Image

ഇങ്ങനെയും ചില ജീവിതങ്ങൾ (കവിത: പി.സീമ)

Published on 24 June, 2024
ഇങ്ങനെയും ചില ജീവിതങ്ങൾ (കവിത: പി.സീമ)

കാൽക്കീഴിൽ നിന്നും 
ഒഴുകി പോയത് 
വെറും മൺതരികളല്ല 
അത് കൈക്കുമ്പിളിൽ 

ഒതുക്കാൻ കൊതിച്ച ജീവിതം തന്നെ 
ആയിരുന്നുവെങ്കിൽ 
കൈവിട്ടു കളഞ്ഞേക്കുക 
അത് നമുക്കുള്ളതല്ല.

ആ മണ്ണ് കൊണ്ടു 
മാളിക പണിഞ്ഞവർക്ക് 
സ്വർണ്ണഗോപുരങ്ങൾ 
തീർത്തവർക്ക് 
വെളിച്ചം വിൽക്കാൻ ഒപ്പം നിന്ന് 
ഇരുട്ടിലാക്കി 
ഇരട്ടി ലാഭം കൊയ്തവർക്ക് 
അന്തപുരങ്ങളും 
രാജസിംഹാസനങ്ങളും 
ഉണ്ടാകട്ടെ.

ആരും വിപ്ലവകാരികളായി 
ജനിക്കുന്നില്ല 
ഒരു വിപ്ലവവും 
അന്നം തേടി കൊടുത്തു 
ആരുടെയും 
വിശപ്പ് ശമിപ്പിച്ചിട്ടില്ല. 
ബാധ്യതയുടെ 
മേൽക്കൂരകൾക്ക് മീതെ 
മറ്റൊരു തണൽക്കൂട് 
തീർത്തിട്ടുമില്ല.

പാഥേയമില്ലാത്ത 
പെരുവഴിയിൽ 
അത്താണികൾ 
ഉണ്ടെങ്കിൽ 
ഇത്തിരി നേരം 
ഭാരമിറക്കി വെയ്ക്കുക 
വഴി ഒടുങ്ങുവോളവും 
മുന്നേറുക

ഒരാൾക്കുറങ്ങാൻ 
ആറടി മണ്ണ് പോരേ?
അത് കാൽച്ചുവട്ടിൽ നിന്നു 
ഒഴുകി പോകില്ല.
ചതിക്കപ്പെട്ടവർ 
അന്യർക്കു വേണ്ടി 
അത് പലിശക്ക് 
പണയം വെക്കില്ല.
ജീവിച്ചിരിക്കുന്നവർ 
മരിച്ചവരുടെ കടൽ നീന്തി 
കര തേടെണ്ടതില്ല

അമ്മയുടെ ഗർഭപാത്രത്തിൽ 
നിന്നു പുറത്ത് വന്നാൽ 
ആ ആറടി മണ്ണ് അന്ന് മുതൽ 
നമ്മുടേത് മാത്രമാകുന്നു.
അത് ഭൂമിയുടെ 
ഇഷ്ടദാനവും 
ആകാശം നിവർത്തിയ 
തണലുമാകുന്നു.

Join WhatsApp News
Ummer 2024-06-25 15:17:12
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക