Image

നഗരവാരിധി നടുവിൽ ( കവിത : ഷൈല ബാബു )

Published on 26 June, 2024
നഗരവാരിധി നടുവിൽ (  കവിത : ഷൈല ബാബു )

നിറശോഭതിങ്ങിടു
മഴകിൻ പ്രഭയിലായ്
മിന്നിത്തിളങ്ങും നഗരമദ്ധ്യേ...
ഉന്മാദലഹരിയി
ലുന്മേഷഭരിതരായ്
അയനം തുടരും സഹയാത്രികർ!

പൊരിയുന്ന വെയിലിൽ വിവശരായീടവേ,
മധുരപാനീയങ്ങൾ കുളിർമയേകി;
നിറക്കൂട്ടിൽ ചാലിച്ച ദൃശ്യങ്ങളോരോന്നും
അമൃതേത്തായ് മാറ്റിടും സന്ധ്യാംബരം!

സ്വപ്നരഥത്തിന്റെ പക്ഷങ്ങളിൽ ചാരി
സ്വർഗകൂടാരത്തി
നുള്ളിലെത്താൻ;
ആമോദജീവിത
ത്തിരതള്ളലിലെന്റെ
മോഹക്കലികകൾ പൂത്തുലഞ്ഞു!

മാരിവിൽവർണത്തി
ന്നിഴചേർത്തു
തുന്നിയോരുടയാട
തന്നിലെ വിസ്മയങ്ങൾ!
തിമിരം വിഴുങ്ങുമോ
രക്ഷിയിലായിരം തങ്കപ്പാലിമകൾ മിന്നിനിൽക്കേ...

മാരീചനാണെ
ന്നറിയാതെ 
മാനവരാടിത്തി
മിർക്കുന്നീ നാടകത്തിൽ;
അറിയാത്ത നാഴിക പടികടന്നെത്തവേ,
അകതാരിലുയരുന്നു പടഹധ്വനി!
യവനികയ്ക്കുള്ളി
ലായരനാഴികനേരം
അനുതപിക്കില്ലയോ മർത്ത്യജന്മം!
ഉൾക്കാഴ്ചയേകിയ നേരത്തു കാൺമൂ
മുഖം തേടിയലയു
ന്ന,നാഥബാലർ!

ഈറ്റുനോവില്ലാതെ പെറ്റു നീ നഗരമേ
താതനെയറിഞ്ഞിടാ, പൈതങ്ങളെ;
പൈദാഹമാറ്റിടാൻ നീട്ടുന്നകൈകളിൽ 
നാണയക്കിലുക്കം പ്രതീക്ഷയായോ?

ശ്വാനനോടൊത്തവർ പാരം ചികയുന്നു
ഭക്ഷണശിഷ്ടങ്ങ
ളൊട്ടുനേരം!
വഴിയോരത്തിണ്ണയി
ലന്തിയുറങ്ങുന്നു
ചാക്കിന്റെയുള്ളിൽ 
വിധുരരായി!

നഗരത്തിളക്കത്തി
ലാടിത്തിമിർക്കുന്ന
പകൽമാന്യക്കൂട്ടരു
മങ്ങോളമിങ്ങുമായ്;
കാമദാഹങ്ങ
ളാറ്റിത്തണുപ്പിക്കാൻ
കാമനപ്പെണ്ണാളി
ന്നുടൽ തേടിയലയുന്നു!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക