Image

ദേശീയ മൂല്യങ്ങള്‍ വീണ്ടെടുത്ത ഇന്ത്യന്‍ വോട്ടരുടെ കയ്യൊപ്പ് (പി എസ് ജോസഫ്‌ )

Published on 23 June, 2024
ദേശീയ മൂല്യങ്ങള്‍ വീണ്ടെടുത്ത ഇന്ത്യന്‍ വോട്ടരുടെ കയ്യൊപ്പ് (പി എസ് ജോസഫ്‌ )

പൊതു തെരഞ്ഞെടുപ്പു ഫലങ്ങള്‍ -2024

ഏറ്റവും വര്‍ഗീയമായി ഭൂരിപക്ഷ ഹിന്ദുവിഭാഗത്തെ ധ്രൂവീകരിക്കാന്‍ നടത്തിയ ശ്രമം ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത .

Read in emalayalee magazine: https://mag.emalayalee.com/magazine/june2024/#page=5

 തങ്കലിപികളില്‍ ചരിത്രം 2024ലെ പൊതു  തെരഞ്ഞെടുപ്പിനെ കൊണ്ടാടും.അടിയന്തിരാവസ്ഥക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പു പോലെ ജനങ്ങള്‍ വോട്ടു കൊണ്ടു ഒരു രാഷ്ട്രത്തിന്‍റെ ഭാഗധേയം നിശ്ചയിച്ച വര്‍ഷമാണിത് .ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല എന്നതല്ല ,ഏറ്റവും വര്‍ഗീയമായി ഭൂരിപക്ഷ ഹിന്ദുവിഭാഗത്തെ ധ്രൂവീകരിക്കാന്‍ നടത്തിയ ശ്രമം അതേ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത .അയോധ്യ മന്ദിരം പോലെ മനസ്സുകളെ വിഭജിക്കുന്ന പ്രശ്നങ്ങള്‍ അത് നിലകൊള്ളുന്ന ഫൈസാബാദ് തന്നെ തള്ളിക്കളഞ്ഞു എന്നത് കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വ്യക്തമാക്കുന്നു .രാമക്ഷേത്രത്തിന്റെ തേരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് കരുതിയിരുന്ന കക്ഷി അയോധ്യയില്‍ തന്നെ വീണത്‌ കാവ്യനീതിയാകാം .മാത്രമല്ല ,ഗുജറാത്ത് പോലെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി മാറിക്കൊണ്ടിരുന്ന ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും വലിയ വിജയം കൊയ്തു എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബി ജെ പിക്ക് ഗുണകരമല്ല എന്ന തിരിച്ചറിവ് നല്‍കുന്നു.സമ ഭാവനയുടെയും അഴിമതി വിരുദ്ധതയുടെയും ന്യൂനപക്ഷ സൗഹാര്‍ദ്ദത്തിന്‍റെയും മുഖം കാണിച്ചു മണിപ്പൂരിനെ പറ്റി ഒരു വാക്ക് മിണ്ടാതെ കേരളത്തില്‍ ഒരു സീറ്റ്‌ നേടി ബി ജെ പി  എന്നതും ഇവിടെ വിസ്മരിച്ചു കൂടാ. ഇത്ര ശക്തമായ തെരഞ്ഞെടുപ്പ് യന്ത്രത്തെ ആണ് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നിഷ്പ്രഭരാക്കിയത് എന്നത് വളരെ ചെറിയ കാലത്തെ പാരമ്പര്യം മാത്രം അവകാശപ്പെടാവുന്ന നമ്മുടെ ജനാധിപത്യത്തിന്‍റെ സവിശേഷമായ ശേഷിയാണ് .അധികാരത്തിന്‍റെ ഉന്നത തലങ്ങളില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തികളായി വിരാജിച്ചവര്‍ പോലും നമ്മുടെ രാഷ്ട്രജീവിതത്തില്‍ അവിഭാജ്യഘടകമല്ല എന്ന് ആ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ക്ക് പോലും തോന്നുന്നു എങ്കില്‍ അതാണ്‌ ജനാധിപത്യത്തിന്റെ ചാലക ശക്തി .

    

   ബി ജെ പി 240 സീറ്റ്‌ നേടി ഏറ്റവും കൂടിയ സീറ്റ്‌ ഉള്ള ഒറ്റക്കക്ഷി ആയി ഒതുങ്ങിയെങ്കിലും അവര്‍ നേതൃത്വം നല്‍കുന്ന  എന്‍ ഡി എ 294 സീറ്റ്‌ നേടി അധികാരത്തിനുള്ള  അര്‍ഹത നേടിയെടുത്തിട്ടുണ്ട് .ഒരു വോട്ടിന്‍റെ കുറവില്‍ ഭരണം നഷ്ടപ്പെട്ട ബി ജെ പി നേതാവ് വാജ്പേയിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ബി ജെ പിക്ക് ഇതൊന്നും വലിയ തിരിച്ചടിയായി തോന്നില്ല .രണ്ടില്‍ നിന്ന് 303 ഇല്‍ എത്തിയ ചരിത്രമുള്ള ഒരു കക്ഷിക്ക് ഈ വീഴ്ച വലുതാണെന്നും പറയാനാവില്ല .പക്ഷെ ഭരണഘടന തന്നെ മാറ്റിയെഴുതാന്‍ തക്കവണ്ണം 400 സീറ്റുകളില്‍ അധികം നേടുമെന്ന് വീമ്പിളക്കിയ ഒരു കക്ഷിക്ക് ഇതൊരു കടുത്ത പതനം ആയിരുന്നു .ഗോഡി മീഡിയ എന്ന് പരിഹസിക്കപ്പെട്ട മാധ്യമങ്ങള്‍ അതനുസരിച്ച് എക്സിറ്റ് പോള്‍ കൂടി പടച്ചിറക്കിയതോടെ പതനം ആഴത്തിലായി .അഭിപ്രായ വോട്ടെടുപ്പുകള്‍ ഇന്ത്യ പോലെയുള്ള  ഒരു രാജ്യത്ത് എത്ര തെറ്റായ സന്ദേശം നല്‍കും എന്ന് ഈ കൂട്ട തോല്‍വികള്‍ വെളിപ്പെടുത്തി .ഇ മലയാളി കഴിഞ്ഞ ലക്കത്തില്‍ തന്നെ  ബി ജെ പി തകര്‍ച്ച  പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെടട്ടെ .

    പക്ഷെ ഒരു പോള്‍ കൊണ്ടൊന്നും ജനാഭിപ്രായം തകര്‍ക്കാന്‍ കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പു വ്യക്തമാക്കി .അതിനു കാരണമായത്‌ ശക്തമായ പ്രതിപക്ഷ പ്രചാരണവും .പരിമിതികളില്‍ നിന്നായിരുന്നു പ്രതിപക്ഷ പ്രചാരണം.പണത്തിന്‍റെ  കുറവും ആപ് നേതാവ് കേജ്രിവാളിന്‍റെ അറസ്റ്റും മുന്നണിയുടെ പ്രചാരണത്തെ ബാധിച്ചു .ഏഴു ഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു .ഓരോ ഘട്ടത്തിലും മേഖല തിരിഞ്ഞു നടത്തിയ  ആരോപണവും പ്രചാരണവും മുന്നണിയെ പാടെ ഉലക്കുന്നതായിരുന്നു .പശ്ചിമ ബംഗാളില്‍ സന്ദേശ്കലി കേന്ദ്രീകരിച്ചു  മമതയുടെ ത്രുണമൂലിനെതിരെ ബി ജെ പി ആക്രമണം അഴിച്ചു വിട്ടു.പ്രചാരണത്തില്‍ നിന്ദ്യമായ പരസ്യങ്ങള്‍ കടന്നു വന്നു. .ഹൈ കോടതിയാണ് തെരഞ്ഞെടുപ്പു കമ്മീഷനല്ല അത് നീക്കാന്‍ ഉത്തരവ് നല്‍കിയത് ഒരു സര്‍ക്കാര്‍ നയം ആയിട്ടും അഗ്നിവീര്‍ പദ്ധതി പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ തിട്ടൂരമിറക്കി .വിദ്വെഷപ്രസംഗം നടത്തിയവരെ മൃദുലമായി  തലോടി .കോണ്‍ഗ്രസ്‌ മാനിഫെസ്റ്റോ തന്നെ ബി ജെ പി തെറ്റായി വ്യാഖ്യാനിച്ചു .സ്വത്തു വീതിക്കുമെന്നും സംവരണം മുസ്ലിംകള്‍ക്ക് മാത്രമായി നല്‍കുമെന്നും അവര്‍ പ്രചാരണം നടത്തി . പ്രചാരണത്തിലെ ഹീറോ ഭരണഘടനയായിരുന്നു.ബി ജെപി അത് ഭേദഗതി ചെയ്യുമെന്ന ഭയം വോട്ടര്‍മാരെ പ്രത്യേകിച്ചു ദളിത്  വിഭാഗങ്ങളെ ബാധിച്ചു എന്ന് വേണം കരുതാന്‍ .അങ്ങനെ ആദ്യമായി ഇന്ത്യന്‍ ഭരണഘടന വലിയ പ്രചാരണ ആയുധമായി മാറി .ബി ജെപി മറുത്തു  പറഞ്ഞുവെങ്കിലും അതൊന്നും ഏശിയില്ല .

     തെരഞ്ഞെടുപ്പിന്  തൊട്ടു മുന്‍പാണ് ഇന്ത്യ മുന്നണിക്ക്‌ നേതൃത്വം നല്‍കുമെന്ന കരുതിയിരുന്ന നിതീഷ് കുമാര്‍ ബി ജെ പി ക്യാമ്പിലേക്ക് പോയത് . .ബി ജെ പി നടത്തിയ നിര്‍ണ്ണായകമായ നീക്കം നിതിഷുമായി നടത്തിയ ഉടമ്പടിയാണ് .ബീഹാറില്‍ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം നിതിഷും അടുത്തു മാത്രം ബന്ധം ഉറപ്പിച്ച ചിരാഗ് പാസ്വാനും തടഞ്ഞു നിര്‍ത്തി.ബി ജെപിയും അതില്‍ നിന്ന് നേട്ടം കൊയ്തു .പക്ഷെ നിതിഷിന്റെ 12 സീറ്റും ടി ഡി പിയുടെ 16 സീറ്റും ആണ് ഇന്ന് എന്‍ ഡി ഏ യുടെ ആണിക്കല്ല് .ഇരുവര്‍ക്കും വ്യക്തമായ രാഷ്ട്രീയ മോഹങ്ങളും താല്പര്യങ്ങളും ഉള്ള നേതാക്കളാണ് .ലക്ഷ്യം കൈ വരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നവര്‍ .ആ നിലക്ക് ബി ജെ പി ഒരു ഉലയുന്ന ഭരണ മുന്നണിക്കാണ് നേത്രുത്വം  നല്‍കുന്നത് .

    ഗുജറാത്തില്‍ അധികാരത്തില്‍ എത്തിയത് മുതല്‍ മറ്റാരെയും വകവെച്ചിട്ടില്ലാത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി .അത് കൊണ്ടു തന്നെ അദ്ദേഹം ഒരു കൂട്ട് കക്ഷി സര്‍ക്കാരിനെ നയിക്കുമ്പോള്‍ സ്വയം മാറുമോ എന്നത് ഒരു ചോദ്യമാണ് .സാധ്യത വിരളമാണെന്നു അദ്ദേഹത്തിന്‍റെ ഭരണത്തെ സൂക്ഷ്മമായി നിരീക്ഷിച്ചവര്‍ പറയുന്നു അങ്ങനെയെങ്കില്‍ അദ്ദേഹവുമായി ടി ഡി പിയും ജെ ഡി യുവും  എത്ര പൊരുത്തപ്പെട്ടു പോകും എന്നതാണ് ചോദ്യം .സ്പീക്കര്‍ പദവി ചോദിച്ച ടി ഡി പി ക്ക് ഇപ്പോഴേ ആശങ്കകള്‍ ഉണ്ടെന്നു വ്യക്തം .എന്തായാലും തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഇല്ലാത്ത ഈ രണ്ടു കക്ഷികളും മോദിയുടെ മുന്നോട്ടുള്ള ഗതിവേഗം നിയന്ത്രിക്കും എന്ന് വേണം കരുതാന്‍ .

   പ്രായോഗികമായ രാഷ്ട്രീയ ബുദ്ധിമുട്ടുകള്‍ എന്തായാലും എന്‍ ഡി ഏ യെ വലയ്ക്കും . പക്ഷെ ബി ജെ പിയെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഒരുക്കുക എന്ന ദുഷ്ക്കര ദൌത്യമാണ് ഇന്ന്  പാര്‍ട്ടി  അഭിമുഖീകരിക്കുന്നത് .പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന്റെ മൂന്ന് മുതല്‍ ഏഴു വരെയുള്ള  ഘട്ടത്തില്‍ ഹിന്ദി ഹൃദയഭൂവിനെ ലക്ഷ്യമാക്കിയുള്ള തീവ്ര ഹിന്ദുത്വ പ്രചാരണം ഫലിക്കാതെ പോയ സാഹചര്യത്തില്‍ .ബീഹാറില്‍ വിജയം കൈവരിച്ചുവെങ്കിലും 80 സീറ്റുകള്‍ ഉള്ള യു പി യില്‍ പാതി സീറ്റുകള്‍ കൈ വിട്ടു എന്നത് ബി ജെ പിയുടെ ചങ്കിടിപ്പ് കൂട്ടുന്നു .

     അയോധ്യ ക്ഷേത്രത്തിന്റെ നിര്‍മാണവും പ്രാണപ്രതിഷ്ടയും നടത്തിയതോടെ  ബി ജെ പി അജയ്യമായി എന്ന് ബി ജെ പി നേതൃത്വം മാത്രമല്ല ,മറ്റുള്ളവരും കരുതി .തെരഞ്ഞെടുപ്പിന് മുന്‍പേ വിജയം എല്ലാവരും ഉറപ്പിച്ചുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു .പുലവാമ ആക്രമണവും ബാലകോട്ടുതിരിച്ചടിയും  പോലെ വികാരാവേശം ചൊരിയുന്ന  വിഷയങ്ങള്‍ ഇത്തവണ ഉണ്ടായില്ല .പുലവാമ  ആക്രമണം തന്നെ  വലിയ വിവാദങ്ങള്‍ക്ക്  വിധേയമായതിനാല്‍ ഇത്തവണ അത്തരമൊരു പ്രചാരണം  ജനവികാരത്തെ സ്വാധീനിക്കാന്‍ സാധ്യത കുറവുമായിരുന്നു .ആ നിലക്കാണ്  മുസ്ലിങ്ങള്‍ എന്ന് പറയാതെ അവരാണ് എന്ന് ദ്യോതിപ്പിക്കുന്ന വിധത്തില്‍ കടിത്ത ആക്രമണം മോദി തന്നെ നടത്തിയത് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിമര്‍ശിച്ചിട്ടും  ആ ആക്രമണം തുടര്‍ന്നു .പക്ഷെ അത് ഫലിച്ചില്ലഎന്ന് യു പി തെരഞ്ഞെടുപ്പു ഫലം തെളിയ്ടിക്കുന്നു

   യു പിയില്‍ മോദിയുടെ ഭൂരിപക്ഷം തന്നെ  നാലര ലക്ഷത്തില്‍ നിന്ന് കുറഞ്ഞു ഒന്നര ലക്ഷമായി. തുടക്കത്തില്‍ മോദി 6000 വോട്ടിനു പിന്നിട്ടു നിന്നു .ബി ജെ പിയുടെ മുഖവും കഴിഞ്ഞ തവണ രാഹുല്‍  ഗാന്ധിയെ പരാജയപ്പെടുത്തിയ താരവുമായ മന്ത്രി സ്മൃതി ഇറാനി ഇത്തവണ  നിലം പൊത്തി .അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍  സമാജവാദി  പാര്‍ട്ടി ജയിച്ചു എന്ന് മാത്രമല്ല മനേക ഗാന്ധി ഉള്‍പടെയുള്ള വലിയ താര നിരയെ അവര്‍ക്ക് തോല്‍പ്പിക്കാനുമായി .ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ  റായി ബറേലിയിലെ  ഭൂരിപക്ഷം മൂന്നു ലക്ഷമായി .കഴിഞ്ഞ തവണ രാഹുല്‍ പരാജയപ്പെട്ട  അമേതി കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷത്തോടെ തിരികെ പിടിക്കുകയും ചെയ്തു .ഈ വിജയം വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടിയായി കാണണം .പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പേര് ഉയര്‍ന്നു കേട്ടിരുന്ന യോഗി ആദിത്യനാഥിന്റെ സ്ഥാനവും തെറിക്കാന്‍ ഇതിടയാക്കിയെക്കും .യു പിയും ബീഹാറും നേടാതെ ഒരു രാഷ്ട്രീയ കക്ഷിക്കും ഇന്ത്യ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുക എളുപ്പമല്ല എന്ന നിലക്ക് യു പി യും മഹാരാഷ്ട്രയും ബി ജെ പി യുടെ നവീന കര്മ്മഭൂമിയായി മാറും .  

 ബി ജെ പി സംഖ്യധര്‍മം ഒട്ടും പാലിക്കാതെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര..തങ്ങളോടൊപ്പം നിന്ന ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുമായി ഒരു സര്‍ക്കാര്‍ രൂപികരിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടി  തയ്യാറായില്ല .ഒരു പക്ഷെ ബി ജെപിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നണിക്ക്‌ കിട്ടിയ ഏറ്റവും വലിയ നേട്ടമായിരുന്നു ശിവസേനയുമായുള്ള സംഖ്യം .കോണ്‍ഗ്രസ്‌ എന്‍ സി പി ശിവസേന സംഖ്യം അവിടെ സംസ്ഥാനത്തു ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപികരിച്ചുവെങ്കിലും അധാര്‍മ്മികമായി ശിവസേനയെ പിളര്‍ത്തി ആ സര്‍ക്കാരിനെ മറിച്ചിട്ട് സര്‍ക്കാര്‍ രൂപികരിച്ചു പിന്നിട് എന്‍ സി പിയുടെ അജിത്‌പവാര്‍ വിഭാഗത്തെയും അവര്‍ അടര്‍ത്തിയെടുത്തു .അവരുടെ പാര്‍ട്ടിയുടെ പേരും ചിഹ്ന്നവും പോലും അവര്‍ക്ക് നഷ്ടമായി .എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ അവര്‍ അതിനു കടുത്ത മറുപടി നല്‍കിയിരിക്കുന്നു കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയുംവിജയത്തില്‍ വലിയ സ്ഥാനം മഹാരാഷ്ട്രയിലെ വിജയത്തിനുണ്ട്. .

    കര്‍ണാടകയില്‍ മുന്‍പ് നടപ്പാക്കിയ അതെ അടര്‍ത്തിയെടുക്കലാണ് മഹാരാഷ്ട്രയിലും ബി ജെപി നടപ്പാക്കിയത് .പക്ഷെ ജനവിധി അത് തിരുത്തിയെഴുതി .മാത്രമല്ല 25 സീറ്റ്‌ നേടിയ കര്‍ണാടകയില്‍  ഇത്തവണ നേടിയത് 17 സീറ്റ്‌   മാത്രം .സംഖ്യ കക്ഷിയായ ജെ ഡി എസിന് രണ്ടും .താന്‍ തന്നെ നടത്തിയ ബലാത്സംഗത്തിന്‍റെ മൂവായിരത്തോളം  അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ക്യുപ്രസിദ്ധി നേടിയ ഹസന്‍ എം പി ക്ക് ഇത്തവണ  എം പി സ്ഥാനവും നഷ്ടപ്പെട്ടു .സ്ത്രീപീഡനക്കേസില്‍   ജയിലില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണ ടേപ്പുകള്‍ ഇത്തവണ ബി ജെ പി യുടെ ഉറച്ച ചില സീറ്റുകള്‍ നഷ്ട്ടപ്പെടാന്‍ കാരണമായി.എങ്കിലും സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ദൗര്‍ബല്യങ്ങള്‍ ബി ജെ പി മുതലെടുത്തു എന്ന് വ്യക്തം .അധികാരത്തില്‍ എത്തിയത് കൊണ്ടു മാത്രമായില്ല കോണ്‍ഗ്രസ്‌ നയപരിപാടികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടോ എന്നതും വലിയ പ്രശ്നമാണ് .മാത്രമല്ല നഗരമേഖലകളില്‍ ബി ജെ പി അനുകൂല വികാരം മാഞ്ഞിട്ടില്ല എന്നതും മറ്റൊരു കാരണമായി .  .

   വ്യക്തമായ ഒരു തന്ത്രം ബി ജെ പിക്ക് ബാലികേറാമലയായിരുന്ന ദക്ഷിണ സംസ്ഥാനങ്ങളില്‍ ബി ജെ പി  ആവിഷ്ക്കരിച്ചിരുന്നു .കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചു പിന്നില്‍ പോകുകയും പല കേസുകളിലുംപെട്ടു  ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത ടി ഡി പിയുടെ  ചന്ദ്രബാബു നായിഡുവുമായി ഉണ്ടാക്കിയ സംഖ്യം ആണ് ഇന്ന് ബി ജെ പിയുടെ ജീവനാഡിയായി മാറിയിരിക്കുന്നത് ..ഇരുവരും യോജിച്ചു  മത്സരിച്ചപ്പോള്‍  അമ്പതു ശതമാനം വോട്ടു നേടിയിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇത്തവണ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ്  ജഗന്‍ മോഹന്‍ റെഡിയുടെ  നിഷ്ക്കാസനത്തില്‍ കലാശിച്ചു .ബി ജെപിയുടെ  ചെറിയ വിജയത്തിലെ വലിയ ഘടകവുമായി ഇത്തവണ  ആന്ധ്ര..പക്ഷെ യുസ് ആന്‍ഡ്‌ ത്രോ എന്ന ബി ജെ പി രീതി ഇനിയുമാവര്‍ത്തിക്കുമോ അതോ തിരികെ അതിനു പാര്‍ട്ടി ഇരയാകുമോ എന്നതാണ് കണ്ടറിയാനുള്ളത് .

     ഒഡിസയില്‍ ഇതുവരെ തങ്ങളെ പിന്തുണച്ച നവീന്‍ പട്നായിക്കിന്റെ അഞ്ചാമൂഴം ബി ജെപി തകര്‍ത്തു. നിയമസഭയും  സീറ്റുകളും സ്വന്തമാക്കി എന്നത് ബി ജെപിയുടെ മറ്റൊരു  ചാണക്യതന്ത്രം.

   85 ശതമാനം ഹിന്ദുക്കള്‍ ഉള്ള തമിഴ്നാട്ടില്‍ ബി ജെപി ക്കൊ അവരെ എതിര്‍ത്ത ഏ ഐ ഏ ഡി എ ക്കോ ഒരു സീറ്റുംനേടാന്‍ കഴിഞ്ഞില്ല .ദ്രാവിഡ  മൂല്യങ്ങള്‍ ഹിന്ദുത്വയെ നിരാകരിച്ചു  എന്ന് പറയുകയാകും ശരി. അതിന്റെ വലിയ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസും സി പി ഐ യും സി പി എമ്മും ആയിരുന്നു .

ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത രാഹുല്‍ ഗാന്ധിയും പുത്തന്‍ കൂറ്റ് നേതാക്കളുമായി  ഉണ്ടായ ഗാഡ ബന്ധമാണ് മമതയില്‍ നിന്നും ലാലൂവില്‍ നിന്ന് വ്യത്യസ്തമായി  അഖിലേഷ് യാദവും എം കെ സ്റ്റാലിനും തേജസ്വിയും ഉദ്ധവുമായും  അദ്ദേഹത്തിനു നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു .ഇത് പില്‍ക്കാലത്തെ സംഖ്യങ്ങളെ ശക്തിപ്പെടൂത്തും .

   തെലുങ്കാനയില്‍ ബി ആര്‍ എസിനെ ഏതാണ്ട് തുടച്ചു നീക്കി കോണ്‍ഗ്രെസ് വലിയ നേട്ടമുണ്ടാക്കി .ബി ജെപിയും ഇവിടെ മൂന്നു സീറ്റ്‌ നേടി. ഒവൈസിയുടെ ഏ ഐ എം എം ഐ  ഒന്നും .ബീഹാറിളും  ഹൈദരാബാദിളുമായി  ഒവൈസി .88 ശതമാനംവോട്ടു നേടി എന്നത് മതേതര കക്ഷികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് .

     കേരളത്തില്‍ ഏതായാലും മോദി ഗാരന്റി ഫലിച്ചു.18 സീറ്റില്‍ വിജയിച്ചു യു ഡി എഫ് വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും തൃശൂരും ആലത്തുരും നഷ്ടപ്പെട്ടത് അവര്‍ക്ക് വലിയ നഷ്ട്ടമാണ് .പ്രത്യേകിച്ചും തൃശൂര്‍ .ഇവിടെ സിറ്റിംഗ് സീറ്റ്‌ ആയ വടകരയില്‍ നിന്നു മാറ്റി സുരേഷ് ഗോപിയെ നേരിടാന്‍ നിയോഗിച്ച കെ മുരളിധരന്‍ മൂന്നാമത് ആയി എന്നത് ബി ജെപി അക്കൗണ്ട്‌ തുറന്നതു പോലെ ശ്രദ്ധേയമായ കാര്യമാണ് .സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കു 27ശതമാനം വോട്ട് കിട്ടിയത് മുതല്‍ തൃശൂര്‍ സീറ്റിനു വേണ്ടി കിണഞ്ഞു ശ്രമിക്കുകയായിരുന്നു .തന്‍റെ മതേതര സ്വഭാവം പ്രകടിപ്പിക്കാന്‍ അദ്ദേഹം ക്രിസ്ത്യന്‍ പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണകിരീടം തന്നെ നല്‍കി .വിജയിച്ചാല്‍ പത്തു ലക്ഷത്തിന്റെ കിരീടം വാഗ്ദാനം ചെയ്തിട്ടുമുണ്ട് .പ്രധാന മന്ത്രി മോദി തന്നെ മൂന്നു തവണ ഇവിടെ എത്തി .ത്രുശൂരുകാരുടെ എല്ലാം  ഉത്സവമായ പൂരം  കലക്കിയതും സുരേഷ് ഗോപിക്ക് അനുകൂലമായി വന്നു .അതിലും പ്രധാനമായി 26ശതമാനം വരുന്ന ക്രൈസ്തവരില്‍ ഒരു നല്ല പങ്കു അദ്ദേഹത്തിന് വോട്ട് ചെയ്തു .മണിപ്പൂരിലെ തീ അടങ്ങിയിട്ടില്ലെങ്കിലും ഹിന്ദുത്വ യുടെ പ്രച്ചരകരുറെ ഗാരന്റി ക്രൈസ്തവ വിഭാഗത്തില്‍ ഒരു പക്ഷത്തിനു ഇഷ്ടമായി എന്ന് വേണം കരുതാന്‍ .ലവ് ജിഹാടും റബ്ബര്‍ വിലയും സി ഏ ഏ പോലെയുള്ള നിയമങ്ങളെ ഇരുളില്‍   നിര്‍ത്തിയെന്ന് വേണം കരുതാന്‍.കരുവനൂര്‍ ബാങ്ക് അഴിമതിയും ജങ്ങളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരകമായിട്ടുണ്ടാകാം .. സി പിഎമ്മുമായി ബി ജെപിക്ക് അലിഖിത ധാരണ ഉണ്ടായിരുന്നതായി ദല്ലാള്‍ നന്ദകുമാര്‍ കുറ്റപ്പെടുത്തുന്നു .മാത്രമല്ല പാര്‍ട്ടി തന്നെ  പ്രചാരണത്തില്‍ സഹായിച്ചില്ല എന്ന് മുരളിധരന്‍ തന്നെ കുറ്റപ്പെടുത്തുന്നു .ഇതിനിടെ  മുന്‍ എം പി ടി  എന്‍ പ്രതാപനും  ഡി സി സി പ്രസിഡന്റും അലംഭാവം കാട്ടിയെന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു .ബി ജെ പി ഒരു സീറ്റ്‌ പിടിച്ചത് കൊണ്ടല്ല സാധ്യത ഉണ്ടായിട്ടും അത് ഒഴിവാക്കാന്‍ കോണ്ഗ്രസ്  നേതൃത്വം തയ്യാറായില്ല .പ്രത്യേകിച്ചു മുരളിധരരനെ പോലെ കരുത്തനായ ഒരു പോരാളിയെ തൃശൂരില്‍ ബലി കൊടുത്തു .ഒരു സിറ്റിംഗ്  എം എല്‍ ഏ യെ മുരളിയുടെ സിറ്റിംഗ് സീറ്റായ വടകരയില്‍  നിയോഗിച്ചായിരുന്നു ഈ സാഹസം മുരളി അതിനു ഒരുങ്ങിയപോള്‍ അദ്ദേഹത്തിനെ പിന്തുണയ്ക്കേണ്ട ബാധ്യതയുള്ള കേരള നേതൃത്വം ഇവിടെ ദയനീയമായി  പരാജയപ്പെട്ടു .മുരളിയെ പോലെയുള്ള പോരാളികള്‍ കോണ്‍ഗ്രസ്സില്‍ കുറയുന്നു എന്നതാണ് ഏറെ സങ്കടകരം

   കേരളത്തില്‍ ഏറ്റവും വലിയ നഷ്ടം ഉണ്ടായത് സി പി എമ്മിനാണ് 11 0 നിയമസഭാ തെരഞ്ഞെടുപ്പുമണ്ടലങ്ങളില്‍ അവര്‍ പിന്നിലായി മാത്രമല്ല ആലപ്പുഴയില്‍ ചില മണ്ടലങ്ങളില്‍ ബി ജെ പിയുടെ ശോഭാസുരെന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തി .തിരുവനന്തപുരത്തു പുതുമുഖമായ ബി ജെ പിയുടെ മന്ത്രി  രാജിവ് ചന്ദ്ര ശേഖര്‍ തന്നെ രണ്ടാമതെത്തി . .നല്ല സ്ഥാനാര്‍ഥികളുടെ അഭാവമായിരുന്നു  പാര്‍ട്ടിയുടെ മറ്റൊരു വീഴ്ച ..ആരോപണങ്ങള്‍ ചൂഴ്ന്നു  നിന്ന പാര്‍ട്ടി പുനര്‍ വിചിന്തനാവും നേതൃമാറ്റവും നടത്തിയില്ലെങ്കില്‍ ബംഗാളിലെ  പോലെ ഇല്ലാതാകുമെന് എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നു .സി പി എമ്മിന്റെ  തട്ടകത്തില്‍  അവരുടെ മണ്ടലത്തില്‍ പരകായപ്രവേശം നടത്താന്‍ കാത്തിരിക്കുകയാണ് ബി ജെ പി.

 എങ്കിളും  സി പി എം  ദേശീയതലത്തില്‍ രാജസ്ഥാനിലെ സിക്കാര്‍  ഉള്‍പടെ നാലു സീറ്റ്‌ നേടി .സിക്കാരില്‍   എന്നപോലെ മധുരയിലും ദിണ്ടിഗലിലും സി പി എം ഇന്ത്യ മുന്നണിയുടെ പിന്തുണയോടെയായിരുന്നു  വിജയിച്ചത് . കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചുറു ചുറുക്കുള്ള വനിതാ നേത്ഹാവ് രെമ്യ ഹരിദാസിനെ പരാജയപ്പെടുത്തി മന്ത്രി കെ രാധാകൃഷ്ണന്‍ സീറ്റ്‌ കരസ്ഥമാക്കി ഇംഗ്ലീഷോ  ഹിന്ദിയോ കാര്യമായി അറിയാത്ത നേതാവാണ് അദ്ദേഹം .പക്ഷെ വലിയ വീഴ്ചയില്‍ നിന്ന് അദ്ദേഹം സി പി എമ്മിനെ കാത്തു .

    ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാകും എന്ന്  കരുതി സി ഏ ഏ ക്ക് ചട്ടങ്ങള്‍ തയാറാക്കി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പല ഹിന്ദു അഭയാര്‍ത്തികള്‍ക്കും പൗരത്വം  കൊടുത്തുവെങ്കിലും പശ്ചിമ ബംഗാളില്‍ അത് ഏശിയില്ല .തനിക്കെതിരെ ശബ്ടിച്ച അധിര്‍ രഞ്ജന്‍ ചൌധരിയെ ക്രിക്കട്റ്റ് താരം  യുസുഫ്പാത്താനെ നിര്‍ത്തി മമത തോല്പിച്ചു .അഞ്ചു മുസ്ലിം എം പി മാരാണ് മമതയുടെ പാര്‍ട്ടിയില്‍ നിന്ന് ലോക്സഭയില്‍ എത്തുന്നത് .കൊണ്ഗ്രെസ്സില്‍ നിന്ന് ഏഴും .മൊത്തം 24 മുസ്ലിം എംപി മാരില്‍ ഒരു ബി ജെ പി എം പിയും ഇല്ല .വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായ മണിപ്പൂരില്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു .

മധ്യപ്രദേശിലെ വിജയമാണ് ബി ജെ പിയുടെ വലിയ നേട്ടം .28 സീറ്റും അവര്‍ നേടി .കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് അടക്കം എല്ലാവരും സംപൂജ്യരായി . ബി ജെ പിയുമായി വിലപേശിയിരുന്ന ഒരു സംസ്ഥാന  നേതൃത്വത്തിന്‍റെ കീഴില്‍ ഇത്തരം  തോല്‍വികള്‍ അതിശയമല്ല .എന്നാല്‍ രാജസ്ഥാനും ഹരിയാനയും  കോണ്‍ഗ്രസ്സിനു അനുകൂലമായി മറി പഞ്ചാബില്‍ കര്‍ഷകസമരത്തിന്റെ കനലുകള്‍ ആണ്  പാര്‍ട്ടിക്ക് സഹായകരമായത് . ഡല്‍ഹിയില്‍ ബി ജെ പി എഴില്‍ ഏഴു സീറ്റും നേടിയെന്നത് നഗരവോട്ടര്‍മാരിപ്പോഴും ബി ജെ പിക്ക് ഒപ്പമാണെന്ന ധാരണ ബലപ്പെടുത്തുന്നു .. പൊതുവേ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെമുഖചേദം ആകേണ്ട ഈ തലസ്ഥാനം ഇത്തവണ വ്യത്യസ്തമായാണ്  ചിന്തിച്ചത് ഇ ഡി റൈഡും കേജ്രിവാളിന്‍റെ അററ്റും ഒന്നുമവരെ ഇളക്കിയില്ല മാധ്യമങ്ങള്‍ ചതിക്കുഴിയില്‍ പെട്ടതില്‍ അതിശയിക്കാനുണ്ടോ ?

 എങ്കിലും അതിശയിപ്പിക്കുന്ന നേട്ടം കൊയ്യന്നത് നോട്ടയാണ് .കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കളം വിട്ടൊഴിഞ്ഞ ഇന്‍ഡോറില്‍ രണ്ടു ലക്ഷത്തിലും അധികം വോട്ടാണ് നോട്ട നേടിയത് .രാജ്യത്ത് മൊത്തം.99 ശതമാനം . സി പി എമ്മിന് 1.76 ശതമാനം വോട്ടേ ഉള്ളു എന്നറിയുമ്പോള്‍ അതിന്റെ വലുപ്പം മനസ്സിലാക്കാം .ഒരിക്കല്‍ നോട്ട തന്നെ ഭരണത്തില്‍ എത്തുന്ന നില വരുമോ ?

    ഒരു കാര്യം വ്യക്തം ബി ജെപിയെ ഒരിക്കലും എഴുതിത്തള്ളാന്‍ ആവില്ല മോദി പ്രഭാവം കുറഞ്ഞിരിക്കാം പക്ഷെ ആവനാഴിയില്‍ ഇനിയും ആയിരം  അമ്പുകള്‍ ഉണ്ട് അപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി ശക്തമായി തങ്ങളുടെ മൂല്യങ്ങളില്‍ വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ എന്‍ ഡി ഏ സര്‍കാരിനെ അടുത്തവട്ടം പുറത്താക്കാനാവൂ ..കര്‍ണാടക വേദനിപ്പിക്കുന്ന ഒരു ഉദാഹരണമാണ് .കേരളം മറ്റൊരു പുതിയ മുഖവും .ബംഗാള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ മാറും എന്നത് മറ്റൊരു ചോദ്യം .പാര്‍ട്ടി ആദ്യം ചെയ്യേണ്ടത് മധ്യപ്രദേശു നേതൃത്വം ഉടച്ചു വാര്‍ക്കുകയാണ് ആന്ധ്ര തിരിച്ചു പിടിക്കാനും  ശ്രമിക്കണം .ആന്ധ്രയാണ്‌ യു പി പോലെ ഇന്ത്യന്‍ ഭരണം നിശ്ചയിക്കുക .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക