കുവൈറ്റിൽ സംഭവിച്ച അഗ്‌നി ബാധയും, അനേകം ഇന്ത്യക്കാരായ തൊഴിലാളികളുടെ ദാരുണ മരണവും , ലോകത്തെ ആകെ കണ്ണീരിൽ ആഴ്ത്തിയിട്ടുണ്ടാവും. തങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതം ആക്കാനായി ഇറങ്ങി പുറപ്പെട്ട ഈ മനുക്ഷ്യർ അനുഭവിച്ച ജീവിതാന്ത്യം മനുക്ഷ്യ മനസ്സുകളെ പിടിച്ചു കുലുക്കുന്നതാണ്. ഇന്ത്യയിൽ നിന്നും ഇത്ര അധികം ജനങ്ങൾ എന്ത് കൊണ്ടാണ് മറു നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോകാൻ ഇടയാകുന്നത് ? ചിലർ ജീവൻ പോലും പണയപ്പെടുത്തി "ലോഞ്ചിലും" മറ്റും നിയമ വിരുദ്ധമായും കടൽ കടക്കുന്നു. ഇന്ത്യയുടെ സാമ്പത്തീക സ്ഥിതി ഇത്ര മോശമാണോ? എങ്ങനെ ഈ നിലയിലെത്തി ? ഇന്നും ഈ നില തുടരാൻ എന്തൊക്കെ ആണ് കാരണങ്ങൾ എന്ന അന്വേഷണം, ഇന്ത്യ രാജ്യത്തിന്റെ രാഷ്ട്രീയ, മത സംസ്കാരങ്ങളെ യും, അവയുടെ കാലാ കാലങ്ങളിലെ ഉയർച്ച താഴ്ച കളെയും അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ കാണുന്ന ഇന്ത്യാ മഹാരാജ്യം, സമ്പന്നമായ ഒരു സംസ്കാര പൈതൃകത്തിന്റെ ചാലുകളി ലൂടെ സഞ്ചരിച്ചിരുന്നു. തത്വശാസ്ത്രവും ജ്ഞാനന്വേഷണവും, ക്രിസ്തു വിന്റെ ജനനത്തിനും അനേക നൂറ്റാണ്ടുകൾ മുൻപേ ഇന്ത്യയിൽ വളർന്നു വന്നു. ആത്മീയ ശാസ്ത്രീയ തത്വങ്ങളെ, തപസ്സിരുന്നു ചിന്തിച്ചു, ലോക നന്മക്കായി പഠിപ്പിച്ചു ജീവിച്ച , സാരോ പദേശകർ ഇന്ത്യയിൽ ധാരാള മുണ്ടായിരുന്നു. ജ്ഞാനോദയം നേടിയ ഗൗതമ ബുദ്ധൻ, രാഷ്ട്രീയ സാമ്പത്തീക വിഷയങ്ങളിൽ അതി നിപുണനും, ജൈന മതത്തിലെ ആത്മീയ ഗുരുവും ആയിരുന്ന മഹാവീർ, മഹത്തായ ' അദ്വൈത സിദ്ധാന്ത' ത്തിനുടമയായ ആദിശങ്കരൻ, ശൂന്യതാ വാദവുമായി നാഗാർജുന, ആര്യ ഭട്ട, വരാഹമിഹര, ജിദ്ദുകൃഷ്ണമൂർത്തി, സ്വാമി വിവേകാനന്ദാ, തുടർന്ന് സി.വി. രാമനും, നമ്മുടെ പ്രസിഡന്റ് ആയിരുന്ന എ.പി.ജെ.അബ്ദുൽകലാം ..... ഇങ്ങനെ തുടർന്ന് പോകുകയാണ് ഇന്ത്യൻ സംസ്കാര സമ്പത്തു. പിന്നെ എന്തു സംഭവിച്ചു? എങ്ങനെ ഈ രാജ്യവാസികളിൽ അനേകർ പട്ടിണിയുടെയും പരിവട്ടത്തിന്റെയും ദിശകളിലൂടെ ഇന്നും സഞ്ചരി ക്കേണ്ടി വരുന്നു ? സുരക്ഷിതത്തിനായി മറു നാടുകളിൽ കൂലി വേല ചെയ്യുന്നു?
ഈ സാഹചര്യങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഇതിനു ത്തരവാദികൾ ആരൊക്കെയാണ്? സമൂഹത്തിൽ എവിടെയൊക്കെ, എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യം? പ്രധാനമായും ഇന്ന് വ്യക്തി കളെ സ്വാധീനിക്കുന്നത് , മതവും, രാക്ഷ്ട്രീയവും ആണ്. കലാ-സാഹിത്യ-മാധ്യമ വേദികളും ഇവരണ്ടുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
മറ്റുള്ളവരോട് 'കരുണ' കാണിക്കണെമെന്നു ബുദ്ധമതം അനുശാസിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കണമെന്നു പഠിപ്പിച്ച ക്രിസ്തു, സ്വർഗ്ഗ സമാനമായ ഒരു ഭൂമിയെ അഥവാ സമൂഹത്തെ അങ്ങനെ സൃഷ്ടിക്കാനായി സ്വന്തം ജീവൻ വരെ മറു വിലയായി നൽകി. ധാർമ്മീകതയുടെ ഉപദേശങ്ങൾ പ്രകീർത്തനം ചെയ്യുന്നു ഹിന്ദു മതവും. ഇസ്‌ലാമീക പഠിപ്പിക്കലുകളും, ജൈന വിശ്വാസികൾക്കു ഉറുമ്പിനോട് പോലും ഉള്ള കരുതലുകളും നിലവിലുണ്ട്. എല്ലാം, നാം മറ്റുള്ളവരെ അഥവാ അന്യോന്യം സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ മതങ്ങൾ വിശ്വാസ സംഹിതകളുണ്ടാക്കി, ചിന്തിക്കാൻ മിനക്കെടാത്ത, കാലുറപ്പിക്കാൻ മണ്ണില്ലാത്ത ഭൂരിപക്ഷത്തെ ഭയ പ്പെടുത്തിയും അനുനയിപ്പിച്ചും അവരുടെ മേൽ കെട്ടിവെച്ചു, അതിനെ എല്ലാം മനുക്ഷ്യന്റെ ഉള്ളിന്റെ ഉള്ളിലേക്ക് താഴ്ത്തി പതിപ്പിക്കാനായി ആചാരങ്ങളെയും പ്രഖ്യാപിച്ചു. സ്ത്രീജനങ്ങളെ അശുദ്ധരും പുരുഷന്മാരുടെ അടിമകളും ആക്കി. ധാര്മീകതയ്‌ക്കോ ആത്മീകതയ്‌ക്കോ പ്രാധാന്യം നൽകാതെ, സ്ഥാപന വത്കരണത്തിൽ ശ്രദ്‌ധിച്ചു. ജാതിസമ്ബ്രദായം നടപ്പിലാക്കി. "മേലനങ്ങി പണി ചെയ്യുന്നവരെ" നികൃഷ്ട ജീവികളായി മുദ്ര കുത്തി...., പാർശ്വവത്കരിച്ചു. അങ്ങനെ 'മറ്റുള്ളവരെ' (ഫോർ/അദർ പീപ്പിൾ) എന്ന പ്രധാനപ്പെട്ട "ആത്മീകത/അദ്വൈതം" അർത്ഥ ശൂന്യമാക്കി. അങ്ങനെ നൈപുണ്യം ഉള്ളവർ, അത്താഴത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു, അർദ്ധ പട്ടിണിക്കാരായി ജീവിച്ചു. വിയർക്കാതെ അപ്പം തിന്നുന്ന ന്യൂന പക്ഷം, തങ്ങളുടെ ആഡംബര ജീവിതത്തിനു ഭൂരിപക്ഷത്തെ ' മാടുകളെ' പോലെ ഉപയോഗിച്ചു. ചിന്തയും വ്യക്തിത്വവും നഷ്ടപ്പെട്ട ഭൂരിപക്ഷം, ഭയചകിതരായി ജീവിച്ചു. വിദ്യാഭ്യാസം പോലും അവർക്കു നിഷിദ്ധമായിരുന്നതിനു ഉദാഹരണമാണല്ലോ, "വേദം പഠിച്ച ധിക്കാരി ആയ 'എഴുത്തച്ചൻ' എന്ന ശൂദ്രനെ", ശേഷ കാലം ചക്കാട്ടി ജീവിക്കാൻ, സാമൂതിരി ശിക്ഷിച്ചത്. അറിവിനെയും സാന്മാർഗീകതയെയും എല്ലാം തുറങ്കിലടച്ച ആചാരങ്ങൾ, പുരോഗമനത്തിനു വിലങ്ങു തടിയായി നിന്നു.
' രാഷ്ട്രീയം അഥവാ ഭരണ നേതൃത്വം', വിയർപ്പൊഴുക്കാതെ അപ്പം തിന്നാൻ പറ്റിയ ഒരു സംവിധാനമായി കണ്ടു കൊണ്ട് പലരും, എങ്ങനെ എങ്കിലും, ആരുടെ വിഴുപ്പു അലക്കിയും, ചുമന്നും ....നേതൃ സ്ഥാനം തട്ടിയെടുക്കുന്നു. പ്രത്യയശാസ്ത്രങ്ങളോ, പ്രമാണങ്ങളോ ധാര്മീകതയോ ഒന്നും അവർ കണക്കിലെടുക്കുന്നില്ലെങ്കിൽ, നാടിനു പുരോഗമനമോ, അധോഗമനമോ ഫലം? ഒരു ജനാധിപത്യ സംവിധാ നത്തിൽ, "ഫോർ ദി പീപ്പിൾ" എന്ന പ്രധാന ഭാഗം ജനാധിപത്യത്തിന്റെ നിർവ്വചനത്തിൽ (government of the people, by the people , for the people ) നിന്നും മായ്ച്ചുകൊണ്ടോ, മറന്നു കൊണ്ടോ ഭരിക്കുന്നത്, സമൂഹ നാശത്തിനു വഴി തെളിക്കും. അഴിമതിയും അക്രമവും വിളയാടും. ദാരിദ്ര്യവും, അപര്യാ പ്തമായ അടിസ്ഥാന സൗകര്യങ്ങളും, മനുക്ഷ്യരെ പ്രബുദ്ധരാക്കാൻ കഴിയാത്ത സാഹിത്യവും മാധ്യമങ്ങളും എല്ലാം പുരോഗമനത്തിനു വിലങ്ങു തടിയായി നിൽക്കുന്നു. കമ്മ്യൂണിസ്റ് പാർട്ടിയും, ഈ. എം. എസ്സും., മുണ്ടശ്ശേരിയും, വയലാറും, കെ.പി.എ.സി.യും എല്ലാം, നവോദ്ധാനത്തിനു ആരംഭമിട്ട ഒരു കാലയളവ് പ്രതീക്ഷകൾ നൽകി. എന്നാൽ അധികം താമസിയാതെ തന്നെ തുടർച്ചക്കാരുടെ പ്രവണത മാറി മറിഞ്ഞു.
പ്രത്യയ ശാസ്ത്രങ്ങളെ അവഗണിച്ചു, ലാസ്യ സുഖവും ആഡംബരവും കൂടുതൽ അഭികാമ്മ്യം ആയി തോന്നിയിരിക്കാം. അങ്ങനെ "ഫോർ ദി പീപ്പിൾ" എന്ന തല വാചകം പാടെ മറന്നു.
തിരിഞ്ഞു നോക്കണം, വ്യക്തികളിലും സമൂഹത്തിലും മാറ്റങ്ങൾ വരുത്തണം. ഗവണ്മെന്റ് നിയമങ്ങൾ കർശനമാക്കണം. പക്ഷെ, ഭൂതദയയോ, സ്നേഹമോ, അന്യോന്യമുള്ള കരുതലോ നിയമത്താൽ , മനുക്ഷ്യ മനസ്സുകളിൽ എത്തിക്കാനാവില്ലല്ലോ. അതിനാൽ മതങ്ങൾ തങ്ങളെ തന്നെ ശുദ്ധീകരിക്കണം. മറന്നു പോയ ''ആത്മീകതയെ". പുനഃസ്ഥാപിക്കണം, സ്ഥാപനവത്കരണത്തിനും ഉപരിയായി, പ്രഥമമായി. അങ്ങനെ, ജന്മം തന്ന മാതാപിതാക്കളോടും, ജനിച്ചു വീണ നാടിനോടും ഉള്ള ബന്ധത്തെ ഉറപ്പിക്കാൻ, ഏല്ലാവരെയും സഹോദരരായി കാണാൻ, നല്ല രാക്ഷ്ട്രീയ ഭരണകർത്താക്കളെ ലഭിക്കാൻ, സ്നേഹത്തിന്റെയും കരുണയുടെയും പരസ്പര്യത്തിന്റെയും അനുഭൂതി ലഭിക്കാൻ, ഈശ്വരൻ നമ്മളെ സഹായിക്കട്ടെ.