Image

രസകരമാണ് 'നടന്ന സംഭവ'ങ്ങളും അതിലെ കഥാപാത്രങ്ങളും

Published on 24 June, 2024
രസകരമാണ് 'നടന്ന സംഭവ'ങ്ങളും അതിലെ കഥാപാത്രങ്ങളും

അയല്‍വാസിയുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്ന് ഭൂതക്കണ്ണാടി വച്ചു നോക്കിയിരിക്കുന്ന ആളുകളുണ്ട്. അടുത്ത വീട്ടില്‍ എന്തു നടക്കുന്നുവെന്നും ആരൊക്കെ വരുന്നു പോകുന്നു എന്നുമെല്ലാം തിരക്കിയറിയാനുള്ള അടക്കാനാകാത്ത ഉത്ക്കണ്ഠയുമായി ജീവിക്കുന്ന ചില മനുഷ്യര്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത 'നടന്ന സംഭവം' എന്ന ചിത്രം അത്തരത്തില്‍ സമൂഹത്തില്‍ നടക്കുന്ന ചില രസകരമായ സംഭവങ്ങളിലേക്കാണ് ക്യാമറ സൂം ചെയ്യുന്നത്.

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ സംഭവ പരമ്പരകളും കഥാപാത്രങ്ങളെയുംനമുക്ക് ഏറെ പരിചിതമായണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും ചില അവസരങ്ങളില്‍ പുരുഷന്‍മാര്‍ നേരിടുന്ന ചില പ്രതിസന്ധികളെ വളരെ രസകരമായി തുറന്നു കാട്ടുകയാണ് നടന്ന സംഭവത്തിലൂടെ.

നഗരത്തിലെ ഒരു ഹൗസിങ്ങ് കോളനിയിലേക്ക് മറൈന്‍ എന്‍ജിനീയറായ സുകുമാരന്‍ ഉണ്ണി, ഭാര്യ റോഷിയും കുഞ്ഞുമൊത്ത് താമസിക്കാനെത്തുന്നതോടെ കഥയിലെ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നു. സുകുമാരന്‍ ഉണ്ണി ആളൊരു സരസനാണ്. തമാശകള്‍ പറയാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാം നല്ല കഴിവുള്ള ഒരു ചെറുപ്പക്കാരന്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. പോരാത്തതിന് സുന്ദരനും. വളരെ പെട്ടെന്നു തന്നെ അയാള്‍ കോളനിയിലുള്ള എല്ലാ സ്ത്രീകളുമായും നല്ല സൗഹൃദത്തിലാകുന്നു. ഉണ്ണിയുടെ അയല്‍വാസിയായ അജയന്റെ ഭാര്യ ധന്യയ്ക്കും മറ്റു സ്ത്രീകള്‍ക്കും ഏതു കാര്യത്തിനും സഹായിയായി ഉണ്ണി മതിയെന്നായി. ഇതോടെ കോളനിയിലെ മറ്റു പുരുഷന്‍മാര്‍ക്ക് അസൂയ തോന്നുകയും അവര്‍ അസ്വസ്ഥരാവുകയും ചെയ്യുന്നു. അതോടെ അവരില്‍ ചിലര്‍ ഉണ്ണിയെ ഏതെങ്കിലും രീതിയില്‍ പാരപണിയുന്നതിനുള്ള അവസരം കത്തിരുന്നു. ഉണ്ണിയുടെ അയല്‍വാസിയായ അജയന്റെ വീട്ടിലെ മദ്യപാന സദസില്‍ വച്ച് ഉണ്ണിയെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളാണ് 'നടന്ന സംഭവ'ത്തില്‍ പറയുന്നത്.

സ്വന്തം വീട്ടിലെ കാര്യങ്ങള്‍ അവിടെയിട്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്കും അവരുടെ അടുക്കളയിലേക്കും കിടപ്പു മുറിയിലേക്കും സദാചാരത്തിന്റെ കണ്ണാടിയും തിരിച്ചു വച്ച് ഒളിഞ്ഞുനോക്കിയിരിക്കുന്ന നിരവധി വ്യക്തികള്‍ ഈ സമൂഹത്തിലുണ്ട്. സ്വന്തം കുറ്റങ്ങള്‍ മറച്ചു വച്ച് അന്യന്റെ ജീവിതത്തിലേക്ക് നോക്കി കുററവും കുറവും കണ്ടു പിടിക്കാന്‍ വെമ്പുന്നവര്‍. അങ്ങനെയുള്ള പുഴുക്കുത്തുകളെയാണ് തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥും സംവിധായകന്‍ വിഷ്ണു നാരായണനും കൂടെ പ്രേക്ഷകന് കാട്ടിത്തരുന്നത്. രാജേഷ് ഗോപിനാഥിന്റെ ജീവിത പരിസരത്തു നടന്ന സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നതും ഏറെ കൗതുകകരമാണ്.

ദാമ്പത്യത്തില്‍ സംഭവിക്കുന്ന പിണക്കങ്ങളും ഇണക്കങ്ങളും അസംതൃപ്തിയുമെല്ലാം വളരെ മനോഹരമായി വരച്ചിടുന്നുണ്ട് ഈ ചിത്രത്തില്‍. പ്രണയവും അതു പോലെ തന്നെ. തുല്യതയ്ക്ക് വേണ്ടി വാദിക്കുകയും നാടെങ്ങും അതിനായി ശബബ്ദമുയരുകയും ചെയ്യുന്ന ഈ അവസരത്തിലും സ്ത്രീക്ക് സ്വന്തം കുടുംബത്തിലും പോലീസ് സ്റ്റേഷനിലും നേരിടേണ്ടി വരുന്നത് അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലും ആണ്‍കോയ്മയുടെ അഹന്തയും തന്നെയെന്നും ചിത്രം വ്യക്തമാക്കുന്നു.

തമാശകള്‍ പറയുന്ന, തികഞ്ഞ സഹൃദയനായ ഭര്‍ത്താവായി ബിജുമേനോന്‍ അവതരിപ്പിച്ച സുകുമാരന്‍ ഉണ്ണി മികച്ചു നിന്നു. അതോടൊപ്പം തന്നെ അല്‍പ്പം ഈഗോയുള്ള അജയന്‍ എന്ന കഥാപാത്രം സുരാജിന്റെ കൈയ്യില്‍ ഭദ്രമായി. ബിജു മേനോന്റെ ഭാര്യയായി എത്തിയ ശ്രുതി രാമചന്ദ്രനും സുരാജിന്റെ ഭാര്യയായി എത്തിയ ലിജോ മോളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഇവരെ കൂടാതെ ജോണി ആന്റിണി, നൗഷാദ് അലി, സുധി കോപ്പ, അനഘ അശോക്, ആതിര ഹരികുമാര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥപാത്രങ്ങളോട് നീതി പുലര്‍ത്തി. അങ്കിത് മേനോന്റെ സംഗീതവും സൈജു ശ്രീധരന്റെയും ടോബി ജോണിന്റെയും എഡിറ്റിങ്ങും മികച്ചതായി. ''നമുക്കേവര്‍ക്കും പരിചിതരായതു കൊണ്ടു തന്നെ നടന്ന സംഭവം അങ്ങേയറ്റം രസകരമായിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക