Image

ത്രേസ്യാക്കുട്ടിയുടെ ആടുകൾ (റോസി തമ്പി)

Published on 24 June, 2024
ത്രേസ്യാക്കുട്ടിയുടെ ആടുകൾ (റോസി തമ്പി)

  see in emalayalee magazine: https://mag.emalayalee.com/magazine/june2024/#page=42

ഈ കഥ നടക്കുമ്പോൾ എനിക്ക് ഒമ്പതും  അനിയന് അറും വയസ്സാണ് പ്രായം.
 കാലം. ഒരു മധ്യവേനലവധി.
സമയം .നേരം പുലർന്ന് ഏഴു മണി.
സ്ഥലം.എല്ലാ കുട്ടികളുടെയും സ്വപ്ന ഭൂമിയായ അമ്മ വീട്.
       കുട്ട്യോള് വന്നോ അന്നമ്മേട്ത്താരേ?  ആടിന് കഞ്ഞ ള്ളട്ക്കാൻ വന്ന ത്രിസ്യൂട്ട്യേച്ച്യാ. പര്യ പുറത്ത്ന്ന്. കമ്പന്യേ പുവ്വാൻ മുറിം കൂപ്പായം മാറി അന്നമ്മേട്ത്താര് ഒന്നുകൂടി മൂത്രമൊഴിക്കാൻ മറപ്പെരേലേക്ക് എറങ്ങിതാ. കാല് രണ്ടടി അകത്തി വെച്ച് മുണ്ട് മുന്നിലും പിന്നിലും നാലിഞ്ച് വീതം അകത്തിപ്പിടിച്ച കാലിനിടയിലൂടെ ഉണങ്ങിയ പ്ലാവിലയിൽ ചറപറാന്ന് ഇളം ചൂടുള്ള വെള്ളം വീഴുമ്പോൾ അതിലും ഉറക്കെ ശബ്ദത്തിൽ അന്നമ്മേട്ത്താര് പറഞ്ഞു.

  "ആ..പിള്ളേരേ ഞാൻ ഇന്നലെ കമ്പനി വിട്ടപ്പോ നേരേ പോയി കൊണ്ടന്നു .അല്ലേങ്ങേ തോമൂട്ടി പിന്നെ കൊള്ളിപ്പണികഴിട്ടേന്ന് പറയും.
ത്രേസൂട്ട്യേ ആ കക്കൂസേടെ പിന്നില് നിക്കണ പഴപ്ലാവിന്മേ മോളില് ഒരു ചക്ക മൂത്ത്ണ്ട് തോന്നുണു അന്തോണ്യോട് അത് ഒന്ന് ഇട്ട് വെക്കാൻ പറ .കയറ് ആ വെറക് പെരേല് കാണും" .
   
  ത്രിസ്യൂട്ടി വാഴത്തടത്തിലെ വക്കു പൊട്ടിയ വലിയ മൺകലത്തിൽ നിന്ന് കഞ്ഞിവെള്ളവും പഴ തൊലിയും ഞണങ്ങിയ അലൂമിനിയം ബക്കറ്റിലേക്ക് ഒഴിക്കുമ്പോൾ ത്രിസൂട്ടിയെ മുട്ടിയുരുമ്മി നിന്ന് മൂക്കു കൊണ്ട് സ്നേഹമസൃണമായ ഒരു ശബ്ദം പുറപ്പെടുവിച്ച് കലത്തിൽ നിന്ന് ബക്കറ്റിലേക്ക് വീഴുന്ന പഴ തൊലികൾ മൂക്കു കൊണ്ട് മണത്ത് നാവുകൊണ്ട് വായിലാക്കി തൊലിയുടെ ഒരു ഭാഗം വായിൽ നിന്ന് ഒരു വശത്തുകൂടെ പുറത്തേക്കിട്ട് ചവച്ചിറക്കുകയാണ് പത്രു എന്ന കൊറ്റനാട് .

     ത്രിസൂട്ടി പത്രൂ എന്നു വിളിച്ചാൽ മതി അവർക്ക് മാത്രം അറിയാവുന്ന ഭാഷയിൽ അവൻ മറുപടി പറയും .ആടുകൾ വഴി തെറ്റാതെ നോക്കുന്നതും പത്രുവാണ്. പത്രു വിൻ്റെ ശത്രു ,കാളിയറോഡിലേ നേർച്ച കൊറ്റൻ മാത്രമാണ്. കഴുത്തിൽ മണി കെട്ടിയ ഊശാം താടിയുമുള്ള ആ ഒറ്റയാൻ മനക്കലെ ഇടോഴിയിൽ നിന്ന് സാറമ്മയുടെ പാടം കടന്ന് മണ്ണാം മുക്കിലേക്ക് വരും.എത്ര ക്ഷമിച്ചാലും ശത്രു തൻ്റെ ടറിറ്ററിയിലൂടെ തലയുയർത്തി നടക്കുന്നതു കാണുമ്പോൾ പത്രു വിൻ്റെ നിയന്ത്രണം വിട്ടു പോകും. ത്രിസ്സൂട്ടി പറഞ്ഞാലും പത്രുവിന് അപ്പോൾ അനുസരിക്കാൻ കഴിയാതെ വരും. ആ മുട്ടനാടുകൾ കൊമ്പുകോർക്കുമ്പോൾ ഇടവഴി നിശ്ചലമാകും. ത്രിസ്സൂട്ടിയും അത് അറിയാത്ത രീതിയിൽ അനുവദിച്ചു കൊടുക്കും. അവൻ ഒരാണല്ലേ എന്നാണ് അതിനുള്ള ന്യായം. മറഞ്ഞു നിന്ന് ആകൊമ്പുകോർക്കൽ അവൾ ആസ്വദിക്കാറുമുണ്ട്. എന്നാൽ പത്രു ഏതെങ്ങിലും പെണ്ണാടുകളുമായി ഇണചേരാനുള്ള വട്ടം കൂട്ടി തുടങ്ങിയാൽ ത്രിസ്സൂട്ടി അവൻ്റെ സ്വകാര്യത നഷ്ടപെടാതിരിക്കാൻ എന്നവണ്ണം ആ ഭാഗത്തേക്ക് നോക്കാറില്ല. ആടുകളുടെ അപ്പോഴത്തെ ശബ്ദം കേൾക്കാതിരിക്കാൻ കഴിയുന്നതും ദൂരെ മാറി പോകുകയോ മറ്റു പണികളിൽ തിരക്കാവുകയോ ആണ് പതിവ്. പക്ഷേ ഞങ്ങൾ കുട്ടികൾ കിട്ടുന്ന അവസരങ്ങള് എല്ലാം അവ  ഒളിഞ്ഞിരുന്നു കാണുകയും മറ്റാരും കാണാതെ അവ ഞങ്ങൾക്കിടയിൽ പരീക്ഷിച്ചു നോക്കുവാൻ ഉത്സാഹിക്കുകയും ചെയ്തു പോന്നു.
 അന്തോണി ചക്ക ഇടാൻ വന്നപ്പോഴെക്കും അഞ്ചാറ് അയൽ വീടുകളിലെ കുട്ടിസംഘം അവധിക്കാല പരിപാടികൾ പ്ലാൻ ചെയ്യാൻ പ്ലാവിൻ ചോട്ടിൽ വട്ടമേശ സമ്മേളനം തുടങ്ങി കഴിഞ്ഞു. ചക്കയിട്ട് ആടിനുള്ള പ്ലാവില കളുമായി വിക്കനന്തോണി പോകുമ്പോഴും ചർച്ച തുടർന്നു.
  എ എ എപ്പഴ വന്നേ  ?   പോകുമ്പോൾ വിക്കനന്തേണി തലയിൽ തോണ്ടി.
ഇന്നലെ വൈന്നേരം.
ഇനി രണ്ടു മാസം കളി തന്നെ.
 പിക്കനന്തോണി പാവമാണ്. . പത്തു സെൻ്റു സ്ഥലം -ഒരു പതിനാലാം കോല് എട്ടിൽ ഓടിട്ട ചാണം മെഴുകിയ വീടും ത്രിസ്യകുട്ടി എന്ന, വളരെ ശോഷിച്ച ശരീരവും വലിവിൻ്റെ അസുഖവുമുള്ള ഒരേ ഒരു പെങ്ങളുമാണ് സ്വന്തമായുള്ളത്. അന്തോണിക്ക് ആരോഗ്യമുള്ള ശരീരവും മരം കേറാനുള്ള കഴിവും ഉണ്ടെങ്കിലും തൻ്റെ ഉണ്ണിയെ ത്രേസ്യാകുട്ടി പുറത്ത് ഒരു പണിക്കും വിട്ടില്ല. പനി പിടിച്ച് മൂന്നാം നാൾ അമ്മ മരിക്കും മുമ്പ്, തന്നെ എല്പിച്ചതാ.
.എന്തിനാ ത്രിസ്യാകുട്ട്യേ നീ ഈ വയ്യാത്തോടത്ത് ഇങ്ങനെ ആടുങ്ങളുടെ പിന്നാലെ കിടന്ന് ഓടണത്. അന്ത്യോണ്യേ എന്തെങ്കിലും പണിക്ക് പറഞ്ഞയച്ചൂടെ. അമ്മാമ ഒരിക്കൽ ചോദിക്കുന്നതു കേട്ടു .
  തോളത്തു കിടന്നിരുന്ന പഴയ തോർത്ത് മുണ്ട് എടുത്ത് കണ്ണു തുടച്ചു കൊണ്ട് ത്രേസ്യാക്കുട്ടി പറഞ്ഞു,
 അപ്പനെ ക്കുറിച്ചുള്ള ഓർമ്മ, വാഴയിലയിൽ പൊതിഞ്ഞ് പരിപ്പുവടയുമായി രാത്രി പണി കഴിഞ്ഞ് വരുന്നതാണ്.  അമ്മ പോകുമ്പം എനിക്ക് ഏഴ് വയസ്. ഉണ്ണിക്ക് നാല് വയസ്സും.അമ്മേനേ പള്ള്യേ കൊണ്ടോ യാ ഞങ്ങക്ക് ആരാ ചോറ് തരാ എന്നു പറഞ്ഞാ അന്ന് അവൻ അച്ചനെ ഉന്തി താഴെട്ടത് .അപ്പാപ്പൻ ആവുന്നത്ര പിടിച്ചിട്ടും അവൻ നിന്നില്ല. അവസാനം ആരോ ചെറിയ മുറിയിലിട്ട് പൂട്ടി. അന്ന് പിന്നെ ഒന്നും മിണ്ടിയില്ല. ദിവസങ്ങളോളം മിണ്ടിയില്ല.പിന്നെ ഒരിസം ഉച്ചക്ക് ഞങ്ങടെ അമ്മാമ എൻ്റെ തലേല് പേൻ നോക്കിക്കൊണ്ടിരിക്കുമ്പോ ഉണ്ണി അകത്ത് നിന്ന് ഓടി മുറ്റത്തേക്ക് വന്നു. ഒരലർച്ചയോടെ നിലത്ത് വീണ് കയ്യും കാലും ഇട്ട് അടിക്കാൻ തുടങ്ങി. വായേന്ന് നുരേം പതേം വന്നു.  കുട്ടി ഇപ്പോ മരിക്കുംന്ന് കരുതി. മരണവെപ്രാളം. കണ്ട് നിക്കാൻ പറ്റില്ല. തൊടാനും സമ്മതിക്കിണില്ല.അമ്മാമ അകത്തു പോയി പിടില്ലാത്ത ഒരു കത്തി എടുത്തു കൊണ്ടുവന്ന് ഉണ്ണിടെ കയ്യിൽ ബലമായി പിടിപ്പിച്ചു.കുറച്ചു കഴിഞ്ഞപ്പോചത്ത പോലെ കിടന്നു.പിന്നെ അമ്മാമ എടുത്ത് കുളിപ്പിച്ച് കഞ്ഞി കോരിക്കൊടുത്തു.  എന്താണ്ടായേ ഉണ്ണ്യേ എന്നു ചോദിച്ചപ്പോ അവൻ പറയാ. ആ എന്തുട്ടാണ്ടായേ? ഇക്യറില്ലന്ന് .
ഉണ്ണി കളിക്കാൻ പോയപ്പോ അമ്മാമന്നോട് പറഞ്ഞു .ത്രിസൂട്ട്യേ അവന് അപസ്മരം എളകിണ്ട് . മ്മള് സൂക്ഷിക്കണം.
അതിപിന്നാ ഉണ്ണിക്ക് വിക്ക് തുടങ്ങിത് .ൻ്റുണ്ണി വയ്യാത്തതാ. ആ കാണണ ശരീരം ഒരു ബലോംല്ല്യാത്തതാ .മരത്തിന്മേ കേറിയ നേരത്ത് അത് എളകിയാലോ?അന്നമ്മേട്ത്താരോടക്ക് മാത്ര ഞാൻ അവനെ വിടാറുള്ളൂ. നിങ്ങളെക്ക് മറക്കാൻ പറ്റോ?
ഞാൻ ഇങ്ങനെ എണീറ്റ് നടക്കണത് നിങ്ങള് ആലാഹേടെ മന്ത്രം ചൊല്ലി ഉപ്പൂതി ആ ബാധ ഒഴിച്ചേപിന്നാ .ഔ ആലോചിക്കാൻ വയ്യാ .എത്ര നാള ആ നമ്പൂരിടെ പ്രേതം കഷ്ടപ്പെടുത്തിത്.

    കറവയുള്ള അഞ്ചാടുകൾ ത്രേസ്യയുടെ ആട്ടിൻ കൂട്ടത്തിൽ എപ്പോഴും കാണും. ഇരു നാഴി പാലു വെച്ച് ഓരോ ആടിൽ നിന്നും കറന്നെടുക്കും ബാക്കി കുട്ടികൾക്ക് / കുട്ടിക്ക് കുടിക്കാനുള്ളതാണ്. മിക്കവാറും രണ്ടു കുട്ടികളായിരിക്കും ഒരു പ്രസവത്തിൽ ആടുകൾക്ക് .പത്രു വിൻ്റെ കുട്ടികൾ ആയതു കൊണ്ട് അവർക്കെല്ലാം പത്രുവിനെ പോലെ കഴുത്തിൽ രണ്ടു മണിയുണ്ടാകാറുണ്ട്. ആ മണി ആട്ടിയാട്ടി തുള്ളിച്ചാടി വരുന്ന ആട്ടിൻകുട്ടികൾ ത്രേസ്യയുടെ കറവകഴിഞ്ഞാൽ മുലകളെ നാവു നക്കി   മൂക്ക് കൊണ്ട് മണത്ത് തല കൊണ്ട് മൃദുവായി ഇടിച്ച് പാൽ വലിച്ചു കുടിക്കുന്നത് ത്രേസ്യ ഉൾപുളകത്തോടെ നോക്കി നിൽക്കും. പിടിച്ചു വെച്ച പാലെല്ലാം തള്ളാട് സമുദ്ധമായ് ചുരത്തിക്കൊടുക്കും.
  ഇരു നാഴിപാൽ വീട്ടീ ലേക്കാണ് .ബാക്കിയുള്ള രണ്ടിടങ്ങഴി പാലിന് മുമ്പുതന്നെ പറഞ്ഞുറപ്പിച്ചവർ ഉരി ഗ്ലാസും ചുവന്നുള്ളിയുമായ് മുറ്റത്തുണ്ടാകും. തോളിലിട്ടതോർത്തുകൊണ്ട്     ത്രിസ്യാ കുട്ടി ആടുകളെയും കൊണ്ട് കുറുക്കൻ്റെ തോപ്പിലേക്ക് പോയാൽ .അന്തോണി പടിക്കൽ എടോഴില് വന്നിരുന്ന് തനിച്ച് തായം കളിക്കാൻ തുടക്കും. ചിലപ്പോ മുന്നിലെ വീട്ടിലെ ചാത്തുമാനും കൂടും. ചാത്തുമാ ന് മാർക്കറ്റിൽ ഉന്തുവണ്ടി വലിക്കലായിരുന്നു. ഇപ്പോ വയ്യാണ്ടായി വീട്ടിലിരിപ്പാ. മൂത്ത മോൻ രാധക്ക് ആ പണി കിട്ടിയതുകൊണ്ട് .കുടുംബം പട്ടിണിയില്ല.ആറടി ഉയരവും ഒത്ത ശരീരവുമുള്ള ബലിഷ്ഠനാണ് ചാത്തുമാൻ .വയസ്സായെങ്കിലും ആ വലുപ്പം അങ്ങനെ തന്നെയുണ്ട്. ഭാര്യ കാക്ക്യമ്മായി നാലടി ഉയരമാണ്. ഇപ്പോ ഒരു കൂനും ഉണ്ടെങ്കിലും അത്രയും വെളുപ്പ് നിറമുള്ള ആരും ആ ഇടവഴിയിൽ ഉണ്ടായിരുന്നില്ല.


 12 മണിയാകുമ്പോൾ തലയിൽ ഒരു ചാക്ക് ചവറും (അന്നത്തേക്കുള്ള വിറക് ) മുന്നിൽ ആടുകളുമായി ത്രിസ്യാക്കുട്ടി തിരിച്ചു വരും വരെ അന്തോണി അവിടെയിരിക്കും.
   ഞങ്ങളുടെ കുട്ടിസംഘത്തിന് പല വിധ സഹായവും അന്തോണിയെക്കൊണ്ടുണ്ട്. കുട്ടിയും കോലും കളിക്കാൻ ശീമക്കൊന്നയുടെ വടി കഷ്ണങ്ങളാക്കി തരിക.കർണ്ണാക്കും കായ കൊണ്ട് ചക്രങ്ങളുള്ള വണ്ടിയുണ്ടാക്കി തരിക. പിന്നെ ഇടക്കൊക്കെ പറമ്പിലെ കശുമാവിൽ നിന്നു വീണു കിട്ടുന്ന അണ്ടി ചുട്ടു തരിക. അത് എല്ലാവർക്കുമില്ല എനിക്കും അനിയനും എന്തായാലും കിട്ടും.പിന്നെ പതിനൊന്നു മണിക്ക് പെപ്പിൽ വെള്ളം വരുമ്പോൾ രാവിലെ മുതൽ പെണ്ണുങ്ങൾ വരിവരിയായി കൊണ്ടു വെച്ച പാത്രങ്ങൾ നിറച്ചു വെക്കലും അന്തോണി ഫ്രീയായി ചെയ്തു കൊടുക്കും. എന്നാലും പെണ്ണുങ്ങൾക്ക് അന്തോണിയെ ഇഷ്ടമല്ല. പെണ്ണുങ്ങളെ തനിച്ചു കണ്ടാൽ അന്തോണി മുണ്ടുപൊക്കി കാണിക്കുമത്രേ. പപ്പോഴും പെണ്ണുങ്ങൾ കുടമെടുക്കാൻ വരുമ്പോൾ 'ഫ' തെണ്ടി എന്ന് ആട്ടുന്നത് കാണാം. എന്തിനാ അവര് അങ്ങനെ പറഞ്ഞേന്ന് ചോദിച്ചാൽ അന്തോണി കണ്ണിറുക്കി ചിരിക്കും. ഞങ്ങൾ കുട്ടികളും അന്തോണിടെ അടുത്തു കളിക്കുന്നത് മുതിർന്നവർ കണ്ടാൽ ചീത്ത പറയും. പിള്ളരേ നാശാക്കും എന്നാണ് പെണ്ണുങ്ങൾ പറയുക. അന്തോണിടെ കൂടെ കളിക്കുന്ന കണ്ടാൽ വീട്ടിൽ ചെന്നാൽ എല്ലാവർക്കും അടി ഉറപ്പാണ്. എന്നാലും ഞങ്ങൾ അരും കാണാതെ അന്തോണിടെ അടുത്തു നിന്ന് സഹായങ്ങൾ സ്വീകരിക്കും.
  കാലത്ത് നാടകം കളി, ഉച്ചക്ക് കവടി കളി, വൈകുന്നേരം ഹോക്കി കളി അങ്ങനെയാണ് ഇടവഴിയിലെ കളികൾ .
  പതിനൊന്നു മണിയാകുമ്പോൾ കുട്ടികൾ ഒരോ അടുക്കു പാത്രവുമായി കമ്പനി പടിയിലേക്ക് യാത്രയാകും. ആ ഇടവഴിയിൽ പകുതിവിടുകളിൽ നിന്ന് ഒരാളെങ്കിലും കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് ഉച്ചക്കുള്ള ചോറാണ് ആ പാത്രങ്ങളിൽ .അമ്മാമക്കും, അമ്മക്കും ഉള്ള ചോറുകൾ രണ്ടു പാത്രങ്ങളിലായി ഞങ്ങളും പുറപ്പെടും.മേമയുടെ ജോലി സമയാ സമയങ്ങളിൽ ഭക്ഷണം ഉണ്ടാക്കുക.വെള്ളം കൊണ്ടുവരിക തുണി കഴുകുക വീടു വൃത്തിയാക്കുക ഞങ്ങളെ കുളിപ്പിക്കുക എന്നിവയാണ്.
   കമ്പനിപ്പടിക്കൽ ചോറു കൊണ്ടു കൊടുത്തു വന്നാൽ ഞങ്ങൾക്കും മേമ ചോറുവിളമ്പും ഒരു ഒഴിച്ചു കറി, ഉപ്പേരി ഉണക്കമീൻ വറുത്തത്. ഇത്രയും സ്ഥീരമാണ്. എല്ലാ വിടുകളിലും പിന്നെ സ്ത്രികൾ ഒന്നു നടുനിവർത്തുന്ന നേരമാണ്. അപ്പോൾ പിള്ളേർ ഓരോ വീടിൻ്റെയും അടുക്കള വാതിൽ വഴി പതുക്കെ പുറത്തുചാടും.വേലിക്കഴകൾ ചാടി എടോഴിയിലെത്തും. ഒരു പത്തുപേരുടെ സംഘം ആയിക്കഴിഞ്ഞാൽ പടിഞ്ഞാട്ട് കുറുക്കൻ്റെ തോപ്പു നോക്കി പാറക്കല്ലുകൾ നിറഞ്ഞ വെള്ളച്ചാൽ ഇടവഴിയിലൂടെ ഒറ്റവരിയായ് കയറിപ്പോകും. കശുമാവിൻ തോട്ടത്തിൽ അപ്പോൾ ചവറടിക്കുന്നവരും ആടിനെ നോക്കുന്നവരും ഒഴിഞ്ഞു പോയിരിക്കും. അണ്ടിനോക്കുന്ന പരമേട്ടനും മാച്ചുവട്ടിൽ മയക്കത്തിലായിരിക്കും. ഉച്ചനേരത്ത് പാറമടയിൽ നിന്നു വരുന്ന ചെറുകാറ്റ് തുരുതുരെ കശുമാങ്ങകൾ ഉതിർത്തിടും. മഞ്ഞയും ചുവപ്പും നിറത്തിലുള്ള മാങ്ങകൾ പെണ്ണുങ്ങൾ ചവറടിച്ചു മാറ്റിയ ഇടങ്ങളിലൂടെ പൂച്ച നടത്തം പാലിച്ച് വലിയ ഈറോലി വിടയിൽ അണ്ടിയോടു കൂടി കോർമ്പകളായി കോർത്ത് പെട്ടന്ന് ഊർന്നിറങ്ങി പോരും. തുടുത്ത മാമ്പഴങ്ങൾക്ക് ഇടവഴിയിൽ ആൾക്കാർ ഏറെയാണ്.അണ്ടികൾ വിരിഞ്ഞ് അതിനു മുമ്പേ പോക്കറ്റിലാക്കിയിരിക്കും. സൗകര്യം പോലെ അത് അന്തോണിയെ എൽപ്പിച്ചാൽ ചുട്ടു കിട്ടും.
 
മാതാവിൻ്റെവണക്കമാസം കാലം കൂടന്നത് മെയ് അവസാനത്തിലാണ്. ചക്കപ്പഴവും പാച്ചോറും ചേർന്നൊരുക്കുന്ന ആ സദ്യയിൽ ഞങ്ങൾക്കൊരിക്കലും പങ്കെടുക്കാൻ പറ്റില്ല. .അപ്പഴേക്കും വീട്ടീലേക്ക് പോരണ്ട സമയമാകും.
നല്ല മാതാവേ മരിയേ എന്ന പാട്ട് പ്രാർത്ഥന കഴിഞ്ഞാൽ വലിയ ശബദത്തിൽ ഇടവഴിയൽ മുഴങ്ങും ഒരു വിട്ടീൽ പകുതിയാകുമ്പോഴായിരിക്കും അടുത്ത വീട്ടിൽ തുടങ്ങുക. ഒരു ഏഴു മണി കഴിഞ്ഞ് മണ്ണാമുക്ക് ഇടവഴിയിലൂടെ നടന്നാൽ കുന്തിരിക്ക പുകയുടെ മണവും' നല്ല മാതാവേ ' എന്ന പാട്ടും മൂക്കിലേക്കും കാതിലേക്കും ഒഴുകിവരും.
വണക്കമാസം കാലം കൂടുംമുമ്പ് വികാരിയച്ചൻ വീടുകൾ വെഞ്ചിരിക്കാൻ വരും. കുട്ടികൾ അച്ചൻ്റെ പിറകെ വീടുകൾ കയറിയറങ്ങും. എല്ലാ വീട്ടിൽ നിന്നും അച്ചന് ചായയും പഴവും മിക്ച്ചറും നല്കും. അച്ചൻ അത് കുട്ടികൾക്ക് കൊടുക്കും. 
    ത്രേസ്യകുട്ട്യേ നിന്നെ ഇപ്പോ പള്ളിലേക്കൊന്നും കാണാറില്ലല്ലോ? എഴുപതു കഴിഞ്ഞ വികാരിയച്ചൻ തൻ്റെ മുടിയില്ലാത്ത തലയിൽ വിരലോടിച്ചു കൊണ്ട് കുശലാന്വേഷണം നടത്തി. ത്രേസ്യാ കയ്യുകൾ ആകാശത്തേക്കുയർത്തി ചെറിയ ശബ്ദത്തിൽ അച്ചനോട് സ്വകാര്യം പറഞ്ഞു.
  ഞാൻ നല്ല ഇടയയാകുന്നു. എൻ്റെ ആടുകൾ എൻ്റെ സ്വരം കേൾക്കുന്നു. അവ എന്നെയും ഞാൻ അവയേയും തിരിച്ചറിയുന്നു. ഒരു കള്ളനും നായ്ക്കും നരിക്കും ഞാനവയെ വിട്ടുകൊടുക്കില്ല. ഈ കൂട്ടിലേക്ക് എത്തിച്ചേരണ്ട ആടുകൾ ഇനിയുമുണ്ട് ഞാൻ അവയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു .
അപ്പോൾ ആട്ടിൻകൂട്ടിൽ നിന്ന് മ്മേ, മേ എന്ന ശബ്ദം ഒന്നിൽ നിന്നു തുടങ്ങി മുപ്പതായി ഉയർന്നു. എന്തെന്നാൽ കൂട്ടിൽ മുപ്പത് ആടുകൾ ഉണ്ടായിരുന്നു.
   അന്തോണി വിക്കി വിക്കി വികാരിയെ ആശ്വസിപ്പിച്ചു. അ അ അച്ചോ ദൈവസഭാ മത്തായിയാ ഇവളെ ഇങ്ങനെയാക്കിയത്. അച്ചൻ ഒന്ന് തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചാൽ മതി .ഒഴിഞ്ഞു പൊയ്ക്കോളും.
   അച്ചൻ ആസകലം ഒന്നു നോക്കി. പിന്നെ ഇരുത്തി ഒന്നു മൂളി.  കുഞ്ഞാച്ചൂൻ്റെ വീട്ടിലേക്ക് നടന്നു. 
ആലയിൽ നിന്ന് പത്രൂ ഉച്ചത്തിൽ ശബദമുണ്ടാക്കിക്കൊണ്ടിരുന്നു.
  അച്ചൻ പോയി കഴിഞ്ഞപ്പോൾ അവൾ ആട്ടിൽ കൂടിനരികിലേക്ക് ചെന്നു. അപ്പോൾ അവരെല്ലാം കവുങ്ങിൻ്റെ പാളി കൊണ്ടുണ്ടാക്കിയ കൂടിൻ്റെ തറയിൽ ഒരുമിച്ച് ചവുട്ടി ശബ്ദമുണ്ടാക്കുകയും കൂട്ടിൽ കെട്ടിയിട്ട പ്ലാവിലകൾ കടിച്ചു തുപ്പു ക യും ചെയ്തു. അവൾ കൂടു തുറന്നു വിട്ടു. ആദ്യം പത്രു, പുറകിൽ ശോശമ്മ, കത്രീന ,മറിയം കുട്ടി എന്നിങ്ങനെ സ്ഥാനമനുസരിച്ച് അവർ ഓരോരുത്തരായി ഇറങ്ങി വന്ന് അവൾക്ക് ചുറ്റും നിലയുറപ്പിച്ചു.പത്രു അവളെ ദേഹമാസകലം നാവു കൊണ്ട് നക്കുകയും മൂക്കു കൊണ്ട് മണക്കുകയും ചെയ്തു. അവന് എത്താതെ വന്ന തൻ്റെ ശീരര ഭാഗങ്ങളെല്ലാം അവൾ കുനിച്ചു കൊടുത്തു.
 ആ കൂട്ടിൽപ്രായപൂർത്തിയായ ഒരാൺമാത്രമേയുണ്ടായിരുന്നുള്ളൂ. അതു അവൻ മാത്രമാണ്. 
തൻ്റെ ആടുകളിൽ ആൺകുട്ടി പിറന്നാൽ അവൾ ഒരു മാസം കഴിഞ്ഞാൽ അതിനെ തള്ളയിൽ നിന്നു വേർപെടുത്തി വെണ്ണീർകാരാൻ മൂസക്ക് കൊടുക്കും. കൊടുക്കുമ്പോൾ പറയും മൂസ അറക്കാൻ കൊടുക്കരുത്.മൂസ കാളിയ റോഡിലേക്ക് നേർച്ചകൊറ്റൻമാരേ അന്വേഷിക്കുന്ന വടക്കാഞ്ചേരിയിലെ താത്തമാർക്ക് കൂടിയ വിലക്ക് വിൽക്കും. ആട്ടിൻകുട്ടിയെ വാങ്ങാൻ വരുമ്പോൾ മൂസ ഒരു പൊതി ഒറഞ്ചും മഞ്ഞയും നിറമുള്ള നാരങ്ങ മുട്ടായി അരയിലെ പച്ചബൽട്ടിൽ കരുതും. ആട്ടിൻകുട്ടിയെ കയറു പിടിച്ചു വാങ്ങുമ്പോൾ പണത്തോടൊപ്പം ഈ പൊതിയും കൊടുക്കും. ആ പൊതി ഞങ്ങൾക്കുള്ളതാണ്. ഓണത്തിനോ പെരുനാളിനോ പൂരത്തിനോ വരുമ്പോൾ അരിപ്പെട്ടിയിൽ സൂക്ഷിച്ച ആ പൊതിഞങ്ങൾ നേരേ നീട്ടും
പത്രു അല്ലാതെ മറ്റൊരാൺ ആ കുട്ടിൽ ഉണ്ടാക്കുന്നത് ത്രേസ്യക്ക് ഇഷ്ടമല്ല .തനിക്കതിൽ എതിർപ്പുണ്ടെങ്കിലും അന്തോണി അതിൽ ഇടപെടാറില്ല.

നാലുമണിക്കു മുന്നേ വീട്ടിൽ കേറണം എന്നാണ് ഞങ്ങൾക്കുള്ള കല്പന. കട്ടൻ കാപ്പിയും ശർക്കര ചീവിട്ട് വാഴയിലയിൽ പരത്തി മൺചട്ടിയിൽ ചുട്ടെടുത്ത ഗോതമ്പടയുമായിരിക്കും മിക്കവാറും. ചിലപ്പോൾ കിണ്ണത്തപ്പവും കാണും.

വൈകുന്നേരം അഞ്ചു മണിക്ക് കമ്പനി വിട്ട് തലയിലും ദേഹത്തും നിറയെ പഞ്ഞിയുമായി അമ്മാമ വരുമ്പോഴേക്കും ഞങ്ങളെ കുളിപ്പിച്ച് അലക്കിയ ഡ്രസ്സ് ഇടീച്ച് നിർത്തിണ്ടാകും മേമ. ഞങ്ങളിങ്ങനെ കുരുമുളക് വള്ളി പടർന്ന മുരുക്കുമരങ്ങളിൽ ( രണ്ടു പടിക്കാലുകൾ) പിടിച്ച് നല്ല കുട്ടികളായി അമ്മാമ വരുന്നതും നോക്കി നിൽക്കും. ഒരു സഞ്ചിയിൽ വീട്ടു സമാനങ്ങളും മറ്റേ കയ്യിൽ ചോറ്റുപാത്രവും ഉണ്ടാകും.  ചോറ്റുപാത്രം ഞങ്ങൾക്കുള്ളതാണ്. അതിൽ  കമ്പനി കാൻ്റിനിൽ നിന്ന്  അഞ്ച് പൈസ ടോക്കണ് വാങ്ങി വാച്ച് മാൻ കാണാതെ കൊണ്ടുവരുന്ന  ഉഴുന്നുവടയും  പരിപ്പുവടയും കാണും. അതു തിന്നിട്ടേ ഞങ്ങൾ അകത്തു കയറു.
  അമ്മാമ മുറ്റത്തെ ചവറടുപ്പിൽ കുളിക്കാൻ വെള്ളം ചൂടാക്കാൻ തുടങ്ങുമ്പോൾ ത്രസ്യാ കുട്ടി വൈകുന്നേരത്തെ ആടുകൾക്കുള്ള കഞ്ഞള്ളം എടുക്കാൻ പാത്രവുമായി വരും. അപ്പോൾ മേമ കാവ്കാരാൻ കേശവചോൻ ഉച്ചക്ക് കൊണ്ടുവരുന്ന കായൽ മീൻ ഇരുമ്പാ പുളിയിട്ട് തേങ്ങയരച്ച് വെച്ചത് ഉള്ളി കാച്ചുന്ന മണം അവിടെ പരക്കും.

അവധിക്കാലം കഴിയും വരെ ഇതാവർത്തിക്കും.
   സ്കൂൾ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് പുതിയ ബാഗ്, പുതിയ കുട,പുതിയ ചെരിപ്പ്, പുതിയ ഉടുപ്പ്, പുതിയ ബോക്സ്,പുതിയ പേന, പുതിയ പെസിൽ ,പുതിയ നോട്ടുപുസ്തകങ്ങൾ ഇവയൊക്കെയായി സങ്കടം ഉള്ളിലൊതുക്കി പോരുമ്പോൾ പിക്കനന്തോണി കണ്ണു നിറഞ്ഞു കൊണ്ട് തലയിൽ തട്ടി പറയും ഓണത്തിന്‌ വേഗം വരണം. കുട്ടുകാരായ കുഞ്ഞാച്ചു ,സുര, യൂദ എന്നിവർ ഇടവഴിയുടെ അറ്റത്തുള്ള ബസ് സ്റ്റോപ്പ് വരെ കൂടെവരും. അഞ്ചു മണിക്കുള്ള സുബിത ബസ്സിൽ കയറുമ്പോൾ അവർ ടാറ്റ പറഞ്ഞ് പിന്നിൽ നിൽക്കും. കമ്പനി പടിക്കൽ നിന്ന് അമ്മ മുന്നേ ആ ബസ്സിൽ കയറിയിട്ടുണ്ടാകും.
 തൃസൂട്ട്യേച്ചിയുടെ പെണ്ണാടുആടുകൾ അപ്പാഴും കുറുക്കൻ്റെ തോപ്പിൽ കശുമാങ്ങ തിന്ന് അണ്ടി തുപ്പുകയും പത്രു പെണ്ണാടുകളെ മണപ്പിച്ചു നടക്കുകയുമായിരുന്നു. 
 

Join WhatsApp News
Philip kallada 2024-06-27 19:34:09
അമ്മ വീടിന്‍റെ മധുരം നിറഞ്ഞ സ്മരണ ഒരവധി ക്കാലത്തിലൂടെ അനാവരണം ചെയ്ത റോസി തമ്പിക്കെന്‍റെ കൂപ്പുകെെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക