Image

ഒടുവിൽ ഒരു യാത്ര (ഓർമ്മകൾ : പോളി പായമ്മൽ)

Published on 23 June, 2024
ഒടുവിൽ ഒരു യാത്ര (ഓർമ്മകൾ : പോളി പായമ്മൽ)

ഇരിഞ്ഞാലക്കുടയിലെ നടവരമ്പത്തെ തറവാട്ടിൽ നിന്നും ആളൂരിലെ അമ്മവീട്ടിലേക്ക്  പോവുമ്പോഴൊക്കെ അപ്പൻ  എന്നെയും കൂട്ടിക്കൊണ്ടുപ്പോയിരുന്നു.

സൈക്കിളിന്റെ തണ്ടിന്മേലിരുത്തി അപ്പൻ സൈക്കിൾ ആഞ്ഞുച്ചവിട്ടി പറന്നുപ്പോകുമ്പോൾ ഊര വേദനിച്ചിട്ടാണെങ്കിലും ഞാൻ അതിൽ അതിയായ് സന്തോഷിച്ചിരുന്നു.

അണ്ടാണിക്കുളം ഇറക്കം ഇറങ്ങുമ്പോൾ മെറ്റൽ ഇളകിയ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ അപ്പന്റെ അതിസാഹസികമായ വെട്ടിക്കൽ എന്നെ അൽഭുതപ്പെടുത്തിയിരുന്നു.

സ്കൂൾ പടിയും കടന്ന്  വേലുവിന്റെ ബാർബർ ഷോപ്പിൽ മോറ് വടിക്കാൻ കേറുമ്പോൾ രണ്ടു രൂപ തന്ന് പോളേട്ടന്റെ ചായക്കടേല് പോയ് വയറ് നിറയെ പാപ്പം കഴിച്ചോളാൻ  പറഞ്ഞ്  അപ്പൻ എന്നെ വിട്ടത് എന്റെ ഒട്ടിയ വയറ് കണ്ടിട്ടായിരുന്നു.

പൊടി മീശയും വച്ച് പെട്ടതലയോ ഉള്ള മുടിയോണ്ട് മറച്ചുവച്ച് വേലുവിനോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോൾ അപ്പനെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു.

കോളനിപ്പടി കേറ്റം  കേറി ഇറക്കം ഒറ്റ ഇറങ്ങലങ്കട് ഇറങ്ങുമ്പോൾ അപ്പൻ പെഡലിൽ ചുമ്മാ കാല് വച്ചിരിക്കുന്നത് ഞാൻ ഗൗരവ്വത്തോടെ നിരീക്ഷിച്ചിരുന്നു.
പള്ളി നടയ്ക്കെത്തുമ്പോൾ  സൈക്കിളിൽ നിന്നും പിടിവിട്ട് പെട്ടെന്ന് ഒരു കയ്യോണ്ട്  കുരിശ് വരയ്ക്കുന്നതും ഞാൻ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. 
ചിറവളവും കഴിഞ്ഞ് കോലോത്തും പടിയിലെത്തി പരിചയക്കാരന്റെ പെട്ടിക്കടയിൽ പോയിരുന്ന് ഒരു ചാർമിനാർ നിഗരറ്റ് പുകച്ച് പുകയൂതി വിട്ടാൽ മാത്രമേ അപ്പനൊരു മന:സമാധാനം കിട്ടുമായിരുന്നുള്ളു.
ഊതിവിട്ട പുകച്ചുരുളുകൾ  അപ്പന്റെ മോത്തേക്ക് തന്നെ തിരിച്ച് വരുന്നതു കണ്ട ഞാൻ അന്തം വിട്ടു നിന്നിരുന്നു

കോമ്പാറ കഴിഞ്ഞ് ചന്തക്കുന്നെത്തിയപ്പോൾ അപ്പൻ വണ്ടി നിർത്തി മുള്ളാൻ പോയപ്പോൾ കോന്നി തിയറ്ററിൽ കളിക്കണ പടത്തിന്റെ പോസ്റ്റർ കണ്ട് ഞാൻ ഭ്രമിച്ചിരുന്നു.
അങ്ങനെ അപ്പനോടൊപ്പമുള്ള  യാത്രകൾ എന്തൊരു രസമായിരുന്നെന്നോ.

അപ്പന്റെ പേരിന്റെ അവകാശിയായതു കൊണ്ടോ എന്തോ എന്നോട്  അപ്പന് വല്യ ഇഷ്ടമായിരുന്നു. എങ്ങോട്ടും കൊണ്ടുപ്പോവുമായിരുന്നു. എന്തും വാങ്ങി തരുമായിരുന്നു.
 കുറച്ചു നാൾ കഴിഞ്ഞ്  അപ്പൻ  എന്നെ വിളിക്കുമായിരുന്നില്ല. എങ്കടും കൊണ്ടുപ്പോവില്ലായിരുന്നു.

പേപ്പന്റെ  പുര പാർക്കലിന്റെ  അന്ന്  വയറു വേദന സഹിക്കാൻ പറ്റാണ്ട്  പിടയുന്ന അപ്പനെ കണ്ട് ഞാൻ  അന്ന് നിസ്സഹായനായ് നോക്കി നിന്നതേയുളളു. വൻകുടലിൽ ഒരു മുഴ വന്ന്  വയറ് കീറി മുറിച്ച് ജില്ലാശുത്രിയില് അപ്പൻ കിടക്കുമ്പോൾ  വല്യമ്മായിടെ  കൂടെ പോയ് കണ്ടത് മാത്രമേ എനിക്ക്  ശരിക്കും  ഓർമ്മയുള്ളു.

ഇനിയും അപ്പന്റെ കൂടെ യാത്ര ചെയ്യാൻ ഒരുപ്പാട് ഞാൻ മോഹിച്ചിരുന്നു.
എവിടേക്കു  പോയാലും എന്നെ  കൂടെ വിളിച്ചോണ്ടു പോയിരുന്ന അപ്പൻ ഒരൂസം എന്നോട് മിണ്ടാതെ  തനിയെ  ഒരു യാത്ര പോയ്, നടവരമ്പ് പള്ളി സെമിത്തേരിയിലേക്ക് -

കാലങ്ങൾ ഏറെ പിന്നിട്ട്  കണ്ണീരോർമ്മകളിൽ  മനസ്സ് വിങ്ങിപ്പൊട്ടുമ്പോൾ  ഒരു യാഥാർത്ഥ്യം തിരിച്ചറിയുന്നു 
ഒടുവിൽ ഞാനും ഒരു  യാത്ര പോകും..!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക