Image

'വാന്‍ഗോഗിന്റെ കാമുകി' മനസ്സില്‍ വര്‍ണ്ണചിത്രം പോലെ (നിഷ എല്‍ദോ)

നിഷ എല്‍ദോ Published on 25 June, 2024
 'വാന്‍ഗോഗിന്റെ കാമുകി' മനസ്സില്‍ വര്‍ണ്ണചിത്രം പോലെ  (നിഷ എല്‍ദോ)

സൂര്യകാന്തിപ്പൂക്കള്‍, നക്ഷത്രാങ്കിത രാത്രി, ഉരുളക്കിഴങ്ങു തിന്നുന്നവര്‍ ഇതായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരനെ കുറിച്ചുള്ള എന്റെ പരിമിതമായ അറിവ്.

ശ്രീ ജേക്കബ് എബ്രഹാമിന്റെ  'വാന്‍ഗോഗിന്റെ കാമുകി 'എന്ന  നോവലിലൂടെയാണ് ഈ ചിത്രകാരനെ ഞാന്‍ വീണ്ടും കാണുന്നത്. അത് വെറും കാഴ്ച്ച ആയിരുന്നില്ല. അദേഹത്തിന്റെ കാമുകിയായ സിയന്റെ അനുഭവങ്ങളിലൂടെയുള്ള ഉള്‍ക്കാഴ്ചയായിരുന്നു. ആ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നതും.

ഡിസി ബുക്‌സിന്റെ romance fiction മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലാണ് 'വാന്‍ഗോഗിന്റെ കാമുകി'

ഹേഗ് എന്ന മഹാനഗരത്തിന്റെ തെരുവുകളില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സിയന്‍ എന്ന് വിളിക്കുന്ന ക്ലാസ്സിന മരിയ ഹൂര്‍ണിക്ക്  ഒരു ക്രിസ്മസ് രാവില്‍ വാന്‍ഗോഗിനെ പരിചയപ്പെടുന്നു.

സൗന്ദര്യവും ആരോഗ്യവും ക്ഷയിച്ചു പോരാത്തതിന് ആരില്‍ നിന്നോ ഗര്‍ഭിണിയും ആയ സിയന്‍ നിത്യവൃത്തിക്കുള്ള ചിലവിനു ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്ത് കരുണ കാണിച്ച വാന്‍ഗോഗിനോട് അവള്‍ക്കു സ്‌നേഹവും ആദരവും അതിലുപരി ആരാധനയും തോന്നി.

വാന്‍ഗോഗ് ആകട്ടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച്  നൈരാശ്യത്തിന്റെ പടിവാതിക്കല്‍ നിന്ന സിയനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നു.

ഒരുകാലത്ത് ഹേഗിന്റെ തെരുവുകളില്‍ ദൈവത്തെ വെല്ലുവിളിച്ച സിയന്‍ ദൈവമെന്നാല്‍ സ്‌നേഹമാണെന്ന് വാന്‍ഗോഗിലൂടെ തിരിച്ചറിയുന്നു.അവളുടെ ജീവിതയാത്രയില്‍ പ്രണയമെന്തെന്നു തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ ചുംബനത്തിലൂടെ ആയിരുന്നു.

പ്രകൃതിയുടെ സൗന്ദര്യത്തിന് മുന്‍പില്‍ സ്വയം മറന്നു ഒരുതരം മായികമായ അവസ്ഥയില്‍ നില്‍ക്കുന്ന വാന്‍ഗോഗിന്റെ വരയ്ക്കാനുള്ള അദമ്യമായ ആഗ്രഹവും, പ്രകൃതിയിലെ നിറങ്ങളോടുള്ള അദേഹത്തിന്റെ ആസക്തിയും, സൃഷ്ടിയുടെ ഉന്മാദവും,'ഉരുളക്കിഴങ്ങു തിന്നുന്നവര്‍ 'എന്ന വിശ്വ പ്രസിദ്ധമായ ചിത്രത്തിലേക്കുള്ള അദേഹത്തിന്റെ യാത്രയും ഒരു സൃഷ്ടിക്ക് പിറകില്‍ അദ്ദേഹം അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കവും സസൂക്ഷ്മം വീക്ഷിച്ച് സിയന്‍ പറയുന്നു.

അദ്ദേഹത്തിന്റെ പ്രശസ്തമായ 'SORROW ' എന്ന പെയിന്റിംഗില്‍ മോഡല്‍ ആയത് സിയന്‍ ആയിരുന്നു.

കഥയുടെ പല ഭാഗത്തും സിയന്‍ പറയുന്ന ചില ചിന്തകള്‍ക്ക് നല്ല അര്‍ത്ഥം ഉള്ളതായി എനിക്കു തോന്നി.

ഒരു കലാകാരനെ പ്രണയിക്കുക എന്നാല്‍ ഒരു അഗ്‌നിപര്‍വതത്തെ ആലിംഗനം ചെയ്യുന്നതിന് തുല്യമാണ്.

എല്ലാ സ്ത്രീകളും ഒരു പുരുഷനെ തേടുന്നുണ്ട്. അവളുടെ വൈകാരിക അനുഭവം സ്പര്‍ശനമില്ലാത്ത മനസ്സിലാക്കലുകളില്‍ വരെ സംഭവിക്കും.

പ്രണയത്തിലാകുമ്പോള്‍ ഒരാള്‍ തന്റെ ജീവിതത്തെ അഗാധമായി സ്‌നേഹിക്കുകയും അവരില്‍ സൗന്ദര്യം കൂടുതലായി ഉളവാകുകയും ചെയ്യുന്നു.

യഥാര്‍ഥ്യങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നതെങ്കിലും വായനക്കാരില്‍ സന്തോഷം തരുന്ന മനോഹരമായ പ്രണയകാവ്യമായി ഇപ്പോള്‍ അഞ്ചാം പതിപ്പില്‍ എത്തിനില്‍ക്കുന്ന 'വാന്‍ഗോഗിന്റെ കാമുകി' സിയന്റെ കാഴ്ചപ്പാടിലൂടെ വിജയകരമായി അവതരിപ്പിക്കുന്നതില്‍ കഥാകൃത്തിനു സാധിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക