Image

സ്‌നേഹത്തിന്റെ വിളക്ക് കത്തിക്കുക (സുധീര്‍ പണിക്കവീട്ടില്‍)

Published on 27 June, 2024
സ്‌നേഹത്തിന്റെ വിളക്ക് കത്തിക്കുക (സുധീര്‍ പണിക്കവീട്ടില്‍)

(അമേരിക്കന്‍ മലയാളി ജയന്‍ വര്‍ഗീസിന്റെ 'Towards the Light' എന്ന ഇംഗ്‌ളീഷ് നാടകത്തിനൊരു മുഖവുര)

അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള മലയാള പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് ജയന്‍ വര്‍ഗീസ് എന്ന കവിയേയും ലേകനേയും പരിചയമാണ്. എന്നാല്‍ കേരളത്തിലെ മാത്രമല്ല സമസ്തഭാരതത്തിലേയും അരങ്ങുകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ച ഒരു നാടകക്രുത്തുകൂടിയാണദ്ദേഹമെന്നു അധികം പേര്‍ക്കുമറിയില്ല. അദ്ദേഹത്തിന്റെ നാടകങ്ങള്‍  കേരളത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നു. പീഡനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും മുക്തമായ ഒരു സമൂഹവും ആ സമൂഹത്തിന്റെ ആശകളും അഭിലാഷവും യാഥാര്‍ത്ഥ്യങ്ങളും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ പ്രതിഫലിച്ചിരുന്നു. വളരെ പ്രശസ്തമായ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ നാടകങ്ങള്‍ നേടികൊടുത്തു.രണ്ടു തവണ അദ്ദേഹത്തിനു കേരളസംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. അദ്ദേഹത്തിന്റെ നാടകപുസ്തകങ്ങള്‍ ന്യൂയോര്‍ക്കിലെ ക്യൂവീന്‍സ് ലൈബ്രറിയില്‍ ലഭ്യമാണു. ജ്യോതിര്‍ഗമയ എന്ന മലയാള നാടകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലായിരുന്നു. ഈ നാടകം ഇംഗ്ലീഷിലേക്ക് പരിഭാഷ  ചെയ്ത് 'Towards the Light'  എന്ന പേരില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വെബ്‌വിലാസം http://www.lulu.com/content/331268.


ബൈബിളിലെ ബിംബങ്ങളെ അടിസ്ഥാനമാക്കിയാണ് ജയന്‍ വര്‍ഗീസ്സിന്റെ ''വെളിച്ചത്തിലേക്ക്' എന്നു പരിഭാഷ ചെയ്യാവുന്ന ഇംഗ്ലീഷ് നാടകം 'സ്സഗ്നന്ദന്റത്സന്ഥ്ര ന്ധന്‌നു ന്തദ്ധദ്ദന്ന്ധ'  രൂപപ്പെടുത്തിയിരിക്കുന്നത്.പുസ്തകങ്ങളുടെ പുസ്തകം എന്നു വിശേഷിപ്പിക്കുന്ന ബൈബിള്‍ സഹസ്രാബ്ദങ്ങളായി നമ്മെ പഠിപ്പിക്കുന്നു,അതു പഠിപ്പിക്കുന്ന പോലെ നമ്മള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവസാനം ദുരിതമനുഭവിക്കേണ്ടി വരുമെന്ന്. ക്രുസ്തുദേവന്‍ പറഞ്ഞു. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല. എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. (ലൂക്കോസ്സ് 21:32). ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞ്‌പോകയില്ല. (മാത്യു 21:35) മിശിഹായുടെ ഈ സന്ദേശത്തെ വളരെ സുശക്തവും വിശ്വാസകരവുമായ വിധത്തില്‍ ഈ നാടകത്തില്‍ വ്യാ്യാനിച്ച് വ്യക്തമാക്കുന്നുണ്ട്.. അദ്ദേഹം ശ്രദ്ധ  കേന്ദ്രീകരിക്കുന്നത് ആധുനിക മനുഷ്യന്റെ പരിഭ്രാന്തി, അന്യാഥത്വം, വിഷാദം, നിലവിലുള്ള  കഷ്ടപ്പാടുകള്‍, എന്നിവ വിവരിച്ച് അതിന്റെ കാരണങ്ങള്‍ തുറന്നു കാണിച്ച്, അതിനുള്ള പ്രതിവിധികള്‍ അഭിപ്രായപ്പെടുന്നതിലാണ്. ഹിന്ദുമത സിദ്ധാന്തങ്ങളേയും ബൈബിളിനേയും അടിസ്ഥനമാക്കിയാണു ഈ നാടകത്തിന്റെ ഇതിവ്രുത്തം അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. നാടകത്തിന്റെ പേരു ഉപനിഷദ് പ്രാര്‍ത്ഥനയില്‍ നിന്നാണു എടുത്തിരിക്കുന്നത്.തമസോമ ജ്യോതിര്‍ഗമയ.. (ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്) 

പിശാചിന്റെ ഹീനമായ പ്രവര്‍ത്തികളാല്‍ ഈ ലോകം ഇരുണ്ട് കൊണ്ടിരിക്കയാണു, നമ്മള്‍ക്ക് ഇപ്പോള്‍ വേണ്ടത് വെളിച്ചമാണു. ആര്‍ക്കാണു വെളിച്ചം കൊണ്ടു വരാന്‍ കഴിയുന്നത്.? കുഴപ്പം പിടിച്ച സംശയങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ ആര്‍ക്ക് ഒരു വെളിച്ചം കത്തിച്ച് വയ്ക്കാന്‍ കഴിയും. വേദനയുടെ,ശാന്തിയില്ലായ്മയുടെ,  മൂഢതയുടെ, രോഗങ്ങളുടെ, നിരാശയുടെ, നഷ്ടങ്ങളുടെഅന്ധകാരത്തെ നമുക്ക് എങ്ങനെ അകറ്റാന്‍ കഴിയും. ഈ പ്രശ്‌നങ്ങളെ  ജയന്‍ തന്റെ നാടകത്തിലൂടെ  നേരിടുന്നു. ജയന്റെ കാവ്യാത്മകമായ കഴിവുകള്‍ ഗദ്യനാടകങ്ങളില്‍ വിശാലമായ പൊരുളുകള്‍ ഉള്ള ബിംബങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനു സഹായകമാകുന്നു. നേരെയുള്ളതും മൂര്‍ത്തമായതുമായ വാസ്തവികത്വത്തിനപ്പുറത്തേക്ക് പ്രതീകങ്ങള്‍ ഒരു അര്‍ത്ഥം സൂചിപ്പിക്കുന്നു.
ഉപരിപ്ലവമായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ  അടിയിലേക്ക് പ്രതീകാത്മകവാദികള്‍ എപ്പോഴും   ചുഴിഞ്ഞ് നോക്കുന്നു. എന്നാല്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ വസ്തുതകളുടെ പരമ്പരയില്ലാതെ വളരെ നൈപുണ്യത്തോടെ ജയന്‍ അദ്ദേഹത്തിന്റെ സന്ദേശം പകരുന്നു.മുവുരയില്‍ അദ്ദേഹം ഇബ്‌സെന്‍, ബെര്‍ത്തോള്‍ഡ് ബ്രെഷ്ത്, സാമുവല്‍ ബെക്കറ്റ്, ഷേയ്ക്‌സ്ഫിയര്‍തുടങ്ങിയ  പ്രശസ്ത നാടകക്രുത്തുക്കളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. അവരുടെ നാടകങ്ങളുമായി ഒരു നേര്‍ത്ത സാമ്യം തോന്നാമെങ്കിലും ഈ നാടകം രൂപത്തിലും ഉള്ളടക്കത്തിലും സ്വതന്ത്രമായി നില്‍ക്കുന്നു. ഇതിന്റെ രചനക്കായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ശൈലി തികച്ചും സ്വതന്ത്രമാണ്. മേല്‍പ്പറഞ്ഞ നാടകക്രുത്തുക്കളുടെ പേരുകള്‍ സൂചിപ്പിക്കുന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് പ്രസ്തുത എഴുത്തുകാര്‍ ഉപയോഗിച്ച പ്രതീകാത്മകത, യാഥാര്‍ത്ഥ്യവാദം, അസംബന്ധ പ്രസ്താവം, നാടകത്തിന്റെ മറ്റു സ്വഭാവങ്ങള്‍ ഈ നാടകത്തിലും കാണുമെന്നു അറിയിക്കാനായിരിക്കും. മനസ്സില്‍ പതിയുന്നവിധം ബുദ്ധിതീവ്രത പ്രകടിപ്പിക്കുന്ന ഈ നാടകം പ്രതീകാത്മകവും, തന്മയത്വപരവും, ആന്തരിക ജീവിതത്തിലേക്ക് ശ്രദ്ധ ഊന്നുന്ന കലാപ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നതും, പ്രക്രുതിമാഹാത്മ്യവാദപരവും, ആദര്‍ശവാദപരവുമാണ്.

ഇന്നത്തെ ലോകത്തിന്റെ ഒരു ചിത്രമാണു ഈ നാടകം അവതരിപ്പിക്കുന്നത്.അത് ഒരു രാജ്യത്തിന്റേയോ, രാഷ്ട്രത്തിന്റെയോ, ഭൂണ്ഡത്തിന്റേയോ, അല്ല. അതിന്റെ പ്രതിപാദ്യവിഷയം സര്‍വ്വസാധാരണമാണു. ആനുകാലിക മൂല്യങ്ങള്‍ക്കും, പ്രശ്‌നങ്ങള്‍ക്കും നേരെയുള്ള മുനയുള്ള ഒരു വിമര്‍ശനമാണത്. ഈ ലോകത്തിലെ അനീതിയോട് ധാര്‍മ്മിക രോഷം പൂണ്ട എതിര്‍പ്പ് അതെസമയം ഈ ലോകത്തെ മോചിപ്പിക്കാന്‍ പരിഹാരമുണ്ടെന്ന സൂചന. ഈ നാടകത്തില്‍ ഏഴു കഥാപാത്രങ്ങള്‍ ഉണ്ട്.എന്നാല്‍ അവര്‍ക്കൊന്നിനും പേരില്ല. അവരുടെ പേരുകള്‍ അവര്‍ ജീവിതത്തില്‍ അഭിനയിക്കുന്ന കര്‍ത്തവ്യങ്ങളാണ്. അതനുസരിച്ച് ഒരു യജമാനനുണ്ട്; ഈ ലോകത്തിന്റെ മുഴുവന്‍ അധികാരവും, സ്വാധീനവും കൈക്കലാക്കിയവന്‍, പിന്നെ ഒരു കാവല്‍ക്കാരന്‍,  ഇയാള്‍ തന്റെ തലമുറയെ യജമാനനു പാദസേവ ചെയ്യാനായി കൊണ്ടുവരുന്നു. എന്നാല്‍ ഇയാള്‍ ലോകം നന്നാക്കാന്‍ പുതിയ ആശയവുമായി വന്നയാളാണ്. പിന്നെ ഒരു ആചാര്യന്‍ ഇയാള്‍ യജമാനന്റേയും, കാവല്‍ക്കാരന്റേയും നയങ്ങള്‍ക്കും  പദ്ധതികള്‍ക്കും എതിരെ വിപ്ലവമുണ്ടാക്കുന്നു, പിന്നെ ഒരു ഗുരു അദ്ദേഹം ആധുനിക ശാസ്ര്തം, വിരൂപതയുടെ രൂപത്തില്‍ യജമാനന്റെ താളത്തിനൊത്ത് ആടുന്ന മരണം,പിന്നെ സാധാരണ ജനങ്ങള്‍ അവര്‍ എല്ലാറ്റിനും വിട്ടു വീഴ്ച്ച ചെയ്ത്പ്രലോഭനങ്ങള്‍ക്ക് വശംവദരായി കഴിയുന്നു. അവരെ നാടകക്രുത്തു താരതമ്യം ചെയ്യുന്നത് ബൈബിളില്‍ മോസെസ് നയിച്ച ജനങ്ങളോടാണ്. മോസസ്സ് വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ച ജനാവലി ദൈവം ആകാശത്ത് നിന്നും വീഴ്ത്തികൊടുത്ത മന്നാ കിട്ടിയിട്ടും ത്രുപ്തിപ്പെടാത മുറുമുറുത്ത്‌കൊണ്ടിരുന്നു. അവര്‍ അക്ഷമരും മോസസ് പറയുന്ന വാഗ്ദത്ത ഭൂമിയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളവരുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ മോസ്സസ്സിനു അവരില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വന്നപ്പോള്‍ അവനിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു കാളകുട്ടിയെ അവര്‍ ആരാധിക്കുകയും ചെയ്തു.ഈ നാടകത്തിലും നമ്മള്‍ കാണുന്നത്  എളുപ്പത്തില്‍ കാര്യങ്ങള്‍  സാധിക്കാന്‍ വേണ്ടി ജനങ്ങള്‍ ആചാര്യന്റെ പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കുന്നുതായിട്ടാണ്.. നിഷ്‌ക്രിയത്വം എല്ലാ തിന്മകളുടേയും മാതാവാണെന്ന പഴഞ്ചൊല്ലു സൂചിപ്പിക്കുന്നത് അലസതയെയാണ്. മനുഷ്യനു അടിസ്ഥാനപരമായി ജോലി ചെയ്യാന്‍ ഇഷ്ടമില്ല. അതുകൊണ്ട് അവന്‍ യന്ത്രമനുഷ്യരെ ('ഗ്ന്വഗ്നന്ധ) കണ്ടുപിടിക്കുന്നു.അങ്ങനെ യന്ത്രമനുഷ്യനെകൊണ്ട് ജോലിചെയ്യിച്ച് ഭാവിയില്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് അറിയാതെഅവന്‍ മൂഡമായ സുലോലുപതയില്‍ കഴിയുന്നു. ജയന്‍ ഈ ആശയം വളരെ വ്യകതമായി കാണികള്‍ക്ക് ബോദ്ധ്യപ്പെടും വിധം ആവിഷ്‌കരിച്ചിട്ടുണ്ട്. മടിയന്റെ കൊതി അവന്നു മരണഹേതു, വേല ചെയ്യാന്‍ അവന്റെ കൈകള്‍ മടിക്കുന്നല്ലോ. (സദ്രുശ്യവാക്യങ്ങള്‍) 
ഈ നാടകം നല്‍കുന്ന സന്ദേശം എന്നും ഉറച്ച് നില്‍ക്കും അത് ഈ സമൂഹത്തെ സ്വാധീനിക്കും ഇന്നല്ലെങ്കില്‍ നാളെ.ആനുകാലിക പ്രാധാന്യമുള്ള ഒരു ഇതിവ്രുത്തത്തിന്റെ പരിപൂര്‍ണ്ണമായ രചനാതന്ത്രം ഇതില്‍ കാണാം. ഇതിലെ കഥാപാത്രങ്ങള്‍ നാടകത്തില്‍ എഴുതിവച്ചിരിക്കുന്ന ഭാഗം കളിക്കുകയല്ല മറിച്ച്  ഈ ഭൂമിയിലെ വിവിധ സമൂഹങ്ങളെ  പ്രതിനിധീകരിക്കയാണ്. നാടക്രുത്ത് കഥാപാത്രങ്ങളെ ഈ ലോകത്തിന്റെ കണ്ണാടിയാക്കി അദ്ദേഹത്തിന്റെ സന്ദേശം കേള്‍പ്പിക്കുന്നു.പുരാതനമായ സിദ്ധാന്തങ്ങളെ മനുഷര്‍ കാലാകാലങ്ങളായി വെല്ലുവിളിച്ച്‌കൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ പൈശാചികമായ ഒരു ശക്തി പല രൂപത്തിലും പേരിലും അവതരിച്ച്  നിരന്തരം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഈ ആശയം വളരെ വിശ്വസീനീയമയ വിധത്തില്‍ ഈ നാടകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആചാര്യന്റെ ഒരു ചോദ്യത്തോടെയാണു നാടകം തുടങ്ങുന്നത്. ഭൂരിപക്ഷമുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണദ്ദേഹം. മാനവതവാദത്തില്‍ വിപുലവും, വൈവിധ്യമാര്‍ന്നതുമായ ദാര്‍ശനികത്വവും, ധര്‍മ്മനിഷ്ഠയും ഉള്‍ക്കൊള്ളുന്നു.പലതരത്തിലുള്ള മനുഷ്യസ്‌നേഹികള്‍ ഉണ്ടെന്നു നമുക്കറിയാം. അവരില്‍ പ്രധാനമായവര്‍ മതവിശ്വാസ സ്‌നേഹികള്‍, മതേതര വിശ്വാസ സ്‌നേഹികള്‍, ആധുനികരായ വിശ്വാസികള്‍ എന്നിവരാണ്.അമര്‍ത്തപ്പെട്ട മനുഷ്യന്റെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും മനുഷ്യസ്‌നേഹികള്‍ നിലകൊണ്ടിട്ടുണ്ട്.ഈ നാടകത്തില്‍ ഈ ലോകത്തിലെ അധികാരവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായ യജമാനന്‍ ആചാര്യനെ ചങ്ങലക്കിട്ടിരിക്കുന്നു. എന്നാല്‍ ആ മനുഷ്യസ്‌നേഹി ശുഭാപ്തി വിശ്വാസിയാണു. അയാള്‍ ചോദിക്കുന്നു. 'പ്രഭാതമായോ'' ആ ചോദ്യം വളരെ സാരഗര്‍ഭമാണ്.

അത് പ്രത്യാശയുടെ ചോദ്യമാണ്, ചോദ്യകര്‍ത്താവിന്റെ അസംത്രുപ്തിയുടെ, ഭയത്തിന്റെ, വേദനയുടെ പ്രതീക്ഷയുടെഒക്കെ ചോദ്യം. അതേസമയം ആ ചോദ്യത്തില്‍ പ്രത്യാശ അടങ്ങിയിരിക്കുന്നു. കാരണം അദ്ദേഹത്തിനു തീര്‍ച്ചയാണ് 'ഒരു ഉദയമുണ്ടാകും''. മനുഷ്യവര്‍ഗ്ഗത്തെ എന്നും സ്‌നേഹിക്കുന്ന ആചാര്യന്‍ എപ്പൊഴും അധികാരത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്.ഇവിടെ ആചാര്യന്‍ അനന്തമായ സാദ്ധ്യതകളുള്ള  അദ്ദേഹത്തിന്റെ പ്രവ്രുത്തിയുമായി പ്രത്യക്ഷപ്പെടുന്നു. പുരാതനകാലം തൊട്ട് മനുഷ്യസ്‌നേഹികള്‍ ഒരു മാത്രുക സമൂഹം സ്വപ്നം കണ്ടുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ചിരസ്ഥായിയായ ശുഭാപ്തിവിശ്വാസം വിപത്തിലും നിരാശയിലും അവര്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. സാധ്യമായ എല്ലാ അറിവുകളേയും നിഷേധിച്ച്‌കൊണ്ട് സ്വയം അനുമാനിക്കുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു സോക്രട്ടീസ്. ജയന്റെ ആചാര്യന്‍ ഒരു നിഷേധിയല്ല മറിച്ച് ആശാവാദിയാണ്. അയാള്‍ ചോദിക്കുന്നു 'പ്രഭാതമായോ'?

ഇന്നത്തെ കാലത്ത് ഒരു സാധാരണമനുഷ്യന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടാണു ഈ ലോകം അവന്‍ കാണുന്നത്. അവനെയാണു ഈ നാടകത്തിലെ ആചാര്യന്‍ പ്രതിനിധീകരിക്കുന്നത്. അയാളെ ബന്ധിച്ച് ഇരുട്ടറയില്‍ പൂട്ടിയിരിക്കുന്നു. ഇതാണു ഇന്നത്തെ ലോകത്തിന്റെ ശാപം. ഈ തലമുറയിലെ ഭൂരിപക്ഷം മനുഷ്യരും ആ അവസ്തയിലാണു.തലമുറ തലമുറയായി അവര്‍ ചങ്ങലയിലാണു, ഇപ്പോഴും ചങ്ങലയിലാണു, അധികാരത്തിന്റേയും പ്രതാപത്തിന്റേയും ചങ്ങല. സാധാരണ മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അധികാരവും, പ്രതാപവുമുള്ളവരുടെ ഭാരത്തില്‍ ചതഞ്ഞരഞ്ഞ് പോകുന്നു.അധികാരത്തിനു വേണ്ടിയുള്ള ആ പ്രഭുക്കളുടെ വടംവലി ഇന്നത്തെ മനുഷ്യന്റെ അവശനിലയെ കൂടുതല്‍ അവശമാക്കുന്നു. ഈ മനുഷ്യരെ പ്രലോഭിപ്പിച്ചുകൊണ്ട് അധികാരവര്‍ഗ്ഗം ചൂഷണം ചെയ്യുന്നു. ഈ ജീവിതത്തിനു ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം എന്ന പ്രലോഭനം. വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട സ്വര്‍ഗ്ഗം അധികാരിയുടെ നാനാവര്‍ണ്ണങ്ങളുള്ള ഒരു താക്കോല്‍ കൂട്ടത്തിലെ താക്കോല്‍ കൊണ്ട് തുറക്കാമെന്നു പറഞ്ഞ് ഈ ചൂഷണത്തെ ജയന്‍ നിശിതമായി പരിഹസിക്കുന്നുണ്ട്.

അഭിനയവും സാഹിത്യവും കൂടിയ ഒരു മിശ്രിതമാണ് നാടകം. ഈ നാടകം ഒരു സാഹിത്യക്രുതിയായി വായിക്കാനും അതെ സമയം അരങ്ങില്‍ അവതരിപ്പിക്കാനും സാധിക്കുന്നതാണ്.വളരെ ഗുരുതരമായ തെറ്റില്‍ വീണുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന്റെ ഗതി കണ്ട് അതില്‍ നിന്നും ഗ്രഹിച്ച് എടുത്തതാണി നാടകത്തിന്റെ ഇതിവ്രുത്തം. മലിനീകരണം, വനനശീകരണം, മത അസഹിഷ്ണുത, യുദ്ധങ്ങള്‍ ഇവയെല്ലാം, ലോകത്തില്‍ നടന്നിട്ടും ആരും അത് ഗൗനിക്കുന്നില്ല. രാഷ്ട്രീയകാരും  ഭരണാധികാരികളും അവരുടെ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ച് നിറുത്തുന്നതിലും, ജനങ്ങള്‍ക്ക് മീതെയുള്ള അവരുടെ അധികാരം പോകാതെ സൂക്ഷിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തുന്നു. ദുരന്തങ്ങളും, അത്യാഹിതങ്ങളും ദൈവത്തിന്റെ കോപം മൂലമാണെന്ന്  മാദ്ധ്യമങ്ങള്‍ എഴുതിവിടുന്നു, പ്രക്ഷേപണം ചെയ്യുന്നു, സംപ്രേക്ഷണം ചെയ്യുന്നു. ജനങ്ങള്‍ക്ക് എന്നും അസൗകര്യങ്ങള്‍ മാത്രം.  

മുതലാളിത്വവാദത്തിനെതിരെ, അധികാരി വര്‍ഗ്ഗത്തിനെതിരെ,മത രാഷ്ട്രീയ  സംഘടനകളുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ, നല്ലതും ചീത്തയുമായ ശാസ്ര്തത്തിനെതിരെ അവതരിപ്പിക്കുന്ന ഒരു വിമര്‍ശനമാണ് ഈ നാടകം. സാധാരണ  ജനങ്ങളെചൂഷണം ചെയ്യുന്ന ആ വ്യവസ്തിതിയെ  ജയന്‍ രൂക്ഷമായി വിമര്‍ശിക്കയും നവനിലൂടെ മോചനമുണ്ടെന്ന് അറിയിക്കയും ചെയ്യുന്നു. ശാസ്ര്തത്തിന്റെ സഹായത്തോടെ ആചാര്യനെ മോചിപ്പിക്കാനും യജമാനനെ അദ്ദേഹത്തിന്റെ അധികാരങ്ങളില്‍ നിന്നും  മറിച്ചിടാനും നവനു കഴിയുന്നു.ജയന്‍ പിന്നെ ഒരു ധര്‍മ്മോപദേശം ചെയ്യുന്നു ഈ ലോകത്തില്‍ മാത്രുകാപരമായ ഒരു ജീവിതം നേടാന്‍ വേണ്ടത്, സാര്‍വ്വലൗകികമായ സ്‌നേഹമാണു. നവന്‍ എന്ന കഥാപാത്രത്തിലൂടെ  ജയന്‍ കാണിച്ച് തരുന്നത് വളര്‍ച്ചക്കായി മനുഷ്യനുള്ള കരുത്തും ജീവിതം നല്ല രീതിയിലേക്ക് നയിക്കാനുള്ള കഴിവുമാണു. ഈ നാടകത്തിലെ ധാര്‍മ്മികോപദേശമാണിത്.

ഈ അടുത്തകാലം വരെ ലോകത്തിലെ പലയിടത്തും ജന്മിത്തസമ്പ്രദായം നിലനിന്നിരുന്നു.ഏറ്റവും അധികം വായിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊപരിചയപ്പെടുത്തുന്നത് ഇങ്ങനെ - സമൂഹം പല തട്ടുകളായ വികാസം പ്രാപിച്ചത് സ്വതന്ത്രനും അടിമയും, യജമാനനും ദാസനും, ചൂഷകനും പീഢിതനും, ഇവരൊക്കെ ഇപ്പോള്‍ വ്യവസ്തിതിയെന്നും സാധാരണ മനുഷ്യന്‍ എന്നും അറിയപ്പെടുന്നു. അധികാരം പിടിച്ച് പറിച്ചവരും, അതുറപ്പിച്ച് നിര്‍ത്തിയവരും അവരുടെ തലമുറകളിലൂടെപണിതതാണീ വ്യവസ്തിതി., അധികാരത്തിന്റേയും സ്വാധീനത്തിന്റെയും കോട്ട.  വ്യവസ്തിതി സാധാരണ മനുഷ്യന്റെ ദൗര്‍ഭല്യങ്ങളേയുംനിസ്സഹായതയേയും ചൂഷണം ചെയ്തുകൊണ്ടിരുന്നു. ജയന്റെ കഥാപാത്രങ്ങള്‍ ആധുനിക ലോകത്തിന്റെ വ്യാധികളെ കുറിച്ച് സംസാരിക്കുന്നു.ഇതിനു ഏറ്റവും നല്ല ഉദാഹരണം ഈ നാടകത്തിലെ ഗുരു കാവല്‍ക്കാരനെ  പരിശോധിച്ച ഒരു രോഗലക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു 'കാവല്‍ക്കാരന്‍  വല്ലപ്പോഴും ഭക്ഷണം  കഴിക്കണമെന്നു. ഇവിടെ നാടകക്രുത്ത് മാര്‍ക്‌സിസത്തെക്കുറിച്ചുള്ള മനുഷവര്‍ഗസ്‌നേഹം സൂചിപ്പിക്കുന്നു. ഈ ആശയം ബലപ്പെടുത്താന്‍ ആചാര്യനെ കാറല്‍മാര്‍ക്‌സിനെ ഓര്‍മ്മപെടുത്തുന്ന വിധത്തില്‍ അവതരിപ്പിക്കുന്നു. കാറല്‍മാര്‍ക്‌സിന്റെ സിദ്ധാന്തപ്രകാരംമനുഷ്യന്റെ സ്വാഭാവികമായ സ്വാതന്ത്രത്തിനു തടസ്സമായിക്യാപിറ്റലിസം  നിന്നു. ക്യാപിറ്റലിസം ജോലിക്കാരെ നിയമിച്ചത് അവരുടെ പദ്ധതിയും ആഗ്രഹവും പ്രകാരം ഉല്‍പ്പന്നങ്ങള്‍ഉണ്ടാക്കാനാണ്. അതിനായി ജോലികാര്‍ക്ക് കൂലി കൊടുക്കുന്നു. എന്നാല്‍ ജോലിക്കാര്‍ക്ക് നല്ല വേതനം കിട്ടാത്തത്‌കൊണ്ട് അവര്‍ക്ക് അവരുടെ സ്ഥാനവും അന്തസ്സും  നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഈ നാടകത്തിലെ യജമാനനെ വളരെ കാലം സേവചെയ്തകാവല്‍ക്കാരന്റെ സംസാരത്തിലൂടെ നാടകക്രുത്ത് ഈ ആശയം വെളിപ്പെടുത്തുന്നു. ഇതിലെ യജമാനന്‍ കാവല്‍ക്കാരനോട് വയസ്സായതിനാല്‍ ജോലിയില്‍നിന്നു വിരമിക്കാന്‍  ആവശ്യപ്പെടുന്നു എന്നാല്‍ അദ്ദേഹത്തിനു മതിയാംവണ്ണം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ല.

യജമാനന്‍ തന്റെ നാനവര്‍ണ്ണ താക്കോല്‍ കൂട്ടത്തില്‍ നിന്നുംഒരു വ്യാജ താക്കോല്‍ കാവല്‍ക്കാരനു  കൊടുക്കുന്നു. ഇതു കണ്ടുകൊണ്ടിരുന്ന ആചാര്യന്‍ അഭിപ്രായപ്പെടുന്നു സ്വര്‍ണ്ണതാക്കോല്‍ പൂട്ടു തുറക്കാന്‍ പര്യാപ്തമല്ലാത്തപ്പോള്‍ ഒരു വ്യാജതാക്കോല്‍ എങ്ങനെ പ്രവര്‍ത്തിക്കും. ആചാര്യനു യജമാനന്റെ ഉദ്ദേശ്യം അറിയാം പക്ഷെ കാവല്‍ക്കാരന്‍  അത് മനസ്സിലാക്കുന്നത് പിന്നീടാണു.
ശാസ്ര്തത്തിനു നിരക്കാത്ത മതത്തിന്റെ പരമ്പ്രാഗതമായതത്വങ്ങളെ ജയന്‍ ചോദ്യം ചെയ്യുന്നു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും അഭിമുീകരിക്കുമ്പോള്‍ മനുഷ്യന്‍ മതത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ ആശ്രയിക്കുന്നു.എന്നാല്‍ മതം മനുഷ്യനു ആവശ്യമുള്ളസഹായം നല്‍കുന്നില്ല. നാനാജാതി മതങ്ങളുടെ ജനനത്തോടെമതഭ്രാന്തന്മാരും ക്രൂരരുമായ നേതാക്കളെ  ഉണ്ടാക്കി; അവര്‍ മനുഷ്യ വര്‍ഗ്ഗത്തെചൂഷണം ചെയ്തു.  നാടകത്തിന്റെ ആദ്യസീനിന്റെ പശ്ചാത്തലത്തില്‍ പുരാതനവും, മതപരവും, തത്വചിന്താപരവുമായ പുസ്തകങ്ങള്‍ അടക്കി വച്ച് ജയന്‍ മേല്‍പ്പറഞ്ഞ  കാര്യത്തെ പരിഹസിച്ചിരിക്കുന്നു. വ്യവസ്തിതിയുടെ  വിവിധ  പടികള്‍ കടന്നുപോകുന്ന മികച്ച പരിണാമക്രമം കാണിച്ച് തരുന്നത് ജയന്റെ നാടകകലയുടെ തിളക്കമാണ്. 

ചൂഷണം ചെയ്യപ്പെട്ട മനുഷ്യന്റെ വിരോധം വളര്‍ന്നു. എന്നാല്‍ അവര്‍ ചങ്ങലയിലായിരുന്നു. കാലാനുസരണം പലരും സമയത്തിന്റെ ആവശ്യപ്രകാരം വിട്ടുവീഴ്ചകള്‍ ചെയ്‌തെങ്കിലും ആചാര്യന്‍ നല്ലൊരു നാളെയെക്കുറിച്ച് സുപ്രതീക്ഷ മനസ്സില്‍ കരുതി. ബൈബിള്‍ വാഗ്ദാനം ചെയ്യുന്നപോലെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അയാള്‍ സ്വപനം കണ്ടു.. പക്ഷെ അതു എപ്പോള്‍ സാക്ഷത്കരിക്കപ്പെടുമെന്നു അദ്ദേഹത്തിനു തീര്‍ച്ചയില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ചോദിക്കുന്നു പ്രഭാതമായോ? ആ പ്രഭാതം വന്നുവോ എന്നു? നവന്റെ ആഗമനം അദ്ദേഹത്തിനു സന്തോഷവും ആശ്വാസവും നല്‍കി. പ്രഭാതം അകലെയല്ലെന്നു അദ്ദേഹം അറിയിക്കാന്‍ തുടങ്ങി.

ഒരു ഗുണപാഠത്തിന്റെ ഉള്‍ക്കാഴ്ച്ചയോടെ വളരെ ശക്തമായ സംഭാഷണങ്ങള്‍ എഴുതാന്‍ ജയനു വൈദഗ്ദ്യമുണ്ട്. മറ്റുള്ളവരുടെ  ചൂഷണങ്ങളില്‍ നിന്നു രക്ഷപ്പെട്ട് എല്ലാവരും സുമായി ജീവിക്കുന്ന ഒരു മാത്രുകാസമൂഹമാണു അദ്ദേഹം ഉദ്ദേശിക്കുന്നത്. സംഭാഷണങ്ങളുടെ ശൈലിയും പ്രതീകങ്ങളുടെ ഉപയോഗവും വളരെ ശ്രേഷ്ടമാണ്. രണ്ട് രംഗങ്ങളില്‍ യജമാനന്റെ ദണ്ഡ് അല്ലെങ്കില്‍ ചെങ്കോല്‍  അയാളുടെ കയ്യില്‍ നിന്നും വഴുതി വീണു. അത് തലകുത്തനായി കിടക്കുന്നത് നമ്മള്‍ കാണുന്നു. അദ്ദേഹത്തിന്റെ ആസന്നമായ പതനത്തിന്റേയും തളര്‍ച്ചയുടേയും ഒരു സൂചനയാണത്.ശാസ്ര്തത്തിന്റെ ശക്തിയുപയോഗിച്ച്‌യജമാനന്‍ ഈ ലോകം അദ്ദേഹത്തിന്റെ കാല്‍കീഴില്‍ വച്ചു. ഈ കാര്യം വളരെ ഉജ്ജ്വലമായ ഒരു സംഭാഷണത്തിലൂടെ അയാള്‍ വ്യക്തമാക്കുന്നു. ശാസ്ര്തം കണ്ടുപിടിച്ച ഒരു വാള്‍ എനിക്കുണ്ടെന്നു അദ്ദേഹം പറയുന്നു. സാന്മാര്‍ഗികാധഃപതനം, നഷ്ടപ്പെടുന്ന ദൈവവിശ്വാസം, ദാരി്ര്രദ്യം, അണുബോമ്പുകളുടെ ഭീഷണി ഇതെല്ലാം നാടകക്രുത്തിനെ അലോസരപ്പെടുത്തുന്നു. അദ്ദേഹം ആ വിഷയം തന്റെ രചനകളില്‍ വീണ്ടും വീണ്ടും ഉള്‍പ്പെടുത്തുന്നു. ദാരിദ്ര്യവും രോഗവും മനുഷ്യരാശിയെ അടിമപ്പെടുത്തുന്നു.ശാസ്ര്തത്തിന്റെആവിര്‍ഭാവത്തോടെ വളരെ മാരകമായ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്താനായിട്ടുണ്ട്. ഈ നേട്ടം നാടകക്രുത്ത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. രംഗത്തെത്തുന്ന മരണത്തെ ശാസ്ര്തത്തിന്റെ പ്രതീകമായ ഗുരു കീഴ്‌പ്പെടുത്തി  തിരിച്ചയക്കുന്നു.

നവന്‍ യജമാനനോട് പറയുന്നു: എന്റെ തലമുറകളെ തടവിലാക്കിയ കാരാഗ്രുഹത്തില്‍ തന്നെ ഞാന്‍ നിന്നെ ബന്ധിക്കും. സ്വാതന്ത്രം ഉടനെയെന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യസ്‌നേഹിക്ക് ഈ പുതിയ മനുഷ്യന്റെ ശബ്ദം ശക്തിയും ആത്മവിശ്വാസ്വും പകരുന്നു. ഗുരുവിന്റേയും യജമാനന്റേയും  സംഭാഷണത്തിലൂടെ നാടകക്രുത്ത് ശാസ്ര്തത്തിന്റെ ഗുണകരമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഘോരമായി വ്യക്തമാക്കുന്നുണ്ട്.ശാസ്ര്തത്തിന്റേയും സാങ്കേതികതയുടേയും വേഗത്തിലുള്ള വളര്‍ച്ച സാമൂഹ്യവും സാമ്പത്തികവുമായി പ്രയോജനപ്പെടുന്നെങ്കിലും ജയന്‍ ഒരു മുന്നറിയിപ്പ് തരുന്നു.ഈ ശാസ്ര്തപുരോഗതി തെറ്റായ കൈകളിലെത്തിയാല്‍ അത് ലോകത്തിനു ഒരു ഭീഷണിയായി ഭവിക്കും. ഈ ലോകം മുഴുവന്‍ ഭയത്തോടെ ജീവിക്കുന്ന ഒരു അവസ്ഥയാണു യജമാനന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ താളത്തിനൊത്ത് ഈ ലോകത്തെ തുള്ളിക്കാന്‍ അദ്ദേഹത്തിനറിയാം.ശാസ്ര്തം ഒരു വാളുണ്ടാക്കി യജമാനനും പരിചയുണ്ടാക്കി പുതിയ മനുഷ്യനും കൊടുത്തു.ശാസ്ര്ത്ത്തിനു മരണത്തെപോലും നിയന്ത്രിക്കാനുള്ള കഴിവു കൈവരുന്നു. ശാസ്ര്ത കണ്ടുപിടുത്തങ്ങളെ തന്റെ കുടില തന്ത്രങ്ങള്‍ ഉപയോഗിച്ച്  യജമാനന്‍ ശക്തിയും സ്വാധീനവും കരസ്ഥമാക്കുന്നു.

ഭൗതിക ലോകത്ത് എത്രത്തോളം മാറ്റങ്ങള്‍ ശാസ്ര്തം വരുത്തുന്നുവോ അത്രത്തോളം തന്നെ അത് മനുഷ്യന്റെ വിശ്വാസങ്ങളെ  വെല്ലുവിളിക്കുന്നു. ആധുനിക കണ്ടുപിടുത്തങ്ങള്‍ മനുഷ്യനു സുവും ആഢംബരങ്ങളും നല്‍കിയെങ്കിലും അവക്കടിയില്‍ ഒരു അപകടം പതിയിരുന്നു.ശാസ്ര്ത്ജ്ഞന്മാര്‍ ലോകപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ യജമാനനന്മാര്‍ അത് അവരുടെ ഗുണത്തിനായി ഉപയോഗിച്ചു.വളരെ വൈകിയതിനു ശേഷം മാത്രമെ സാധാരണ ജനം അതു മനസ്സിലാക്കിയുള്ളു. ഈ സത്യം വളരെ പ്രതീകാത്മകമായി നാടകക്രുത്ത് അവതരിപ്പിച്ചിട്ടുണ്ട്.

ആചാര്യന്റെ കാലിലെ ചങ്ങല ഊരിമാറ്റാന്‍ശ്രമിച്ചപ്പോള്‍ അദ്ദേഹം അത് തിരസ്‌കരിക്കുന്നു. അപ്പോള്‍ പുറത്ത് ജനം യന്ത്രമനുഷ്യനെ  കണ്ടുപിടിച്ച സന്തോഷത്തില്‍ അതിനെ രക്ഷകനായി കണ്ട്  ആഹ്ലാദിക്കുകയായിരുന്നു. മനുഷ്യസ്‌നേഹി ആഗ്രഹിക്കുന്നത് ഹ്രുദയത്തിന്റെ സ്വാതന്ത്ര്യമാണ്, അതായ്ത് പൂര്‍ണ്ണമായ സ്വാതന്ത്ര്യം. ഇതു സാധിക്കണമെങ്കില്‍ ശാസ്ര്തത്തിന്റെ കണ്ടുപിടുത്തങ്ങള്‍ മനുഷ്യരാശിയുടെ പുരോഗമനത്തിനായി നിയോഗിക്കണം.ആക്ഷേപിക സിദ്ധാന്തത്തിന്റെ സമവാക്യംമനുഷ്യന്‍ ചൊവ്വയിലേക്ക് എന്ന വാര്‍ത്തവന്ന പത്രംകൊണ്ട്  മറച്ചുപ്പിടിക്കുന്നത് പ്രതിമാനങ്ങളുടെ ഏറ്റവും നല്ല ഒരു മാത്രുക.  ഇതൊരുപക്ഷെ പ്രത്യക്ഷത്തില്‍ പരസ്പരം വിപരീതമായി തോന്നാമെങ്കിലും ഇതിലൂടെ ജയന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കാണികളുടേയും വായനകാരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ജയന്‍ ധൈര്യസമേതം എഴുതുന്നു'' ഐന്‍സ്‌റ്റൈന്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.ജനങ്ങള്‍ എപ്പോഴും ഉപരിപ്ലവമായ് സത്യാവസ്ഥ  മാത്രം കാണുന്നു എന്നാല്‍ അതിനടിയില്‍ കിടക്കുന്ന കാപട്യം കാണുന്നില്ല. സത്യം സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിയിരിക്കുന്നുവെന്നു വേദങ്ങള്‍ നേരെ ചൊവ്വേ പറയുന്നു.

ഇതെല്ലാം വിവരിച്ചതിനു ശേഷം ജയന്റെ നിര്‍ണ്ണയം ഇങ്ങനെ- ഒരേ ഒരു സഹായവും സാന്ത്വനവുംവരുന്നത് ദൈവത്തില്‍ നിന്നാണ് ശാസ്ര്തീയമായ അറിവുകളില്‍ വിടവുണ്ടാകുമ്പോള്‍ അത് നിറക്കുന്നത് ദൈവമാണ്. ഭഗവത് ഗീതയില്‍ ഭഗവന്‍ പറയുന്നു ധര്‍മ്മത്തിനു ച്യുതി വരുമ്പോള്‍, അധര്‍മ്മം മൂക്കുമ്പോള്‍ ഭഗവന്‍ അവതരിക്കുന്നു.വരികള്‍ ഇങ്ങനെ: 'യദാ യദാ ഹി ധര്‍മ്മസ്യ  ഗ്ലാനിര്‍ ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ, തദാത്മാനം സ്രുജാമ്രുഹം'
അനാദികാലുത്തുണ്ടായ ഒരു സംഹാരത്തില്‍ നിന്നുംമനുഷ്യരാശിയെരക്ഷിക്കാന്‍ ഉയര്‍ത്തെഴുന്നേറ്റ് വന്ന ഒരു അവതാരമായിനവനെ ജയന്‍ നമുക്ക് പരിചയപ്പെടുത്തുന്നു. അധികാരത്തെ, ,ഈ നാടകത്തില്‍ അതിനെ പ്രതിനിധീകരിക്കുന്ന യജമാനനെ ഇല്ലായ്മ ചെയ്യാന്‍ മനുഷ്യനു കഴിഞ്ഞില്ലെന്നു ജയന്‍ തെളിയിക്കുന്നു. മറിച്ച് അത്തരം അധികാര ശക്തികള്‍ഓരോ രൂപത്തിലും ഭാവത്തിലും ജന്മമെടുത്ത് പില്‍ക്കാലത്ത് അവര്‍ക്ക് ഒരു ഭീഷണിയാകുന്നു.  മതത്തെയും ശാസ്ര്തത്തെയും ഏകീകരിക്കുക സാദ്ധ്യമല്ല. ഇതു രണ്ടിനും ഓരോന്നു പറയാനും അതു തെളിയിക്കാനും അവരുടേതായ വഴികള്‍ ഉണ്ട്.എന്നിരുന്നാലുംജയന്‍ സൂചന തരുന്നത് ഭൂരിപക്ഷം ജനങ്ങളും മതത്തെക്കാള്‍ ശാസ്ര്തത്തെ തിരഞ്ഞെടുക്കുമെന്നാണ്.കാരണം അതാണു അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് പക്ഷെ അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ അതിന്റെ അനന്തരഫലത്തെ കുറിച്ച് തീര്‍ത്തും ബോധവാന്മാരല്ല. അതനുസരിച്ച് സാത്താന്റെ അടയാളമുള്ള ആളുകള്‍ ആചാര്യനോട് സംസാരിക്കുന്നത് ജയന്‍ വെളിവാക്കുന്നു. ഈജ്പ്റ്റില്‍ നിന്നും സ്വതന്ത്രരായ ജനങ്ങള്‍ അവരുടെ സംശയങ്ങളും ചോദ്യങ്ങളുമായി മരുഭൂമിയിലെ വന്യതയില്‍ മോസസ്സിനെ ചീത്ത വിളിക്കുന്നു. ആചാര്യന്‍ വളരെ ധീരതയോടെ ആ ആപല്‍ഘട്ടത്തെ അഭിമുീകരിച്ച് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.വെളിപ്പാടു  പുസ്തകം അദ്ധ്യായം 13, 17 മുതല്‍ 18 വരെയുള്ള വാക്യങ്ങളില്‍666 (ഈ സം്യകളുടെ അക്ഷരങ്ങള്‍ യോജിപ്പിച്ചാല്‍ ' സാത്താനെ പ്രതീക്ഷിക്കുക'' എന്നര്‍ത്ഥം വരുന്ന വാചകം കിട്ടുന്നു) അന്ത്യക്രുസ്തുവെന്നു വിളിക്കുന്ന മ്രുഗത്തിന്റെ നമ്പറാണത്.ബൈബിള്‍ നമ്മോട് പറയുന്നു.മ്രുഗത്തിന്റെ അടയാളം മ്രുഗത്തിനെയോ അല്ലെങ്കില്‍ അതിന്റെ ബിംബത്തേയോ ആരാധിച്ചാല്‍ മാത്രം കിട്ടുന്നു. ('നുത്മ. 14-9, 14-11, 16-2) . മുന്‍ കരുതലുകള്‍ ശീലിക്കാന്‍ നാടകക്രുത്തില്‍ നിന്നും മനുഷ്യരാശിക്ക് കിട്ടുന്ന ഒരു മുന്നറിയിപ്പാണിത്.

ഹിന്ദു തത്വചിന്താപരമായ സങ്കല്‍പ്പമനുസരിച്ച് പുറത്ത് നിന്നുള്ള വെളിച്ചം കൊണ്ട് നമ്മള്‍ അകമെ വിളക്കു കൊളുത്തണം. ഇത് സാദ്ധ്യമാകുന്നത് മനസ്സിലും, ശരീരത്തിലും, വാക്കിലുമുള്ള പരിശുദ്ധികൊണ്ടാണു. അന്ധകാരമുള്ളപ്പോള്‍ നാം നമ്മുടെ ഉള്ളില്‍ പ്രകാശിക്കുന്ന വിളക്കെടുത്ത് നമ്മള്‍ പോകുന്നിടത്ത് കൊണ്ടുപോകണം.ഇതാണു പ്രവര്‍ത്തി മാര്‍ഗ്ഗം.മടിയന്മാരായവര്‍ക്ക് ഈ ദിവ്യമായ പ്രകാശം ഉപയോഗിക്കാന്‍ കഴിയില്ല.അതുകൊണ്ടാണു പറയുന്നത് നിങ്ങള്‍ക്ക് ഒരു വിളക്കുണ്ടെങ്കില്‍ അത് ഒരിടത്ത് വച്ച് നിങ്ങള്‍ക്ക് ദൂരേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നു. നിങ്ങള്‍ ആ വിളക്ക്  കൂടെകൊണ്ട് നടക്കണം എങ്കിലെ അതു വെളിച്ചം നല്‍കുകയുള്ളു. ഹ്രുദയവിശുദ്ധി സ്‌നേഹം കൊണ്ട് നിറയുമ്പോള്‍ ആ സ്‌നേഹം വിളക്കാകുന്നു. അത് ഈ ലോകത്തെ പ്രകാശിപ്പിക്കുന്നു. ഉപനിഷദ് പ്രകാരം സത്യമാണു വിജയിക്കുന്നത്, വ്യാജമല്ല. സത്യത്തിനാല്‍ ദിവ്യത്വത്തിലേക്കുള്ള വഴിയൊരുക്കിയിരിക്കുന്നു. അതിന്റെ വിളിയോ വെളിച്ചത്തിനും അറിവിന്നും വേണ്ടി.ക്രുസ്തുദേവന്റെ തിരുവചനങ്ങളുടേയുംഹിന്ദു മതതത്വചിന്തകളുടേയും ഒരു മിശ്രിതമാണീ നാടകം.

കാണികളുടെ മനസ്സില്‍ ഈ നാടകം ഒരു ചോദ്യം നിക്ഷേപിക്കുന്നു. പ്രഭാതമായോ?അതു മനുഷ്ര്യാശിക്കുള്ള സൗമ്യമായ ഒരു സൂചനയാണു അവര്‍ ചുറ്റുമുള്ള അന്ധകാരം മനസ്സിലാക്കി ഉദയത്തിനായി മുന്നോട്ട് നോക്കാന്‍ പ്രാപ്തരായോ?നാടകം നമ്മെ ഇതു കൂടി ഓര്‍മ്മിപ്പിക്കുന്നു.ഈ ലോകത്തിലെ ജനങ്ങള്‍ അവരുടെ ജീവിതം നവീകരിച്ചില്ലെങ്കില്‍അവര്‍ നിത്യമായ അന്ധകാരത്തില്‍, സാത്താന്റെ പിടികിട്ടാത്ത ശക്തിയാല്‍ ചൂഷണം ചെയ്യപ്പെടും.നവന്‍ എന്ന കഥാപാത്രം ജീസസ് ക്രൈസ്റ്റിനു സദ്രുശ്യ്‌നായി കാണപ്പെട്ടുകൊണ്ട് അദ്ദേഹംവഴിയും, സത്യവും, ഈ ലോകത്തിനു വെളിച്ചവും കാണിക്കുന്നു.
നാടകത്തിന്റെ സമാപ്തി ചൂണ്ടിക്കാണിക്കുന്നത് മതപരമല്ലത്ത മനുഷ്യത്വം മനുഷ്യരുടെ പുരോഗമനത്തിനാവശ്യമെന്നാണ്.ഈ നാടകം എക്‌സ്പ്രഷ്ണിസവും സിമ്പോളിസവും തമ്മിലുള്ള ചേരുവയാണു. അത് പ്രാവീണ്യതയോടെ നാടകക്രുത്ത് നിര്‍വ്വഹിച്ചിട്ടുണ്ട്.

ഇപ്പോൾ QCC ആർട്ട് ഗാല്ലറി സിറ്റി യുണിവേഴ്സ്റ്റിറ്റി ന്യയോർക്ക് അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള പരിഭാഷ അടക്കം. 

ശുഭം

Join WhatsApp News
Jayan varghese 2024-06-27 21:27:24
നന്ദി പ്രിയപ്പെട്ട സുധീർ. ( ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ യൂണിവേഴ്സിറ്റി ഒരു മലയാള നാടകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടും, അത് മലയാള ഭാഷയ്ക്ക് കൂടി ലഭിച്ച വലിയ അംഗീകാരം ആയിരുന്നിട്ടും അഭിനന്ദനം എന്നൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന നമ്മുടെ സാഹിത്യ സംഘടനകളുടെ നിഷ്ക്രിയത്വത്തിന് ഇടയിൽ ) സുദീർഘമായ ഒരു ഗ്രന്ഥ നിരൂപണം നിർവഹിച്ചതിനു വീണ്ടും താങ്കൾക്ക് നന്ദി !
Mannar Mathai 2024-06-27 23:00:34
പ്രിയപ്പെട്ട ജയൻ സാറേ, അമേരിക്കയിലെ എല്ലാ സംഘടനയ്ക്കും വേണ്ടി, FOMA,FOKANA, Puna, Word malaylee വിവിധ ഗ്രൂപ്പുകൾ, വിവിധ പള്ളി ഗ്രൂപ്പുകൾ, വിവിധ അമ്പല ഗ്രൂപ്പുകൾ, എഴുത്തിന്റെ മെഗാ സംഘടനകൾ, സർഗ്ഗ വേദി, വർഗ്ഗ വേദി, RSS, നായർ അസോസിയേഷൻ, ഈഴവ അസോസിയേഷൻ, SNDP, റൈറ്റർ ഫോറം, മലയാളം സൊസൈറ്റി, സംസ്കൃത സൊസൈറ്റി,ചിക്കാഗോ സാഹിത്യ വേദി, ലാNA എന്ന വലിയാന, നേഴ്സ് അസോസിയേഷൻ ഡോക്ടർമാര് അസോസിയേഷൻ, വടംവലിയസോസിയേഷൻ, വോളിബോൾ അസോസിയേഷൻ, ഫുട്ബോൾ അസോസിയേഷൻ, അസോസിയേഷൻ, മീൻപിടുത്ത അസോസിയേഷൻ, കള്ളുകുടിയ അസോസിയേഷൻ, ചീട്ടുകളി അസോസിയേഷൻ, വിവിധ കൃഷി അസോസിയേഷൻ, വിവിധ പ്രസ് ക്ലബ് അസോസിയേഷൻ, എല്ലാവർക്കും വേണ്ടി സംയുക്തമായി, ഞാൻ ഏതെങ്കിലും അസോസിയേഷന്റെ പേര് വിട്ടിട്ടുണ്ട് എങ്കിൽ അത് വീണ്ടും കൂട്ടിച്ചേർക്കാവുന്നതാണ്, മറന്നുപോയി ഒരു ജോലിയും ചെയ്യാതെ കുത്തിയിരുന്ന് ഭാര്യയുടെ ചെലവിൽ കഴിയുന്ന ജനകീയ അസോസിയേഷൻ എല്ലാവർക്കും വേണ്ടി ഒരു വെരി big congratulation FEDEX വഴി ഞാൻ അങ്ങോട്ട് അയക്കുകയാണ്. അതുകൊണ്ട് ഇനി കമ്പ്ലൈന്റ് ഒന്നും വേണ്ട. സന്തോഷിക്കുക. അടുത്ത ബുക്ക് അടുത്ത യൂണിവേഴ്സിറ്റിയെ കൊണ്ട് പബ്ലിഷ് ചെയ്യുക. അടുത്ത കൺഗ്രാജുലേഷൻസ് അഡ്വാൻസ് ആയിട്ട് തന്നെ എയർ ഇന്ത്യയിൽ അങ്ങോട്ട് അയയ്ക്കുകയാണ്. യാതൊരു മുതൽ മുടക്കും ഇല്ലാതെ സന്തോഷിക്കുക. പിണറായി കുത്തിയിരുന്ന് ചെയറിൽ കുത്തിയിരുത്തി അങ്ങ് ടൈം സ്ക്വയറിൽ പൊന്നോണയും ചാർത്തി ജയൻ സാറിനെ ബഹുമാനിക്കുന്നതായിരിക്കും. ഈ വാക്കുകൾ വളരെ പോസിറ്റീവായിട്ട് തന്നെ സാർ എടുക്കണം. ഇതുപോലെ മറ്റ് സംഘടനയ്ക്ക് ഒരു വാണിംഗ് എന്ന രീതിയിൽ കൂടെയാണ് ഞാൻ ഇത് എഴുതുന്നത്.
Nireekshakan 2024-06-28 00:54:09
മാന്നാർ മത്തായിയും ജയൻ സാറും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. അത് മനസ്സിലായാൽ ആരും പരാതിപ്പെടില്ല. ഇമലയാളിയിൽ വരുന്ന കഥകളും ലേഖനങ്ങളും കവിതകളും കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. യുവ സൗന്ദര്യ റാണികളോ തൈക്കിളവിമാരോ മേക്കപ്പ് ഒക്കെ ഇട്ട് ഒരു ഫോട്ടോ കൂടിയിട്ടാൽ എത്ര കമന്റുകളാണ് വരുന്നത് എന്നു ശ്രദ്ധിക്കുക. എന്തു ചവറെഴുതിയാലും ഇത്രയും വലിയ ഒരു ക്ലാസ്സിക് സംഭവം ഇതുവരെ മലയാളത്തിൽ ആരും എഴുതിയിട്ടില്ലെന്നു വച്ചു കാച്ചും. പക്ഷെ, ജയൻ സാറിനെപ്പോലെയുള്ളവരെ അവർക്കു താത്പര്യമില്ല! സാർ ഇനി പുതിയ മേക്കപ്പ് ചെയ്ത ഒരു പെൺകുട്ടിയുടെ പടം വച്ചെഴുതണം. ചിലപ്പോൾ അവാർഡ് വരെ അവർ തന്നെന്നു വരും. അല്ലാതെ ‘ജയൻ വർഗീസ് എന്നു വച്ചാൽ ആർക്കും താത്പര്യം വരില്ല സാർ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക