Image

സെല്ലുലോയിഡിലെ അതിശയങ്ങള്‍ (പി എസ് ജോസഫ്‌ )

Published on 22 June, 2024
സെല്ലുലോയിഡിലെ അതിശയങ്ങള്‍ (പി എസ് ജോസഫ്‌ )

see in emalayalee magazine: https://mag.emalayalee.com/magazine/june2024/#page=56

മലയാള സിനിമ /ഐ  ഇ എഫ് എഫ് കെ 

കോടിയും ഓളവും സൃഷ്ടിക്കുന്ന സിനിമകള്‍ അല്ല , മലയാളി ഭാവുകത്വത്തെ സ്വാധീനിക്കുന്ന പരീക്ഷണ ചിത്രങ്ങളാണ് മലയാള സിനിമയുടെ ഭാവി നിര്‍ണ്ണയിക്കുക .

കോടികള്‍ ചെലവഴിച്ചു കോടികള്‍ കൊയ്യുകയും  കോടികള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മലയാള സിനിമയില്‍ ഒരു അതിശയമായിരിക്കും  ക്രിസ്റ്റന്‍   ജോസഫ്‌ സംവിധാനം ചെയ്ത മെനു (മെന്‍ യു).എഴുപത്തഞ്ചു മിനിറ്റ് നീളുന്ന ഈ സിനിമ ഒറ്റ ഷോട്ടില്‍ സംവിധാനം ചെയ്തതാണ് .അഭിനയം ,ചിത്രീകരണം ,സംവിധാനം ,സാങ്കേതികത ,ലോജിസ്റ്റിക്സ് തുടങ്ങിയവ ഉയര്‍ത്തുന്ന  വെല്ലുവിളികളെ നേരിട്ട് നിര്‍മ്മിച്ച ഈ ചിത്രത്തിന് വന്ന ചെലവ് ആരെയും അതിശയിപ്പിക്കും .മുപ്പതിനായിരം രൂപ. 

    പല പരിമിതികളും നേരിട്ടായിരുന്നു   ചിത്രം പൂര്‍ത്തിയാക്കിയത് .കഥാപാത്രങ്ങളില്‍ രണ്ടു പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണ് .നേരത്തെ അഭിനയിക്കാത്തവര്‍ .സിറ്റുവേഷന്‍ പറഞ്ഞു കൊടുത്തുവെങ്കിലും അവര്‍ സ്വയം സംഭാഷണം മുന്നോട്ടു കൊണ്ടു പോകണം അത് പോലെ മറ്റു അഭിനേതാക്കളും .,വൈകാരികമായ അവരുടെ ജീവിതത്തെ തങ്ങളുടെ കഥാപാത്രത്തിനു അനുസൃതമായി അവതരിപ്പിക്കണം ,അറിയാതെ പറയുന്ന വാക്കുകള്‍ക്കനുസരിച്ച് മറുപടി ഉണ്ടാകണം .അതോടൊപ്പം തങ്ങളുടെ സ്വഭാവവും തങ്ങള്‍ അനുഭവിക്കുന്ന ഏകാന്തതയും വിഷമങ്ങളും  പുറത്ത് കൊണ്ടു വരണം .നീണ്ട  കാത്തിരിപ്പിന്  ഒടുവില്‍ വരുന്ന അതിഥി അല്ലെങ്കില്‍ കാമുകന്‍  .അയാളുമായി തര്‍ക്കവും വേര്‍പിരിയലും .പിന്നെ പുറത്തു  ഒരു രാത്രിക്ക് അന്തിക്കൂട്ടിനു ആളെതേടല്‍ .അത് ചിത്രീകരിക്കാന്‍  ക്യാമറയുമായി  അടുത്ത ജങ്ക്ഷനിലേക്ക് ഓടണം .അവിടെ വിശാലമായ ദൃശ്യപശ്ചാത്തലത്തില്‍ അവരുമായി വിലപേശുന്ന പുരുഷന്മാര്‍ .അതില്‍ അവരുടെ സ്വാഭാവം പുറത്തു കൊണ്ടു വരണം . പിന്നിട് സിനിമക്കുള്ളിലെ സിനിമ .പുറത്തു ഒരു കഫേയില്‍ മറ്റൊരു കാഴ്ച .

     മുറിയില്‍ നിന്ന് ക്യാമറയുമായി പുറത്തേക്ക് പോയതായിരുന്നു വലിയ വെല്ലുവിളി എന്ന് സംവിധായകന്‍  ക്രിസ്റ്റന്‍ ജോസഫ്‌ പറയുന്നു അതെ പോലെ സൌണ്ട്  റിക്കോഡിംഗ് സൗകര്യം  ചിത്രീകരണം തീരുന്നത് വരെ ഉണ്ടാകുമോ  എന്ന ഭയം .അതിനുമപ്പുറം തിരക്കുള്ള കവലയില്‍ ചിത്രീകരണം നടക്കുമ്പോള്‍ ആളുകള്‍ തടിച്ചു കൂടുമോയെന്നു  ഭീതി .വിജയകരമായി പൂര്‍ത്തിയായെങ്കിലും സൌണ്ട് റെക്കോഡിങ്ങില്‍ പോരായ്മ വന്നു എന്ന് സംവിധായകന്‍ സമ്മതിക്കുന്നു .ഇനി ഇത്തരമൊരു സാഹസത്തിനു ഇല്ലെന്നും .

   ഈ വിഭാഗം  ചിത്രങ്ങളില്‍ ട്രാന്‍സ് വ്യക്തികളുടെ യാഥാര്‍ത്ഥ വിചാര വികാരങ്ങളിലേക്ക്  ഉറ്റു നോക്കുന്ന സിനിമയാണിത് എന്ന നിലക്ക് സംവിധായകന്  ക്രിസ്റ്റന്‍ ജോസഫിന്  അഭിമാനിക്കാം .ദൈര്ഘ്യം  ഇത്തിരി കൂടിയെങ്കിലും 

   മലയാളത്തിലെ ഇന്നത്തെ പരീക്ഷണ ചിത്രങ്ങളുടെ  ഒരു നേര്‍ ചിത്രം കൂടിയാണ് മെനു .കോഴിക്കോട് പ്രതാപ് ജോസഫിന്റെ മിനിമല്‍  സിനിമ പോലെ  പരീക്ഷണ ചിത്രങ്ങള്‍ക്കായുള്ള ഒരു വേദി ഇല്ലെങ്കില്‍ ഒരു പക്ഷെ കാണികള്‍ കാണുക പോലും ചെയ്യാതെ പോകാന്‍ ഇടയുള്ള ചിത്രങ്ങള്‍ .മുപ്പത്തിയഞ്ചു  ചിത്രങ്ങള്‍ ഐ  ഇ എഫ് എഫ് കെ  വഴി പ്രദര്ശിപ്പിച്ചതായി സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്റ്ററുമായ പ്രതാപ് ജോസഫ്‌ പറയുന്നു അതില്‍ തന്നെ അഞ്ചു ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് ഇത്.

   പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ ഫോര്‍മുലക്ക്  ഇന്ന് മലയാളത്തിലേക്ക് പൊതുവേ ഇന്ത്യ മുഴുവന്‍ നോക്കുമ്പോള്‍ വിപണിയുടെ ശക്തിയെ അവഗണിച്ചു നിര്‍മ്മിക്കുന്ന ഈ മലയാള ചിത്രങ്ങള്‍ നമ്മുടെ ഭാവുകത്വത്തില്‍ വലിയ വ്യതിയാനം വരുത്തുന്നു .ഇടക്കിടെ കഥയും റഷസും മാറ്റുകയും സംവിധായകനെ തന്നെ മാറ്റുകയും ചെയ്യുന്ന വന്‍ നിര്‍മാതാക്കള്‍ അല്ല സിനിമയോട് പ്രതിബദ്ധത ഉള്ള നിരവധി സംവിധായകരും സാങ്കേതിക വിദഗ്ദരുമാണ് മലയാള സിനിമയുടെ ശക്തി .അവര്‍  തിയേറ്ററുകളെ നിയന്ത്രിക്കാനോ വിതരണത്തെ സ്വാധീനിക്കാനോ  കഴിയുന്നവരല്ല  . താരമൂല്യവും പണവും പ്രധാന ഘടകമാകുന്ന ആ ലോകത്തിന്‍റെ പിന്നാംപുറത്താണ് അവരുടെ നില്‍പ്പ് .പ്രതിഭ മാത്രമാണ് അവരുടെ മുതല്‍മുടക്ക് . .സിനിമയോടുള്ള മോഹം മൂലം കളത്തില്‍ ഇറങ്ങിയിരിക്കുന്ന ഈ പ്രതിഭകള്‍ക്ക് തിയേറ്റര്‍ പോലും ഒരു സ്വപ്നമാണ് .എന്നിട്ടും അവര്‍ വീണ്ടും വീണ്ടും സിനിമ ചെയ്യുന്നു .അവര്‍ക്ക്  കൈപിടിച്ചു കൊടുക്കാന്‍  തുണയാകേണ്ട ഫിലിം അക്കാദമിക്ക് പോലും അതിനു കഴിയുന്നില്ല എന്നത് വലിയൊരു ദുരന്തമാണ് .

   മിനിമല്‍ സിനിമയില്‍ അവതരിപ്പിച്ച ലാ ടോമാറ്റിനോ എന്ന സജീവന്‍ അന്തിക്കാടിന്റെ ചിത്രം ഒരു ഉദാഹരണമാണ് .എല്ലാ അര്‍ത്ഥത്തിലും ഒരു സിനിമ എന്ന നിലയില്‍ വലിയ വിജയം ആകേണ്ട ചിത്രമാണിത് .വലിയ താര നിര ഇല്ലെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടന വൈഭവമുള്ള നടി നടന്മാര്‍ ഈ ചിത്രത്തില്‍ ഉണ്ട് .പ്രമേയമാകട്ടെ സാര്‍വലൌകികവും. സത്യത്തെ കുഴിച്ചു മൂടാന്‍  ശ്രമിക്കുന്ന ഭരണകൂടത്തിന്‍റെ കിരാതമായ ശ്രമങ്ങള്‍ ആണ് സിനിമയുടെ പ്രമേയം ..ആര്‍ ടി ഐ അപേക്ഷ നല്‍കി അഴിമതി പുറത്തു കൊണ്ടുവരുന്ന വിവരാവകാശ പോരാളികളെ  കേന്ദ്രീകരിച്ചു എടുത്തിരിക്കുന്ന ഈ സിനിമയെ  ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാം .ആദ്യവസാനം സത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ യോദ്ധാക്കളെ ശക്തമായി അവതരിപ്പിക്കുന്ന സജീവന്‍ അന്തിക്കാട്  ഇനി മാധ്യമങ്ങളുടെ ഭാവി ഇത്തരം സ്രോതസ്സുകളില്‍ കൂടിയാണെന്ന് കരുതുന്നു . രവീഷ് കുമാറും ദ്രുത രാവിയും അടങ്ങുന്ന ആ സിറ്റിസെന്‍ ജേര്‍ണലിസത്തിന്‍റെ പ്രതീകമാണ് ജോയ് മാത്യൂ അവതരിപ്പിക്കുന്ന ലാ ടോമാറ്റിനോയുടെ പത്രാധിപര്‍ .തക്കാളി കുഴച്ചു ആറാടുന്ന സ്പെയിനിലെ ഉത്സവമാണ് ലാ ടോമാറ്റിനോ .ചിത്രം അവസാനിക്കുന്നത് രക്തത്തില്‍ ആറാടികൊണ്ടും .അതോടൊപ്പം വിവരാവകാശ പോരാട്ടത്തില്‍ മരിച്ച നൂറു കണക്കിന് പേരുടെ പേരുകള്‍ സ്ക്രീനില്‍ നിറയുന്നു .

    ഭരണകൂടം എത്ര വിദഗ്ദമായാണ് തങ്ങളുടെ വിമര്‍ശകരുടെ നാവരിയുകയും ഇവിടെ ജീവന്‍ തന്നെ എടുക്കുകയും ചെയ്യുന്നതെന്ന് കൃതഹസ്തയോടെ സജീവന്‍ അന്തിക്കാട് ഈ സിനിമയില്‍  അവതരിപ്പിക്കുന്നു .കോമഡിയുടെ പേരില്‍ ശ്രദ്ധേയനായ കോട്ടയം നസീര്‍ എന്ന നടന്‍ ഈ ചിത്രത്തില്‍ നിര്‍ദ്ദയമായി പീഡനം നടത്തുന്ന പോലീസുകാരനായി പരകായ പ്രവേശം നടത്തുന്നു .അദ്ദേഹത്തിന്‍റെ ഓരോ വാക്കും ചലനവും ചിത്രത്തിന്‍റെ അന്തരീക്ഷം മാറ്റി മറിക്കുന്നു .നവാഗത നടന്‍ അവതരിപ്പിക്കുന്ന പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്ന   അബുവിനുണ്ടാകുന്ന മനചാഞ്ചല്യം ആണ് ചിത്രത്തിലെ ഒരു പ്രധാന നിമിഷം . ഒടുങ്ങാത്ത പീഡനത്തിനു ജോയ് മാത്യുവിനെ  വിധേയനാക്കുന്ന സ്തീ പോലീസുകാരി അവസാനം മനസലിഞ്ഞു അദ്ദേഹത്തിനു രക്ഷപെടാന്‍ വഴി തന്നെ ഒരുക്കുന്നു 

   കഠിനമായ പീഡനത്തിനു വിധേനാകുമ്പോഴും ആര്‍ജവം കൈ വിടാത്ത പത്രാധിപര്‍ ഒരിക്കല്‍  തന്‍റെ ജേര്‍ണലിസം ക്ലാസ്സില്‍ ഇരുന്നിരുന്നു  എന്ന് വിഷമത്തോടെ പറയുന്ന ആ പെണ്‍കുട്ടിയോട്  ചോദിക്കുന്നു ?എന്താണ് ന്യൂസ്‌ ?പെണ്‍കുട്ടി പരിഭ്രാന്തയാകുമ്പോള്‍ അദേഹം പറയുന്നു ,”മറ്റുള്ളവര്‍ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നതാണ് ന്യൂസ്‌…

   പോലിസ് ഭീകരതയുടെ പല കഥകളും ഉണ്ടായിട്ടുണ്ട് .എങ്കിലും  ഇത്ര പച്ചയായി ഭരണകൂട ഭീകരത തുറന്നു കാട്ടുന്ന മറ്റൊരു സിനിമ ഉണ്ടായിട്ടില്ല .വളരെ സ്വാതികനെ പോലെ പുറമേ നിന്ന് പീഡനത്തിനു നേത്രത്വം നല്‍കുന്ന പോലീസ് ഓഫീസറും വളരെ സൂക്ഷ്മം  ആയി ആ ഭാഗം അവതരിപിക്കുന്നു .അവസാനം തങ്ങള്‍ കണ്ടു പിടിക്കപ്പെടും എന്നായപ്പോള്‍ പത്രാധിപരെ  കൊലപ്പെടുത്തി കഷണങ്ങള്‍ ആക്കി കടലില്‍ കൊണ്ടു കളയാന്‍ പോകുന്ന രംഗത്ത് ചെറിയ ചലനങ്ങളിലൂടെ  സിഗരെട്ടിന്റെ ചെറിയ അനക്കങ്ങള്‍ വഴി  നമ്മുടെ ഹൃദയത്തില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കുന്നു സംവിധായകന്‍  .വളരെ tight അയി  എടുത്ത മികച്ച ഒരു ദൃശ്യാനുഭാവമാണ് സജീവന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ  നല്‍കുന്നത് പക്ഷെ അതിനു തിയേറ്റര്‍ ഇല്ല എന്നത് മറ്റൊരു മലയാളി ദുരനുഭവം .

   മേളയിലെ മറ്റൊരു ആകര്‍ഷണം  പ്രശസ്ത സിനിമറ്റൊഗ്രഫര്‍ ആയ സണ്ണി ജോസഫിന്റെ കന്നി  ചിത്രം ഭൂമിയുടെ ഉപ്പ്‌ ആയിരുന്നു .ഒരു ക്രൈസ്തവ ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന നന്മ തിന്മകളുടെ പ്രവര്‍ത്തനം ആണ് സണ്ണി  ജോസഫ്‌ ഇതിലൂടെ ആവിഷ്ക്കരിക്കുന്നത് .എങ്ങനെ വളരെ ദുര്‍ബ്ബലരായ മനസുകളെ ഭ്രാന്തമായ മനസുകള്‍ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുന്നു എന്ന അന്വേഷണമാണ് ചിത്രമെന്ന് സണ്ണി ജോസഫ്‌ പറയുന്നു .ആശ്രമത്തില്‍ എത്തുന്നു വൈദിക വിദ്യാര്‍ഥിയെ വല്ലാതെ സ്വാധീനിക്കുന്ന അച്ചനായി രഘുത്തമന്‍ തിളങ്ങുന്നു .

   ദീപേഷ് ടി സംവിധാനം ചെയ്ത ജൈവം പ്രമേയത്തിന്റെ വൈവിധ്യം കൊണ്ടും മികവുകൊണ്ടും  ഏറെ ശ്രദ്ധിക്കപെട്ടു .പൂര്‍ണ്ണമായും കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം  മധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ മനോവിചാരങ്ങള്‍ അതിസൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്നു .ആരും കൈകാര്യം ചെയ്യാത്ത ഒരു വിഷയമാണിത് .ചിത്രത്തിലെ നായിക ജീവിച്ചു അഭിനയിക്കുന്നു .മെനോപോസ് കാലത്ത് എത്തിയിരിക്കുന്ന മധ്യവയസ്ക്കയായ ഭാര്യയെ ക്രൂരമായി അവഗണിക്കുന്ന ഒരു ഭര്‍ത്താവിന്റെയും ഭാര്യയുടെയും കഥയാണ്‌ ഇത് .മുസ്ലിം പശ്ചാത്തലത്തില്‍ നടക്കുന്ന ഈ സിനിമയില്‍ യൗവനം കൊഴിഞ്ഞ സ്ത്രീകള്‍ അനുഭവിക്കുന്ന വ്യഥകള്‍ ദീപേഷ് ടി ശക്തമായി അവതരിപിക്കുന്നു .അവഗണനക്കും അപ്പുറം മറ്റൊരു സ്ത്രീക്കും പുരുഷനും വേണ്ടിയാണ് ഈ നിരാസം എന്നത് അവരുടെ  വേദന കഠിനമാക്കുന്നു .ഒരു സമാന്തര കഥയായി അവരുടെ മകന്റെ പ്രണയഭംഗം അവതരിപ്പിക്കുന്നു .തികച്ചും മത വിശ്വാസിയായിരുന്ന മകനെ പ്രണയം തകര്‍ക്കുന്നു .മയക്കു മരുന്നിന് അടിമയാകുന്ന നിലയിലേക്ക് മെഡിക്കല്‍ വിദ്യാര്‍ഥിയായ അയാള്‍ ഒഴുകി പോകുന്നു ..സിനിമയുടെ മൊത്തം ഒഴുക്കുമായി ചേരുന്നില്ല ഇതെങ്കിലും  സംവിധായകന്റെ ധൈര്യം എടുത്തു പറയേണ്ടതാണ് .മുന്‍പും തന്‍റെ ചിത്രങ്ങള്‍ വഴി വ്യത്യസ്ത സമുദായങ്ങളെ പ്രകോപിപ്പിച്ച സംവിധായകനാണ് ദീപേഷ് ടി  .

   രേഹ്മാന്‍ ബ്രദേഴ്സിന്‍റെ  ഭൂതം, ഷെഹ്രസാദ്  പോലെ വ്യത്യസ്ത ചിത്രങ്ങള്‍  ഉണ്ടായിരുന്ന ഈ മേളയില്‍ മറ്റൊരു കൌതുകം ഒരു ഡോക്യു ഫിക്ഷനായ സ്വാമി ആനന്ദ തീര്‍ത്ഥന്‍:  ഒരു നിഷേധിയുടെ ആല്‍മശക്തി   ആണ് .അത്ര അറിയപ്പെടാത്ത സ്വാമിയെ കണ്ടെത്തി  അവതരിപ്പിച്ചത് തന്നെ അഭിമാനാര്‍മായ നേട്ടമാണ് .ബിന്ദു  സാജനും അഭിജിത്ത് നാരായണനും സംവിധാനം ചെയ്ത ചിത്രം കേരളം മറന്ന നവോഥാന നായകരില്‍ ഒരാളെ അവതരിപ്പിക്കുന്നു .ശ്രീ നാരായണ ഗുരുവിന്‍റെ അവസാന ശിഷ്യനാണ് സ്വാമി ആനന്ദ  തീര്‍ത്ഥന്‍.വടക്കന്‍ കേരളത്തില്‍ ജാതി വ്യവസ്ഥക്ക്  നേരെ പൊരുതിയ വ്യക്തി .കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാനും അഗതികളായ കുഞ്ഞുങ്ങളെ പരിപാലിക്കാനും ശ്രമിച്ച വ്യക്തി സ്വാതന്ത്ര്യത്തിനു ശേഷവും നിയമപരമായ മാര്‍ഗങ്ങളിലൂടെ ജാതിക്കെതിരെ സമരം ചെയ്ത സന്യാസിവര്യനായിരുന്നു അദ്ദേഹം .അദ്ദേഹത്തെ അറിഞ്ഞിരുന്ന അദ്ദേഹത്തിന്‍റെ കനിവില്‍ ജീവിതം ലഭിച്ച വ്യക്തികളുടെ കണ്ണിലൂടെ ആ ജീവിതം പുനര്‍ ജനിക്കുന്നു മാത്രമല്ല ആനന്ദതീര്‍ത്ഥനു ചേര്‍ന്ന അഭിനയം കാഴ്ചവെയ്ക്കുന്ന ഒരാളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് ആനന്ദ തീര്‍ത്ഥനെ അടുത്തറിയുന്ന കുഞ്ഞു കൃഷ്ണനാണ് സിനിമയുടെ നിര്‍മ്മാതാവ് . നല്ല ക്യാമറ .ഒഴുക്കുള്ള എഡിറ്റിംഗ് കേരളത്തിലും തമിഴ്  നാട്ടിലും ആയി ചിത്രീകരിച്ച ഈ സിനിമ ഒരു  തപസ്യ തന്നെയായി

  പ്രേം ചന്ദും മുക്തയും  സംവിധാനം ചെയ്ത  .ജോണ്‍ എന്ന ചിത്രം ഉള്‍പ്പെടുത്തിയത് കൊണ്ടോ എന്നറിയില്ല ഇന്നും ജോണ്‍ സിനിമയിലെ പുതു തലമുറയുടെ വികാരം ആണെന്ന് ഫെസ്റിവല്‍ ഓര്‍മ്മ പെടുത്തി .ജോണ്‍ചിത്രങ്ങള്‍ പെര്‍ഫെക്റ്റ് ആയിരുന്നില്ലെന്ന് എല്ലാവരും സമ്മതിച്ചു.പക്ഷെ ആ അപൂര്‍ണ്ണത അല്ലെ പൂര്‍ണ്ണത  എന്നായിരുന്നു ചോദ്യം കല imperfect ആയാല്‍ അതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ചോദ്യം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക