Image

കാറ്റിന്റെ കഥ ( കവിത : മിനി ആന്റണി )

മിനി ആന്റണി Published on 27 June, 2024
കാറ്റിന്റെ കഥ ( കവിത : മിനി ആന്റണി )

കുട്ട്യമ്പലത്തിലെ
പൂത്ത് നിന്ന പാലയിലെ
പൂക്കള്‍
കൊഴിച്ചടര്‍ത്തിയിട്ട കാറ്റ്
കുറച്ചപ്പുറത്തെ
സെമിത്തേരിയിലെ
ബോഗന്‍ വില്ലയില്‍
പോയിരുന്ന്
ചിന്തയിലാണ്ടു.
മുത്തപ്പനും
ഭഗവതിയും
മുപ്പത്തിമുക്കോട് ദൈവങ്ങളും
കാലഗതിക്കടിപ്പെട്ട
പൂര്‍വ്വികരും
കുട്ട്യമ്പലത്തിനകത്തിരുന്ന്
വെയിലടിച്ചൊണങ്ങി
മഴ കൊണ്ട് വിറച്ചു.
വീതുവെക്കാനും
തുള്ളിപ്പറയാനും
കുടുംബക്കാരെത്താതെ
കോഴിച്ചോര കൊതിച്ചും
കള്ള് മോഹിച്ചും
കാരണവന്‍മാര്‍
കാലത്തെ പഴിക്കുന്നുണ്ടോ?
ശബ്ദമുറങ്ങുന്ന
സെമിത്തേരിയില്‍
തിരി കത്തിക്കാനാളില്ലാതെ
ചന്ദനത്തിരി പുകയാതെ
പ്രാര്‍ത്ഥനകളില്ലാതെ
ആത്മാക്കള്‍
നരകത്തില്‍ നിന്ന്
ശുദ്ധീകരണസ്ഥലത്തേക്ക്
അവിടെ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
നെടുവീര്‍പ്പുകളുയര്‍ത്തുന്നുണ്ടോ?.
എവിടെയും
ഇരിപ്പുറക്കാത്ത കാറ്റ്
ബോഗന്‍ വില്ലയില്‍ നിന്ന്
ചാടിയിറങ്ങിയോടുമ്പോള്‍
തൊട്ടടുത്ത
പള്ളിക്കകത്ത്
കുരിശിലുറക്കം
നടിച്ച് കിടന്നവന്‍
താഴെയിറങ്ങി
ഉലാത്തുന്നതിനിടക്ക്
കാറ്റിനെ നോക്കി
കണ്ണിറുക്കി.... ചിരിച്ചു.
കാറ്റൊരു നിമിഷത്തേക്ക്
നിശ്ചലനായി നിന്നു.
പിന്നെ പതുക്കെ നടന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക