Image

അധികാരത്തിന്‍റെ ശവപ്പറമ്പുകള്‍ (ദുർഗ മനോജ്)

Published on 24 June, 2024
അധികാരത്തിന്‍റെ ശവപ്പറമ്പുകള്‍ (ദുർഗ മനോജ്)

Read in emalayalee magazine: https://mag.emalayalee.com/magazine/june2024/#page=50

സാഹിത്യം /പുനര്‍ വായന

പ്രസിദ്ധീകരിച്ച് നാല്പതു വർഷം പിന്നിടുമ്പോൾ ചലച്ചിത്ര പ്രവർത്തകനും നിരൂപകനുമായ  വിജയകൃഷ്ണൻ്റെ “സാർത്ഥവാഹകസംഘം “  എന്ന നോവലിൻ്റെ കണ്ടെടുക്കലും വായനയും:

എന്തുകൊണ്ടെന്നറിയാതെ ചില പുസ്തകങ്ങൾ അനുവാചക ശ്രദ്ധ അല്പവും കിട്ടാതെ വിസ്മൃതിയിലാണ്ടു പോകാറുണ്ട്. കാലങ്ങളോളം മണ്ണിനടിയിൽ മറഞ്ഞുകിടന്ന ശേഷം പെട്ടെന്നൊരുനാൾ ഒരു പേമാരിയോ ഉരുൾപൊട്ടലോ മണ്ണിനു പുറത്തേക്കു കൊണ്ടെത്തിക്കുന്ന ചില അമൂല്യമായ ചരിത്രശേഷിപ്പുകൾ പോലെയൊരു പുസ്തകം!  വിജയകൃഷ്ണൻ എഴുതിയ സാർത്ഥവാഹകസംഘം എന്ന പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ ഈ ചിന്തയാണ് എന്നിൽ രൂപംകൊണ്ടത്. നാല്പതു വർഷം മുൻപാണ് സാർത്ഥവാഹകസംഘം എന്ന നോവൽ, അതിൻ്റെ രചയിതാവ് എഴുതി പൂർത്തിയാക്കുന്നതും ഡിസി ബുക്സ് അതിൻ്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നതും. ചിലത് കാലത്തെ അതിജീവിക്കേണ്ടവയാണ്. ഈ നോവൽ ആ വിശേഷണം ഏറ്റവും അർഹിക്കുന്നു. ഒരു പക്ഷേ, കാലത്തെ കബളിപ്പിക്കുക കൂടി വേണമെന്നത് ഈ രചനയുടെ നിയോഗമായിരുന്നോ എന്നും സംശയിക്കും സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ആമുഖത്തിൽ രചയിതാവ് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ. ഈ പുസ്തകത്തെക്കുറിച്ച് ആദ്യമെഴുതിയത് സാക്ഷാൽ എ. അയ്യപ്പൻ, തുടർന്ന് കവി പി. ഉദയഭാനു. രണ്ടു തവണയും വ്യത്യസ്ത കാരണങ്ങൾ കൊണ്ട് ആ ലേഖനങ്ങൾ വെളിച്ചം കണ്ടില്ല. ആ കഥ ആമുഖത്തിൽ വായിക്കാം.

ഇനി കഥയുടെ ആഴങ്ങളിലേക്കു കടക്കാം.

മൂന്നു ഭാഗങ്ങളായി മുപ്പത് അധ്യായങ്ങളിൽക്കൂടിയാണ് കഥ പറഞ്ഞു പോകുന്നത്. ഈ രചനയുടെ പ്രധാന കഥാപാത്രമായി നിലകൊള്ളുന്നതു മഴയാണ് എന്നു പറയാം. അങ്ങനെയല്ല പ്രകൃതി എന്നതിനെ വിപുലപ്പെടുത്തിയാലും തെറ്റില്ല. മഴയും വെയിലും മനുഷ്യജീവിതത്തിൽ നിഴലും വെളിച്ചവും സൃഷ്ടിച്ച് ജനനവും മരണവും ആവർത്തിക്കുന്ന കാഴ്ചയാണ് ഈ രചനയിൽ പിന്തുടരുന്നതും.

“ശബ്ദങ്ങളെല്ലാം നിശ്ശബ്ദതയിലടങ്ങി.ചലനങ്ങളെല്ലാം നിശ്ചലതയിൽ ലയിച്ചു " എന്നിങ്ങനെയാണ് ഈ നോവൽ അവസാനിക്കുന്നത്. ആരംഭിക്കുന്നതാകട്ടെ, നിശ്ശബ്ദതയിൽ നിന്നും ശബ്ദങ്ങളുണ്ടായി, നിശ്ചലതയിൽ നിന്നും ചലനങ്ങളുണ്ടായി എന്നും.

സാർത്ഥവാഹകസംഘം എന്ന നോവൽ നാല്പതു വർഷം മുൻപാണ് എഴുതിയത് എന്നാണ് ആമുഖം സൂചിപ്പിക്കുന്നതെങ്കിലും ഇനിയൊരു നാല്പതു വർഷത്തിനു ശേഷവും ഈ കൃതി മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് അല്പം പോലും മാറ്റ് കുറയില്ല. കാരണം മനുഷ്യൻ അന്നും ഇന്നും എന്നും ആന്തരികമായി ഒന്നു തന്നെയാണ്. ഒരു ഭാഗത്ത് അധികാരം കീഴ്പ്പെടുത്തുന്നവർ, മറുഭാഗത്ത് അധികാരികൾ. ഇവർക്കിടയിൽ വിദൂഷകർ, രഹസ്യം ചോർത്തുന്നവർ തുടങ്ങിയവർ, ഇതിലൊന്നും ഉൾപ്പെടാതെ അപൂർവം വേറെ ചിലർ. ഇവർ കഥാപാത്രങ്ങളെ പരസ്പരം വെച്ചുമാറുന്നു എന്നു മാത്രം. ഇന്നത്തെ അധികാരി നാളത്തെ ഉപേക്ഷിക്കപ്പെട്ടവനാകാം. പാർശ്വവത്കരിക്കപ്പെട്ടവരിൽ നിന്നും അധികാരികൾ ഉണ്ടായി വരാം, അവരും കാലത്തിൻ്റെ കുത്തൊഴുക്കിൽ അലിഞ്ഞപ്രത്യക്ഷമായേക്കാം. ഇവിടെ കഥയുടെ കാലമേതെന്നു ചിന്തിക്കാം, കാളവണ്ടിയും കുടമണികിലുക്കവും സൂചിപ്പിക്കുന്നത് പുരാതനകാലത്തെക്കുറിച്ചാണെങ്കിലും കഥാപാത്രങ്ങളുടെ ചിന്തകൾക്ക് എ ഐ യുഗത്തിലും മാറ്റമില്ലെന്നത് അതിശയമാണ്.

ഇവിടെ പ്രഥമപുരുഷനായി നിന്ന് കഥാകൃത്ത് കഥ പറയുകയാണ്. അയാൾ ജീവൻ്റെ കണിക പോലും ഇല്ലാത്ത, വെളുത്ത മരുപ്പരപ്പിൽ അനാഥനായി കിടപ്പുണ്ട്. മരണം അയാളിൽ ആധിപത്യം സ്ഥാപിച്ചോ എന്നു സംശയിക്കും മുന്നേ, നിശ്ശബ്ദതയിൽ നിന്നും മെല്ലെ ജീവൻ്റെ പല വിധ ഒച്ചകൾ ഉയരുകയായി. ജ്ഞാനവാസിഷ്ഠത്തിൽ വിവരിക്കുന്ന മായ എന്ന അവസ്ഥയുടെ മറ്റൊരു അവതരണമാണ് ഈ നോവൽ എന്നും പറയാം. വഴിയരികിലെ ഉപേക്ഷിക്കപ്പെട്ടവനെ അതുവഴി കടന്നുവന്ന കച്ചവട സംഘം കണ്ടെത്തുന്നിടത്ത് കഥ ആരംഭിക്കുന്നു. അവനെ അവർ സ്വന്തം കാളവണ്ടികളിലൊന്നിൽ കയറ്റിക്കിടത്തുന്നു. അതോടെ അവനും അവരിലൊരാളാവുകയാണ്. കണ്ണുതുറന്ന അവൻ ചുറ്റുപാടും പഠിച്ചു. ഇനി അവർ അവനും സ്വന്തം.

എന്തൊക്കെയോ വസ്തുക്കൾ ഒരു ദേശത്തു നിന്നും ശേഖരിച്ച് മറ്റൊരു ദേശത്തു വിറ്റഴിച്ച്, അവിടെ നിന്നും മറ്റു ചരക്കുകൾ വാങ്ങി അനസ്യൂതം തുടരുന്ന യാത്രയാണവരുടേത്. ഒരു നാടും അവരുടേതല്ല, എന്നാൽ എല്ലാ നാടും അവരുടേതുമാണ്. അത്തരമൊരുവർത്തക സംഘത്തിന് സ്വകാര്യ സ്വത്തുക്കൾ ഇല്ല. അവർ നിരന്തരം സഞ്ചരിക്കുന്നു. സഞ്ചാരമാണ് അവരുടെ ജീവിതം. അങ്ങനെയുള്ള അവർ പൊടുന്നനെ ആർത്തലച്ചു പെയ്യാൻ തുടങ്ങിയ മഴയിൽ വഴിയിൽ അകപ്പെട്ടു പോകുന്നു. തുടർ യാത്ര അവർക്കു മുന്നിൽ അസാധ്യമാകുന്നു. തുടർന്ന്, മനുഷ്യസംസ്കാരം രൂപം കൊണ്ടതെങ്ങനെയെന്നു ഓർമിപ്പിക്കും വിധം കഥ അതിൻ്റെ ഭാവം സ്വീകരിക്കുന്നു.

‘'കുഞ്ഞിക്കണ്ണൻ സംഘത്തിൻ്റെ നേതാവാണ്. പ്രകൃതിശക്തികൾ കൂടി തന്നെ അനുസരിച്ചെങ്കിൽ എന്നയാൾ ആഗ്രഹിക്കുന്നുണ്ടാകാം. താൻ നിൽക്കാൻ ആജ്ഞാപിക്കുമ്പോൾ മഴ നിന്നിരുന്നുവെങ്കിൽ ഇപ്പോൾ കാതങ്ങൾക്കപ്പുറം ഒരു പട്ടണത്തിൽ കച്ചവട സാധനങ്ങൾ കൈമാറുമായിരുന്നു. അതിനു കഴിയാതെ പോയത് തൻ്റെ നേർക്കുള്ള ഒരു വെല്ലുവിളി പോലെ അയാൾക്കു തോന്നി. “

ഇങ്ങനെയാണ് കുഞ്ഞിക്കണ്ണൻ എന്ന ഏകാധിപതി രൂപം കൊള്ളുന്നത്. വളരെക്കുറച്ചു മാത്രം സംസാരം, ആജ്ഞകൾ മാത്രം പുറപ്പെടുവിക്കുന്ന, മറ്റുള്ളവരെ കേൾക്കാൻ കൂട്ടാക്കാത്ത, നയിക്കാൻ വേണ്ടി ദൈവം നിയോഗിച്ചത് എന്നു മറ്റുള്ളവരേയും വിശ്വസിപ്പിച്ച, ദയ അല്പവും തീണ്ടാത്ത മനുഷ്യൻ, അതാണയാൾ. വിഭാര്യനാണയാൾ.

മറ്റുള്ളവരോടൊപ്പം ഇടപെടാൻ  അയാളുടെ മകൾ പാർവതിക്കും അനുവാദമില്ല.  കുഞ്ഞിക്കണ്ണൻ ആ വലിയ സംഘത്തിൻ്റെ അനിഷേധ്യ നേതാവാണ്.

അടുത്ത പ്രധാന കഥാപാത്രം എല്ലാം കാണുന്ന അറിയുന്ന ഞാൻ (കഥാകൃത്ത്) തന്നെ.

മനുഷ്യന് അടിസ്ഥാനപരമായി ഒരു വിശ്വാസമോ ആശ്രയമോ ആവശ്യമുണ്ട് മുന്നോട്ടുള്ള ജീവിതത്തിൽ എന്ന നിശ്ചയത്തിൽ നിന്നാണ് പേമാരിയിൽ കുടുങ്ങിപ്പോയ മുന്നോട്ടുള്ള യാത്ര മുടങ്ങിയ സംഘം, ഒരു ഊരിൽ തങ്ങാൻ ഇടയാക്കുന്നതും, അവിടെ അവരെ വിട്ടുപിരിഞ്ഞ കാളി മുത്തശ്ശിയുടെ പേരിൽ ഒരു ഗ്രാമം സ്ഥാപിച്ചതും, അതേ മുത്തശ്ശിക്കായി ഒരു ക്ഷേത്രം ഉയർന്നു വന്നതുമൊക്കെ. അങ്ങനെ കാളിയൂർ ഉണ്ടായി. കാളിയൂരിന് പറയാൻ കഥകളുണ്ടായി. കഥാപുരുഷൻ എല്ലാറ്റിനും സാക്ഷിയാണ്. വർത്തകസംഘം കൃഷിക്കാരായി മാറിയതിന്, പൊതു ഉടമസ്ഥതയിലെ സ്ഥലം പലരുടേതുമായി മാറിയതിന്, അതിൽ ചിലർക്ക് അർഹമായതിലേറെയും മറ്റു ചിലർക്ക് അപ്പാടെ അവഗണനയും ലഭിച്ചതിന്, ചെറിയ കുടിലുകളിൽ നിന്നും ചിലർ മാത്രം വലിയ വീടുകളുടെ ഉടമയായതും ഒക്കെ അവൻ കണ്ടുനിന്നു. പ്രണയം തളിർക്കുന്നതിനും വളർന്നു പടരുന്നതിനും അവസരങ്ങളുടെ വലിയ സാധ്യതയ്ക്കു മുന്നിലതു ഒഴിവാക്കപ്പെടുന്നതിനും, ഒക്കെ അവൻ സാക്ഷിയായി.

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടവനു മുന്നിൽ ഒരു ജനപദം രൂപം കൊണ്ടു. പലതിനും അവന് ഉത്തരങ്ങളില്ലായിരുന്നു. അവനു മുന്നിൽ ഭൂതകാലം നഷ്ടമായിരുന്നു. അവൻ വർത്തമാനകാലത്തിൽ നിലകൊണ്ടു. അവൻ കാണുന്ന സ്വപ്നങ്ങളും അവൻ്റെ ചുറ്റും രൂപം കൊണ്ട യാഥാർത്ഥ്യങ്ങളുമാണ് സാർത്ഥവാഹകസംഘം വരച്ചിടുന്ന ലോകം. കുടമണി കിലുക്കി കാതങ്ങൾ താണ്ടിയിരുന്ന കാളവണ്ടികൾ ഇന്ന് കാളിയൂരിലെ ഗ്രാമവാസികൾ നട്ടുനനച്ചു കൊയ്തെടുക്കുന്ന ധാന്യങ്ങൾ പുറം നാടുകളിൽ കച്ചവടം ചെയ്യാൻ വേണ്ടി ആ ഗ്രാമം വിട്ടു യാത്ര ചെയ്യുന്നു. പോയപോലെ ‘ നേതാവു തെളിക്കുന്ന വഴിയിലൂടെ അവർ മടങ്ങി എത്തുകയും ചെയ്യുന്നു. എല്ലാവരും സമന്മാരായിരിക്കുന്ന ഒരു ലോകം വളരെപ്പെട്ടെന്നാണ് അസമത്വങ്ങളുടെ ഭൂമികയാകുന്നത്.

വിജയകൃഷ്ണൻ വരച്ചിടുന്ന കാളിയൂരിന് ഒരു പ്രത്യേകതയുണ്ട്. അത് എത്രത്തോളം നൂറ്റാണ്ടുകൾക്കു മുൻപു രൂപം കൊണ്ട ഒരു ആദിമ സംസ്കാരത്തെ വരച്ചിടുന്നു, അത്രത്തോളം തികച്ചും അത്യന്താധുനികമായ ഒരു നഗരജീവിതത്തേയും പ്രതിനിധീകരിക്കുന്നുണ്ട്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയ ഇന്നിൻ്റെ രാഷ്ട്രീയം സാർത്ഥവാഹകസംഘത്തിലും കണ്ടെത്താം. ഏകാധിപതിക്ക് ചെവികളാണെങ്ങും. കാറ്റു പോലും അയാൾക്കു മുന്നിൽ കേട്ടുകേൾവികൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പും. പ്രതിഷേധത്തിൻ്റെ ചെറുസ്വരം പോലും അയാളെ അസ്വസ്ഥനാക്കും അയാൾക്കോ .അയാളുടെ ശിങ്കിടികൾക്കോ നോട്ടം കൊണ്ട് തന്നെ മറ്റുള്ളവരെ നിയന്ത്രിക്കാനാകും. സാർത്ഥവാഹകസംഘം, എങ്ങനെ ഒരു ഏകാധിപതി രൂപം കൊള്ളുന്നുവെന്നും എങ്ങനെ  കാലം പിന്നീട് അതിൻ്റെ നീതി നടപ്പാക്കുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. പാർവതിയും ദാമുവും തമ്മിലുള്ള പ്രണയം, കഥാകാരനും വൈദ്യരുടെ മകൾ ദേവുവുമായുള്ള പ്രണയം, കണ്ണൻ്റേയും തങ്കയുടേയും പ്രണയം അങ്ങനെ പ്രണയം സൂചിയിൽ കോർത്തെടുത്ത ഈരിഴനൂലുപോലെ നോവലിൽ ആദിമധ്യാന്തം കടന്നുപോകുന്നുണ്ട്. പ്രണയം മാത്രമല്ല, മനുഷ്യരുടെ കഥയല്ലേ രതിയും അതിമനോഹരമായി കൊരുത്തെടുത്തിട്ടുണ്ട് നോവലിൽ.

“കുളി കഴിഞ്ഞു ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഞങ്ങൾക്ക് ശയ്യാതലമൊരുക്കിയ പാറയോടും മേല്ക്കൂരയായി നിന്ന വൻമരത്തോടും വിടചൊല്ലി. സാക്ഷിയായി നിന്ന ചന്ദ്രനെ മാത്രം കണ്ടുകിട്ടിയില്ല.

“ചന്ദ്രനെ ഇനിയും കാണാമല്ലോ “, ഞാൻ ദേവുവിനെ ആശ്വസിപ്പിച്ചു.

“പക്ഷേ, അത് കാളിയൂരിലെ ചന്ദ്രനല്ലേ? ആ  ചന്ദ്രൻ പാവം, ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല.”

എന്നിങ്ങനെ ഓരോ വാചകത്തിലും അന്തരാർത്ഥങ്ങൾ നിറഞ്ഞിരിക്കുന്നു ഈ രചനയിൽ.

മായൻ എന്നൊരു കഥാപാത്രം സാർത്ഥവാഹകസംഘത്തിൽ എപ്രകാരമാണ് ആഴ്ന്നു നിൽക്കുന്നതെന്ന് പഠനവിഷയമാണ്. മായൻ ശില്പിയാണ്. കാളിയമ്മയുള്ള അമ്പലം പണിതവനാണ്. ഇപ്പോൾ മാതേവനു വീടു പണിയാൻ വിസമ്മതിച്ച അതേ മായൻ കുഞ്ഞിക്കണ്ണൻ്റെ വീടു പണിയുകയാണ്. ഈ സമയത്താണ് മായനു നേരെ ഒരു ചോദ്യം ഉയരുന്നത്.

”മായനോർമ്മയുണ്ടോ അന്ന് ഇതു പോലൊരു രാത്രിയിൽ നമ്മളൊന്നിച്ചിരുന്നത്? അന്ന് അമ്പലത്തിൻ്റെ പണി നടക്കുകയായിരുന്നു.

തനതോർക്കുന്നില്ലല്ലോ എന്ന ഭാവത്തിൽ മായൻ എന്നെ നോക്കി. ഞാനാകട്ടെ ആ രാത്രിയെപ്പറ്റി കൂടുതൽ കൂടുതൽ വ്യക്തമായി ഓർക്കുകയായിരുന്നു.

താൻ സൃഷ്ടിച്ചു വെച്ച ഈ ആകാശവും നക്ഷത്രങ്ങളും പർവതങ്ങളും നദീതടങ്ങളും മാറി നിന്നു നോക്കുമ്പോൾ ദൈവത്തിനെന്തു തോന്നുമെന്നു മായൻ ചോദിച്ചു. പൂർണ്ണമാണെന്നു തോന്നിയാൽ മരിക്കണമെന്നും അപൂർണ്ണമെന്നു തോന്നിയാൽ പൂർണ്ണത കിട്ടും വരെ സൃഷ്ടി തുടരണമെന്നും മായൻ പറഞ്ഞു. “

“ഇല്ല, ഞാനോർക്കുന്നില്ല.” മായൻ പറഞ്ഞു. അതു കൂട്ടാക്കാതെ ഞാൻ തുടർന്നു:

'’ഭംഗിയായി എന്തെങ്കിലുമൊന്നു സൃഷ്ടിച്ചാൽ, അറിഞ്ഞോ അറിയാതെയോ പിന്നെ സൃഷ്ടിക്കുന്നതൊക്കെ മോശമായാൽ എന്തു ചെയ്യണമെന്നു ഞാൻ ചോദിച്ചു.

ഒന്നുകിൽ സൃഷ്ടി നിർത്തണം, അല്ലെങ്കിൽ മരിക്കണം. മായൻ പറഞ്ഞു. “

“ഇല്ല, ഞാനോർക്കുന്നില്ല.'’

മായൻ്റെ ശബ്ദം ഒരു ദീനരോദനം പോലെയോ ഗർജനം പോലെയോ എനിക്കനുഭവപ്പെട്ടു. ഞാൻ എഴുന്നേറ്റു നടന്നു…………….,,,,

എന്നത്തേയും പോലെ വെളുപ്പിനെ കുഞ്ഞിക്കണ്ണൻ്റെ പണിക്കാർ പണിസ്ഥലത്തെത്തി.ആ കെട്ടിടത്തിൻ്റെ ഉത്തരത്തിന്മേൽ ആരോ കെട്ടിത്തൂങ്ങിക്കിടക്കുന്ന കാഴ്ച കണ്ട് അവർ ഞെട്ടി. അടുത്തുചെന്നു നോക്കിയപ്പോൾ അവർ സ്തംഭിച്ചു നിന്നു.

അതു മായനായിരുന്നു.“

മായൻ ആത്മഹത്യ ചെയ്തത്, ഒരു വാശി തീർക്കലിനായി സ്വന്തം കഴിവിനെ, കലയെ വ്യഭിചരിച്ചു എന്ന ആത്മനിന്ദയിലാണ്. മായൻ്റെ, ദാമുവിൻ്റെ, പിന്നീട് പാർവതിയുടെ അങ്ങനെ നിരപരാധികളുടെ പ്രാണൻ പറിഞ്ഞു പോയ കാളിയൂർ വീണ്ടും ഒരു തിരസ്കൃത ഭൂമി ആകാൻ തുടങ്ങുകയായിരുന്നു.

ഒടുവിൽ നേടിയതൊക്കെ തുലഞ്ഞ്, വെറും പ്രാണൻ മാത്രം കൈയിലുള്ളവരായി അവർ, കാളിയൂരിൽ അവശേഷിച്ചവർ വീണ്ടും യാത്രയാരംഭിക്കുകയായി. അവർ കാളകളെ വണ്ടിയിൽ ബന്ധിച്ചു. ശേഷം മഴയിലേക്ക്, കുതിച്ചുയർന്ന് വെള്ളപ്പാച്ചിലിലേക്ക് നടന്നു തുടങ്ങി.

അപ്പോൾ ഇത്ര നേരം കഥ പറഞ്ഞവനോ?

അപ്പോഴേക്കും അവൻ പ്രണയിച്ച പെണ്ണിനെ മോഹിച്ച കൂനൻ ഒരു കൂർത്ത മുളന്തണ്ടിൽ അവൻ്റെ പ്രാണനെ കോർത്തു കഴിഞ്ഞിരുന്നു.

“പതുക്കെ, വളരെ പതുക്കെ കുടമണികളുടെ ശബ്ദം കാതിൽ നിന്നകലാൻ തുടങ്ങി…..

….: ശബ്ദങ്ങളെല്ലാം നിശ്ശബ്ദതയിലടങ്ങി. ചലനങ്ങളെല്ലാം നിശ്ചലതയിൽ ലയിച്ചു.“

വിജയകൃഷ്ണൻ രചിച്ച സാർത്ഥവാഹകസംഘം എന്ന ഈ കൃതി മലയാളനോവൽസാഹിത്യത്തിൽ വേറിട്ടു നിൽക്കുന്ന രചനയാണ്. കാളവണ്ടികളിൽ സംഘം ചേർന്നു ദേശാടന യാത്ര നടത്തുന്ന കുറച്ചു മനുഷ്യർ, അവർക്കിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ഉണ്ട്. അവർ വ്യക്തിപരമായ ലാഭത്തിലുപരി കൂട്ടായ പ്രയത്ന്നത്തെ മാനിക്കുന്ന ജനതയാണ്. പല ദേഹങ്ങളിൽ ഒരു മനസ്സ് അതാണ് ആ കൂട്ടം. അവരിൽ എല്ലാവരുമുണ്ട്. സമൂഹത്തിൻ്റെ നേർമുറിയാണവർ. ക്ഷുരകനും വൈദ്യനും, പൂജാരിയും, പറമ്പിൽ പൊന്നുവിളയിക്കാനറിയുന്നവരും, മേനിയഴകിനാൽ ആണൊരുത്തനെ കീഴ്പ്പെടുത്താനറിയുന്ന പെണ്ണും, കഞ്ചാവ് പുകച്ചാൽ ആനന്ദമെന്നു കരുതുന്നവനും, അങ്ങനെയങ്ങനെ എല്ലാവരും ചേർന്നതാണാ കൂട്ടം. അവർക്കൊരു തലവനുണ്ട്. അയാളാണ് അധികാരം കൈയാളുന്നവൻ. അയാൾക്കു കീഴിലാണ് മറ്റെല്ലാവരും. അവർ ഇങ്ങനെയാത്ര ചെയ്യുകയാണ്. ആർക്കും സ്വന്തം ഭൂതകാലത്തെക്കുറിച്ചറിവില്ല.അവർ യാത്ര ചെയ്യുന്നു. അവരുടെ ഓർമയുടെ തുടക്കം മുതൽ അവർ യാത്രയിലാണ്. എന്നാൽ അവർക്ക് ആകസ്മികമായി യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. അവർ യാത്ര മറന്ന് ഒരു ദേശത്തെ അവരുടേതാക്കുന്നു. ഒടുവിൽ അവിടവും വിട്ട്, വീണ്ടും സഞ്ചാരികളായി….

ഇതിനിടയിൽ കഥ പറയാൻ ഒരാൾ അവർക്കൊപ്പം കടന്നു ചെല്ലുന്നു. അവനും കഥാപാത്രമാകുന്നു. അവർ തുടർയാത്ര തുടങ്ങുമ്പോൾ അവൻ്റെ യാത്ര അവസാനിച്ചിരുന്നുവെന്നു മാത്രം. ഇതിലെ ഓരോ കഥാപാത്രങ്ങളും പഠനവിധേയമാക്കാൻ തക്കവിധം പ്രൗഢഗാംഭീര്യം നിറഞ്ഞവയാണ്. ഓരോ കഥകളും ഇന്നിൻ്റെ രാഷ്ട്രീയം കൃത്യമായി വ്യവച്ഛേദിക്കുന്നു. ഒരു വട്ട വായനയ്ക്കപ്പുറം പലവട്ട വായനയും പഠനവും ആവശ്യപ്പെടുന്ന, സാഹിത്യ കുതുകികളുടെ അടിയന്തിര ശ്രദ്ധയും പഠനവും പതിയേണ്ടതുമായ വളരെ ഗൗരവത്തോടെ സമീപിക്കേണ്ട രചനയാണിത് എന്ന് നിസ്സംശയം പറയാവുന്ന കൃതിയാണ് സാർത്ഥവാഹക സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക