Image

വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്

Published on 22 June, 2024
വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്

നടന്‍ വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ സാഹസിക  പ്രകടനത്തിനിടെ  കുട്ടിക്ക് പൊള്ളലേറ്റു. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയില്‍ കൈയില്‍ തീ കത്തിച്ച് ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്.  കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘടനയുടെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വിജയ്‌യുടെ അമ്ബതാം പിറന്നാള്‍ ആയിരുന്നു. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം, തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. വിജയ് മക്കള്‍ ഇഴക്കം പ്രസിഡന്റ് ആനന്ദ് ജന്മദിനാഘോഷങ്ങള്‍ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ചിലയിടങ്ങളില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി  ആരോഗ്യത്തെ കുറിച്ച്‌ അന്വേഷിച്ച ശേഷമാണ് നടന്‍ മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക