Image

വിദ്യയും ലക്ഷ്മിയും (ചെറുകഥ -മാത്യു സണ്ണി കെ)

വര: പി ആര്‍ രാജന്‍ Published on 24 June, 2024
വിദ്യയും ലക്ഷ്മിയും  (ചെറുകഥ -മാത്യു സണ്ണി കെ)

Read in emalayalee magazine: https://mag.emalayalee.com/magazine/june2024/#page=19

ഗുരുകുലത്തിൽ  പഠിക്കുമ്പോൾ  ദ്രോണർ  അഗ്രഗണ്യനായിരുന്നു. പക്ഷേ, എല്ലാ ഒന്നാമൻമാരെപ്പോലെ
പഠനശേഷം ഉപജീവനത്തിനുള്ള വക കണ്ടെത്താൻ   ആ മനുഷ്യനും  പരാജയപ്പെട്ടു! ഭാര്യ കൃപ  സങ്കടപ്പെട്ടു. നിഴൽ പോലെ തന്നെ  പിൻതുടരുന്ന  ദാരിദ്രത്തിൽ നിന്ന്  രക്ഷപ്പെടാൻ  പഠിച്ചപണി പന്ത്രണ്ട് നോക്കിയിട്ടും നടന്നില്ല. പിതാവിൽ നിന്നു  പഠിച്ച  യുദ്ധമുറകളോ  പരശുരാമനിൽ നിന്ന്  ഗ്രഹിച്ച അസ്ത്രവിദ്യകളോ   ജീവസന്ധാരണത്തിന് ഉപകരിക്കാത്തതിൽ  അയാൾ  ഭഗ്നാശനായി.    

ദ്രോണർക്ക് തേജസ്വിയായ  ഒരു പുത്രൻ  ജനിച്ചിരുന്നു. അവൻ്റെ കൈകാലുകൾ    ചുള്ളികമ്പുകൾ പോലെ ശോഷിച്ചിരുന്നു. കാരണം ഒരുനേരം പോലും  ആ ബാലന് വയർ നിറച്ച്  ആഹാരം കൊടുക്കാൻ  പിതാവിനു  പ്രതിഫലം ലഭിച്ചില്ല. അമ്മ സങ്കടപ്പെട്ടു.

ഒരിക്കൽ വീടിൻ്റെ തിണ്ണയിൽ  ഇരിക്കുമ്പോൾ ബാലൻ ഒരു കാഴ്ച കണ്ടു. കളികഴിഞ്ഞ് അയല്‍ പക്കത്തെ കുട്ടികൾ
പാൽ കുടിക്കുന്നു. അവരുടെ പിതാവ് ഗംഗാദ്വാരത്തെ ഒരു  ധനികനായിരുന്നു. അവനും പാൽ   കുടിക്കണമെന്നാഗ്രഹമുണ്ടായി. പക്ഷേ, പിതാവ് എത്ര തന്നെ പരിശ്രമിച്ചിട്ടും  ഒരു പശുവിനെ പ്രതിഗ്രഹമായി  ലഭിച്ചില്ല. ബാലൻ നിരാശനായി.

ബാലൻ്റെയുള്ളിൽ പാലിനായുള്ള ആശ അരിമാവു പോലെ പുളിച്ചു പൊന്തി. ധവളാകാശത്തേക്ക് നോക്കി അവൻ നെടുവീർപ്പെട്ടു. അതു കണ്ടപ്പോൾ അയൽപക്കത്തെ ബാലർക്ക്  ഒരു തമാശ തോന്നി. പാലാണെന്ന് പറഞ്ഞ് കുറച്ച് അരിമാവ് കലക്കിയ  വെള്ളം  അവനു  കൊടുത്തു. പാലാണെന്ന് വിചാരിച്ച്  അതു മുഴുവൻ ഒറ്റവലിക്ക്  സ്വാദോടെ കുടിച്ചുത്തീർത്തു. പിന്നെ ജീവിതത്തിൽ ആദ്യമായി പാൽ കുടിച്ച സന്തോഷത്തിൽ ഒരു പശുകിടാവിനെ പോലെ  തുള്ളിച്ചാടി. അപ്പോൾ അവർ  പരിഹസിച്ചു. 
"വിഡ്ഢീ, നീ കുടിച്ചത് പാലല്ല, അരിമാവുകലക്കിയ വെള്ളമാണ്. "
അവൻ ലജ്ജിച്ചു  തലതാഴ്ത്തി. പിന്നെ വീട്ടിൽ കയറി മുഷിഞ്ഞ തലയണയെ   കെട്ടിപ്പിടിച്ചു  കരഞ്ഞു.

മകൻ്റെ കണ്ണീരു  കണ്ടപ്പോൾ ദ്രോണരുടെ  ഇടനെഞ്ചുപ്പൊട്ടി. 
ദാരിദ്രത്തിൻ്റെ പടുകുഴിയിൽ നിന്നു കരകയറാൻ ഗുരുമുഖത്ത് നിന്ന്  പഠിച്ച വിദ്യകളൊന്നും  മതിയാവില്ലെന്നു്  ആ നിമിഷം  മനസ്സിലായി. സമൃദ്ധമായ താടിയിൽ അയാൾ  വിരലോടിച്ചു. പൊടുന്നനെ തൻ്റെ  കൂടെ  പഠിച്ച  ഒരു സഹപാഠിയെ ഓർമ്മവന്നു. ! അവൻ  പാഞ്ചാല രാജാവിൻ്റെ പുത്രനായിരുന്നു.
ക്ഷുത്പീഢയിൽ നിന്ന് രക്ഷനേടാൻ  സതീർത്ഥ്യനായ  ദ്രുപദൻ്റെ സഹായം തേടാൻ     ഉറച്ചു. ഭാര്യ മുന്നറിയിപ്പ്‌ നൽകി. 
"പണ്ടത്തെ ലോഗ്യം ചൊല്ലി ചങ്ങാതിയെ കാണാൻ ചെല്ലുന്നത്‌ നാണക്കേടാണു്.''
കൂട്ടുകാരനെ   സന്ദർശിക്കാൻ പോകുന്നതിൽ   ഒരു മാനക്കേടും  തോന്നിയില്ല. കാരണം പിരിയാൻ നേരത്ത് അവൻ   കൊട്ടാരത്തിലേക്ക്   ക്ഷണിച്ചിരുന്നു.  
"സുഹൃത്തേ നീ എന്റെ ആത്മാവിന്റെ അംശമാണ്. അതു കൊണ്ട് ഞാൻ രാജാവാകുമ്പോൾ നീ  രാജബന്ധുവായിരിക്കും. എന്റെ  സമ്പത്ത് നിന്റെ സ്വന്തമെന്നു നീ ധരിക്കുക."
പിന്നീട് മറുത്തൊന്നും  അവൾ പറഞ്ഞില്ല. ഈശ്വരനിശ്ചയം പോലെ എല്ലാം വരട്ടെ ..ആകെ കൂടി ഉണ്ടായിരുന്ന  ഒന്നുരണ്ട്  വസ്ത്രങ്ങൾ  ഭാണ്ഡകെട്ടിലാക്കി.  ദ്രോണർ മകൻ്റെ കരം പിടിച്ചു.

ദ്രോണരും കുടുംബവും രാജധാനിയിൽ  എത്തിച്ചേർന്നു.     എന്നാൽ കൊട്ടാരകവാടം കടന്നു വരുന്ന സഹപാഠിയെയും  കുടുംബത്തെയും സ്വീകരിക്കുവാൻ  ദ്രുപദൻ തയ്യാറയില്ല. കാരണം നാട്ടിൻമ്പുറത്തുകാരായ ദാരിദ്രവാസികളെ  കൊട്ടാരത്തിൽ  സ്വീകരിക്കുന്നതിൽ ഊട്ടു മേശയിലെ സ്നേഹിതർ കളിയാക്കിയിരുന്നു.  പഴയ ബന്ധങ്ങൾ  പറഞ്ഞ്  കൊട്ടാരത്തിലേക്ക്  വലിഞ്ഞുകയറി വരുന്നവരോട്     റാണിക്കും പുച്ഛമായിരുന്നു. അതുകൊണ്ട് മലിനവേഷധാരിയായ സതീർത്ഥ്യനെ സ്വീകരിച്ചാൽ അത്   തൻ്റെ യശസ്സിനു  കളങ്കമാകുമെന്ന്  ദ്രുപദൻ വിശ്വസിച്ചു.

ദ്രുപദൻ്റെ  കണ്ണകളിൽ  പുച്ഛം    നിറഞ്ഞു. അതു കാര്യമാക്കാതെ  രാജാവിനെ നമസ്ക്കരിച്ച്  പഠന കാലത്തെ സൗഹൃദം     ഹൃസ്വമായി ദ്രോണർ ഓർമ്മിപ്പിച്ചു. രാജാവ് പുഞ്ചിരിച്ചു; ആ  സൗഹൃദത്തെ ചോദ്യം ചെയ്തു.  
" കാലക്രമേണ നശിച്ചുപോകാത്തതായി  ഈ ലോകത്തിൽ എന്തു  സ്നേഹമാണുള്ളത്? 
മറുപടി പറയാനാവാതെ ദ്രോണർ കുഴങ്ങി. ദ്രുപദൻ തുടർന്നു 
" അപ്പോൾ പിന്നെ  പഴയ സ്നേഹത്തിൻ്റെ കഥ പറയുന്നതിൽ എന്തർത്ഥമാണുള്ളത്? "
ദ്രോണരുടെ മുഖം വിളറി.

അത്താഴപ്പട്ടിണി മാറ്റാൻ സഹപാഠിയെ  സന്ദർശിക്കാൻ തീരുമാനിച്ചത്  അബദ്ധമായെന്ന് ദ്രോണർക്ക്  ബോദ്ധ്യമായി. ഭാര്യ പറഞ്ഞതാണ് പക്ഷേ ,കേട്ടില്ല. അയാൾ വിഷണ്ണനായി. ഒടുവിൽ നാണക്കേട് വിസ്മരിച്ച്  വീട്ടിലെ അവസ്ഥയെ പറ്റി  ദ്രോണർ മനസ്സ് തുറന്നു. 
" സ്നേഹിതാ , ഞാൻ വല്ലാത്ത അവസ്ഥയിലാണ്. ആചാര്യനാണെന്നു പറഞ്ഞിട്ടു വല്യകാര്യമൊന്നുമില്ല. വീട്ടിലെ കാര്യം കുറെ  കഷ്ടത്തിലാണ്. അതു കൊണ്ട്  നീ എന്നെ ഒന്നു സഹായിക്കണം. "
സിംഹാസനത്തിൽ ദ്രുപദൻ  ഇളകിയിരുന്നു. പിന്നെ പരിഹസിച്ചു.
"വലിയ ബുദ്ധിമാനാണെന്ന്  പറഞ്ഞിട്ടൊന്നും  ഈ ലോകത്തിൽ  ഒരു കാര്യവും ഇല്ല ദ്രോണാ... അഷ്ടിക്കുള്ളത് 
ഉണ്ടാക്കാൻ പഠിക്കാനാണ് ബുദ്ധി വേണ്ടത്. " 
അയാൾ കൂട്ടുകാരനെ ദയനീയമായ നോക്കി. അതു കാര്യമാക്കാതെ  ദ്രുപദൻ തുടർന്നു.
" 'ശരി ഇവിടം വരെ വന്നതല്ലേ ഞാൻ ഒരു കാര്യം  ചെയ്യാം." 
ദ്രോണർക്ക് പ്രതീക്ഷ തോന്നി  
രാജാവ് തുടർന്നു. 
"ആകട്ടെ നിനക്ക്  തേര്  തെളിക്കാനറിയാമോ?  "
ദ്രോണർ നിലവിളിച്ചു. 
"സ്നേഹിതാ.... " 
രാജാവിൻ്റെ കണ്ണുകളിൽ തികഞ്ഞ  ഔദ്ധത്യം  നിറഞ്ഞു.    

"സ്നേഹിതനോ? ഈ ലോകത്ത് ദരിദ്രനും  ധനികനും തമ്മിലും , പാമരനും പണ്ഡിതനും തമ്മിലും ക്ലീബനും ശൂരനും തമ്മിലും ഒരിക്കലും സഖാക്കാളാകില്ലെന്ന്    അറിയില്ലേ? 
ദ്രോണർ തല കുനിച്ചു.

കവാടത്തിൽ   കൃപയും കുട്ടിയും  കാത്തുനിന്നിരുന്നു. മുഷിഞ്ഞു നാറിയ  പട്ടിണികോലങ്ങളെ  കണ്ട്  ദ്രുപദൻ  സതീർത്ഥ്യനെ  
ഉപദേശിച്ചു.  
"എടോ  താനീ  വിദ്യയെ ഉപാസിച്ചിട്ട് വലിയ  കാര്യമില്ല. കാരണം  ധനദേവതയുടെ   ശത്രുവാണ്  വിദ്യ. അതു കൊണ്ട് നീ  പോയി ലക്ഷ്മിയെ നമസ്കരിക്കുക "
സദസ്സിൽ ഉപവിഷ്ടരായിരുന്ന സ്നേഹിതരും  ശരിവെച്ചപ്പോൾ  ദ്രോണർ  പതറി. വിശ്വസ്തയായ വിദ്യയെ ഉപേക്ഷിച്ച്  അസ്ഥിരചിത്തയായ ലക്ഷ്മിയെ ഉപാസിക്കാൻ   കഴിയില്ല. അയാൾ യാത്ര പറഞ്ഞു.  
"നമുക്ക് വീണ്ടും കാണാം " 
ദ്രുപദൻ പരിഹസിച്ചു
"ഓ ശരി , നമുക്ക് കാണാം "
അയാൾ ഇറങ്ങി.

സ്നേഹിതൻ്റെ  വാക്കുകൾ   കേട്ടപ്പോൾ കൃപക്ക്  വലിയ  അത്ഭുതമൊന്നും തോന്നിയില്ല. വേലയും കൂലിയും ഇല്ലാത്തവരെ 
അവ ഉള്ളവർക്ക്  എല്ലാ കാലത്തും പുച്ഛമാണ്. അതാണ് ലോകഗതി. അവൾ ഭർത്താവിനെ ആശ്വസിപ്പിച്ചു. 
"തൽക്കാലം നമുക്ക് ജേഷ്ടൻ്റെ  വീട്ടിൽ പോകാം. "
അയാൾ സമ്മതിച്ചു. കൃപയുടെ സഹോദരൻ ഹസ്തിനപുരം കൊട്ടാരത്തിലെ രാജഗുരുവായിരുന്നു.

കവാടത്തിലേക്ക്  നടക്കുമ്പോൾ ബാലനു   കഴിഞ്ഞതൊന്നും  മറക്കാനായില്ല. തങ്ങളെ  അപമാനിച്ച  രാജാവിനോടു ക്ഷമിക്കാനും  കഴിഞ്ഞില്ല.  ദ്രുപദനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവൻ 
പിതാവിനോട് അപേക്ഷിച്ചു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അവൻ നിരാശനായി.
അമ്മ  പറഞ്ഞു. 
"വെറുതെ നീ  വാശിപിടിക്കരുത്. രാജാവിനെ തോൽപ്പിക്കാൻ  നമ്മൾക്ക് ഒരിക്കലും   കഴിയില്ല "
അവൻ  ഒരു നിമിഷം അച്ഛൻ്റെ മുഖത്തേക്ക് നോക്കി. പിതാവിൻ്റെ  കണ്ണിൽ ഒരു  ഗൂഢസ്മിതം  മിന്നിമറഞ്ഞതു  കണ്ട് പുഞ്ചിരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക