Image

മിതമായ മദ്യപാനം പോലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

Published on 27 June, 2024
മിതമായ മദ്യപാനം പോലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണ് എന്ന ധാരണയിൽ ഒത്തുചേരലുകളുടെ സമയങ്ങളിലും ആഘോഷവേളകളിലും ചെറിയ അളവിൽ ബിയറും വൈനും അകത്താക്കുന്ന ശീലമുള്ളവർ കുറവല്ല.എന്നാൽ, എത്ര ചെറിയ അളവിലായാലും മദ്യം ഉള്ളിൽ ചെല്ലുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. റെഡ് വൈൻ ഹൃദയാരോഗ്യത്തിന് നന്നാണെന്നും നെഞ്ചെരിച്ചിൽ തടയുമെന്നും ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്നുമുള്ള പ്രചരണത്തിൽ കഴമ്പില്ലെന്ന് വിദഗ്ദ്ധരായ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത് ചിലരുടെ എങ്കിലും മനസ്സ് തകർക്കും. മിതമായി മദ്യം ഉപയോഗിച്ച് തുടങ്ങുന്നത് അതിനോടുള്ള ആസക്തി കൂട്ടുമെന്നും കാൻസറിനു വരെ കാരണമാകുമെന്നുമാണ് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.ദിവസം ഒരു ഡ്രിങ്ക് എന്ന തോതിൽ അകത്താക്കിയാലും ഹൃദയത്തിന് ദോഷം ഉണ്ടാകുമെന്നും  മസ്തിഷ്‌കം ചുരുങ്ങാൻ ഇടയാക്കുമെന്നുമാണ് ഗവേഷണഫലം പറയുന്നത്. സ്ത്രീകളിൽ അതിലും കുറഞ്ഞ അളവിലുള്ള മദ്യപാനംപോലും മാരകമായ പ്രത്യാഘാതം ഉണ്ടാക്കും.
40 വർഷമായി മിതമായി മദ്യപിക്കുന്ന 107 പേരിൽ അടുത്തിടെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ  സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

മഹാമാരി സമയത്ത് മദ്യപാനത്തിന്റെ തോത് വർദ്ധിച്ചിരുന്നു.അതുവരെ മദ്യം രുചിക്കാത്തവരും ആ അവസരത്തിൽ അതുമായി ചങ്ങാത്തത്തിലായി.ജനങ്ങളെ മദ്യത്തിന്റെ ലോകത്തുനിന്ന് തിരിച്ചുവിളിക്കാൻ ശക്തമായ നിയമങ്ങളാണ് ചില രാജ്യങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.സിഗററ്റിന്റെ ഉപയോഗം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്കുന്നതുപോലെ മദ്യത്തിലും മുന്നറിയിപ്പ് നൽകുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് അയർലൻഡ്. കാനഡയിലെ ഗവണ്മെന്റ് ഫണ്ടഡ് ഓർഗനൈസേഷൻ, മിതമായ മദ്യപാനം ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുവതികളും മധ്യവയസ്കരായ സ്ത്രീകളും ദിവസേന ഒന്നിലധികം ഡ്രിങ്ക് കഴിച്ചാൽ, കൊറോണറി ഹാർട്ട് ഡിസീസ് ഉണ്ടാകുമെന്നാണ് പ്രശസ്ത  ഹൃദ്രോഗവിദഗ്ധനായ ജമാൽ റാണയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മദ്യാസക്തി ഇല്ലെങ്കിൽക്കൂടി,സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി മദ്യപിക്കുന്നവരെയാണ് ഈ വാർത്ത അക്ഷരാർത്ഥത്തിൽ നടുക്കുന്നത്. അന്താരാഷ്‌ട്ര നയതന്ത്രജ്ഞർ പോലും ഗൗരവമേറിയ വിഷയങ്ങൾ ചർച്ചചെയ്യുന്നത് മദ്യത്തിന്റെ സാന്നിധ്യത്തിലാണ്.
അമേരിക്കയിൽ മദ്യത്തിന്റെ ഉപയോഗംമൂലമുള്ള മരണനിരക്ക് 2016-17നെ അപേക്ഷിച്ച്  2020-21 ൽ 29.3 ശതമാനം വർദ്ധിച്ചതായാണ് സിഡിസി (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) റിപ്പോർട്ടിൽ പറയുന്നത്. കോവിഡാണ് ഈ വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്തുതന്നെയായാലും ഈ പഠനംകൊണ്ട് മദ്യത്തോട് എന്നെന്നേക്കുമായി ബൈ പറയാൻ എത്രപേർ തയ്യാറാകുമെന്ന് കാത്തിരുന്നുകാണാം.

കടപ്പാട്:ന്യൂയോർക്ക് ടൈംസ് 
 

Join WhatsApp News
Jayan varghese 2024-06-27 23:49:29
മദ്യം പുകയില സ്വർണ്ണം ( ആവശ്യമെങ്കിൽ മതവും ) ഇവ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ ആ വ്യകതിയുടെയോ കുടുംബത്തിന്റെയോ ജീവിത നിലവാരം ഉയരുകയും ശാരീരിക - മാനസിക ആരോഗ്യത്തോടെ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത വൃത്തി തനിക്കും തന്റെ ലോകത്തിനും വേണ്ടി സമാധാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുന്നതുമാണ്.
Happy 2024-06-28 11:50:28
Without a little bit wine everyday, why do I have to live ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക