Image

അന്ത്യതോന്ന്യാക്ഷരി (കവിത: വേണു നമ്പ്യാർ)

Published on 22 June, 2024
അന്ത്യതോന്ന്യാക്ഷരി (കവിത: വേണു നമ്പ്യാർ)

തോന്നണ്ടത്
തോന്നേണ്ടപ്പോൾ
തോന്നിയില്ലെങ്കിൽ
തോന്ന്യാക്ഷരിക്കവിത!

കവിതയുടെ
ഓസോൺ പാളികളിൽ
കാവ്യദോഷത്തിന്റെ തുളകൾ
തുടരെത്തുടരെ വീണാൽ
അത് കവിയുടെ ആവാസവ്യവസ്ഥയ്ക്ക്
ഒരിടിത്തീയാകും.

സമയത്തിനു വില കൊടുക്കുന്ന
വലിയ ഒരു ധനാഢ്യനായി ജീവിക്കുക
ദൗർഭാഗ്യകരമത്രെ;
സമയാതീതമായി ജീവിച്ച്
എളിമയുള്ള ഒരു കവിയായി 
ഒരു ഈരടി ചൊല്ലി മരിക്കാൻ
കഴിയുക എന്നത് സൗഭാഗ്യവും.

ശിശുവിന്റെ
പുഞ്ചിരിയിലെ കവിത
ഒരു വൃദ്ധശവത്തിന്റെ മൌനത്തിലും
വായിച്ചെടുക്കാനാകുമെങ്കിൽ
കവി ഒരു നേർവായനക്കാരനായി;
എഴുതപ്പെടാത്ത കവിതകളുടെ
ജീവൽസ്മാരകമായി.


സ്നേഹത്തിന്റെയും
പ്രണയത്തിന്റെയും നേർത്ത അതിര്
സൂക്ഷ്മമായി ഗ്രഹിക്കാൻ
കെൽപ്പുള്ള കവിയെ 
ആർക്ക് മനസ്സിലാവും?
കാമുകി അയാളെ ഉപേക്ഷിച്ചു
കടന്നു കളഞ്ഞു;
കവിത വശംവദയാകാതെ
സുമധുരമായ പിണക്കത്തിലും!

മരണത്തെക്കുറിച്ച്
ഒരു ഈരടി കുറിക്കണം
അത് അവസാനത്തെ
കവിതയാകണം

നാഡികളിൽ മണിമുഴക്കം 
താളപ്പിഴകൾ ഹൃദയമിടിപ്പുകളിൽ
കണ്ണുകളിൽ പുകമഞ്ഞിന്റെ പർദ്ദ
അംഗപ്രത്യംഗം അരിച്ചിറങ്ങുന്ന
തണുപ്പ്.......

ഉള്ളത് മന്ദം മന്ദം ഇല്ലാതായിക്കൊണ്ടിരിക്കുന്നു
അതിരുകൾ പരിധികൾ മാഞ്ഞു
കൊണ്ടിരിക്കുന്നു
ഒരു ഡസൻ സൂര്യന്മാർ
കണ്ണുകളുടെ കറുപ്പും വെള്ളയും
പൊട്ടിച്ച് മരണത്തിനു ചുറ്റും
ഭ്രമണം ചെയ്യുന്നു

സന്ത്രാസവും ഹർഷവും
അടി കാണാത്ത ഗർത്തത്തിന്റെ
അന്ത്യ നിമിഷത്തിന്റെ!

ഒരുവനും മരിപ്പാൻ മനസ്സില്ല
എങ്കിലും ന്യായപ്രമാണമനുസരിച്ച്
ഒരു നാൾ ശ്മശാനത്തിലേക്കിറങ്ങിയേ പറ്റൂ.

കോമഡിക്കും ട്രാജഡിക്കുമിടയിൽ
ഒരു ത്രില്ലർ പോലെ കവിത.

എഴുത്തു മേശമേൽ
തല ചെരിഞ്ഞ നിലയിൽ
കവിതയുടെ കോഡും
അൽഗോറിതവുമറിയാതെ
കവി അന്ത്യശ്വാസം വലിക്കുന്നു.

മഷിക്കുപ്പിയിലെ ഇന്ത്യനിങ്ക്
ചുവന്ന തുള്ളികളായി രൂപാന്തരപ്പെട്ട്
തറയിലേക്കിററു വീഴുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക