വാക്കനല്‍ /
എ വി അനൂപ് എന്ന വ്യവസായിയുടെയും വ്യക്തിയുടെയും അനുഭവകഥകള്‍ മലയാളികള്‍ക്ക് ഒരു പാഠം ആകേണ്ടതാണ്
Read on emalayalee magazine: https://mag.emalayalee.com/magazine/june2024/#page=73
മദിരാശിയിലെ മലയാളി വ്യവസായികള്‍ക്ക് നാട്ടില്‍ പലര്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകതയുണ്ട് .അവര്‍ പഴയ മദ്രാസ്സിലും ഇന്നത്തെ ചെന്നെയിലും ഒരു പോലെ സാമൂഹിക സാംസ്കാരിക പരിപാടികളില്‍ സജീവമായി പങ്കെടുക്കും .പണം കൊണ്ടു സഹായിക്കുക മാത്രമല്ല ,നേരില്‍ പരിപാടികളില്‍ പങ്കെടുക്കും .സ്റ്റേജിനു മുന്നില്‍ ഇരുന്നവര്‍ക്ക് ഇന്ന് സ്റ്റേജില്‍ തിരികെ ഇരിക്കുന്നതിലാണ് താല്പര്യം . ..എങ്കിലും സാമൂഹികമായ പ്രതിബദ്ധത വ്യക്തി ഭേദമന്യേ അവര്‍ പ്രകടിപ്പിച്ചു വരുന്നു .പക്ഷെ ഒരാള്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നത് ആരും എതിര്‍ക്കില്ല .എന്നും നാടകങ്ങളില്‍ അഭിനയിച്ചു സദസ്യരെ അഭിമുഖീകരിച്ച ഏ വി അനൂപ് ആണത് .അദ്ദേഹം സിനിമയിലും അഭിനയിച്ചു വരുന്നു .പക്ഷെ എ വി ഏ ഗ്രൂപിന്റെ സാരഥി എന്ന നിലയില്‍ പ്രശസ്തനായ ഈ വ്യവസായിക്ക് ഇതെല്ലം ഒരു ചെറിയ തൂവല്‍ മാത്രം .തന്‍റെ ജീവിതവും വഴിത്തിരിവുകളും പ്രതിപാദിക്കുന്ന യൂ ടേണ്‍ എന്ന പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിക്കുന്നത് വരെ പക്ഷെ അദ്ദേഹത്തിന്‍റെ വ്യത്യസ്തമായ വ്യക്തിത്വം എനിക്കും അറിയുമായിരുന്നില്ല .
വ്യവസായി ആയി ജനിച്ച ഒരു വ്യക്തിയല്ല അനൂപ്.യാദൃശ്ചികമായി പറക്കമുറ്റാത്ത ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ എത്തിയ വ്യക്തിയാണ് അദ്ദേഹം അത് കൈ പിടിച്ചു ഉയര്‍ത്തി എന്ന് മാത്രമല്ല അത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് ആയി അദ്ദേഹം ഉയര്‍ത്തുകയും ചെയ്തു .ഇന്ന് മെഡിമിക്സ് എന്ന ബ്രാന്‍ഡിനെ പറ്റി ആലോചിക്കുമ്പോള്‍ എത്ര വലിയ തീച്ചൂളയില്‍ കൂടിയാണ് ആ സ്ഥാപനം ഈ ഉയരങ്ങള്‍ കൈ വരിച്ചതെന്നു അതിശയം തോന്നാം . തിരുവനന്തപുരം അമ്പലനഗറില്‍ കഴിഞ്ഞിരുന്ന ഒരു സാധാരണ വ്യക്തിയുടെ അപൂര്‍വമായ വിജയ ഗാഥയാണിത് .
മെഡിമിക്സ് സ്ഥാപിച്ചത് അനൂപിന്റെ അമ്മാവനായ ഡോ വി പി സിദ്ധനാണ്. .റെയില്‍വേയില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം സ്ഥാപിച്ചതാണ് ഇത് .ത്വക്ക് രോഗികള്‍ക്ക് നല്‍കിരുന്ന ഒരു ആയുര്‍വേദ ഔഷധം സോപ്പ് രൂപത്തില്‍ അവതരിപ്പിച്ചാല്‍ വിജയം കൊയ്യുമെന്നു അദ്ദേഹത്തിലെ ബിസിനസ് മനസ്സ് പറഞ്ഞു അങ്ങനെ സ്ഥാപിച്ച മെഡിമിക്സ് .പതുക്കെ പതുക്കെ വളര്‍ച്ച പ്രാപിച്ചു .അന്ന് വിപണിയില്‍ ശക്തമായിരുന്ന ചന്ദ്രിക ആയുര്‍വേദിക് സോപ്പിനെ അത് പിന്നിലാക്കി .ഈ വ്യവസായ നേട്ടം കൈവരിച്ചിട്ടും സിദ്ധന്‍ ഉല്ലസിച്ചു രസിച്ചത് നാടകാഭിനയത്തിലയിരുന്നു .
ഒരു കാലത്ത് മലയാള സിനിമയുടെ കേന്ദ്രമായ മദിരാശിയില്‍ സിനിമാക്കമ്പം മൂത്തവര്‍ തടിച്ചു കൂടിയെങ്കിലും അവരാരും തന്നെ അതിലേക്കുള്ള വേദിയായി നാടകത്തെ കണ്ടില്ല. മദിരാശി നാടകവേദി തനി അമേച്വര്‍ നാടക സംഘങ്ങള്‍ ആയിരുന്നു .സ്വന്തമായി കഥയെഴുതി അല്ലെങ്കില്‍ നാട്ടില്‍ അവതരിപ്പിച്ചു വിജയിപ്പിച്ച നാടകങ്ങള്‍ പുതിയവരുടെ സംവിധാനത്തില്‍ അരങ്ങു കണ്ടു .അവരില്‍ പലര്‍ക്കും സിനിമ ഒരു ലക്ഷ്യം പോലും ആയിരുന്നില്ല .വ്യവസായി എന്ന സ്ഥാനം പോലും ഓര്‍ക്കാതെ നാടകത്തില്‍ മുഴുകുന്ന അനൂപിനെ ഞാന്‍ പലപ്പോഴും അതിശയത്തോടെ കണ്ടിട്ടുണ്ട് .
1962 ഏപ്രില്‍ 30 നു ഫിഷറീസ് ഡയറക്ടര്‍ എ ജി വാസവന്റെ മകനായി ജനിച്ച അനൂപ് ജീവിതത്തിന്‍റെ തീച്ചൂളയിലേക്ക് എറിയപ്പെടുന്നത് എം ജി കോളേജില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിക്കുന്നതോടെയാണ് .അഛന്‍ കടന്നു പോയപ്പോള്‍ ആ വീടിന്റെ ചുവരുകളില്‍ പരസ്പരം നിസ്സഹായതയോടെ പരസ്പരം നോക്കിയിരുന്ന തന്നെയും അമ്മയെയും സഹോദരികളെപ്പറ്റിയും അദ്ദേഹം ഈ പുസ്തകത്തില്‍ ഓര്‍ക്കുന്നു .
കുസൃതിയും വഴക്കും നിറഞ്ഞ ഒരു ബാല്യകാലത്തില്‍ ഒന്നാം ക്ലാസില്‍ അധ്യാപികയെ “പീഡിപ്പിക്കാന്‍ “ശ്രമിച്ച വിദ്യാര്‍ഥി എന്ന പേര് നേടിയത് അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട് .തൃശ്ശൂര്‍ വിട്ടു കോഴിക്കോട് ചുങ്കം യു പി സ്കൂളില്‍ ആയിരുന്നു അദ്ദേഹം അഞ്ചും ആറും ക്ലാസുകള്‍ പഠിച്ചത് .”ക്ലാസ്സില്‍ എന്‍റെ തൃശൂര്‍ ഭാഷയും കോഴിക്കോടന്‍ ഭാഷയും ഏറ്റുമുട്ടി.എന്‍റെ സ്വഭാവത്തിലും ഭാഷയിലും ഉണ്ടായ മാറ്റം അമ്മയെ വിഷമിപ്പിച്ചിരുന്നു “,അനൂപ് എഴുതുന്നു .രാജശ്രീയുടെ ദാക്ഷായണി കഥയ്ക്ക് മുന്‍പേ ഒരു ഭാഷാപോരാട്ടം എന്നേ ഇതിനെ വിശേഷിപ്പിക്കാവൂ . .പിന്നിട് എറണാകുളം പൊന്നുരുന്നി സ്കൂളിലും തുടര്‍ന്നു തിരുവനന്തപുരം സെന്റ് ജോസെഫ്സ് സ്കൂളിലും .അമ്മനാട്ടത്തിലും റോളര്‍ സ്കേറ്റിഗിലും റുബിക്ക് ക്യുബു സെറ്റ് ചെയ്യ്യുന്നതിലും പ്രാഗത്ഭ്യം നേടിയ നാളുകള്‍ ആയിരുന്നു അത് .ഇതിനിടെ നാടകത്തില്‍ അഭിനയിക്കാന്‍ ശ്രമം .സംഭാഷണം പരിഭ്രമം മൂലം പുറത്തു വന്നില്ല .
കുട്ടികള്‍ കൂകി.“ഞങ്ങള്‍ പ്രത്യക്ഷപ്പെട്ട അതെ വേഗതയോടെ സ്റ്റേജില്‍ നിന്നു ഇറങ്ങിയോടി പരിശീലനവും പരിചയപ്പെടലുമില്ലാതെ ഒരു കാര്യവും വിജയിക്കില്ലെന്ന് അന്ന് പഠിച്ചതാണ് “,അനൂപ് പറയുന്നു
അമ്പലനഗര്‍ കോളനിയില്‍ അദ്ദേഹം അവതരിപ്പിച്ച നാടകം വിജയിച്ചു .റിഹേര്‍സല്‍ കണ്ടു . ആകാശവാണി ഓടിഷനു ക്ഷണിച്ചുവെങ്കിലും അതില്‍ പരാജയപ്പെട്ടു .ഒരു ആദ്യരാത്രി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടത് .പരിഭ്രമം മൂലം ആ ആദ്യരാത്രി പരാജയമായി . ബി കോമിനു എം ജി കോളേജില്‍പഠിക്കുമ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിക്ക് കൂട്ട് പോയി യാദൃശ്ചികമായി കഥാമത്സരത്തില്‍ പങ്കെടുത്ത താന്‍ ഒന്നാം സമ്മാനം നേടിയ കഥയും അദ്ദേഹം പങ്കു വെയ്ക്കുന്നുണ്ട് “.സിനിമാതാരം ജഗദീഷ് എന്‍റെ അധ്യാപകനായിരുന്നു. മോഹന്‍ ലാല്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായി അവിടെയുണ്ടായിരുന്നു “,അദ്ദേഹം ഓര്‍ക്കുന്നു .
ജീവിതത്തിലെ വഴിത്തിരിവുകള്‍ അതിശയകരമാണ് എപ്പോഴും “ഞാനും കാര്യക്ഷമതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകണമെന്ന് അഛന്‍ ആഗ്രഹിച്ചു .ഞാനും .ബിസിനസ് സമൂഹം നല്ലതല്ലെന്നും അവരുമായി കൂട്ട് കൂടരുതെന്നും അച്ചന്‍ ഉപദേശിക്കുമായിരുന്നു ബിസിനസ് എന്നത് എന്തോ അരുതാത്ത കാര്യമാണ് എന്ന ബോധമാണ് അത് എന്നില്‍ അങ്കുരിപ്പിച്ചത് “,അനൂപ് എഴുതുന്നു പക്ഷേ അച്ഛന്‍റെ മരണശേഷം കുടുംബം പുലര്‍ത്താനായി ഒരു “ടാക്സി ഡ്രൈവറുടെ” റോള്‍ താനേ അനൂപിന് എടുക്കേണ്ടി വന്നു .നിത്യവൃത്തിക്ക് വേണ്ടി പണം സമ്പാദിക്കുന്നതിലായി പിന്നെ ശ്രദ്ധ” സഹോദരി ഭര്‍ത്താവ് സുധിറിനു ഒരു വാന്‍ ഉണ്ടായിരുന്നു .ആ വാഹനം എനിക്ക് തന്നു ഉപജീവനത്തിന് വഴി കണ്ടെത്താന്‍ ഞാന്‍ അപ്രകാരം ടാക്സി ഡ്രൈവറായി ..ഡെലിഗേഷന്‍ വഴി വഴി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്ന് ഞാന്‍ പഠിച്ചത് ഈ നീക്കത്തിലൂടെയായിരുന്നു “,അനൂപ് എഴുതുന്നു
ആ സമയത്താണ് ഡോ വി പി സിദ്ധന്‍ വീട്ടില്‍ എത്തുന്നത് .തന്‍റെ ഫാക്ടറിയില്‍ മലയാളി തൊഴിലാളികള്‍ സമരത്തില്‍ ഇറങ്ങിയത് മൂലം ബിസിനസ് നിര്‍ത്തേണ്ടി വന്ന വിഷമത്തിലാണ് അദ്ദേഹം അവിടെയെത്തിയത് .”അങ്ങനെ അദ്ദേഹത്തെ സഹായിക്കാന്‍ ഞാന്‍ 1982 മേയില്‍ മദിരാശിയില്‍ എത്തി .അവിടെ എത്തിയപ്പോഴാണ് അതൊരു മുള്‍ക്കിരീടമാണ് എന്ന് എനിക്ക് മനസ്സിലായത് .അപ്പോള്‍ മധുരക്ക് ട്രാന്‍സ്ഫര്‍ ആയ ഡോ സിദ്ധന്‍ അയച്ച കത്തുകള്‍ അനുസരിച്ചായിരുന്നു ഓരോ നീക്കവും .അവ പുസ്തകമാക്കിയിരുന്നെങ്കില്‍ വലിയ മാനെജ്മെന്റ് പാഠങ്ങള്‍ ആകുമായിരുന്നു അനൂപ് എഴുതുന്നു ആദ്യകാലത്ത് നൂറു ഹോട്ടലിലെങ്കിലും സോപ്പ് എത്തിക്കാനായിരുന്നു ശ്രമം .സോപ്പുമായി പോകുമ്പോള്‍ പലരും പരിഹസിച്ചിട്ടുണ്ട് .ആദ്യകാലത്ത് സിദ്ധനും പ്രദീപും ഞാനും നടന്നും സൈക്കിളിലും ബസിലും സോപ്പ് പാക്കെറ്റ് അടങ്ങിയ സഞ്ചിയുമായി വില്പനക്കായി സഞ്ചരിച്ചിട്ടുണ്ട് “.ആദി ഗോദ്രേജിനെ തന്നെ ഞങ്ങളുടെ വിപണനം വിസ്മയിപ്പിച്ചു എന്നത് പില്‍കാല കഥ .പണം ഇല്ലാതെ വരുകയും സ്വര്‍ണം പണയം വെച്ചു ശമ്പളം നല്‍കുകയും ചെയ്ത ഇന്നലെകള്‍ ഇന്നും മനസ്സിലുണ്ട് .പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ടതിനാലാണ് ഈ വിധം ചരിത്രം എഴുതാനാകുന്നത് .
ആസൂത്രണത്തിന്റെ അഭാവവും ക്യാപ്പിറ്റലിന്റെ കുറവും മൂലമാണ് പലരും ബിസിനസ്സില്‍ പൊട്ടുന്നത് .അപക്വമായ ചിന്തയും കുറെ പണവും കയ്യില്‍ ഉണ്ടെങ്കില്‍ ബിസിനസ്സ് ചെയ്യാം എന്ന് തെറ്റിദ്ധരിക്കുന്നവരും കുറവല്ല. ബിസിനസ് വിജയിക്കുന്നതിന് ആവശ്യമായ പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് പണം”,അനൂപ് തന്‍റെ ബിസിനസ് അനുഭവം പങ്കു വെയ്ക്കുന്നു .പുസ്തകത്തില്‍ ഇത് പോലെ നിരവധി ബിസിനസ് നിര്‍ദേശങ്ങള്‍ നിറഞ്ഞിരിക്കുന്നു .
സോപ്പ്നിര്‍മ്മാണത്തില്‍ ഓരോ ഉപയോഗവും അനുഭൂതിയാകണം ,ഒടുവിലത്തെ കണികയിലും ഗുണവും മണവും നഷ്യപ്പെടരുത് എന്ന് തങ്ങള്‍ക്കു നിര്‍ബന്ധം ഉണ്ടായിരുന്നു എന്ന് അനൂപ് പറയയുന്നുണ്ട് .അതില്‍ ഉപയോഗിക്കുന്ന അപൂര്‍വമായ പെര്‍ഫ്യും എങ്ങനെ കണ്ടെത്തി എന്ന് അദേഹം വിശദമായി പറയുന്നുണ്ട്
സിനിമയിലേക്കുള്ള തന്‍റെ കടന്നു വരവും ആദ്യസിനിമ ആഘോഷമായി പൊട്ടിയതും അദ്ദേഹം സരളമായി വിവരിക്കുന്നുണ്ട് .ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള യുഗപുരുഷന്‍ എന്ന ആ സിനിമ അദ്ദേഹത്തിനു ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധത്തിന് കാരണമായി .അദ്ദേഹത്തിന്‍റെ മുത്തച്ചന്‍ എ സി ഗോവിന്ദന്‍ ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ് .കുട്ടികളുടെ ശ്രീനാരായണ ഗുരു എന്നൊരു ഗ്രന്ഥം അദ്ദേഹം രചിച്ച്ചിട്ടുമുണ്ട് .ആ നിലക്ക് അത് വലിയ നേട്ടമായിരുന്നു .
ഇപ്പോള്‍ മേളം ,സഞ്ജീവനി എന്നിങ്ങനെ വ്യത്യസ്തമായ സംരംഭങ്ങള്‍ അനൂപ് നേതൃത്വം നല്‍കുന്ന എ വി എ ഗ്രൂപ്പിന്‍റെ കീഴില്‍ ഉണ്ട് .പക്ഷെ ഇതില്‍ എല്ലാം അപ്പുറം സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തിയെ ഈ പുസ്തകത്തില്‍ കാണാം .ബി കോമിനു പഠിക്കുമ്പോള്‍ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ച അശോക് വര്‍മ,കമ്പനി കാര്യത്തില്‍ ഉപദേശിച്ചു വന്ന ചാക്യാര്‍ രാജന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം ഈ പുസ്തകത്തിനു നിറം പകരുന്നു .
ബിസിനസ്സില്‍ വിജയം കൈവരിച്ച മലയാളികള്‍ വളരെ കുറവാണ് ,അവരില്‍ തന്നെ തങ്ങളുടെ ജീവിത വിജയ രഹസ്യങ്ങള്‍ പുറത്തു പറയുന്നവര്‍ തുലോം കുറവ് ആ നിലക്ക് എ വി അനൂപിന്റെ യു ടേണ്‍ മികവ് പുലര്‍ത്തുന്നു .