Image

ഓസ‍്‍ക‍ര്‍ അക്കാദമിയിലേക്ക് ശബാന ആസ്മിക്കും രാജമൗലിക്കും ഭാര്യ രമയ‍്‍ക്കും ക്ഷണം

Published on 26 June, 2024
ഓസ‍്‍ക‍ര്‍ അക്കാദമിയിലേക്ക്  ശബാന ആസ്മിക്കും രാജമൗലിക്കും ഭാര്യ രമയ‍്‍ക്കും ക്ഷണം

ചലച്ചിത്ര സംവിധായകൻ എസ് എസ് രാജമൗലി, ഭാര്യ രമ രാജമൗലി, ശബാന ആസ്മി, റിതേഷ് സിദ്ധ്വാനി എന്നിവരടക്കം 487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താൻ ക്ഷണിച്ച്‌ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്.

ഓസ്കർ പുരസ്കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവർ ഉള്‍പ്പെടാൻ പോവുന്നത്. ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷൻ ലഭിച്ചിട്ടുള്ള 71 പേരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഛായാഗ്രാഹകൻ രവി വർമ്മൻ, ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, 'നാട്ടു നാട്ടു' ഗാനത്തിൻെറ കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ള എല്ലാവരും അക്കാദമി അംഗത്വം സീകരിച്ചാല്‍ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും. ഇവരില്‍ 9000ത്തിലധികം പേർക്ക് വോട്ട് ചെയ്യാൻ യോഗ്യതയുമുണ്ടാവും.

അക്കാദമി ഇറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത് പ്രകാരം 2024 ക്ലാസിലേക്ക് പുതിയതായി ക്ഷണിക്കപ്പെട്ടിട്ടുള്ളവരില്‍ 44 ശതമാനം പേർ സ്ത്രീകളാണ്. അമേരിക്കയ്ക്ക് പുറത്തുള്ള 56 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ നിന്നായി ക്ഷണിക്കപ്പെട്ടിട്ടുള്ളവർ തങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഏതാണെന്ന് അംഗത്വം സ്വീകരിക്കുന്ന ഘട്ടത്തില്‍ രേഖപ്പെടുത്തണമെന്ന് അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അക്കാദമി സിഇഒ ബില്‍ കാർമറും പ്രസിഡൻറ് ജാനറ്റ് യങ്ങും പറഞ്ഞു. "ഈ വർഷത്തെ പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിലായി ചലച്ചിത്ര രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭാശാലികളായവരെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരുടെ സാന്നിധ്യം അക്കാദമിയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്," അക്കാദമി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ ഇരുവരും പറഞ്ഞു.

2023ല്‍ രാജമൗലി ചിത്രം ആർആർആറിലെ 'നാട്ടുനാട്ടു' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. കീരവാണിയാണ് ചിത്രത്തിൻെറ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. ജൂനിയർ എൻടിആർ, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍.

ഗൂമർ എന്ന ചിത്രത്തിലാണ് ശബാന ആസ്മി അവസാനമായി അഭിനയിച്ചത്. 2023ല്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക