Image

പി.ടി. ഉഷ ഷഷ്ടിപൂര്‍ത്തി നിറവില്‍ (സനില്‍ പി. തോമസ്)

Published on 27 June, 2024
പി.ടി. ഉഷ ഷഷ്ടിപൂര്‍ത്തി നിറവില്‍ (സനില്‍ പി. തോമസ്)

ഇന്ത്യയുടെ ഒരേയൊരു പി.ടി.ഉഷയ്ക്ക് ഇന്ന് അറുപത്. രാജ്യസഭാംഗവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുമായ ഉഷയ്ക്ക് ജന്മദിന ആശംസകള്‍. ഒളിംപിക് അസോസിയേഷന്‍ സാരഥിയെന്ന നിലയില്‍ പാരിസ് ഒളിമ്പിക്‌സ് ഒരു മാസം മാത്രം അകലെ നില്‍ക്കെ ഉഷയുടെ ശ്രദ്ധയത്രയും ഇന്ത്യന്‍ സംഘത്തിന് മികവു കാട്ടാന്‍ അവസരമൊരുക്കുക എന്നതിലായിരിക്കും.  ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴു മെഡല്‍ നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇക്കുറി രണ്ടക്കത്തില്‍ എത്തിയാല്‍ ചരിത്രസംഭവമാകും.

1984 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊന്നിന്റെ വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടമായ പി.ടി.ഉഷയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും വലിയ നഷ്ടവും അതുതന്നെയായിരിക്കും. ഏറ്റവും വലിയ നേട്ടം 1985ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍(അന്ന് ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്) അഞ്ചു സ്വര്‍ണ്ണം നേടിയതും 1986 ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണം നേടിയതും തന്നെ. 1990 ലെ ബെയ്ജിങ്ങ് ഏഷ്യന്‍ ഗെയിംസിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച പി.ടി.ഉഷ 1994 ല്‍ മടങ്ങിയെത്തി. ഫുക്കുവോക്ക ഏഷ്യന്‍ അത്‌ലറ്റിക്‌സിലും ഹിരോഷിമ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി. പക്ഷേ, 1996 ല്‍ അറ്റ്‌ലാന്റ ഒളിംപ്കിസില്‍ 4ംX400 മീറ്റര്‍ റിലേ ടീമില്‍ ഉഷ തഴയപ്പെട്ടു. പകരം ബീനാമോള്‍ ഓടി. 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 4X400 മീറ്റര്‍ റിലേ ടീമിലും ഉഷയെ ഉള്‍പ്പെടുത്തിയില്ല. പകരം ജിന്‍സി ഫിലിപ് ഓടി. ഒരു മെഡലുമായി ഏഷ്യന്‍ ഗെയിംസിനോട് വിടപറയാനുള്ള പി.ടി. ഉഷയുടെ മോഹം തെന്നിമാറുകയായിരുന്നു.

സോള്‍ ഏഷ്യാഡിലെ ഉജ്ജ്വല നേട്ടത്തിനുശേഷം നാടെങ്ങും സ്വീകരണം ഏറ്റുവാങ്ങി പയ്യോളിയിലെ വീട്ടില്‍ എത്തിയ ഉഷയെ സ്വീകരിക്കാന്‍ അന്നവിടെ ഈ ലേഖകനും ഉണ്ടായിരുന്നു. അറ്റ്‌ലാന്റയിലും ബാങ്കോക്കിലും ഉഷ തഴയപ്പെട്ടപ്പോള്‍ അതിനും സാക്ഷിയായി. ഒടുവില്‍ 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഉഷയുടെ അനുഭവം ശിഷ്യ ജിസ്‌ന മാത്യുവിനും ഉണ്ടായി. റിലേ ടീമില്‍ അവസാന നിമിഷം ജിസ്‌ന തഴയപ്പെട്ടു. പകരം വി.കെ. വിസ്മയ ഓടി. അതിനും സാക്ഷിയായി. താന്‍ തഴയപ്പെട്ടപ്പോള്‍ പുഞ്ചിരിയോടെ സംസാരിച്ച ഉഷ പക്ഷേ, ശിഷ്യക്കു ടീമിലെത്താന്‍ കഴിയാതെ പോയപ്പോള്‍ വിതുമ്പിയോ? ഉഷയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ടത് അന്നുമാത്രം. തലേ വര്‍ഷം ഭുവനേശ്വര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയത് ജിസ്‌നയുടെ മിടുക്കുകൊണ്ടായിരുന്നു. ബാറ്റന്‍ കൈവിട്ടുപോകാതെ ഇന്ത്യയെ രക്ഷിച്ചത് ജിസ്‌നയുടെ ഏകാഗ്രതയാണ്. ഇക്കാര്യം പറഞ്ഞ് ജിസ്‌നയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത് ഓര്‍ക്കുന്നു.

ഏറ്റവും ഒടുവില്‍, കഴിഞ്ഞ വര്‍ഷം ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് വേളയില്‍ കാണുമ്പോള്‍ പി.ടി.ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സാരഥിയായി കഴിഞ്ഞിരുന്നു. മത്സരരംഗം വിട്ടിട്ടും  താരങ്ങള്‍ക്കൊപ്പം വെയിലും മഴയും സഹിച്ച്, അവരില്‍ ഒരാളായി സ്റ്റേഡിയത്തില്‍ കാണുന്ന പി.ടി.ഉഷയെ അന്ന് ആദ്യമായി യഥാര്‍ത്ഥ വി.വി. ഐ.പി.യായി കണ്ടു. പക്ഷെ, സംസാരിക്കുമ്പോള്‍ പഴയ ഉഷ തന്നെ. ഒട്ടേറെ തവണ ഉഷയെ പ്രശംശിച്ചും ഏതാനും തവണ വിമര്‍ശിച്ചും എഴുതിയിട്ടുണ്ട്. ഉഷയുടെ  പരിഭവം എന്നും താല്‍ക്കാലികമായിരുന്നു. നേരില്‍ കാണുമ്പോള്‍ ഉള്ളിലെ സ്‌നേഹം പുറത്തുവരും. അതാണ് ഉഷ. ഇന്ത്യയുടെ അഭിമാനതാരത്തിന് ജന്മദിന ആശംസകള്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക