Image

'നടന്ന സംഭവം' കപട സദാചാരക്കാരുടെ കരണത്തടിക്കുന്ന ചിത്രം; ലിജോമോൾ മികച്ചു നിൽക്കുന്നു (പി പി മാത്യു)

Published on 25 June, 2024
'നടന്ന സംഭവം' കപട സദാചാരക്കാരുടെ കരണത്തടിക്കുന്ന ചിത്രം; ലിജോമോൾ മികച്ചു നിൽക്കുന്നു (പി പി മാത്യു)

വിഷ്ണു നാരായണൻ സംവിധാനം ചെയ്ത 'നടന്ന സംഭവം' ചിരിയും ചിന്തയും ഉണർത്തുന്ന, കണ്ടിരിക്കാൻ സുഖമുള്ള ചിത്രമാണ്. അന്യന്റെ സ്വകാര്യതയിൽ നാറ്റമുണ്ടോ എന്നു മണത്തു നടക്കുന്ന സദാചാര രോഗികളുടെ നാട്ടിൽ ഏറെ പ്രസക്തമായ വിഷയത്തിൽ സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന ചിരി ഉണ്ടെങ്കിലും അതിനപ്പുറം ഗൗരവമായ ചിന്ത ആവശ്യപ്പെടുന്ന സന്ദേശവുമുണ്ട്. വിനോദ ചിത്രമായാണ് രചയിതാവ് രാജേഷ് ഗോപിനാഥനും സംവിധായകനും ഇതിനെ ഒരുക്കിയതെങ്കിലും മറയാതെ തന്നെ നിൽക്കുന്ന സന്ദേശം ശ്രദ്ധേയമാവുന്നത് അത് വേറിട്ടു നില്കുന്നു എന്നതു കൊണ്ടു കൂടിയാണ്. എന്തെങ്കിലും ഉൾക്കനമില്ലെങ്കിൽ എന്തിനാണ് ഒരു സിനിമാക്കഥ?

രചയിതാവിനെ ആദ്യം അഭിനന്ദിക്കട്ടെ. ഒരു ഹൗസിംഗ് കോളനിയിൽ നടക്കാവുന്ന സംഭവങ്ങൾ തന്നെയാണ് ഇതിലും ഉള്ളത്. ഇന്റർനെറ്റിലെ ലൈംഗികത ആസ്വദിക്കുമ്പോഴും ഭാര്യയെ സ്വയംഭോഗത്തിനു വിടുന്ന ഭർത്താവും പണത്തിന്റെ ഹുങ്കിൽ എന്ത് അതിക്രമവും ന്യായീകരിക്കാൻ കഴിയുമെന്ന മിഥ്യാബോധത്തിൽ അതിനു തുനിയുന്ന യുവ സമ്പന്നരുമൊക്കെ നമുക്ക് ഏറെ പരിചിതർ തന്നെ. ഇവരൊക്കെ അഴിഞാടുന്ന സമൂഹത്തിൽ സ്ത്രീ ആരാണ് എന്ന ചോദ്യം എറിയുന്നത് നിരന്തരം പീഡനം അനുഭവിച്ചു മനസു കൊണ്ട് ഒറ്റപ്പെട്ടു പോയ ധന്യ  എന്ന ഭാര്യയാണ്. പൊലിസ് സ്റ്റേഷനിൽ തന്റെ സ്വകാര്യ സംഭാഷണത്തിന്റെ ഓഡിയോ പ്ളേ ചെയ്യുമ്പോൾ എസ് ഐ യോട് അവർ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിത്രത്തിന്റെ സന്ദേശം മുഴുവനുമുണ്ട്.

ഐ എ എസ് ബ്രാഹ്മണ യുവതി ദളിതനായ രാഷ്ട്രീയ നേതാവിനെ ആലിംഗനം ചെയ്തപ്പോൾ സഹിക്കാൻ വയ്യാതെ 'ആത്‍മഹത്യ' ചെയ്ത പരശ്ശതം പരനാറികളുടെ നാട്ടിൽ അവർ ഉയർത്തുന്ന ചോദ്യങ്ങൾക്കു ഏറെ പ്രസക്തിയുണ്ട്.  

ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് ധന്യയെ അവതരിപ്പിച്ച ലിജോമോൾ ജോസാണെന്നു എടുത്തു പറയണം. തമിഴ് സൂപ്പർസ്റ്റാർ സൂര്യ അവിസ്മരണീയമാക്കിയ 'ജയ് ഭീം' എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു ഇന്ത്യൻ സിനിമയുടെ അഭിമാനമായ നടി സ്വന്തം ഭാഷയിൽ ചുവടുറപ്പിക്കുന്ന ആദ്യ ചിത്രമാണിത്. ലിജോമോളുടെ പടമാണിതെന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല.

ബിജു മേനോൻ, സുരാജ് എന്നിവരിൽ ആരാണ് മെച്ചപ്പെട്ടു നിൽക്കുന്നത് എന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കണം. ബിജു മേനോന്റെ അനായാസ ശൈലി ഏറെ ജനപ്രീതി നേടിക്കഴിഞ്ഞതാണ്. ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു പോകുന്നതിന്റെ പ്രധാന കാരണം അതു തന്നെ. സുരാജിന്റെ അജിത്തിനുള്ള പ്രത്യേകത അദ്ദേഹത്തിന്റെ പതിവുള്ള അനായാസ ശൈലിക്കു പുറമെ ഒരു ബലം പിടുത്തം വേണം എന്നതാണല്ലോ. ആദ്യാവസാനം പരുക്കനായ കഥാപാത്രത്തെ സൂരജ് സസൂക്ഷ്‌മം നന്നാക്കിയെടുത്തു.  

ജോണി ആന്റണിയുടെ എസ് ഐ വെറും ചിരിക്കപ്പുറം പോകുമ്പോൾ  ലാലു അലക്സിന്റെ സി ഐ കുറെ ചിരിപ്പിക്കുന്നു.

മനേഷ് മാധവന്റെ ക്യാമറ കഥയുടെ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നു. സംഗീതത്തിന്  ഏറെ പ്രസക്തി ഇല്ലെങ്കിലും അങ്കിത് മേനോന്റെ സംഭാവന ശ്രദ്ധിക്കാതെ പോകാനാവില്ല.

Lijomol scores in film with a message

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക