Image

രേണുകസ്വാമി നേരിട്ടത് ക്രൂര പീഡനം; ഇലക്‌ട്രിക് ഷോക്ക് നല്‍കിയിരുന്നുവെന്ന് കുറ്റസമ്മത മൊഴി

Published on 21 June, 2024
രേണുകസ്വാമി നേരിട്ടത് ക്രൂര പീഡനം; ഇലക്‌ട്രിക് ഷോക്ക് നല്‍കിയിരുന്നുവെന്ന് കുറ്റസമ്മത മൊഴി

ബംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ രണ്ടാം പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന  വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്‌ നടനും ഒമ്ബതാം നമ്ബര്‍ പ്രതിയുമായ ധന്‍രാജ് രേണുകസ്വാമിയെ ഇലക്‌ട്രിക് ഷോക്ക് നല്‍കിയെന്ന് മൊഴി നല്‍കിയതായാണ് വിവരം. ഇയാള്‍ കുറ്റ സമ്മത മൊഴി നല്‍കിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

ഷോക്ക് നല്‍കാന്‍ ഉപയോഗിച്ച ഉപകരണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിക്ക് ഇതെവിടെ നിന്ന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. തനിക്കെതിരായ പ്രതികൂല നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തുകയും തെളിവ് നശിപ്പിക്കാനും മൂടിവെക്കാനുമായി രണ്ടാം പ്രതിയായ ദര്‍ശന്‍ സുഹൃത്തിന്‍റെ പക്കല്‍നിന്ന് 40 ലക്ഷം രൂപ വാങ്ങി സൂക്ഷിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദര്‍ശനെയും മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലും സുഹൃത്ത് പവിത്ര ഗൗഡയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും ആവശ്യപ്പെട്ട് 24-ാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) കോടതിയില്‍ വ്യാഴാഴ്ചയാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദര്‍ശനും ഗൗഡയും ഉള്‍പ്പെടെ 17 പേരാണ് കൊലക്കേസില്‍ പ്രതികള്‍.

നടന്റെ ആരാധകനായ രേണുകസ്വാമി ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 47 കാരനായ നടന്‍ ദര്‍ശനും മറ്റ് പ്രതികളായ ധനരാജ് ഡി, വിനയ് വി, പ്രദോഷ് എന്നിവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക