Image

പുഴഞ്ചൊല്ലുകൾ (കവിത: വേണുനമ്പ്യാർ)

Published on 25 June, 2024
പുഴഞ്ചൊല്ലുകൾ (കവിത: വേണുനമ്പ്യാർ)

നിതാന്തം മാറിമറിയുമീ
ജഗത്തിനെയറിയാത്തൊരാൾ
ഇരുകാലും കൊണ്ടൊരു ദിനം
പച്ചപ്പളുങ്കൻപുഴ മുറിച്ചു കടപ്പാൻ ചെന്നീടുകിൽ, ചൊല്ലുമാപ്പുഴ - 
ആദ്യത്തെ കാലടിക്കു ശേഷം 
നിന്റെ രണ്ടാമടി നിലയറിയും ഞൊടിയ്ക്കിടെയൊഴുകിയെത്തും നിശ്ശബ്ദം നീയറിയാതെ ഞാനൊരു 
പുത്തനാം സരിത്തായ് !

ഇരുകയ്യും കൊണ്ടൊരു
പുഴയിൽ ചെന്നീടുകിൽ
ചൊല്ലുമാപ്പുഴ -
ശയിക്ക മലർന്നു നീയൊരു
ശവമായ് കുളിരും ചിറ്റോളങ്ങളിൽ;
മോഹനം ശാന്തഭീകരം പാലല ചിന്നുമാ
മഹാസാഗരം കാണിക്കാം നിന്നെ ഞാൻ!

ഇരുകണ്ണും കൊണ്ടൊരു
പുഴയിൽ ചെന്നീടുകിൽ
ചൊല്ലുമാപ്പുഴ -
ഇരുകണ്ണുമടച്ചു നീ അന്ധകാരത്തരിശിൽ
ഒഴുക്കിനെതിരെ നീന്താതിരിക്കുമൊ,
അസ്സലക്കരപ്പച്ചയിലെത്തിക്കാം  
നിന്നെ ഞാൻ!

വാർതിങ്കളുദിച്ചു വന്നാൽ
പുഴ ചൊല്ലും -
കണ്ണാടിയില്ലല്ലൊ നിന്റെ വീട്ടിൽ;
ഒന്ന് കീഴ്‌പോട്ട് നോക്കുവിൻ,
കാട്ടാ,മീപളുങ്കൻ പച്ചനീൾക്കണ്ണാടിയിൽ 
നിന്റെ കരി പറ്റിയ പൊൻമുഖം!

തോട്ട പൊട്ടിക്കുവാൻ
അത്യാർത്തിക്കാരനാം
മീൻപിടുത്തക്കാരൻ
പാത്തു വന്നീടുകിൽ,
പുഴ ചൊല്ലും -
വെള്ളിപ്പരൽക്കുഞ്ഞുങ്ങടെ
ഹത്യയ്ക്കു പകരം വീട്ടുവാൻ 
നിന്റെയടുപ്പിൻകുണ്ടിലേ-
ക്കിരമ്പിയെത്തും ഞാൻ 
ഗതി മാറിയൊഴുകിയൊരു
കറുത്ത സന്ധ്യയ്ക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക