Image

ജിംക്രോ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 24- സാംസി കൊടുമണ്‍)

Published on 23 June, 2024
ജിംക്രോ  (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 24- സാംസി കൊടുമണ്‍)

ജിംക്രോ 

“ലോകചരിത്രം വംശിയതയുടെ തിണ്ണനെരങ്ങിയാണു വളര്‍ന്നതെന്നു പറയുമ്പോള്‍, ലോകത്തെവിടെയും വംശിയതയുടെ വേരുകല്‍ എത്ര ആഴത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നു തിരിച്ചറിയാതെ പോകരുത്.” ആന്‍ഡ്രുവാണതു പറഞ്ഞത്. സാമും, റീനയും, തെരേസയും, റെജി എന്നു വിളിക്കുന്ന റെജിനാള്‍ഡും, ബെഞ്ചമന്‍ ജൂനിയറും അപ്പോള്‍ ലഞ്ചുറൂമില്‍ ആന്‍ഡ്രുവിനെ കേള്‍ക്കുന്നുണ്ടായിരുന്നു. റെജിയും, ബഞ്ചമനും ക്യുന്‍സി തോട്ടത്തിന്റെ ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടവരായിരുന്നു. പണ്ട് പീറ്റര്‍ എന്ന കാര്യവിചാരകന്‍ ഇസ്‌ബെല്ലയുടെ മകന്‍ ബെഞ്ചിമനെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കി ഒപ്പം കൂട്ടുമ്പോള്‍ അവന്‍ തന്റെതന്നെ രക്തം എന്നുറപ്പിച്ചിരുന്നു. പീറ്ററിന്റെ മകന്‍ ജോണിന്റെ പിന്തുടര്‍ച്ചയാണു റെജി, ബെഞ്ചിമന്റെ പരമ്പരയില്‍ പെട്ട ബെഞ്ചമിന്‍ ജൂനിയറും ഇവിടെ , പരസ്പരം അറിയാത്തവരായി പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടവരായി സുഹൃത്തുക്കളായി ഒന്നിച്ചു ജോലി ചെയ്യുന്നു.

ജിംക്രോ എന്ന അയിത്താചരണത്തെക്കുറിച്ചായിരുന്നു അവര്‍ അപ്പോള്‍ സംസാരിച്ചുകൊണ്ടിരുന്നത്. അവരുടെ സംസാരത്തിനിടയിലേക്ക് കടന്നുവന്ന. മക്‌നേയരെ കണ്ടപ്പോള്‍ സാമിന്റെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു. മക്‌നേയരുടെ നേയരും, സീതാ നായരുടെ നായരും സ്‌പെ ്ല്ലിംഗില്‍ ഒന്നുതന്നെയാണല്ലോ... അവര്‍ പരസ്പരം ബന്ധുക്കളോ...? പക്ഷേ മക്‌നേയര്‍ സ്വയം കറുത്തവംശജനായിട്ടാണടയാളപ്പെടുത്തുന്നത്. സാം ആന്‍ഡ്രുവിനൊടതിനെക്കുറിച്ചു സംസാരിച്ചു. അപ്പോള്‍ ആന്‍ഡ്രു പറഞ്ഞത്; 'അവര്‍ വംശിയമായി ഒന്നാണൊ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. മക്‌നേയര്‍ ഫ്രഞ്ച് വംശിയതയാണ് അടയാളപ്പെടുത്തുന്നത്. ചിലപ്പോള്‍ അതു ശരിയായിരിക്കാം. എന്നാല്‍ ഞാന്‍ ഒരിക്കല്‍ വായിച്ച ചരിത്രത്താളുകളില്‍ എവിടെയോ, മലബാര്‍ മാനുവലില്‍ (അതോ കഥയിലോ) കേരളത്തില്‍ നിന്നും അടിമകളായി ഫ്രഞ്ചുകാര്‍ കൊണ്ടുപോയവരുടെ കൂട്ടത്തില്‍ ഒരു നായരുടെ പേരുണ്ടായിരുന്നു (എന്നു വായിച്ച ഓര്‍മ്മ തികട്ടി.). ആ നായര്‍, അതേ തോട്ടത്തിലെ ഒരുകറുത്ത വംശക്കാരിയില്‍ സന്താനങ്ങളെ ജനിപ്പിക്കുകയും, നായര്‍ എന്ന തന്തപ്പേര് തലമുറകള്‍ കൈമാറിയപ്പോള്‍ നേയര്‍ എന്നു മാറ്റിപ്പറഞ്ഞതും ആകാം. തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് അത് ചരിതത്തിലെ ഊഹമാണ്, ചരിത്രം അല്ല. ചരിത്രത്തിനു വേണ്ടതു തെളിവുകളാണ്'.

നേയരെപ്പോലെ തനിക്കും നായരും, നേയരും ഒരുപോലെയെന്ന് സാം ഉള്ളില്‍ ചിരിച്ചപ്പോള്‍,സീതയുടെ തേങ്ങല്‍ എവിടെയോ കേള്‍ക്കുന്നപോലെ. സാം സീതയെ മറക്കാനെന്നപോലെ കയ്യിലെ കൊക്കക്കോള ക്യാനിലെ സോഡ കുടിച്ച് ആന്‍ഡ്രു പറയുന്ന അമേരിക്കയിലെ അടിമകാല കഥകളിലേക്കിറങ്ങി. അത് അങ്കിള്‍ ടോം പറഞ്ഞതിന്റെ ബാക്കിയെന്നപോലെ തോന്നി. 'ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചില്‍ (1865) സിവില്‍വാര്‍ അവസാനിക്കുകുയും, എബ്രഹാം ലിങ്കന്‍ കൊല്ലപ്പെടുകയും ചെയ്തതിനു ശേഷമുള്ള അമേരിക്കയുടെ ചരിത്രം രണ്ടു ധാരകളായിതന്നെ നിലനിന്നു എന്നാണു മനസിലാക്കേണ്ടത്.' ആന്‍ഡ്രു പറയുകയാണ്. 'സിവില്‍വാറിനുമുമ്പുള്ള അടിമത്വം നേര്‍ക്കുനേര്‍ വളരെ പ്രകടമായിരുന്നു. പ്ലാന്റേഷനുകളില്‍ അവകാശങ്ങളോ, വേതനമോ ഇല്ലാത്ത അടിമകള്‍ സ്വന്തം മോചനത്തിനായി ഒളിച്ചോടുകയോ, യജമാനന്റെ ദയയാല്‍ മോചിക്കപ്പെടുകയോ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ലിങ്കന്റെ വിമോചന പ്രഖ്യാപനം അല്ലെങ്കില്‍, പതിമൂന്നാം ഭരണഘടനാഭേദഗതിയോടെ എല്ലാ അടിമകളും സ്വതന്ത്രരാകുകയും, അടിമക്കച്ചൊടം നിയമപരമായി നിരോധിക്കയും ചെയ്തുവെങ്കിലും, തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. നാടകശാലയില്‍ ഒരു നടനാല്‍ ലിങ്കന്‍ കൊല്ലപ്പെട്ടു എന്നു ചരിത്രം വായിക്കുമ്പോള്‍, ലിങ്കന്റെ കൊലപാതകമോ, തങ്ങള്‍ സ്വതന്ത്രരായവരെന്നൊ അറിയാത്ത ബഹുഭൂരിപക്ഷം അടിമകളും അപ്പോഴും യജമാനന്റെ വസ്തുവായി തുടര്‍ന്നു.

ലിങ്കനു ശേഷം വൈസ് പ്രസിഡന്റായ ആന്‍ഡ്രു ജോണ്‍സണ്‍ പ്രസിഡന്റായി. ലിങ്കനെപ്പോലെ പുരോഗമനചിന്താഗതിക്കാരന്‍ ആയിരുന്നില്ല എന്നു മാത്രമല്ല കോണ്‍ഫഡറെറ്റുകളുമായി അല്പം മാസിക അടുപ്പമുള്ളവനും ആയിരുന്നു എന്നും കരുതുന്നവര്‍ ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ അടിമകളേയും സ്വതന്ത്രരാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നതായും പറയപ്പെടുന്നു. പക്ഷേ റിപ്പബിളിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ജോണ്‍സന് ലിങ്കന്റെ ആശയങ്ങളെ അംഗീകരിക്കേണ്ടി വന്നു. ടെന്നസിക്കാരനായ, അടിമവ്യവസായത്തെ അനുകൂലിക്കുന്നഒരു യാഥാസ്ഥിതിക ഡെമൊക്രറ്റായ ജോണ്‍സണ് മറ്റൊന്നു ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ലിങ്കന്‍ റിപ്പപ്ലിക്കന്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്ന പുത്തന്‍ ആശയങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. പക്ഷേ ഇന്നത്തെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അവസ്ഥനോക്കു. കാലത്തിന്റെ മാറ്റിമറിക്കല്‍ ആകാം. ലോകത്തിലെ എല്ലാ പിന്തിരിപ്പന്‍ നയങ്ങളെയും കൊണ്ടുനടക്കുന്ന ഒരു മതവര്‍ഗ്ഗിയ പാര്‍ട്ടിയായി അതഃപ്പതിച്ച ആ പാര്‍ട്ടിയെ ഒര്‍ത്തു ലജ്ജിക്കയല്ലാതെന്തു ചെയ്യാന്‍.' തന്റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമോ എന്ന മട്ടില്‍ ആന്‍ഡ്രു എല്ലാവരേയും ഒന്നു നോക്കി. ആരും ഒന്നും പറയാതെ പരസ്പരം തലയാട്ടി. അവരെല്ലാവരും ഇരകള്‍ക്കൊപ്പമായിരുന്നു.

ഒരോ പാര്‍ട്ടിയും കാലാകാലങ്ങളിലെ നേതാക്കളുടെ മനസ്സനുസരിച്ച് നയങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. അന്ന് ഡെമോക്രറ്റുകള്‍ വര്‍ഗ്ഗിയവദികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം റിപ്പബ്ലിക്ക്ന്‍സ് ഏറ്റെടുത്തിരിക്കുന്നു. ഏകദേശം പകുതിയോളം സ്റ്റേറ്റുകള്‍ പിന്തിരിപ്പന്‍ നയങ്ങളുമായി ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാതിപത്യത്തിന്റെമേല്‍ വര്‍ഗ്ഗിയതയുടെ കരിയോയില്‍ തൂകുന്നു. പുത്തന്‍ നിയമങ്ങളാല്‍ കറുത്തവന്റെ വോട്ടവകാശം നിരോധിക്കുന്നു. സ്‌കൂളുകളില്‍ അടിമകാലചരിത്രത്തെ തമസ്‌കരിക്കുന്നു. സ്ത്രികളുടെ അവകാശത്തെ, ബൈബിളിന്റെ അടിസ്ഥാനത്തില്‍ കൂച്ചുവിലങ്ങിടാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. വെളുത്ത മതവര്‍ഗ്ഗിയവാദികളുടെ തോഴരും, പ്രചാരകരുമായി മാറുന്നു. ആയുധം എടുക്കെരുതെന്നു പറഞ്ഞ ക്രിസ്തുവിനെ സാക്ഷിക്കുകയും, തോക്കിനായി മുറവിളികൂട്ടുകയും ചെയ്യുന്നു. നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നു പറഞ്ഞ ക്രിസ്തുവിന്റെ നാമത്തില്‍, കറുത്തവരേയും, മറ്റുവംശിയരെയും വെറുക്കാനും, അകറ്റി നിര്‍ത്താനുമായി വിഭാഗിയതയെ വളര്‍ത്തുന്നു. അത് ക്രിസ്ത്യന്‍ വംശിയവാദികളുടെ പാര്‍ട്ടി എന്ന് പറയുന്നു. ഇതൊക്കെ തുടങ്ങിയത് എന്നാണ്...ക്രിത്യമായി പറയാന്‍ പറ്റില്ല. കുറെകാലങ്ങളായി അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. നയണ്‍-ഇലവണ്‍ മണ്‍ഹാട്ടനിലെ ട്വിന്‍ ടൗവ്വര്‍ ആക്രമണത്തോട് അതു പുറത്തുവരാന്‍ തുടങ്ങി. മുസ്ലീംവിരോധമായി പറഞ്ഞു തുടങ്ങിയവര്‍ ഇന്ന് എല്ലാ വംശത്തില്‍ പെട്ടവരേയും ശത്രുക്കളായി കാണുന്നു. ഇത് വെളുത്തവരുടെ രാജ്യം. ഇതു ക്രിസ്ത്യന്‍ രാജ്യം ഇതാണിപ്പോഴത്തെ മുദ്രാവാക്യം.

ഇതിനിടയില്‍ പറയാതെവിട്ടുപോയ അനേകം കണ്ണികള്‍ ഉണ്ട്. ഒരു കറുത്ത വംശജനും മുസ്ലീം നാമധാരിയുമായ ഒബാമ അമേരിയ്ക്കയുടെ പ്രസിഡന്റായി ചരിത്രം കുറിച്ചപ്പോള്‍, മാളങ്ങളില്‍ ഒളിച്ചിരുന്ന വിഷജന്തുക്കള്‍ എല്ലാം ക്രിസ്ത്യന്‍ നാഷണലിസവുമായി പുറത്തുചാടി. ഇനി മറ്റൊരു കറുത്തവന്‍ അധികാരിയായി വരാന്‍ പാടില്ല. അവര്‍ കലാപങ്ങള്‍ ഒരുക്കി. ജനതയെ തമ്മില്‍ ഭിന്നിപ്പിച്ചു. പുരോഗമന ചിന്തകളുള്ളവരെ കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചു. കറുത്തവനെ വെടിവെയ്ക്കുന്നവരെ ദേശസ്‌നേഹികളെന്നു വിളിച്ചു. ഒരു അധികാരമോഹിയായ കോമാളിയും, സ്ത്രിലംമ്പടനുമായ ഒരുവനെ അവര്‍ പ്രസിഡന്റായി വാഴിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റവന്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ കള്ളന്മാരെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ ഈ ജനാധിപത്യത്തിനു താങ്ങാന്‍ കഴിയുമോ...ഈ ജനാധിപത്യം നിലനില്‍ക്കുമോ...? ഇപ്പോള്‍ മയാള്‍ പറയുന്നു; വെളുത്തവരല്ലാത്ത എല്ലാ കുടിയേറ്റക്കാരും ഈരാജ്യത്തിന്റെ ശുദ്ധരക്തത്തെ മലിനമാക്കുന്നു. ഹിറ്റലറും ഇതുതന്നെയാണു പറഞ്ഞത്. ലോകത്തെമ്പാടുമുള്ള വര്‍ഗ്ഗിയവാദികളുടേയും മുദ്രാവാക്യം ഒന്നുതന്നെയാണ്. ഒളിച്ചോടാന്‍ ഇടം ഇല്ലാത്തവരാണു നമ്മള്‍. കുടിയേറ്റക്കരില്‍ ചിലരെങ്കിലും അകപ്പെട്ട കെണിയുടെ വലിപ്പം അറിയാതെ, ക്രിസ്ത്യാനി എന്ന ഊറ്റത്തില്‍ അയാള്‍ക്ക് ജയ് വിളിക്കുന്നു.

'ഇതിനുമുമ്പും ഈ രാജ്യം ഇത്തരം പ്രതിസ്ന്ധികളിലൂടെ കടന്നു പോയതിനു രേഖകള്‍ ഉണ്ടല്ലോ ആന്‍ഡ്രു...നമുക്ക് ശുഭാക്തിവിശ്വാസികളായിരിക്കാം.'ആ പറഞ്ഞത് അങ്കിള്‍ ടോമെന്ന് റീനയും, തെരേസയും, സാമും തിരിച്ചറിഞ്ഞെങ്കിലും ആന്‍ഡ്രു അതു കേട്ടില്ല.അതുകൊണ്ടു തന്നെ അയാള്‍ പറഞ്ഞതിന്റെ ബാക്കിയെന്നോണം പറഞ്ഞു 'ഇതൊരു ആഗോളപ്രതിഭാസമായിരിക്കാം. ഒരോ നൂറുവര്‍ഷത്തിലും കാലം ആവര്‍ത്തിക്കയായിരിക്കാം. ലോകമെല്ലായിടവും വര്‍ഗ്ഗീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. യൂറോപ്പില്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയും, അറബിനാടുകളില്‍ മുസ്ലിം വര്‍ഗ്ഗിയതയും, ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയും, യിസ്ത്രായേലില്‍ ജൂതവര്‍ഗ്ഗീതയും പരസ്പരം വിഴുങ്ങാന്‍ വായും പിളര്‍ത്തി നില്‍ക്കുമ്പോള്‍, വംശിയത ഓരം ചേര്‍ന്ന് അയിത്തത്തിന്റെ തൊട്ടുകൂടാഴ്മയും, തീണ്ടിക്കൂടാഴ്മയും ആചരിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു. സുഹൃത്തുക്കളെ ഞാന്‍ പറയുന്നത് ജിംക്രോയുടെ കാലത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കാലമോ ഇത്.ആഭ്യന്തര കലാപത്തിനു ശേഷമുള്ള റീകണ്‍സ്റ്റ്ര്ക്ഷന്‍ കാലം മുതലുള്ള ജിംക്രോ കാലത്തെക്കുറിച്ചു പറയാതിരിക്കാന്‍ കഴിയില്ല.ആന്‍ഡ്രു വാച്ചിലേക്കു നോക്കി ലെഞ്ചുസമയം തീര്‍ന്നതിന്റെ ഒരു നെടുവീര്‍പ്പുമായി ഒരോരുത്തരായി എഴുനേറ്റു.

ഒരോരുത്തരായി ലെഞ്ചുറൂമില്‍ നിന്നു പിരിയുമ്പോള്‍ അവരവര്‍ അവരവരുടെ ലോകത്തിലായിരുന്നു. ആന്‍ഡ്രു ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നതും, ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അണ്‍ടച്ചബളിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ജാതിശ്രേണിയില്‍, തൊഴില്‍ വ്യവസ്ഥയില്‍ ഒരൊരുത്തരം ക്രിത്യമായി പാലിക്കേണ്ട അതിരുകള്‍ ലംഘിച്ചാല്‍, ഒരോഗ്രാമങ്ങളുടെയും മൂപ്പന്മാര്‍ വിധിക്കുന്ന ശിക്ഷക്കുമേല്‍ അപ്പീല്‍ ഇല്ലായിരുന്നു. ചിലപ്പോള്‍ നാടുകടത്തലും, മുക്കാലിയില്‍ കെട്ടിയിട്ട് പുറമ്പൊളിയുമാറുള്ള ചൂരല്‍ പ്രയോഗങ്ങളും, വളരെ ചുരുക്കമായി വധശിക്ഷയും വിധിച്ചിരുന്ന ഒരു കാലം. കുറ്റം ചിലപ്പോള്‍ ഉന്നതജാതിക്കരനെ ബഹുമാനിക്കാതിരുന്നതാകാം. അല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരന്റെ പുരയിടത്തില്‍ നിന്നും ഒരു പേരയ്ക്ക പറിച്ചതിനാകാം. അല്ലെങ്കില്‍ പൊതുകിണര്‍ തൊട്ടശുദ്ധമാക്കി എന്നാകാം. അങ്ങനെ എന്താരോപനങ്ങളും അവരുടെമേല്‍ കെട്ടിവെയ്ക്കാം. ബ്രിട്ടീഷ്‌കാര്‍ ആയിരത്തി അറുനൂറുകളില്‍ (1600) ഇന്ത്യയില്‍ കച്ചോടത്തിനായി വന്ന് ഈസ്റ്റിന്ത്യാകമ്പിനി സ്ഥപിച്ച്, മെല്ലെമെല്ലെ ഈ രാജ്യത്തിന്റെ ഭരണാതികരികള്‍ ആയി മാറുന്നതിനിടയില്‍, അവര്‍ ഈ നാട്ടില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുകയും, വിദ്യാഭ്യാസത്തിലൂടെ ബോധവല്‍ക്കരിക്കുകയും ചെയ്തു. സ്‌കൂളുകളുടെ പ്രയോജനം വരേണ്യവര്‍ഗ്ഗത്തിനുള്ളതായിരുന്നു എങ്കിലും മിഷനറിമാരുടെ മതപ്രബോധന ക്ലാസുകളിലൂടെ അടിയാളവര്‍ഗ്ഗത്തിലെ പലരേയും, ക്രിസ്ത്യാനികളാക്കുകയും, ഒപ്പം വിദ്യയുടെ വെളിച്ചം അവരിലെക്കു പകരുകയും ചെയ്തു.

ആ പ്രയോജനം ഏറയും ലഭിച്ചത് കേരളക്കാര്‍ക്കായിരുന്നു. ആയിരത്തി എണ്ണൂറിനും, (1800/1900) ആയിരത്തിതൊള്ളായിരത്തിനും ഇടയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തില്‍ അങ്ങോളും ഇങ്ങോളം അവരുടെ അടിത്തറപാകി. ധാരാളം സ്‌കൂളുകളും, കോളേജുകളും സ്ഥാപിച്ചു. ഒപ്പം ചര്‍ച്ചുകളും. വലിയോരു മതമാറ്റകാലം കൂടിയായിരുന്നത്. പൊതുസ്‌കൂളുകളില്‍ അടിയാളന്മാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ കൂട്ടാത്ത മേലാളന്മാരുടെ മുഖത്തിനിട്ട് അടികൊടുക്കാനെന്നപോലെ കീഴാളരില്‍ പലരും മതം മാറി അവരുടെ അയിത്തത്തെ മായിച്ചുകളയാന്‍ ശ്രമിച്ചു. എത്രമാത്രം അതു വിജയിച്ചു...? പക്ഷേ ഒന്നു പറയാം പലരുടെയും ജീവിതം മെച്ചപ്പെട്ടു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ അവസരം കിട്ടി. ജന്മിയുടെമുന്നില്‍, മുട്ടിനുതാഴെവരെ മുണ്ടുടുത്ത് നിവര്‍ന്നു നില്‍ക്കനുള്ള കരുത്തുണ്ടായി. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള ധൈര്യം വന്നു. ഇതൊന്നും ഒരുദിവസംകൊണ്ടു നേടിയെടുത്തതല്ല. പലരക്തസാക്ഷികളും അതിന്റെ പേരില്‍, പുതയല്‍ കണ്ടങ്ങളിലും, മരക്കൊമ്പിലും തങ്ങളുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്നു. പ്രബുദ്ധകേരളത്തിലേക്കുള്ള വളര്‍ച്ചയില്‍ മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കീഴാളപ്പെണ്ണിന്റെ നിലവിളികള്‍ ഉണ്ട്. ജന്മിയുടെ ഇംഗിതത്തിനു വഴങ്ങാതെ അഭിമാനത്തോട്, തന്റെ മുലയറുത്ത് ജന്മിയുടെ നേരെവലിച്ചെറിഞ്ഞ ഒരു പുലയപ്പെണ്ണിന്റെ കഥ വായ്പ്പാട്ടായി നാടായ നാടുകളിലൊക്കെ പരന്നു. കഥയോ സത്യമോ...? പക്ഷേ ഇത്തരം സാഹിത്യങ്ങളും പുരോഗതിയുടെ ഭാഗമായി. ജാതിയുടെ രാഷ്ട്രിയം അറിയാത്ത, നിറത്തിന്റെ രാഷ്ട്രിയത്തില്‍ മാത്രം ജീവിച്ച സായിപ്പ്, ബ്രാഹ്മണനേയും, നായരേയും, ഈഴവനേയും, പുലയനേയും, കുറവനേയും, മറ്റനേകം ഉള്‍പ്പിരിവുകളില്‍ പെട്ടവരേയും സ്‌നാനപ്പെടുത്തി ക്രിസ്ത്യാനി എന്ന ഒറ്റജാതിയാക്കിഎങ്കിലും അയിത്തം പൂര്‍ണ്ണമായി മാറിയോ...? എന്തായാലും കാര്യങ്ങള്‍ മെച്ചപ്പെട്ടു. ജന്മിക്കൊപ്പം അടിയാനും ഇരിക്കാം എന്നു കാലം മാറ്റിപ്പറഞ്ഞു.

തികച്ചും മതപരിവര്‍ത്തനത്തിലൂടെയുള്ള പാതിരിമാരുടെ പ്രവര്‍ത്തനം മാത്രമായിരുന്നില്ല ആ മാറ്റത്തിനു കാരണം. പടിഞ്ഞാറിന്റെ വിദ്യയിലൂടെ പുത്തന്‍ലോകത്തെ അറിഞ്ഞ എഴുത്തുകാരും, സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളും, ആത്മീയനേതാക്കളും ഒക്കെ ആ മാറ്റത്തിനു പിന്നില്‍ അല്ല മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ശ്രി നാരായണഗുരുവും, ചട്ടമ്പി സ്വാമിയും, അയ്യങ്കാളിയും മറ്റ് അനേക നേതാക്കളുടെയും ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം മുന്നേറ്റത്തിനു വഴിമരുന്നിട്ടു. ഗാന്ധിജിയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതൃത്തത്തിലേക്കുള്ള വരവും, കീഴാളന്മാരെ ഹരിജന്‍ എന്നു വിളിച്ച് ഒപ്പം കൂട്ടിയതും, നെഹൃവിനെപ്പോലെയുള്ളവരുടെ പുരോഗമനപരമായ നേതൃത്വവും ഇന്ത്യയിലെ ജിംക്രോ നിയമങ്ങള്‍ക്ക് കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അതൊക്കെ വെറും തൊലിപ്പുറത്തെ മാറ്റങ്ങള്‍ മാത്രമായിരുന്നുവെന്ന് സമകാലിന ഇന്ത്യന്‍ രാഷ്ടിയം മനസ്സിലാക്കിത്തരുന്നു. ജാതിയും, അതിനൊടൊപ്പമുള്ള അയിത്തവും ഭൂരിപക്ഷത്തിന്റെ മനസ്സിലും, തലമുറകളായി അടിഞ്ഞുകൂടിയ വികാരമെന്ന് വര്‍ഗ്ഗിയരാഷ്ട്രിയത്തിന്റെ വളര്‍ച്ചകാണുമ്പോള്‍ തോന്നിപ്പോകുന്നു. ഇത് ഒരു പ്രദേശത്തെ മാത്രം പ്രശ്‌നമല്ല. അതാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞത് ഇതൊരാഗോള പ്രശ്‌നവും, പ്രതിസന്ധിയുമാണെന്ന്. ഏകാതിപതികളുടെ ഉയര്‍ത്തെഴുനേല്‍പ്പില്‍ ജനാധിപത്യത്തിനു നിലനില്‍ക്കാന്‍ കഴിയുമോ. എവിടെയും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. അമേരിക്കന്‍ ജനാധിപത്യം തകരുമോ...? നാം ആശങ്കപ്പെട്ടെ മതിയാകു. ഒരു അട്ടിമറി പരാജയപ്പെട്ടെങ്കില്‍ മറ്റൊന്നിനവര്‍ മുതിരാതിരിക്കുമോ...?

അധികാരക്കൈമാറ്റത്തിനു പകരം തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് അട്ടിമറിയിലൂടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന കോലാഹങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആന്‍ഡ്രുവിന്റെ മനസ്സിലെ ആശങ്കവര്‍ദ്ധിക്കുകയാണ്. റിബ്ലിക്കന്‍സിലെ വളരെക്കുറച്ചുപേരൊഴിച്ച് മറ്റെല്ലാവരും തോറ്റപ്രസിഡന്റിനൊപ്പം തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നു എന്നുറക്കെ പറയുകയും, പാര്‍ട്ടിവിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. കുപ്രചരണങ്ങളാല്‍ അവര്‍ ആളുകളെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്തുന്നു. കോണ്‍ഫഡറെറ്റുകളായ സതേന്‍സ്റ്റേറ്റുകളാണവരുടെ നട്ടെല്ല്. 'ക്യുനോന്‍ തീയ്യറികള്‍, മതതീവ്രവാദികള്‍ പരത്തുന്ന കുപ്രചരണങ്ങളാണ്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ഭ്രൂണത്തില്‍ നിന്നും ആണ് രോഗപ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് ഒരു തരത്തിലും ഉള്ള വാക്‌സിനുകള്‍ കൊടുക്കാന്‍ പാടില്ല. ഒത്തിരിയേറെ മതവാദികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിനുകള്‍ കൊടുക്കുന്നതു നിര്‍ത്തി. പിഞ്ചുകുട്ടികളുടെ രക്തം കുടിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അവര്‍ സാത്താന്റെ ആരാധകരാണ്. വരുത്തന്മാര്‍ ഈ രാജ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രമാക്കും. പിന്നെ മറ്റൊന്ന് റെയിസ് തിയ്യറിയാണ്. വെളുത്തവരുടെ രാജ്യമാണ് അമേരിക്ക. കുടിയേറ്റക്കാര്‍ കൂടിവരുന്നതോട് അമേരിക്കക്കാരായ വെളുത്തവര്‍ നൂനപക്ഷമാകുകയും, ക്രമേണ ഇല്ലാതാകുകയും ചെയ്യും. അതിനാല്‍ യൂറോപ്പില്‍ നിന്നുള്ള വെളുത്ത കുടിയേറ്റക്കാര്‍ മതി. അബൊര്‍ഷനുകള്‍ നിരോധിക്കുക. സ്‌കൂളുകളില്‍ കറുത്തവന്റെ ചരിത്രം വേണ്ടേന്നു വെയ്ക്കുക. അതിലൊക്കെ ഉപരിയായി കറുത്തവന്റെയും, മറ്റുവംശീയരുടെയും വോട്ട് ഇലക്ഷ്ണുകളീല്‍ പരമാവധി തടയുക. അങ്ങനെ വളരെ വികലമായ ചിന്തകളൂമായി മുന്നോട്ടു പോകുന്ന ഇന്നത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി മറ്റൊരു സിവില്‍വാറിനെക്കുറിച്ചു പറയുന്നു. ഇപ്പോഴും സതേണ്‍ സ്റ്റേറ്റുകളാണതിന്റെ മുഖപ്പ്.

'ഇത് സെഗ്രിഗേഷന്റെയും, ജിംക്രോയുടെയും കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. ആന്‍ഡ്രു നിന്റെ അസ്വസ്ഥത ഞാന്‍ മനസിലാക്കുന്നു. അമേരിയ്ക്കന്‍ ജനധിപത്യം ഇല്ലാതകുമോ എന്ന ആശങ്ക എനിക്കും ഉണ്ട്. പക്ഷേ ചരിത്രം എന്നോടു പറയുന്ന കഥകളില്‍ ഞാനും എന്റെ വംശവും ഇതിലും എത്രയോ വലിയ ക്രൂരതകളെ അതിജീവിച്ചവരെന്നാണ്. അതുകൊണ്ട് എനിക്ക ശുഭപ്തിവിശ്വാസം ഉണ്ട്. ഒരോ പ്രതിസന്ധിയും നേരിടാന്‍ നാം പ്രാപ്തരാകും. അതാണു ചരിത്രം തരുന്ന പാഠം.' അന്‍ഡ്രുവിന്റെ വിചാരങ്ങളെ അറിഞ്ഞിട്ടെന്ന വണ്ണം റീന പറഞ്ഞു.

അവര്‍ ലെഞ്ചുറൂമില്‍ നിന്നും ഇറങ്ങി മെഷീന്‍ റൂമിലേക്കു നടക്കുന്ന ഇടനാഴിയില്‍ ആയിരുന്നു. ആന്‍ഡ്രു പ്രമോഷന്‍കിട്ടി ഈ പ്ലാന്റില്‍ എത്തിയപ്പോള്‍ മുതല്‍ റീനയെ അറിയും. ഇന്ത്യന്‍ എന്ന തള്ളലില്ലാതെ തുറന്ന ചിരിയുമായി സ്വീകരിച്ച ആ കറുത്ത വംശജയുടെ മനസ്സില്‍ എരിയുന്ന എന്തൊക്കയോ ഉണ്ട് എന്ന് ആദ്യമേ തോന്നി. എല്ലാം മറച്ച് നന്നായി നിരയൊത്ത പല്ലുകള്‍ കാട്ടിച്ചിരിക്കുന്ന റീനയോടായി ആന്‍ഡ്രു പറഞ്ഞു: റീന നിനക്കു ഭയമില്ലെ.... വെളുത്തവന്‍ വംശാധിപത്യത്തിന്റെ നിറതോക്കുകളുമായി നിന്റെ മുറ്റത്ത് മുട്ടിവിളിക്കുമ്പോള്‍ നിന്റെ തൊലിയുടെ നിറം നിനക്കെതിരാകില്ലെ...?'

'ആന്‍ഡ്രു!... അവര്‍ ഇതിനുമുമ്പും എന്റെ വംശത്തോട് കാട്ടിയ ദൈവീകസ്‌നേഹത്തിന്റെ കഥകള്‍ നിനക്കറിയുമോ.... കൂട്ടക്കൊലകള്‍ അവരുടെ പ്രമാണരേഖയാണ്. അതില്‍തൊട്ടു നിത്യേന പ്രതിജ്ഞ പുതുക്കുന്നവര്‍ സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും മുഖാവരനമണിഞ്ഞവരാണ്. അവരുടെ താല്പര്യത്തിനെതിരായതിനെ എല്ലാം ചിരിച്ചുകൊണ്ടില്ലാഴ്മചെയ്യാന്‍ അവരുടെ വേദങ്ങളില്‍ അവര്‍ ന്യായം കണ്ടെത്തും. അവരുടെ മനസാക്ഷി അവര്‍ക്കു കൈമോശം ആയിരിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ ഒന്ന് അവര്‍ക്കില്ല. ക്രിസ്തുവിന്റെ പീഡനകാലം അരദിവസവും, മൂന്നാണികളും ആയിരുന്നുവെങ്കില്‍, ഞങ്ങളുടെ പീഡനകാലം തലമുറകളുടെതാണ്. ഞങ്ങളുടെ പൂര്‍വ്വികര്‍ അനുഭവവിച്ച സഹനത്തിന്റെ ഒരംശംപോലും ക്രിസ്തു അനുഭവിച്ചിട്ടുണ്ടാകില്ല. ആന്‍ഡ്രു നീ കണ്ടിട്ടുണ്ടോ, ക്യുന്‍സി തോട്ടത്തിലെ (ക്യുന്‍സി തോട്ടം തന്നെയോ...? എനിക്കു നിശ്ചയമില്ല. തോട്ടം ഏതായാലും അതു ഞങ്ങളുടെ പേടിസ്വ്പനമായി ഞങ്ങളെ വേട്ടയാടുന്നു) ഞങ്ങളുടെ ഒരു പൂര്‍വ്വപിതാവിന്റെപുറത്ത് ഇരുമ്പു പഴുപ്പിച്ച് വെച്ചതിന്റെ മുറിപ്പാടുകളുടെ ചിത്രം. അടിമവംശത്തിന്റെ അടയാളക്കല്ലായി ആ പുറത്തെവടുക്കള്‍ ലോകമെല്ലാം വംശാധിപത്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ആഘോഷിക്കുമ്പോള്‍, മനസ്സുമരവിച്ചിട്ടില്ലാത്തവര്‍ വിതുമ്പുന്നു. ചോരയും ചലവും ഒലിപ്പിച്ച് ആ സാധുപൊരിവെയിലത്തു പണിയെടുത്തു. ചാട്ടവാറുകള്‍ പിന്നയും ആ പുറത്ത് വീണു. ഇതൊന്നും ചരിത്രമല്ലപോലും. ഇപ്പോള്‍ ഇതൊന്നും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണ്ടെന്നു വെളുത്തവര്‍ പറയുന്നു. അവര്‍ പഠിച്ചാലും ഇല്ലെങ്കിലും ഇതൊന്നും ചരിത്രമല്ലാതുകുന്നില്ല. ഞങ്ങളുടെ തലമുറകള്‍ ഇതൊന്നും മറക്കില്ല.'

Read: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക