Image

കോഴിക്കോട് സാഹിത്യനഗരം- അഭിമാന നഗരം : (കെ.പി. സുധീര)

കെ.പി. സുധീര Published on 24 June, 2024
കോഴിക്കോട് സാഹിത്യനഗരം- അഭിമാന നഗരം : (കെ.പി. സുധീര)

കോഴിക്കോട് ഇന്ത്യയുടെ ആദ്യ  സാഹിത്യ നഗരമായി യുനെസ്‌കോ
തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജൂണ്‍ 23 ന് കോഴിക്കോട് നടക്കുന്നു, വന്നെത്തണം എന്ന ക്ഷണക്കത്ത് ലഭിച്ചു -  മകനരിയില്‍ അസര്‍ബൈജാനില്‍ കഴിയുമ്പോഴും കോഴിക്കോടിന്റെ മഹത്വമോര്‍ത്ത് മനസ്സില്‍ കൃതാര്‍ത്ഥത നിറയുന്നു. ശിരസ്സ് അഭിമാനത്താല്‍ ഉയരുന്നു. 

സാഹിത്യത്തിന്റെ ശാശ്വതീകത്വ ഭാവമുള്ള നഗരമാണ് കോഴിക്കോട് - സൗന്ദര്യത്തെ സത്യത്തോട് അടുപ്പിക്കുന്ന ധാരാളം സാഹിത്യകാരന്മാരും ആസ്വാദകരും വായനക്കാരും താമസിക്കുന്ന ഇടം -സ്വാര്‍ത്ഥമില്ലാത്ത ആഹ്ലാദനുഭൂതിയാണ്  സാഹിത്യ നഗരത്തില്‍ താമസിക്കുന്ന ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് -

ഞാന്‍ ജനിച്ചുവളര്‍ന്നത്, ഹിന്ദുവും മുസല്‍മാനും, ക്രിസ്ത്യാനിയും ഗുജറാത്തിയും ബുദ്ധമതക്കാരും കൈകോര്‍ത്തു ജീവിച്ച കോഴിക്കോടാണ്. മിഠായിത്തെരുവില്‍ ബുക്ക്സ്റ്റാള്‍ നടത്തിയിരുന്ന ദിവംഗതനായ  കെ.സി. പത്മനാഭന്‍ ആണ് എന്റെ അച്ഛന്‍.


വാസ്‌കോഡിഗാമ കപ്പലിറങ്ങി, സാമൂതിരി രാജാവിനെ മുഖം കാണിച്ച സംഭവങ്ങള്‍ക്കുശേഷം കോഴിക്കോട് കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്‌കാര സമന്വയ ഭൂമിയായി. നഗരവത്ക്കരണങ്ങളുടെ, പരിഷ്‌കാരത്തിന്റെ പല സംസ്‌കാരങ്ങളുടെ, ഭാഷകളുടെ സങ്കരഭൂമിയായി ഇത്. പതിനഞ്ചാം നൂറ്റാണ്ടിനവസാനത്തില്‍ ഇവിടെ .   ചൈനയില്‍ നിന്നും, ജാവയില്‍ നിന്നും, അലക്‌സാണ്ട്രിയയില്‍നിന്നുപോലും കച്ചവടക്കാര്‍ വന്നിരുന്നുവത്രെ. അവരിവിടെ ഒന്നിച്ചു പുലര്‍ന്നു. ഒന്നിച്ച് കച്ചവടം ചെയ്തു. സൗഹാര്‍ദ്ദത്തിന്റെ പുതുവസന്തം സൃഷ്ടിച്ചു.

കോഴിക്കോട് ഒരുപാട് വലിയ മനുഷ്യര്‍ ജീവിച്ചിട്ടുണ്ട്.കോഴിക്കോട്ട് ജീവിച്ച കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹബും മൊയ്തുമൗലവിയും, സി.എച്ച്. മുഹമ്മദ് കോയയും അങ്ങനെ പലരും മലബാറിലെ മഹത്വമുള്ള മനുഷ്യരായാണ് അറിയപ്പെടുന്നത്.
രാഷ്ട്രീയത്തിലും, കലയിലും സംസ്‌കാരത്തിലും മുന്തി നിന്ന മനുഷ്യര്‍ - സംഗീതം, നാടകം, സിനിമ, സാഹിത്യം ഇവ കോഴിക്കോട്ടുകാര്‍ക്ക് ജീവനാണ്. രണ്ട് ജ്ഞാനപീഠ ജേതാക്കള്‍ കോഴിക്കോട് ജീവിച്ചവരാണ് - എസ്.കെ.യും എം.ടി.യും - ഈ രണ്ടക്ഷരങ്ങള്‍ ലോകമെമ്പാടും അറിയപ്പെടുന്ന പേരാണ്. ഇവര്‍ നാടിന്റെ അഭിമാനഭാജനങ്ങളാണ്.

വീട്ടില്‍ എസ്.കെ. നിത്യ സന്ദര്‍ശകനായിരുന്നു. തിക്കോടിയന്‍, അഴീക്കോട് എന്‍.പി. മുഹമ്മദ്, കടവനാട് കുട്ടികൃഷ്ണന്‍, ഉറൂബ്, സിനിക് പിന്നെ അക്കാലത്ത് നാടകരംഗത്തെ പ്രമുഖരായ നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, ശാന്താദേവി ഇങ്ങനെ പലരും പലപ്പോഴും വീട്ടില്‍ ഊണിനും ചായയ്ക്കും ഒക്കെ ഉണ്ടാവും. വീട്ടിലെ ഔട്ട് ഹൗസില്‍ വെച്ച് നാടക റിഹേഴ്‌സലുകളും എഴുത്തുകാരുടെ കൂട്ടായ്മയും ഉണ്ടാവും.നാടകസാമഗ്രികളായ കര്‍ട്ടണും മറ്റും, ഉമ്മറത്തെ ചാരുപടിക്കടുത്തുള്ള ചെരുമുറിയില്‍ സൂക്ഷി ച്ചിരുന്നതായി ഓര്‍ക്കുന്നു, അച്ഛന്‍ കെ.സി. എന്ന പേരിലാണ് അറിയപ്പെട്ടത്.തിക്കോടിയന്റെ മകള്‍ പുഷ്‌പേച്ചി, പിന്നെ എസ്.കെ യുടെ മക്കള്‍ സുമ,സുമിത്ര, എന്‍.പി, ഉറൂബ് ഇവരുടെ മക്കള്‍ ഇവരുടെയൊക്കെ കൂടെ ഒന്നിച്ചിരുന്നത് ഓര്‍മയുണ്ട്.
കോഴിക്കോട് ജോലി സംബന്ധമായി എത്തിയ എം.ടി, നിളയുടെ നിലാവിനെ ഉപേക്ഷിച്ച് കോഴിക്കോട് താമസമാക്കി. തിക്കോടിയന്‍, ഉറൂബ് - അങ്ങനെ പലരും ഇവിടെ വന്ന് സ്ഥിരതാമസക്കാരായി -

ആര് വന്നെത്തിയാലും ഹൃദയാലുക്കളായ കോഴിക്കോട്ടുകാരുടെ സ്‌നേഹവും  സല്‍ക്കാരവും അവരുടെ ഹൃദയങ്ങളെ കീഴടക്കും . അവര്‍ ഞങ്ങളുടെ ആത്മാവിന്റെ ഊഷ്മാവില്‍ ജീവിതത്തിന്റെ നറുമണം ആസ്വദിച്ചു - സത്യത്തിന്റെ ഉള്‍ക്കാഴ്ചയറിഞ്ഞു. സാമുദായിക വൈരുധ്യങ്ങള്‍ക്കും ജാതി വൈചിത്ര്യങ്ങള്‍ക്കുമപ്പുറം വിശ്വമാനവന്റെ ഭാഷയറിഞ്ഞു.

നിരവധി സാഹിത്യകാരന്മാര്‍ ജീവിച്ച, ജീവിക്കുന്ന, ആസ്വാദനത്തിന്റെ ആനന്ദവും  സര്‍ഗാത്മകതയുടെ ഔന്നത്യവും  അറിയുന്ന കോഴിക്കോടിന് സാഹിത്യ നഗരമെന്ന പദവി യുനെസ്‌കോ നല്‍കുമ്പോള്‍, ഞങ്ങള്‍ക്ക് അര്‍ഹതയുള്ളത് ലഭിച്ചതിന്റെ വിവരിക്കാനാവാത്ത കൃതാര്‍ത്ഥതയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക