Image

പഴയ കോഴിക്കോടല്ല , സാഹിത്യ നഗരം (ആന്റണി കണയംപ്ലാക്കൽ)

Published on 25 June, 2024
പഴയ കോഴിക്കോടല്ല , സാഹിത്യ നഗരം (ആന്റണി കണയംപ്ലാക്കൽ)

കോഴിക്കോട് പഴയ കോഴിക്കോടല്ല . ഇന്ത്യയിലെ ആദ്യ  സാഹിത്യ നഗരമാണ് ഇനി  നമ്മുടെ കോഴിക്കോട് .  യുനെസ്‌കോയുടെ സാഹിത്യ നഗരം  പദവി കോഴിക്കോട് മേയർ ബീന ഫിലിപ്പ് പോർച്ചുഗലിലെ ബ്രാഗയിൽ ജൂലൈ ആദ്യ വാരം  നടക്കുന്ന ചടങ്ങിൽ ഏറ്റു വാങ്ങും .

രാജ്യത്ത്  ആദ്യമായി  ഈ പദവി കോഴിക്കോടിന്  ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം  ഞായറാഴ്ച  മന്ത്രി എം .ബി . രാജേഷ് കോഴിക്കോട്ടു ജൂബിലി ഹാളിലെ ചടങ്ങിൽ   നടത്തി . കൊച്ചിൻ ബേക്കറിയുടെ ബ്രഹ്മാണ്ഡൻ കേക്ക് മുറിച്ചായിരുന്നു സന്തോഷം പങ്കിട്ടത് .  മുഖ്യമന്ത്രി പിണറായി  വിജനായിരുന്നു  പ്രഖ്യാപനം നടത്തേണ്ടിയിരുന്നത് . അവസാന നിമിഷത്തെ അദ്ദേഹത്തിന്റെ പിന്മാറ്റം പല ഊഹോപോഹങ്ങൾക്കും ഇടയാക്കി .

പ്രഖ്യാപന  വേദിയിൽ എം .ടി .വാസുദേവൻ നായരുടെ  സാന്നിധ്യമാണ് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത് . അതെങ്ങനെ ഒരു കാരണമാകും? കഴിഞ്ഞ ജനുവരി 11 ന് കോഴിക്കോട്ടു കടപ്പുറത്തു നടത്തിയ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുമുള്ള  ഉദ്ഘാടനവേദിയിൽ  എം .ടി .ഏകാധിപത്യത്തിനെതിരെ നടത്തിയ വിമർശനങ്ങൾ ആയിരിക്കും പിണറായി വിജയൻറെ പിന്മാറ്റത്തിന് കാരണം എന്ന് കരുതുന്നവരുണ്ട്. പ്രത്യേകിച്ച് യുഡിഎഫ് കാർ .

അങ്ങനെ ഒരു സാഹിത്യവേദിയിലെ വിമര്ശനാല്മക പരാമര്ശങ്ങൾ മറ്റൊരു സാഹിത്യ വേദിയിലേക്ക് വഴി അടച്ച പ്രത്യേകതയും സാഹിത്യ നഗര പ്രഖ്യാപാന സമ്മേളത്തിനുണ്ടായി  . പക്ഷെ  വിമര്ശനങ്ങൾ സാഹിത്യത്തിന്റെ ഭാഗമാണല്ലൊ.

അനാരോഗ്യം മൂലം എം .ടി യും പങ്കെടുത്തില്ല . പക്ഷെ എല്ലാവർക്കും  ആശ്വാസമായി 'മജീഷ്യൻ ' ശ്രീജിത്ത് വിയ്യൂർ എം .ടി  ഇല്ലെങ്കിലും വേദി 'എംറ്റി 'ആക്കാതെ കാത്തു . ഒഴിഞ്ഞ ഒരു ഫ്രെയിമിൽ എം .ടി യെയും അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന്റെ പുതിയ പതിപ്പും ശ്രീജിത്ത്  പ്രത്യക്ഷപ്പെടുത്തി . മാന്ത്രിക വിദ്യ തീർന്നില്ല . മന്ത്രി മാന്ത്രിക വടി  തൊട്ടപ്പോൾ രണ്ടാമൂഴത്തിൽ  നിന്നും ഒരു വെള്ളരി പ്രാവ്  പറന്നു പൊങ്ങി !
മന്ത്രിയും മേയറും എം .ടി യുടെ കൊട്ടാരം റോഡിലെ  വീട്ടിലെത്തി കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം നൽകി  

മിഠായിത്തെരുവിനെ   വായനത്തെരുവാക്കിയത് ആഘോഷങ്ങൾക്ക് വൈവിധ്യം പകർന്നു . മേയറും കോഴിക്കോട്ടെ പഴയ കലാ സാഹിത്യകാരന്മാരുടെ മക്കളും മിഠായിത്തെരുവിലെ എസ് .കെ .പൊറ്റെക്കാട്ടു പ്രതിമക്ക് മുൻപിൽ ഒത്തുകൂടി പുസ്തകങ്ങൾ വായിക്കുന്നത്  കൗതുക കാഴ്ചയായി . വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കൾ ഷാഹീനയും അനീസും, എസ്  കെ  പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര , കൊച്ചുമകൾ നീതു , തിക്കോടിയന്റെ മകൾ പുഷ്പ എന്നിവർ  മേയറോടപ്പം ഒന്നിച്ചുകൂടി. പിതാവ് എഴുതിയ പുസ്തകങ്ങളാണ് മക്കൾ വായിച്ചത് .  എസ് .കെ .പൊറ്റെക്കാട്ടിന്റെ  മിഠായിതെരുവിന്റെ തന്നെ കഥ പറയുന്ന ' ഒരു തെരുവിന്റെ കഥ'യുടെ ആദ്യ പേജാണ്  മേയർ വായിച്ചത  . ബേപ്പൂർ സുൽത്താനായ  വൈക്കം  മുഹമ്മദ് ബഷീറിന്റെ  മകൾ ഷാഹീന ബഷീർ അവർക്കു ഏറ്റവും ഇഷ്ടപെട്ട   'റ്റാറ്റ'യുടെ (ഷാഹീന  അങ്ങനെയാണ് ഉപ്പയെ വിളിച്ചിരുന്നത്)  നോവൽ പ്രേമലേഖനത്തിലെ ആദ്യ പേജുകൾ  വായിച്ചു .

എല്ലാ വർഷവും  ജൂൺ 23  കോഴിക്കോട് സാഹിത്യ നഗര ദിനമായി ആചരിക്കും.( മേയർ ബീന ഫിലിപ്പിന്റെ ജന്മദിനവും അന്ന് ആയതു സന്തോഷകരമായ ഒരു യാദൃച്ഛികത).  രണ്ടു വർഷമായി അവർ മുന്നിൽ നിന്നും നയിച്ച ശ്രമങ്ങൾക്കു ശുഭപര്യവസാനം .  ആനക്കുളം സാംസ്‌കാരിക നിലയമായിരിക്കും സാഹിത്യനഗരത്തിന്റെ ഔദ്യോഗിക കേന്ദ്രം  .
കോഴിക്കോടിന്റെ അക്ഷരപ്പെരുമ തുടങ്ങുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് .1927 ൽ കോഴിക്കോട്ടു പബ്ലിക് ലൈബ്രറി രൂപീകരിക്കപ്പെട്ടു .

ഗ്രന്ഥശാല സംഘത്തിന്റെ തുടക്കം 1937 ൽ കോഴിക്കോട്ടാണ്. .500 ൽ പരം വായനശാലകളാൽ  സമ്പന്നമാണ്  കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ നക്ഷത്രങ്ങളാണ്  വൈക്കം മുഹമ്മദ് ബഷീറും , എം ടി യും തിക്കോടിയനും, ഉറൂബും, എൻ .പി മുഹമ്മദും  എസ്  കെ .പൊറ്റെക്കാട്ടും, പി  വത്സലയും, യു  എ ഖാദറും
കുഞ്ഞുണ്ണിമാഷും കക്കാടും, ബാബുരാജ്മൊക്കെ . കോഴിക്കോട്ടെ കോലായ കൂട്ടായ്‍മകൾ മറ്റ് ഒരിടത്തുമില്ല .

അങ്ങനെ മാഞ്ചെസ്റ്ററും മെൽബനും മിലാനും എഡിബറോയിക്കും മെക്കെ ഒപ്പം നമ്മുടെ കോഴിക്കോട് രാജ്യന്ദ്ര തലത്തിലേക്ക് ....  വായനത്തെരുവ്, സ്വതന്ത്ര വായന മൂലകൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, സാഹിത്യ മ്യൂസിയം, മലബാർ ലിറ്റററി സർക്കീട്ട്, എഴുത്തു ശിൽപശാലകൾ, സാഹിത്യ മത്സരങ്ങൾ, ഗൃഹ ലൈബ്രറി സന്ദര്ശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ അങ്ങനെ നിരവധി നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന നാളെകളി ലേക്ക് നമുക്കു പ്രതീക്ഷയോടെ പേജുകൾ തുറന്നു  കാത്തിരിക്കാം
 

Join WhatsApp News
Divakaran K. P. 2024-06-25 14:12:46
അങ്ങനെ ഇവിടം സാഹിത്യ നഗരമായി. എന്നെ അദ്‌ഭുതപ്പെടുത്തിയത് കോഴിക്കോട് സ്ഥാപിക്കപ്പെട്ട സാഹത്യകാരൻമാരുടെ പ്രതിമകളാണ്. ആദ്യത്തേത് എസ്‌കെയുടേത് തന്നെ. മിട്ടായിട്ത്തെരുവിന്റെ കവാടത്തിൽ. നാടകാചാര്യൻ കെ ടി മുഹമ്മദ് ബാങ്ക് റോഡ് ജംഗ്ഷനിൽ തലയുയർത്തി നിൽക്കുന്നു. ഇനിയും ധാരാളം സാഹിത്യനായകന്മാർ കോഴിക്കോടിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കാനുണ്ട്. അങ്ങനെയാകുമ്പോൾ സ്ഥലം തികയുമോ എന്നതാണ് പ്രശ്നം.
Jayan varghese 2024-06-25 16:08:00
ഒരു സാഹിത്യകാരന്റെ സ്മാരകം അവന്റെ എഴുത്തുകളാണ്, ആയിരിക്കണം. ഒരാൾ എത്രമേൽ വായിക്കപ്പെട്ടു എന്നതിലല്ല വായിച്ച ഒരാളിലെങ്കിലും പരിവർത്തനത്തിന്റെ പാതകൾ പണിയുവാൻ അയാൾക്ക്‌ സാധിച്ചുവോ എന്നതിലാണ് കാര്യം. നൽക്കവലകളിൽ പ്രതിമകൾ സ്ഥാപിച്ച് കാക്കകൾക്ക് കക്കൂസ് പണിയുന്നവർ തങ്ങളുടെ ആരാധനാ മൂർത്തികളുടെ ഒരു ചിന്ത സ്വന്തം ജീവിതത്തിൽ സാംശീകരിക്കുമ്പോൾ അതായിരിക്കും അയാൾക്കുള്ള അനശ്വര സ്മാരകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക