Image

ശക്തമായ സ്ത്രീകഥാപാത്രങ്ങൾ: ആഴമറിയാത്ത ഉള്ളൊഴുക്കുകള്‍

സ്വന്തം ലേഖകന്‍ Published on 22 June, 2024
ശക്തമായ സ്ത്രീകഥാപാത്രങ്ങൾ:  ആഴമറിയാത്ത ഉള്ളൊഴുക്കുകള്‍

അസാമാന്യമായ പ്രകടനം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന ഉര്‍വശി,  /യുവ നടിമാരില്‍ കിടയറ്റ അഭിനയം കൊണ്ട് മുന്‍നിരയിലെത്തിയ പാര്‍വതി. ഇവര്‍ രണ്ടു പേരും ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്ന അഭിനയമുഹൂര്ത്തങ്ങളാല്‍ സമ്പന്നമായ, തികച്ചും സ്ത്രീകേന്ദ്രീകൃതമായ കരുത്തുറ്റ ഒരു സിനിമ. അതാണ് ഉള്ളൊഴുക്ക്. ശരിയും തെറ്റും ഓരോ വ്യക്തിയെയും സംബന്ധിച്ച് ആപേക്ഷികമാകുമ്പോള്‍ ഇവിടെ ആര്‍ക്കൊപ്പമാണ് ശരിയെന്നും തെറ്റെന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണതകളുടെ അടിയൊഴുക്കിലേക്ക് വലിച്ചു കൊണ്ടു പോവുന്ന ചലച്ചിത്രം.

മലയാള സിനിമയില്‍ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇത്രയും ശക്തമായ കഥയും തിരക്കഥയും സ്ത്രീകഥാപാത്രങ്ങളുമുള്ള സിനിമ ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം. പ്രമേയം കൊണ്ടും അവതരണം കൊണ്ടും അത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയാണ് ചിത്രമൊരുക്കിയിട്ടുളളത്. 

കുട്ടനാട്ടിലെ ഒരു ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തിലാണ് കഥ നടക്കുന്നത്. അവിടെ സ്‌നേഹവതിയായ അമ്മ ലീലാമ്മ(ഉര്‍വശി). ആ വീട്ടിലേക്ക് അര്‍ദ്ധമനസോടെ വിവാഹം കഴിച്ചെത്തുന്ന യുവതിയാണ് അഞ്ജു(പാര്‍വതി) . വിവാഹം കഴിഞ്ഞ് അധിക നാള്‍ കഴിയും മുമ്പു തന്നെ അഞ്ജുവിന്റെ ഭര്‍ത്താവ്(പ്രശാന്ത് മുരളി) രോഗാതുരനായി കിടപ്പിലാകുന്നു. എന്നാലും അവള്‍ തന്റെ ഭര്‍ത്താവിനെ ഏറെ സ്‌നേഹത്തോടെ പരിചരിക്കുന്നു. അയാളുടെ മരണം അടുത്തെന്നു മനസിലാക്കിയ അവള്‍ പക്ഷേ മറ്റു ചിലതെല്ലാം മനസില്‍ കണക്കു കൂട്ടി വയ്ക്കുന്നു. എന്നാല്‍ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു. അഞ്ജുവിനെ സ്വന്തം മകളെ പോലെ തന്നെയാണ് ലീലാമ്മ കാണുന്നത്. എന്നാല്‍ അഞ്ജുവിന്റെ മനസ്സിന്റെ സഞ്ചാരം കലങ്ങി മറിഞ്ഞ, ആഴവും ചുഴിയും നിറഞ്ഞ പുഴ പോലെ സഞ്ചരിക്കുന്നു. പ്രകൃതിതാണ്ഡവത്തിനൊരുങ്ങുന്ന പെരുമഴയും പ്രളയവും പോലെ അവളുടെ മനസ്സില്‍ ആശങ്കയും അസ്വസ്ഥതകളും പ്രളയജലം പോലെ പെരുകുകയാണ്. ആദ്യമെല്ലാം എല്ലാം ഉളളിലൊതുക്കി മറച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും തടയണതകര്‍ത്ത് ആര്‍ത്തലച്ചു വരുന്ന പ്രളയജലം പോലെ അവളുടെ ഉള്ളിലെ നീറ്റലും അസ്വസ്ഥതകളും മറ്റുളളവരുടെ ജീവിതത്തിലും അശാന്തി നിറയ്ക്കുന്നു.

മികച്ച ഭാവാഭിനയം കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഉല്‍വശിയും പാര്‍വതിയും ആദ്യമായി ഒ    രു ചിത്രത്തില്‍ ഒരുമിക്കുന്നു എന്നതു തന്നെ അത്യധികം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്.  ദേശീയതലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായ തിരക്കഥ, 'കറി&സ.യനൈഡ്' എന്ന അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററിയുടെ സംവിധായകന്റെ ആദ്യ ഫീച്ചര്‍ ഫിലിം എന്നിങ്ങനെ ഉള്ളൊഴുക്കിനെ കാത്തിരിക്കാനും അതിലെ അടിയൊഴുക്കുകളെ അടുത്തറിയാനും താല്‍പ്പര്യം ജനിപ്പിക്കന്ന ഘടകങ്ങള്‍ വേറെയുമുണ്ടായിരുന്നു. ഉര്‍വശി എന്ന അഭിനേത്രിയുടെ അനിഷേധ്യമായ അഭിനയ മികവിന് മുന്നില്‍ പ്രേക്ഷകര്‍ ഒരിക്കല്‍ കൂടി നമിച്ചു പോവുകയാണ്. ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പില്‍ നിന്നുകൊണ്ട് ഒരമ്മയുടെ ആത്മസംഘര്‍ഷങ്ങളെ അതിഭാവുകത്വത്തിന്റെ പാതയിലേക്ക് വഴുതിപ്പോവാതെ കൃഥ്യമായി അളന്നു മുറിച്ച് അവതരിപ്പിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. നിശബ്ദതയും മൗനത്തില്‍ ആഴ്ന്നിറങ്ങിയ ഒരു നോട്ടം കൊണ്ടു പോലും അത്ര തീവ്രമായി ആശയ സംവേദനം നടത്താന്‍ താരത്തിന് കഴിഞ്ഞു.

പുതുതലമുറയിലെ പാര്‍വതി ഉര്‍വശി എന്ന എക്കാലത്തെയും മികച്ച അഭിനേത്രിക്കൊപ്പം അണുവിട വിടാതെ പിടിച്ചു നില്‍ക്കുന്നതും ഉള്ളൊഴുക്കിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. ഭാവതീക്ഷണതയും അര്‍ത്ഥഗര്‍ഭമായ മൗനവും അതിലേറെ വാചാലമായ നോട്ടങ്ങളും ഉള്ളുലഞ്ഞ സംഭാഷണങ്ങളും കൊണ്ട് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് പാര്‍വതിയും.

കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയിലൂടെ ദേദീയ തലത്തില്‍ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമി# സംവിധായകന്‍ എന്ന നിലയില്‍ തന്റെ പ്രതിഭയെ കൃത്യമായിഅടയാളപ്പെടുത്തിയ ചിത്രമാണ് ഉള്ളൊഴുക്ക് എന്ന് നിസ്സംശയം പറയാം. ഉള്ളുലയ്ക്കുന്ന ത്രീവവും തീക്ഷണവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങള്‍. അവരുടെ ഹൃദയത്തിനുള്ളില്‍ അടക്കി വയ്ക്കപ്പെട്ട കനലുകളുടെ തീയും നോവും ഒറൊഴുക്കിലും കെടാതെ നീറിപ്പുകയുമ്പോള്‍ അത് അതേ അളവില്‍ പ്രേക്ഷകരിലേക്കും പടരുകയാണ്. ശരിയും തെറ്റും ഓരോ വ്യക്തിയുടെയും കണ്ണില്‍ ഓരോ രീതിയിലാണ്. അവയ്ക്കിടയിലെ അന്തരവും എത്ര ചെറുതാണെന്ന് കാണാന്‍ കഴിയും.  കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തെ, അവരുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ സംവിധായകന്‍ ഒരു ശ്രമവും നടത്തുന്നില്ല. ശരിതെറ്റുകളുടെ ന്യായവിധി പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കുന്ന സമീപനമാണ് സംവിധായകന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. പലപ്പോഴും മഴയും നിശ്ശബ്ദദയുമെല്ലാം ആശയ സംവേദനം നടത്തുന്നുണ്ട്.

കഥയുടെ ആകെയുള്ള മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്ന സുഷിന്‍ ശ്യാമിന്റെ സംഗീതവും മികച്ചതായി. പ്രകൃതിയുടെ ഭാവഭേദങ്ങള്‍ക്കനുസൃതമായുള്ള പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഗാംഭീര്യം കൂട്ടുന്നുണ്ട്. എല്ലാ ആത്സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ശരിതെറ്റുകളുടെ ന്യായവിചാരണ പ്രേക്ഷകന് വിട്ടു കൊടുത്ത് ഒഴുക്കിനെ തടയാതെ നില്‍ക്കുകയാണ് സംവിധായകന്‍. തിയേറ്ററില്‍ തന്നെ കാണേണ്ട ഒരു മികച്ച സിനിമാനുഭമാണ് ഉള്ളൊഴുക്ക്. ഉര്‍വശിയുടെയും പാര്‍വതിയുടെയും കരിയര്‍ ബെസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം. ഒരു പക്ഷേ ഇരുവരെയും ദേശീയപുരസ്‌കാര വേദിയിലേക്ക് എത്തിക്കാന്‍ വരെ കെല്‍പ്പുളള കഥാപാത്രങ്ങള്‍. ഒരിക്കലും മിസ്സ് ചെയ്യരുത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക