Image

കുന്നിറങ്ങിവരുന്ന മഴത്തുള്ളികൾ (ഉമ)

Published on 24 June, 2024
കുന്നിറങ്ങിവരുന്ന മഴത്തുള്ളികൾ (ഉമ)

തുള്ളിപ്പെയ്യുന്ന മഴയാസ്വദിച്ച് ജനലരികിൽ മുഖം ചേർത്ത് മഴയുടെ സംഗീതം സിരകളിലേക്കാവാഹിക്കുമ്പോൾ ആരുഷിയുടെ ചിന്തകൾ മഴയ്ക്കൊപ്പം പെയ്യുന്നുണ്ടായിരുന്ന.
മഴ എത്ര വിധമാണ്? ജീവിതത്തിന്റെ ദശാകാലം പോലെ. ഓരോ മഴയ്ക്കും ഓരോ സംഗീതമാണ്. തകർത്തുപെയ്യുന്ന മഴത്തുള്ളികളുടെ കിലുക്കമല്ല ചാറ്റൽ മഴത്തുള്ളികൾക്കും താളത്തിൽ മെല്ലെ പെയ്യുന്ന മഴയുടെ തുള്ളികൾക്കും. കുട്ടി ആയിരിക്കുമ്പോൾ "ആരൂ മറ്റത്ത് അയയിൽ വിരിച്ച തുണികൾ എടുത്തോളു, മഴ പെയ്യാൻ തുടങ്ങി" എന്ന് അമ്മ പറയുമ്പോൾ "കുന്നിറങ്ങി മഴത്തുള്ളികൾ മുറ്റത്തെത്താൻ ഇനിയും സമയം ഉണ്ടല്ലോ" എന്ന് തിരിച്ചു മറുപടി പറയും.

അതേ മഴ പെയ്യുന്നു എന്ന് പറഞ്ഞ് നോക്കുമ്പോൾ കാണാം അങ്ങേക്കുന്നിന്റെ മുകളിൽ നിന്ന് മഴ പതിയെ കാറ്റിനൊപ്പം കുന്നിറങ്ങിവരുന്നത്. ചിലപ്പോൾ എന്നെ തോല്പിയ്ക്കാനെന്നോണം വേഗതയിലും. ആ കാഴ്ച ഈ ജനലിലൂടെ കാണുമ്പോൾ അത്ഭുതമായിരുന്നു. മഴയെന്താ ഇങ്ങനെ? പെയ്യുമ്പോൾ ഒരേ സമയം എല്ലായിടവും പെയ്യാത്തതെന്ന്? 
മഴ മുറ്റത്തെത്തുമ്പോഴേക്കും മഴയെ തോല്പിച്ച് തുണി എടുത്ത് കോലായിലേക്ക് കയറി തിരിഞ്ഞു നില്ക്കും. "നിന്നെ ഞാൻ തോല്പിച്ചെ" എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കും.

അമ്മ പറയും "ഡീ കൊച്ചെ നിന്ന് കിന്നാരം പറയാതെ തുണികൊണ്ട് അകത്തിടാൻ നോക്കൂ. ഇനി എറിച്ചിലടിച്ച് എല്ലാം നനയണ്ട". ഓടിന്റെ മകളിൽ മഴത്തുള്ളികൾവീഴുമ്പോഴുണ്ടാകുന്ന സംഗീതമല്ല അത് വാരിയിലൂടെ ഉർന്നിറങ്ങി മുറ്റത്ത് വിഴുമ്പോഴുള്ളത്. ആ സംഗീതമല്ല മുറ്റത്തുവീഴുന്ന തുള്ളികൾക്ക്. ആ മഴയിൽ അമ്മ കാണാതെ നനയുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സംഗീതത്തിന് മറ്റൊരു ലയവും ശ്രുതിയും ആയിരുന്നു. അത് കഴിഞ്ഞ് പനിച്ചുവിറച്ചു പുതപ്പിനടിയിൽ കിടക്കുമ്പോൾ കേൾക്കുന്നത് മറ്റൊരു താളം. മഴയുടെ പ്രപഞ്ചതാളം.

പ്രായം കൂടുന്തോറും മഴയുടെ താളലയങ്ങൾക്ക് മനസ്സിൽ സ്വരഭേദങ്ങൾ വന്നു തുടങ്ങി. മഴയ്ക്ക് പ്രണയത്തിന്റെ ഭാഷയായി. മഴപെയ്തുതോർന്ന രാവുകളിൽ ഇലച്ചാർത്തു പെയ്യുന്ന താളമായി ഹൃദയതാളം. ആരോ അറിയാതെ ഹൃദയ തന്ത്രികളിൽ വിരൽമീട്ടി മറയുന്നപോലെ. മാസ്മരസംഗീതത്തിന്റെ അലകൾ ഉള്ളിൽ ഒഴിയാതെ മുഴങ്ങിക്കൊണ്ടിരുന്നു. കുന്നിൻ മുകിളിൽ നിന്ന് മഴയ്ക്കൊപ്പം ഓടിയെത്തിയിരുന്ന ഒരു കളിക്കൂട്ടുകാരന്റെ മുഖം കണ്ണുകളിൽ മായതെ നിൽക്കാൻ തുടങ്ങി. ഒപ്പം കളിച്ചുവളർന്നിട്ടും മതത്തിന്റെ മതിൽക്കെട്ടുകൾ ഭൂമിയുടെ മറുകരയിലേക്ക് പറത്തിവിട്ട കൂട്ടുകാരൻ.

ആരുടെയൊക്കെയോ കണ്ണിൽ സംഗീതം സിരകളിലലിഞ്ഞ് സംഗീത അദ്ധ്യാപികയായിമാറിയ ആരുഷിയ്ക്ക് ചേർന്നവനല്ലായിരുന്നു പ്രാരബ്ധങ്ങളുടെ നടുവിൽ വളർന്ന് കുടുംബം രക്ഷിയ്ക്കാൻ നഴ്സിംഗ് ജോലിതേടിയ ആദിൽ ആന്റണി. അമേരിക്കയിൽ നിന്ന് പറന്നിറങ്ങിയ സൂസൻ ജേക്കബ് എന്ന നഴ്സ് സുന്ദരിയ്ക്ക് ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെട്ട സുന്ദരൻ. കുന്നിൻ ചരുവിലുടെ, വയൽ വരമ്പിലൂടെ ആരോരുമറിയാതെ ആരുഷിയുടെ സംഗീതത്തിന് താളം പിടിച്ചു നടന്ന ആദിലിന് സൂസനെ എങ്ങനെ ഉൾക്കൊള്ളാനാവും. ചാറ്റൽ മഴയിലും തുള്ളിക്കൊരുകുടം പെയ്യുന്ന പേമാരിയിലും ആരുഷിയുടെ ശബ്ദം മഴയുടെ താളലയത്തിൽ അലിഞ്ഞില്ലാതാവാതെ ഹൃദയത്തിലേക്കാവാഹിച്ച ആദിലിനെങ്ങനെ ആരുഷിയുടെ സംഗീതം കേൾക്കാതിരിക്കാനാവും.

എന്നിട്ടും സൂസൻ മടങ്ങിയത് ആദിലിനെയും കൊണ്ടായിരുന്നു. വിട്ടുകൊടുക്കലാണ് പ്രണയം എന്ന ഏതോ മണ്ടൻ സിദ്ധാന്തത്തെ കൂട്ടുപിടിച്ച് ആദിലിനോട് വിടപറയുമ്പോൾ ആദിലെന്ന കളിക്കൂട്ടുകാരനില്ലാതെ ഇനി ഒരു മഴയ്ക്കും സംഗീതമുണ്ടാവില്ലെന്ന് ആരുഷിയ്ക്കറിയാമായിരുന്നു. അമ്മയും കെട്ടിയ്ക്കാൻ പ്രായമായ രണ്ടു പെങ്ങൻമാരും ഏറെ പ്രതീക്ഷയോടെ തന്റെ മുന്നിൽ കൈനീട്ടിനില്ക്കുമ്പോൾ ആരുഷിയുടെ സംഗീതം സ്വന്തം ഹൃദയത്തിലേക്ക് ചുരുങ്ങുകയായിരുന്നു. കുന്നിൻ മുകളിലെ വീട്ടിലേക്കുള്ള വഴി മറന്ന കുറെ നാളുകൾ. ആദിൽ അമേരിക്കയുടെ മണ്ണിൽ വേരുറപ്പിച്ച് മഴയുടെ താളം മറന്ന് മഞ്ഞിന്റെ തണുപ്പിൽ തൂവലുകൾ തുന്നിക്കൂട്ടിയ ഉടുപ്പിനുള്ളിൾ കുഞ്ഞുസൂസനെ താലോലിക്കുന്നത് മനസ്സിൽ കണ്ടു. അവന്റെ ദിനങ്ങൾ മാസങ്ങളും വർഷങ്ങളുമായപ്പോൾ അവൻ രജിസ്റ്റേർഡ് നഴിസിന്റെ വെള്ളക്കുപ്പായത്തിൽ പലവർണ്ണങ്ങളെയും ഭാഷകളെയും ഹൃദയത്തിലേറ്റി വേദനിക്കുന്നവന് സാന്ത്വനമായി മാറുന്നതും സ്വപ്നം കണ്ടു. ആരുഷിയുടെ ഹൃദയത്തിൽ നിന്ന് കുന്നിറങ്ങിവരുന്ന മഴയുടെ സംഗീതം മാഞ്ഞുപോവാതെ ഓരോ മഴയ്ക്കുമൊപ്പം ആ കളിക്കൂട്ടുകാരനോടി വരുന്നത് ഈ ജനലിലൂടെ ആരുഷി നോക്കിനിന്നു. കുന്നിൻ ചരുവിലെ ചെടികൾ പൂക്കുകയും തളിർക്കുകയും കുഞ്ഞുങ്ങളെ പെറ്റുവളർത്തുകയും ചെയ്യുന്നത് തനിയെ നടന്നു കണ്ടു. സന്ധ്യകളിൽ ആറ്റിറമ്പിലെ മരച്ചില്ലകളിലെ ഇലകൾ ഓളങ്ങളെ രഹസ്യമായി ചുംബിയ്ക്കുന്നതും ഓളങ്ങൾ നാണത്താൽ പൊട്ടിച്ചിരിച്ച് മുഖംപൊത്തുന്നതും ഒറ്റയ്ക്ക് നോക്കിനിന്നു.

വളരെ നാളുകൾക്കുശേഷം ഒരുവൈകുന്നേരം കുന്നിറങ്ങിയ മഴയ്ക്കൊപ്പം താടിയും മുടിയും വളർത്തിയ ഒരു വെള്ളക്കുപ്പായക്കാരൻ മുറ്റത്തെത്തി. മനസ്സിലാക്കാൻ അയാളുടെ വരണ്ടചുണ്ടിലെ വെളിച്ചമില്ലാത്ത ചിരി വേണ്ടിവന്നു. അയാളോടൊപ്പം മഴയില്ലാത്ത സായാഹ്നത്തിൽ കുന്നിന്റെ അങ്ങേച്ചരുവിൽ സൂര്യൻ മറയുന്നതും നോക്കി ഇരിക്കെ ആദിലിന്റെ ഗാംഭീര്യം നഷ്ടമായ ശബ്ദം കാതിലേക്കൊഴുകിയെത്തി. "ആരുഷി നീ എന്തിനുവേണ്ടി പ്രണയം അനശ്വരമാക്കി, മേഘമൽഹാർ രാഗം മറന്നു നീ കുന്നിൻ പുറത്തു മഴപെയ്യുന്നത് മറന്നതെന്തിനായി? എനിക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി". നിന്റെ ഹൃദയതാളത്തിൽ ഇന്നും ആ കളിക്കൂട്ടുകാരനെ ചേർത്തുപിടിച്ച് നീ ഇന്നും..

"ഞാനവിടേക്ക് പോയത് ഒരു ഭർത്താവുദ്യോഗസ്ഥൻ മാത്രമായാണ്. ശമ്പളമില്ലാത്ത ഒരു വീട്ടുജോലിക്കാരൻ. അവിടെ എത്തി ആദ്യനാളുകളിൽ തന്നെ എനിക്കു മനസ്സിലായി നഴ്സിനെ കെട്ടി അമേരിക്കയിൽ എത്തിയ എനിക്ക് കടന്നുകൂടാൻ ഒരുപാട് കടമ്പകളുണ്ടെന്ന്. ആദ്യ ദിവസം തന്നെ സൂസൻ ഒരു ക്ലാസ്സ് തന്നു. അമേരിക്കയിൽ ആരും വെറുതെ ഇരിയ്ക്കാൻ വന്നവരല്ല, ഓരോരുത്തരടെ മിടുക്കുപോലെ ആവും അവന്റെ ജീവിതം. ഈ സ്യൂട്ടും കോട്ടുമിട്ടു നടക്കുമ്പോൾ ഓർക്കണം അത് വെറും വാടകയ്ക്കാണെന്ന്. സ്വന്തമാക്കണമെങ്കിൽ എന്തുജോലിയും ചെയ്യാൻ തയ്യാറാവണം. കുറച്ചു ദിവസങ്ങൾ നാവിൽ നിന്നു വഴുതിവീഴുന്ന വാക്കുകളെ മനസ്സിലാക്കാൻ കുറെ വീഡിയോകൾ കണ്ടു, ഷോപ്പിംഗ് മാളുകളിൽ സൂസനൊപ്പം നടന്ന് കാലുതെറ്റിപ്പോകുന്ന വാക്കുകളുടെ സഞ്ചാരം മനസ്സിലാക്കാൻ ശ്രമിച്ചു.

സൂസൻ പറഞ്ഞു ആദ്യം ഏതെങ്കിലും പെട്രോൾ പമ്പിലൊ സൂപ്പർമാർക്കറ്റിലൊ എവിടേലും ജോലി കണ്ടുപിട‌ക്കണം. അത് ഞാൻ വിചാരിച്ചാൽ നടക്കില്ലെന്നുറപ്പായി. കുറ നടന്നു മഞ്ഞും തണുപ്പും കൊണ്ടത് മാത്രംഫലം. റഫൻസിനും റക്കമെന്റേഷനും ഒരാളില്ലാതെ ഞാനവിടെ വെറും വട്ടപ്പൂപ്പൂജ്യം ആയിരുന്നു. ഒടുവിൽ സൂസന്റെ സഹായത്തോടെ അവളുടെ പരിചയക്കാരനായ ഒരച്ചായന്റെ സൂപ്പർമാർക്കറ്റിൽ ജോലിക്കു ചേർന്നും. പച്ചക്കറി ക്ലീൻ ചെയ്യലും, സാധനങ്ങളെടുത്ത് റാക്കിലടുക്കിവയ്ക്കലും, ക്ലീനിംഗു ടോയ്ലറ്റ് കഴുകലും... അങ്ങനെ നീണ്ടു പട്ടിക. 10 മണിക്കൂർ തുടർച്ചയായി പണിയെടുക്കേണ്ടി വന്നു, കിട്ടുന്നത് മിനിമം വേജസ്സായ മണിക്കൂറിന് 9 ഡോളർ.
മനസ്സ് മടുത്തു. നാട്ടിൽ അലക്കിത്തേച്ച ചുളിവില്ലാത്ത ജുബ്ബയും പൈജാമയും നഴ്സിംഗ് കോളജിൽ അദ്ധ്യപകനായി സുന്ദരിമാരുടെ ആരാധ്യനായ, വിദ്യാർത്ഥികളുടെ പ്രീയപ്പെട്ട ആദിൽ സാറിന്റെ ഈ അവസ്ഥ അവരറിയാതിരിക്കട്ടെ. സൂസനോട് പറഞ്ഞു "പരിചയമില്ലാത്ത പണിചെയ്ത് ആകെ ക്ഷീണമാണ്. ആർ എൻ എഴുതാൻ പഠിയ്ക്കാനുള്ള നേരമില്ല. അവൾ പറഞ്ഞു "അതൊക്കെ ശീലമാവും. പഠനം കൂടെ നടന്നുപോകും. നിങ്ങൾക്ക് അനിയത്തിമാരെ കെട്ടിക്കേണ്ടെ? അമ്മയെ സഹായിക്കേണ്ടെ?"

ഒരു ലുങ്കിയും ഷർട്ടുമിട്ട് ഫ്രീ ആയി നാട്ടിൽ നടന്ന് കുന്നിൻ ചരുവിലെ കാറ്റുനുകർന്ന ആ സ്വാതന്ത്ര്യം നഷ്ടമായി. പാൻസോ ഷോർട്സ്സോ ഇടാം. വീട്ടിനുള്ളിൽ പോലും സൂസൻ ലുങ്കി നിരോധിച്ചു. ഷോർട്ട്സിടാൻ മനസ്സു വൈക്ലബ്യം കാണിച്ചു, ജോഗിംഗ് പാന്റ്സിൽ വൈക്ലബ്യം പരിഹരിച്ചു. മാസങ്ങൾ കടന്നുപോയി. കാൽ വഴുതിയവാക്കുകളും, തലയും വാലുമില്ലാത്ത വാക്യങ്ങളും, പകുതി വിഴുങ്ങിത്തുപ്പിയ വാക്കുകളുമൊക്കെ കുറേശ്ശെ വരുതിയ്ക്കുവരാൻ തുടങ്ങി.

മാസങ്ങൾ കടന്നു പോകെ ഒരിക്കൽ ഇവിടെ നിന്നും കൊണ്ടു പോയ നീക്കിയിരുപ്പു ഡോളർ കൊണ്ട് ആർ എൻ എക്സാം പാസ്സാവാനൊരു ശ്രമം നടത്തി. പരാജയപ്പെട്ടു. അതോടെ സൂസന്റെ സ്വഭാവം മാറി. അവൾ പറഞ്ഞു "യൂ ആർ യൂസ്ലെസ്സ്. ഡമം... ഒരു ആർ എൻ ആകാൻ കഴിയാത്തവൻ. ഇവിടെ തിന്നും കുടിച്ചും കഴിയാലോ..."എന്നെ നോക്ക് ആദ്യതവണ തന്നെ പാസ്സായി." അങ്ങനെ നീളുന്ന കുത്തുവാക്കുകൾ. അവൾ അമേരിക്കൻ വിദ്യാഭ്യാസരീതിയുടെ സന്തതി ആണെന്നും എനിക്ക് പരിചയമില്ലാത്ത ഭാഷാരീതിയെന്നും അലളോർത്തില്ല.

രാപകലില്ലാതെ ജോലിചെയ്തതോ, അവളുടെ ആവശ്യങ്ങളും വീട്ടാവശ്യങ്ങളും ആവുംവിധം നിറവേറ്റിയതൊന്നും അവളുടെ കണക്കു പുസ്തകത്തിൽ ഇല്ലായിരുന്നു. മനസ്സ് മുറിപ്പെട്ടുപോയി. അങ്ങനെ ഇരിക്കെ മോളുണ്ടായി. പിന്നെ വീട്ടുജോലിക്കാരൻ ഭർത്താവുദ്യോഗത്തിന് പ്രൊമോഷനായി. ബേബിസിറ്റർ എന്ന പദവികൂടി കിട്ടി. എവിടെയും പോയി എന്തെങ്കിലും ജോലി ചെയ്യാനുള്ള അവസരം കൂടി നഷ്ടമായി. "നിങ്ങൾ ജോലിയ്ക്ക് പോയിട്ടെന്തിനാ? ഒരു ബേബിസിറ്റർക്ക് മണിക്കൂറിന് നിങ്ങൾക്കു കിട്ടുന്നതിലും അധികം കൊടുക്കണം". അവളെന്റെ വാക്കുകളിൽ മൗനത്തിന്റെ താഴിട്ടു പൂട്ടി.

ആഴ്ചതോറും പള്ളീലെത്തുമ്പോൾ കാണുന്ന ചിലരെങ്കിലും പുശ്ഛത്തോടെ കാണാൻ തുടങ്ങി. ഒരിക്കൽ പരിസരം പോലും നോക്കാതെയുള്ള അവളുടെ പെരുമാറ്റം... മോളുടെ ഡയപ്പർ ബോക്സ് എടുത്തുവയ്ക്കാൻ മറന്നതായിരുന്നു ആരോപിയ്ക്കപ്പെട്ട കുറ്റം. "ജോലിം കൂലിം ഇല്ലാതെ നടക്കുന്നവന് എന്തുത്തരവാദിത്തം. വലിയ മാസ്റ്റേഴ്സ് കാരനെന്നാണ് വിചാരം. അതാ നോക്ക് ഇവിടെ പലരും ഇങ്ങനെ വന്നവരാണ്. അവരെല്ലാം നഴ്സുമാരായി ജോലിചെയ്യുന്നു". ഒച്ചയും ബഹളവും കേട്ട് ഒപ്പം നിന്നവരും കയ്യടിച്ചവരും അവളെ കൂടുതൽ ആവേശത്തിലാക്കി. അവളുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായി. "ഇയാളെ മാത്രമല്ല ഇയാളുടെ കുടുംബക്കാരെയും തീറ്റിപ്പോറ്റേണ്ട ഗതികേടാണെനിക്ക്. നാട്ടിൽ നിന്നും ഇതുപോലുള്ള മരമണ്ടൻമാരെ കെട്ടിയെടുക്കേണ്ടി വരുന്ന നമ്മുടെ ഗതികേട്". ഒന്നും മിണ്ടാതെ തലകുമ്പിട്ടുപോയ ഞാൻ എല്ലാവരുടെയും കണ്ണിൽ വെറും കഴിവുകെട്ടവൻ മാത്രമായി.


വികാരിയച്ഛൻ ഒരുദിവസം എന്നെ വിളിപ്പിച്ചു, എന്നേക്കാൾ ചെറുപ്പമായിരുന്ന അച്ഛന് എല്ലാം മനസ്സിലായിരുന്നു. എന്നോടു പറഞ്ഞു "നീ ഭർത്താവും ബേബിസിറ്ററും വേലക്കാരനും മാത്രമാവാതെ നിന്നെക്കുറിച്ച് ചിന്തിക്കുക. പോയ ജോലി പോകട്ടെ. നിന്റെ നാവിലെ വാക്കുകളുടെ ചങ്ങല പൊട്ടിച്ചെറിയൂ" നിനക്ക് ഡ്രൈവിംഗ് ലൈസൻസുണ്ടല്ലോ? ഊബർ ഡ്രൈവറാകാം. സൂസൻ വീട്ടിലുള്ളപ്പോൾ പോകാം". അതൊരു വഴിത്തിരിവായി. സൂസൻ ആദ്യം കുറെ എതിർത്തു, പിന്നീട് സമ്മതിച്ചു, ഒരു കണ്ടിഷനിൽ. "ഈ വീട്ടിൽ ഇന്നുവരെ എങ്ങനെ ആയിരുന്നോ നിങ്ങൾ കാര്യങ്ങൾ ചെയ്തത് അതെല്ലാം അങ്ങനെ ആവണം". എല്ലാം സമ്മതിച്ചപ്പോൾ മനസ്സിലൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. എങ്ങനെ എങ്കിലും അൽബനിയിൽ പോയി പ്രാക്ടീസ് ക്ലാസ്സിനു ചേരണം. രജിസ്റ്റേർഡ് നഴ്സ് ആവണം.

ആ വാശി നേടിയെടുക്കാൻ അവസരം കിട്ടിയില്ല. അപ്പോഴേക്കും രണ്ടാമത്തെ കുട്ടി ആയി. ആയയുടെ ജോലി കൂടി. കുടുംബത്തിലൊതുങ്ങിക്കൂടാൻ അവൾ വിധിച്ചു. കുട്ടികൾ എന്റേതുമാത്രമായി. വർഷങ്ങൾ കടന്നുപോയി. അവളെന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു നഴ്സിംഗ് അസ്സിസ്റ്റന്റിനപ്പുറം ഞാനാരുമാവാതെ അവളുടെ കാൽച്ചുവട്ടിലാവണം എന്ന്. അവൾ കണ്ടെത്തിയ കാരണം ഒരാൾ ഡേ ഡ്യൂട്ടി എടുത്താൽ മറ്റെ ആൾ നൈറ്റ് എടുക്കാം. കുട്ടികളെ നോക്കാൻ പറ്റും. നല്ലതു തന്നെ, അതിനുവേണ്ടി മാസ്റ്റേഴ്സെടുത്ത ഞാൻ നഴിസിംഗ് അസ്സിസ്റ്റന്റ് ആവണോ? ഊബർ ഡ്രൈവറായാലും മതി അല്ലൊ അല്ലെങ്കിൽ മറ്റൊരുജോലി. എന്തോ എന്റെ ഈഗോ എന്നെ അവളുടെ ചിന്തളിൽ നിന്നകറ്റി ചിന്തിപ്പിച്ചു. ഒരേ ഹോസ്പിറ്റലിൽ എന്നെക്കാൾ വിദ്യാഭ്യാസം കുറഞ്ഞ ഭാര്യ ഉയർന്ന പൊസിഷനിലും ഞാൻ നഴ്സസ് എയ്ഡായും. ഞാനൊരു ടിപ്പിയ്ക്കൽ മലയാളി പുരുഷനായ പോലെ. ഇവിടെ നഴ്സിംഗ് കോളജിൽ അദ്ധ്യാപകനായിരുന്ന എനിക്കെങ്ങനെ നഴ്സസ് എയ്ഡായി ജോലി ചെയ്യാനാവും? അതിലും ഭേദമല്ലെ ഡ്രൈവർ? എന്നെ പോലെ അമേരിക്കൻ ഭർത്താക്കന്മാരിൽ പലർക്കും ഈ ദുരന്താനുഭവം ഉണ്ട്. ആരും പുറത്തുപറയാറില്ല. വീട്ടിൽ ബഡ്റൂമിലൊതുങ്ങുന്ന പൊട്ടിത്തെറികളാണ് കൂടുതലും. ചിലപ്പോൾ മക്കളുടെ മുന്നിൽ വരെ. എന്നാലും വീടിന്റെ ഫെൻസിംഗിനപ്പുറം പലരും നല്ല മാതൃകാ ദമ്പതികളായി. റിയൽ എസ്റ്റേറ്റും ഇൻഷുറൻസും ഒക്കെ ആയി ചെറിയതോതിൽ സ്വന്തം നിലയുറപ്പിയ്ക്കുമ്പോഴും ഉള്ളിൽ നീറിപ്പുകയുന്നുണ്ടാവും. കാലങ്ങൾ കഴിയവെ പലരും എല്ലാത്തിനോടും പൊരുത്തപ്പെടും. അല്ലാത്തവർ ഗേറ്റ് കടന്ന് പുറത്തേക്കു പോകും.

പലപ്പോഴും ഒരേ തൂവൽപ്പക്ഷികളെ കാണുന്നത് ആശ്വാസമായി. എന്നിട്ടും ഒടുവിൽ മടുത്തു തുടങ്ങി. മക്കൾ പറക്കമുറ്റി. ഇനിയും സഹിക്കുന്നതിലെന്തർത്ഥം. വീട്ടിൽ കുക്കുചെയ്തും, തോട്ടക്കാരനായും ജീവിച്ച് അപമാനം സഹിച്ചു ഞാനും മടുത്തു. പാൻസും കോട്ടുമിട്ട് ഭർത്താവുദ്യോഗസ്ഥനായി അവളുടെ പുറകെ നടക്കുമ്പോൾ എന്റെ മനസ്സികാവസ്ഥ ആരും അറിഞ്ഞില്ല. ചെറിയചെറിയജോലിചെയ്യുന്ന ഭർത്താവ് അവൾക്ക് വിലയില്ലാത്തവനായി. ഈ നാട്ടിൻപുറത്തു ജനിച്ചു വളർന്ന എനിക്ക് മക്കളും കുടുംബവും ജീവിതത്തിലെ വിലപ്പെട്ട നിധികളായി. അതിനുവേണ്ടി എല്ലാം സഹിക്കാൻ തീരുമാനിച്ചു..

വീടുവാങ്ങി, മോർട്ട്ഗേജും കുടുംബച്ചിലവും ഞങ്ങളുദ്ദേശിച്ചതിൽ നിൽക്കാതായി. വീണ്ടും അവൾ പഴയപടി ആർ എൻ ആവാത്തതിൽ കുറ്റപ്പെടുത്തൽ ആരംഭിച്ചു. മനസ്സിൽ നിന്ന് എല്ലാം അകന്ന്, ശൂന്യമായ മനസ്സോടെ ഇനി എന്ത് എക്സാം എഴുതാൻ. രാപകലില്ലാതെ ഡ്രൈവർ പണിതന്നെ ശരണമായി. മാസാമാസം നല്ലൊരുതുക അവളുടെ അക്കൗണ്ടിലേക്ക് ഒഴുക്കാൻ അതല്ലാതെ വഴിയില്ലായിരുന്നു. കറുത്തകോട്ടിനുള്ളിലെ തകർന്ന ഹൃദയത്തിൽ കുന്നിൻ മുകളിലെ മഴയ്ക്കൊപ്പം ചാറിയിറങ്ങി "ആരൂ മഴയെ തോല്പിച്ച് ഞാനെത്തിയെ" എന്ന് ആർത്തുവിളിക്കുന്ന ആ കളിക്കൂട്ടുകാരന്റെ മനസ്സ് ഒന്നു വീണ്ടെടുക്കാൻ ഞാനും മോഹിച്ചു.

വർഷങ്ങൾക്കു ശേഷം വീണ്ടും ഇവിടെ മേഘമൽഹാറായി പെയ്തിറങ്ങി നിന്നോടൊപ്പം കുറെ ദിവസങ്ങൾ. ഇനി ഒരു മടങ്ങിപ്പോക്ക് ഇല്ലെന്നുറപ്പിച്ചതാണ്... നിന്നോടൊപ്പം വീണ്ടും പഴയപോലെ സൗഹൃദത്തിന്റെ അമൃതുണ്ട് ഈ മണ്ണിൽ ലയിയ്ക്കണം എന്നും മോഹിച്ചതാണ്. വിവാഹമോചന പേപ്പറിൽ ഒപ്പിട്ട് അപ്പൂപ്പൻ താടിപോലെ മൃദുലമായ മനസ്സോടെ നിന്റടുത്തെത്തുമ്പോൾ ഞാനനുഭവിച്ചത് ഒന്നര ദശാബ്ദത്തിൽ കൂടുതലായി നഷ്ടപ്പെടുത്തിയ സമാധാനം ആയിരുന്നു.

"പക്ഷെ ആരു എനിക്കൊരു മോചനം ഇല്ലെന്ന് വിധി ഉറപ്പിച്ചോ അതോ അവൾ വീണ്ടും തീരുമാനിച്ചോ എന്നറിയില്ല. കുന്നിൻ പുറത്തെ വീടിന്റ മുന്നിൽ ഇന്നലെ അവളും മക്കളും വീണ്ടും... കുന്നിൻ മുകളിലെ മഴ ഇനി ഒരിക്കലും ചരിവിലേക്ക് പെയ്തിറങ്ങി നിന്നെത്തേടിയെത്താതിരിയ്ക്കാൻ അവരെത്തി. മകന്റെ ഹൃദയത്തിൽ വീണ ഒരു സുഷിരം... അവന്റെ ജീവനുകൂട്ടായി മാറാൻ അവനീ അച്ഛനെ വേണം".
ഒരച്ഛന്റെ നിസ്സഹായത നിറഞ്ഞ കണ്ണുനീരിൽ അവനെ നെഞ്ചോടു ചേർത്താശ്വസിക്കുമ്പോൾ പറഞ്ഞു ആരുഷി എന്നും ഒറ്റയ്ക്കായിരുന്നു... നിന്നെ ഞാനെന്നെ വിട്ടുകൊടുത്തതാണ്. ഇനി ഒരിയ്ക്കലും കുന്നിറങ്ങി മഴത്തുള്ളികൾ എന്റെ മുറ്റത്തൊതിരിക്കട്ടെ.

കുന്നിൻ ചരുവിൽ ഞങ്ങളെ പൊതിഞ്ഞ മഴത്തുള്ളികളിലൂടെ അവൻ അകലെ ഒരു ബിന്ദുവായി മറയുന്നതു നോക്കി ഒഴുകിയ ഇറങ്ങിയ കണ്ണീർച്ചാലുകൾ മഴത്തുള്ളുകളിലലിഞ്ഞു ചേർന്നു. മനസ്സിലെന്നും കുന്നിറങ്ങിവരുന്ന മഴയുടെ താളമായി അവനിന്നും എന്റെ ഉള്ളിലും..

 

Join WhatsApp News
Jayan varghese 2024-06-24 23:22:47
ചെമ്മീനിലെ പാത്രങ്ങളുടെ ജീവിത താളങ്ങൾക്ക് കടലിന്റെ സംഗീതം പശ്ചാത്തലം ആകുന്നതു പോലെ സമകലീന ജീവിത നൊമ്പരങ്ങളുടെ ഈ കഥയിൽ മഴ ഒരു പശ്ചാത്തല സംഗീതമായി പെയ്തൊഴിയുന്നു. തകഴിയും കാര്യാട്ടും നിർവഹിച്ച ഉന്നതമായ ക്രിയേററ്റിവിറ്റിയുടെ ആന്തോളനങ്ങൾ കൊണ്ട് ഈ കഥയും സമ്പന്നമായിരിക്കുന്നു. കഥാകാരിക്ക് അഭിനന്ദനങ്ങൾ അറിയിക്കുമ്പോളും ഒരു നോവലിന് വേണ്ടിടത്തോളം വിഭവങ്ങൾ ചെറുകഥയുടെ ചെറിയ പാത്രത്തിൽ വിളമ്പി തൂവിക്കളയരുത് എന്ന് അപേക്ഷിക്കുന്നു.
FIAT ! 2024-06-25 00:18:30
The story gives an occasion to share the need and responsibility to break unholy soul ties, its related spirits of despair , idolatry of ceatures etc : from similar experiences even through ties of media persons ; all such the can lead to loss of faith in the Truth about God and His Love for each of us , to instead be cursing oneself to a life misery ,self pity, creating walls around the heart , not the abundant Life of joy and gratitude in relationships that The Lord desires for all as the mission and focus esp. in close relationships - thank God that there is lot more awarenessand programs in our times for the means to deal with such too , such as here - https://media.ascensionpress.com/podcast/soul-ties-suffering-well-and-reception-of-the-soul/ . 'One who sins is one's own worst enemy ' - Book of Tobit 12:10 - a Book about marriage , role of Angel Raphael , to set persons free from spirits of seduction/ hatreds etc : too , instead to truly love the other, in efforts through prayer and worship to get The Light, to give God what is due Him - a pure heart , like and with that of The Mother , for other things to fall in place ! ! The time honored tradition of Rosary / evening prayers etc :a need in families to help all to loook with compassion instead of animosity and bittereness towards those who are being own enemies , to thus find healing and mercy ! FIAT !
Lakshmy Nair 2024-06-27 01:55:45
Uma, theme and style of the story are excellent! Language is lyrical! Keep it up. Aami
Uma 2024-06-27 10:29:45
Thank you Jayan Varghese
Uma 2024-06-27 10:30:58
Thank you Aami
Uma 2024-06-27 14:45:37
Thank you FIAT
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക