കിലും ഹൃദയത്തിൽ ചേർത്തുവെയ്ക്കാൻ പാകത്തിൽ ഓർമ്മകൾക്കുവേണ്ടി അവൾ എനിക്ക് ഈ വഴിയിലൂടെ കടന്നുപോയിരുന്ന നാൾ പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി റൂബിക്ക തന്നിരുന്നു എന്ന കവിതയായി ഞാൻ എന്റെ  പ്രണയ കാവ്യത്തിൽ കുറിച്ചിട്ടു. അഞ്ചു സ്കൂൾ നിന്നും അപേക്ഷ ഫോം വാങ്ങിയെന്നും നാളെയോ മറ്റന്നാളോ ആയിട്ടു എല്ലാം അച്ഛൻ കൊണ്ടുപോയി കൊടുക്കുമെന്നും സിമി പറഞ്ഞു നിർത്തി. അതേ ചോദ്യം സിമിയിൽ നിന്നും എന്റെ നേർക്കും നീണ്ടു. മൂന്നു സ്കൂളിന് നിന്നും വാങ്ങിയെന്നു പറഞ്ഞു തീർന്നപ്പോഴേക്കും ലൈബ്രറി എത്തിയിരുന്നു. രാജേന്ദ്രൻ ചേട്ടൻ ലൈബ്രറിയുടെ മുന്നിൽ ആരെയോ കത്ത് നിൽക്കുന്നതുപോലെ തോന്നി. വിശേഷങ്ങൾ തിരക്കി ഞങ്ങൾ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ രാജേന്ദ്രൻ ചേട്ടൻ പറഞ്ഞു. ലൈബ്രറി കൌൺസിൽ നിന്നും പഞ്ചായത്തിന്റെ വക പുതിയ പുസ്തകങ്ങൾ വരാനുണ്ട്. അതിനുവേണ്ടിയാണ് ഞാൻ കാത്തു നിൽക്കുന്നത്. പുതിയ പുസ്തകങ്ങൾ വരുന്നതിന്റെ ജിജ്ഞാസയാണോ അതോ പുസ്തകത്തിൽ അഭിരമിച്ചിരിക്കുന്നയാളുടെ ഭ്രമമായിരുന്നോ എന്നതിന് അദ്ദേഹത്തിൽ നിന്നും ഞങ്ങൾക്ക് ഒരു മറുപടിയുമില്ലായിരുന്നു. ഞാനും സിമിയും അകത്തേക്ക് കയറി പുസ്തകങ്ങളിലുറങ്ങുന്ന ആളുകളെ ഉണർത്താതെ സംസാരിച്ചു തുടങ്ങി.

പായിച്ച പുസ്തകവും എഴുത്തുകാരും പ്രതിപാദ്യ വിഷയങ്ങളായി. സിമിയിൽ നിന്നും ഒരുപാടു എഴുത്തുകാരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഞാൻ അറിഞ്ഞു തുടങ്ങി. എന്റെ പുസ്തകവായനയിൽ ചേർത്തുവെച്ച വിരലിലെണ്ണാവുന്ന പുസ്തകങ്ങളെക്കിറിച്ചു വിവരിച്ചപ്പോൾ സിമി ചെറിയ പുഞ്ചിരിയോടെ പറഞ്ഞു ഇതൊക്കെ ഞാൻ നാളുകൾക്കു മുന്നേ വായിച്ചതാണ്. ജനലിലൂടെ കടന്നു വന്ന ഇളം കാറ്റിന് എന്റെ ഹൃദയത്തിൽ പൊന്തിയ പ്രണയത്തിരമാലയെ ആഞ്ഞടിക്കാൻ പ്രാപ്തിയുണ്ടായിരുന്നു. നിശബ്ദതയിൽ മൂക സാക്ഷിയായി പുസ്തകങ്ങളിൽ കൂടിയിരുന്ന എല്ലാ കഥാപാത്രങ്ങളെയും മുൻ നിർത്തി എന്റെ പ്രണയകാവ്യത്തിന്റെ മറുപടി കേൾക്കാൻ വേണ്ടി ഞാൻ വീണ്ടും സിമിയോട് ചോദിച്ചു തുടങ്ങിയ നേരം പുതിയ പുസ്തകങ്ങൾ വന്നത് എടുത്തു വെച്ച്  സഹായിക്കാനായി ലൈബ്രേറിയൻ രാജേന്ദ്രൻ ചേട്ടന്റെ വിളി വന്നു. മധുരതരളിതമായി കത്തിലേക്കു ഒഴുകിയെത്താൻ കൊതിച്ച മറുപടിക്കു തടസം വരുത്തിയ രാജേന്ദ്രൻ ചേട്ടന്റെ വിളിയെ ഞാൻ ഒരു നിമിഷം ശപിച്ചു. പക്ഷേ പുതിയ പുസ്തകങ്ങൾ എടുത്തുവെക്കുന്നതിൽ പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്ന സിമിയും കൂടെ സഹായി വരാനായി എഴുന്നേറ്റപ്പോൾ എന്റെ ഹൃദയത്തിന്റെ താളം ശ്രുതിമധുരമായ മീട്ടി തുടങ്ങി. പുതിയ പുസ്തകത്തിന്റെ ഗന്ധം മനസിനെയും ശരീരത്തെയും തുട്ടുണർത്തി. രജിസ്റ്ററിൽ എല്ലാ പുസ്തകങ്ങളും രേഖപ്പെടുത്താൻ പാകത്തിൽ മേശക്കരികിലായി ചേർത്തുവെച്ചു.

പുതിയ പുസ്തകങ്ങളിൽ ചിലതു സിമി രജിസ്റ്ററിൽ രേഖപ്പെടുത്തി എടുത്തു. റാക്കിൽ സ്പർശനം കാത്തുകിടന്ന പഴയ പുസ്തകങ്ങളിൽ നിന്നും സിമിയുടെ നിർദേശപ്രേകരം ഒ. വി. വിജയന്റെ "ഖസാഖിന്റെ ഇതിഹാസം", എം ടി വാസുദേവൻ നായരുടെ "രണ്ടാമൂഴം", മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി, പെരുമ്പടവത്തിന്റെ "ഒരു സങ്കീർത്തനം പോലെ" തുടങ്ങിയ പുസ്തകങ്ങൾ ഞാനും വായനക്കായി എടുത്തു. ഞങ്ങൾ രണ്ടുപേരും ഗ്രന്ഥപ്പുരയുടെ പുറത്തേക്കു ഇറങ്ങി. സിമി യാത്ര പറഞ്ഞു പിരിയുന്ന വേളയിലും ഉത്തരം ലഭിക്കാതെപോയ പ്രണയ സങ്കീർത്തനം എന്റെ ഹൃദയത്തിന്റെ ഇടനാഴിയിൽ വീണമീട്ടുന്നുണ്ടായിരുന്നു.

(തുടരും.....)

Read: https://emalayalee.com/writer/278


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക