Image

അവിശ്വാസം (കഥ: ഷിജു കെ.പി)

Published on 22 June, 2024
അവിശ്വാസം (കഥ: ഷിജു കെ.പി)

നിനക്കെന്നെ വിശ്വാസില്ലേ? എടിയേ ഇപ്പൊ ബിസിനസ്കാർക്ക് നല്ല സമയമാ.നമ്മൾ വ്യത്യസ്തായി ഓരോന്ന് ചെയ്യണം.

ഇതന്നെയല്ലേ നിങ്ങൾ നാല് കൊല്ലം മുന്നേം പറഞ്ഞേ,മീൻ കടേടെ അടുത്ത് തുണിക്കട തൊടങ്ങീപ്പൊ?

എടിയന്ന് കൊറോണ വന്നില്ലേ? 
ആരെങ്കിലും വിചാരിച്ചോ ഇങ്ങനൊക്കെ വരുംന്ന്?

അത് കഴിഞ്ഞ് മാസ്ക്ണ്ടാക്കണ പരിപാടി തൊടങ്ങാന്ന്നും പറഞ്ഞ് ന്റേന്ന് പൈസ വാങ്ങീട്ടാ.

എടിയപ്പളേക്കും മാസ്ക് നിർബന്ധല്ലാണ്ടാക്കീല്ലേ?

ഇത് വരെക്കും അപ്പൊ ഞാൻ തന്ന പൈസൊക്കെ എവടെ? ലാഭോ ഇല്ല. മൊതല് എവടെ?

എടി അത് പിന്നെ അപ്പാപ്പോ ഓരോ ചെലവില്ലേ? മാസ്ക് അടിക്കണ ആൾക്കാരെ അന്വേഷിക്കാൻ പോണം . യാത്ര ചെലവില്ലേ? പിന്നെ കുറച്ചു ആൾക്കാർക്ക് അഡ്വാൻസ് ഒക്കെ കൊടുത്ത്.

അത് തിരിച്ചു ചോയ്ക്ക്.

എടിയതൊക്കെ ഇനി ചോയ്ച്ചാലൊന്നും കിട്ടൂല്ല.

നിങ്ങക്ക് ഇപ്പൊ എന്തിനാ പൈസാന്ന്?

നമ്മടെ കടേൽ ഒരു ഫ്രിഡ്ജും കൂടി വാങ്ങി വെച്ചാല് നമ്മക്ക് ജ്യൂസ്‌ വിക്കാലാ.

തുണിക്കടേലാ ഫ്രിഡ്ജ്?അപ്പൊ ജ്യൂസ്‌ അടിക്കാൻ മിക്സിം വേണ്ടി വരുല്ലോ?

ഇത് കഴിഞ്ഞ് നിന്നോട് അത് പറയാന്നു വെച്ചാ.

എന്റെ മനുഷ്യാ.. നിങ്ങ അപ്പൊ ജ്യൂസ്‌ കട തൊടങ്ങാൻ പോവ്വാണാ? അപ്പൊ തുണിക്കടയാ?

ന്തായാലും മ്മക്ക് ഒരു പീടികമുറീണ്ട്.അപ്പൊ അതില് ഒരു ഭാഗത്തു മറച്ച് ഒരു കടേം കൂടി തൊടങ്ങാലോ? ഈ ചൂട് കാലത്ത് ആൾക്കാർ ജ്യൂസ്‌ കുടിക്കാൻ എന്തായാലും കടേൽ വരും.

അപ്പൊ ആര് ജ്യൂസ്‌ അടിച്ചു കൊടുക്കും?

അതിനല്ലേ നമ്മടെ നിയാസിന്റെ അനിയൻ. അവൻ ഇനി ഗൾഫി തിരിച്ചു പോണില്ല. അവടെ അവന് ജ്യൂസ്‌ കടേൽ തന്നെയാരുന്നു പണി.

അത് ശരി. അപ്പൊ നിയാസിന്റെ ബുദ്ധിയാണല്ലേ ജ്യൂസ്‌ കട?അവനെ നാളെ തന്നെ പറഞ്ഞ് വിട് നിങ്ങ. ഞാൻ വന്നിരിക്കാം തുണിക്കടേൽ.എല്ലാം കൊണ്ടും ഞാൻ നോക്കീട്ട് അതാ ലാഭം.

നീയൊന്നും കടേൽ വന്നാല് ശരിയാവൂല.

അതെന്താ?

അവടെ പല തരം ആൾക്കാരൊക്കെ വരണതല്ലേ?

അതെന്താ നിങ്ങക്ക് എന്നെ വിശ്വാസം ഇല്ലേ?

അത് പിന്നെ. നിനക്കിപ്പോ എന്താ വേണ്ടേ. ജ്യൂസ്‌ കട വേണ്ട. എന്നാ വേണ്ട. അത് വിട്ട്. നീ ഇപ്പൊ പോയി നല്ലൊരു ചായെടുത്തേ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക