Image

കുട്ടന്റെ കല്യാണം (രാജേഷ് നായര്‍, മിഷിഗണ്‍)

Published on 26 June, 2024
കുട്ടന്റെ കല്യാണം (രാജേഷ് നായര്‍, മിഷിഗണ്‍)

നിര്‍ത്താതെയുള്ള അലാം ശബ്ദം കേട്ടാണ് കുട്ടന്‍ ഞെട്ടി ഉണര്‍ന്നത് .. ദൈവമേ നേരം വെളുത്തോ.. ഇല്ല നാലുമണി ആയതേയുള്ളൂ. വേഗം എഴുന്നേറ്റു,അല്ല എഴുന്നേറ്റേ പറ്റൂ ..ഇത് ഗള്‍ഫ് ആണ് രാവിലെ എഴുന്നേറ്റില്ലെങ്കില്‍ ശുചിമുറിയിലെ ക്യൂവില്‍ ഏറെ നേരം നില്‍ക്കേണ്ടിവരും.
അവശ്യവസ്തുക്കളുമായി ഓടി ക്യൂവിന്റെ മുന്നില്‍ത്തന്നെ എത്തി.. ഇനി റെഡിയായി നേരെ കമ്പനി ബസ്സിലേക്ക്.. മുന്നില്‍ത്തന്നെയാണ് സീറ്റ്. ഫോര്‍മാന്‍ എന്ന് എഴുതി വച്ചിട്ടുമുണ്ട്.

ആദ്യമെത്തിയില്ലെങ്കില്‍ അതും പോകും. ഫൈവ് മെന്‍ എന്നെഴുതി വച്ച് തന്റെ സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ച വിദ്വാനെ ഒരു തരത്തില്‍ പിന്‍ സീറ്റിലേക്ക് പറഞ്ഞുവിട്ട് കുട്ടന്‍ ഫോര്‍മാന്‍ സീറ്റില്‍ തന്നെ അമര്‍ന്നിരുന്നു .. പിന്നാലെ ബാലനും എത്തി. രണ്ടാളും ചങ്ക് ബ്രോസ് .. ഒന്നിച്ചു കൂടിയാല്‍ നാട് മറ്റൊരു കഥാപാത്രമായി അവര്‍ക്കിടയിലുണ്ടാവും.. അവധിക്ക് നാട്ടില്‍ പോകുന്നതിനെപ്പറ്റിയായി അന്നത്തെ ചര്‍ച്ച.. വിഷയം കുട്ടന്റെ കല്യാണവും.. കുട്ടന് കല്യാണപ്രായമായി എന്ന് നാട്ടാരും വീട്ടാരും.. രണ്ടുമാസത്തെ വെക്കേഷനാണ്..അത്
മതിയാകുമോ! കുട്ടന് സംശയം ..
'അപ്പോ,കല്യാണം ഉണ്ടോ ഇത്തവണ കുട്ടാ?' 'വീട്ടുകാര്‍ ഭയങ്കര നിര്‍ബന്ധമാടാ.' 'വീട്ടില്‍ ആരാ നിന്നെ  ഇത്ര നിര്‍ബന്ധിക്കുന്നത് എന്ന ബാലന്റ മറുചോദ്യത്തിന് 'അത് ഞാന്‍ തന്നെ ' കുട്ടന്റെ നര്‍മ്മം കലര്‍ന്ന മറുപടിയില്‍ബാലന്‍ പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കാണാന്‍ നല്ല ഭംഗിയാണ് പാലക്കാടന്‍ ഗ്രാമീണ നിഷ്‌കളങ്കത മുഴുവനുമുണ്ട് ആ ചിരിയില്‍ .. ഇതൊക്കെക്കൊണ്ടാണ് ബാലന്‍ കുട്ടന്റെ പ്രിയ കൂട്ടാളിയായതും..

അവധിക്ക് പോകാനുള്ള ദിവസം അടുത്തതോടെ റൂമിലെ വല്യേട്ടന്‍രുടെ ഉപദേശം, കല്യാണപ്ലാനുമായി പോകുവല്ലേ ഒരു നല്ല സ്വര്‍ണ്ണമാല വാങ്ങിക്കോളൂ... മാല മാത്രമല്ല ഭാവി വധുവിന് ഒരു വിലകൂടിയ വാച്ചും കൂടി വാങ്ങി കുട്ടന്‍.. നാട്ടില്‍ മൊബൈല്‍ ഒക്കെ ആയി തുടങ്ങിയ കാലമല്ലേ കുട്ടാ നീ ഒരു ഫോണ്‍ കൂടി വാങ്ങിക്കോ എന്ന്  ബാലന്‍.. ആ ഉപദേശവും കുട്ടന്‍ കേട്ടു.അങ്ങനെആദ്യമായി ഒരു ആശയവിനിമയ സന്തതസഹചാരി (മലയാളം) കുട്ടനും വാങ്ങി.
ദൈവമേ ഇത് എവിടെ ചെന്ന് നില്‍ക്കും പോക്കറ്റ് കാലി ആകാറായി. രണ്ടുവര്‍ഷം കൂടിയുള്ള യാത്രയാണ് ബന്ധുക്കള്‍ക്കും, അയല്‍ക്കാര്‍ക്കും ആളാം വീതം സാധനങ്ങള്‍ വാങ്ങണം. നാട്ടില്‍ ചെന്നാല്‍ കല്യാണ ചെലവ് ?..

അപ്പോള്‍ മറ്റൊരു സഹമുറിയന്‍ കല്യാണ ചെലവിനുള്ള കാശ് പെണ്‍ വീട്ടുകാര്‍ തരുമെന്ന് .. കുട്ടന് ദേഷ്യം അടക്കാനായില്ല, സ്ത്രീധനക്കാശ് വാങ്ങി കല്യാണം കഴിക്വേ..! കുട്ടനത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.കല്യാണം കഴിക്കുന്ന പെണ്‍കുട്ടിയെ സംരക്ഷിക്കാനുള്ള സ്ഥിതി ഇല്ലെങ്കില്‍ പിന്നെ എന്തിന് ഈ പണിക്കിറങ്ങണം? സ്ത്രീ തന്നെയാണ് ധനം... കുട്ടന്‍ തന്റെ നിലപാട് വ്യക്തമാക്കി. ബാലന്‍ പിന്താങ്ങി, എല്ലാവരും കൈയ്യടിച്ചു പാസാക്കി.

യാത്രാതലേന്നുള്ള പെട്ടി കെട്ടല്‍ കൂട്ടായ്മ ഒരു ചടങ്ങാണ്.. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള യാത്രയാണ് നാട്ടിലേക്ക് .. നാട്ടിലെ പ്രിയ കൂട്ടുകാരുടെ ആവശ്യങ്ങളും കുട്ടന്‍ മറന്നില്ല..ഡ്യൂട്ടി ഫ്രീയില്‍ കയറി അവര്‍ക്കുള്ളതും വാങ്ങിയാണ് കുട്ടന്‍ വീടെത്തിയത്.. പട്ടാളത്തിലുള്ള അളിയനും, കുട്ടന്റെ വരവിനോടനുബന്ധിച്ച് ലീവിന് നാട്ടില്‍ ഉണ്ട് .കല്യാണ ബ്രോക്കര്‍മാര്‍ വീട്ടില്‍ കയറി ഇറങ്ങുകയാണ്. ഒരു ബ്രോക്കര്‍ പറഞ്ഞ വാക്കുകള്‍ കുട്ടന്റെ നെഞ്ചില്‍ തീ കോരിയിട്ടു. ഇരുപത്തിയഞ്ചു വയസ്സായില്ലേ, രണ്ടുമാസത്തിനുള്ളില്‍ കല്യാണം നടക്കണമെങ്കില്‍, വിദ്യാഭ്യാസ ഡിമാന്‍ഡുകള്‍ കുറയ്ക്കണം എന്ന് . കുട്ടന്‍ അളിയനെ പെട്ടെന്ന് തന്നെ വിളിച്ചുവരുത്തി. അളിയന്റെ വക ആശ്വസിപ്പിക്കല്‍.. നീ നിന്റെ പെണ്‍കുട്ടിയെ കുറിച്ചുള്ള സങ്കല്പങ്ങളൊക്കെ പറയൂ, ഞാനും ഒന്ന് അന്വേഷിക്കാം. 'നല്ല വിദ്യാഭ്യാസവും സ്വഭാവ ഗുണവും മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. സൗന്ദര്യം ആവശ്യത്തില്‍ കൂടുതല്‍ എനിക്കുള്ളതിനാല്‍ അതൊരു പ്രശ്‌നമല്ല,' പുഞ്ചിരിയോടെ കുട്ടന്‍ . 'സ്ത്രീധനം എന്ന വാക്ക് ഉരിയാടാന്‍ പോലും പാടില്ല '... കുട്ടന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിട്ടു. അമ്മയും കുട്ടനെ പിന്തുണച്ച് തലയാട്ടി....

(തുടരും...)


രാജേഷ് നായർ, 
കോട്ടയം മാഞ്ഞൂർ സ്വദേശി, നീണ്ട ഗൾഫ് പ്രവാസ ജീവിതത്തിന് ശേഷം, കഴിഞ്ഞ അഞ്ചുവർഷമായി  ട്രോയി,  മിഷിഗൻ താമസിക്കുന്നു.
 

Join WhatsApp News
Mithun mohan 2024-06-26 18:19:23
Nice story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക